Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുസെയ്‌ൽ ട്രാം: ആദ്യ ട്രെയിൻ ദോഹയിൽ

Untitled-18

ദോഹ ∙ ലുസെയ്‌ലിൽ കുതിച്ചു പായാൻ ട്രാം ട്രെയിനെത്തി. ലുസെയ്‌ൽ ട്രാം പദ്ധതിക്കു വേണ്ടിയുള്ള ആദ്യത്തെ ട്രെയിനാണ് ഇന്നലെ ഹമദ് തുറമുഖത്ത് എത്തിയത്. ഫ്രാൻസിലെ ലാ ഹോഷെല്ലിലെ അൽസ്റ്റോം ഫാക്ടറിയിലാണ് ഈ ട്രെയിൻ നിർമിച്ചത്. സ്പെയിനിലെ ബാഴ്സിലോണ തുറമുഖം വഴി പതിനേഴു ദിവസത്തെ കപ്പൽ യാത്രയ്ക്കു ശേഷമാണു ട്രെയിൻ ഹമദ് തുറമുഖത്തെത്തിയത്.

ലാ ഹോഷെല്ലിലെ ഫാക്ടറിയിൽ അന്തിമ പരിശോധനകൾ ഖത്തർ റെയിൽ നേരത്തേ പൂർത്തിയാക്കിയിരുന്നു. ഇനി ലുസെയ്‌ലിലെ ഡിപ്പോയിലെത്തിച്ച ശേഷമായിരിക്കും തുടർന്നുള്ള പരിശോധനകൾ. അതിനുശേഷം പരീക്ഷണ ഓട്ടവും നടത്തും. ലുസെയ്‌ൽ മെട്രോയുടെ ആദ്യ ഘട്ടം അടുത്ത വർഷം ജനുവരിയിൽ സജ്ജമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ലുസെയ്‌ൽ നഗരത്തിനുള്ളിലെ വിവിധ ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ ട്രാം ശൃംഖല. നാലു ലൈനുകളിലായി 33 കി.മീ. ദൂരം ട്രാം ശൃംഖലയാണു വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ 10.4 കി.മീ. ഭൂഗർഭപാതയാണ്. മൊത്തം 37 സ്റ്റേഷനുകളാണുള്ളത്. ആദ്യ ഘട്ടത്തിൽ മൂന്നു ലൈനുകളിലായി 19 കി.മീ. പാത പൂർത്തിക്കും.

ദോഹ മെട്രോ വഴി ലുസെയ്‍ൽ നഗരത്തെയും ദോഹയെയും ഈ ശൃംഖല ബന്ധിപ്പിക്കും. ലുസെയ്‌ൽ പദ്ധതിയിലെ ട്രാമുകളുടെ രൂപകൽപന, നിർമാണം, കമ്മിഷനിങ്, സർവീസിങ് എന്നിവയുടെയും, ട്രാക്ക് ജോലികൾ, വൈദ്യുതീകരണം, സിഗ്‌നലിങ്, ലാൻഡിങ് ഡോറുകൾ എന്നിവയുടെ നിർമാണ ചുമതല അൽസ്റ്റോമിനാണ്. 28 ട്രാം ട്രെയിനുകളാണ് അൽസ്റ്റോം നിർമിക്കുക. ഓരോ ട്രെയിനിലും അ‍‍ഞ്ചു കാറുകൾ വീതം. പൂർണമായും പരിസ്ഥിതി സൗഹൃദമാണു ട്രാമുകൾ. ഇലക്ട്രിക് ബ്രെയ്ക്കിങും, എൽഇഡി ലൈറ്റുകളുമാണു ട്രാമുകളിൽ ഉപയോഗിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.