Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോധവൽക്കരണം ഫലിച്ചു ഉപ്പ് കുറച്ച് ബേക്കറികൾ

salt

ദോഹ ∙ ഖത്തറിലെ എല്ലാ ബേക്കറികളും റൊട്ടികൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളിൽ ഉപ്പിന്റെ അളവ് 20-30% വരെ കുറച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. ഉപ്പിന്റെ അമിതോപയോഗം പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നതിനാൽ 2014ലാണ് ഉപ്പു കുറയ്ക്കാൻ മന്ത്രാലയം പ്രചാരണം തുടങ്ങിയത്. മൂന്നുവർഷംകൊണ്ട് ഈ പ്രചാരണം ഫലംകണ്ടതായും മാവിലും റൊട്ടികളിലും ഉപ്പിന്റെ അളവ് ബേക്കറികൾ സ്വമേധയാ കുറച്ചതായി പരിശോധനകളിൽ തെളിഞ്ഞതായും ആരോഗ്യ സുരക്ഷാ വിഭാഗം മേധാവി ഷെയ്ഖ ഡോ. അനൂദ് ബിൻത് മുഹമ്മദ് അൽതാനി പറഞ്ഞു.

ഉപ്പ് ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഇക്കാര്യമറിയിച്ചത്. ഭക്ഷണ പദാർത്ഥങ്ങളിൽ ഉപ്പ് അധികമാവുന്നത് രക്താതിസമ്മർദ്ദം, ഹൃദ്രോഗം, വൃക്കരോഗങ്ങൾ എന്നിവയിലേക്ക് നയിക്കുമെന്നു ഡോ. അനൂദ് ചൂണ്ടിക്കാട്ടി.

ഉപ്പുപയോഗം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ഈമാസം 28 വരെ പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക ക്യാംപെയ്ൻ സംഘടിപ്പിക്കുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുന്ന രക്താതിസമ്മർദ്ദം, പ്രമേഹം തുടങ്ങിയവ ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ മാറ്റിയെടുക്കാൻ 2030ലേക്കുള്ള വികസനലക്ഷ്യങ്ങൾ പ്രതിപാദിക്കുന്ന ഖത്തർ ദേശീയ ദർശനരേഖയിൽ നിർദേശമുണ്ട്.

2017-2022 ദേശീയ ഭക്ഷ്യ നയത്തിലും പൊതുജനാരോഗ്യ പഞ്ചവൽസര പദ്ധതിയിലും ഇക്കാര്യത്തിനു പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ആരോഗ്യകരമായ അളവിൽ മാത്രം ഉപ്പുപയോഗിക്കുന്നവരായി ലോകജനതയെ മാറ്റിയെടുക്കുക എന്നത് രണ്ടായിരത്തിഇരുപത്തഞ്ചോടെ കൈവരിക്കേണ്ട ലക്ഷ്യമായാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് എല്ലാവർഷവും മാർച്ച് 12 ലോക ഉപ്പു ബോധവൽക്കരണ ദിനമായി ആചരിക്കുന്നത്.

വേണ്ടത് പ്രതിദിനം അഞ്ചുഗ്രാം ഉപ്പ്

ദോഹ ∙ പ്രായപൂർത്തിയായവർക്ക് ഒരു ദിവസം ആവശ്യമുള്ളത് അഞ്ചുഗ്രാം ഉപ്പു മാത്രമാണെന്ന് ഡോ. അനൂദ പറഞ്ഞു. പ്രതിദിനം അഞ്ചു ഗ്രാമിലധികം ഉപ്പ് ശരീരത്തിലെത്തുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ആദ്യം രക്താതിസമ്മർദ്ദത്തിലേക്കും തുടർന്ന് ഹൃദ്രോഗം, ശ്വാസകോശരോഗം എന്നിവയിലേക്കും നയിക്കും. രക്തസമ്മർദ്ദമുള്ളവരും വൃക്കരോഗികളും അമിതമായ ഉപ്പുപയോഗത്തിലൂടെ മരണം നേരത്തേയാക്കുകയാണ് ചെയ്യുന്നത്.

ഖത്തറിൽ സാംക്രമിക രോഗബാധയേക്കാൾ കൂടുതലാണ് സാംക്രമികേതര രോഗബാധകൾ. 18-64 പ്രായപരിധിയിലുള്ളവരിൽ സാംക്രമിക രോഗങ്ങൾ 33 ശതമാനമാണെങ്കിൽ സാംക്രമികേതര രോഗബാധ 37.7 ആണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് സാംക്രമികേതര രോഗബാധ കൂടുതൽ. സ്വദേശികളിൽ 50 ശതമാനംപേരും ഹൃദ്രോഗ, വൃക്കരോഗ, പ്രമേഹ സാധ്യതയുള്ളവരാണെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.