Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഭരണ വിൽപനയിൽ ചട്ടങ്ങൾ പാലിക്കണം: ആഭ്യന്തരമന്ത്രാലയം

Gold_necklace_set_10587

ദോഹ ∙ വിലപിടിപ്പുള്ള ആഭരണങ്ങൾ വാങ്ങുമ്പോഴും തിരികെ വിൽക്കുമ്പോഴും നടപടിക്രമങ്ങളിൽ വീഴ്‌ചയുണ്ടാകാതെ ശ്രദ്ധിക്കണമെന്ന്‌ ആഭ്യന്തരമന്ത്രാലയം. ഇക്കാര്യത്തിൽ ഉണ്ടാകുന്ന വീഴ്‌ചകൾ തട്ടിപ്പായേ പരിഗണിക്കൂ എന്നു മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

സ്വർണത്തിലും പ്ലാറ്റിനത്തിലുമുള്ള ആഭരണങ്ങൾ‍, വിലയേറിയ രത്‌നാഭരണങ്ങൾ എന്നിവയുടെ ക്രയവിക്രയം സംബന്ധിച്ച വ്യവസ്‌ഥകൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌. ആഭ്യന്തരമന്ത്രാലയ ലൈസൻസുള്ള വിൽപനശാലകളിൽനിന്നു മാത്രമേ വിലപിടിപ്പുള്ള ആഭരണങ്ങൾ വാങ്ങാവൂ. കൈവശമുള്ളവ വിൽക്കുമ്പോൾ നിർബന്ധമായും എൻഒസി നേടിയിരിക്കണം. അല്ലാത്ത ഇടപാടുകൾ തട്ടിപ്പായി പരിഗണിക്കും.

ആഭരണങ്ങൾക്കു പുറമേ തങ്കക്കട്ടികൾ, സ്വർണവാച്ചുകൾ എന്നിവ ഖത്തറിൽ വിൽക്കുന്നതിനും ഈ വ്യവസ്‌ഥകൾ ബാധകമാണ്‌. വ്യക്‌തികളുടെ സ്വർണാഭരണങ്ങൾ പ്രാദേശിക കടകളിൽ വിൽക്കുന്നതിന്‌ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക്‌ സെക്യൂരിറ്റി ഡിപ്പാർട്‌മെന്റാണ്‌ എൻഒസി നൽകുന്നത്‌. എൻഒസി ലഭിക്കണമെങ്കിൽ ആഭരണങ്ങൾ വാങ്ങിയ സമയത്തു ജ്വല്ലറികളിൽനിന്നു ലഭിച്ച യഥാർഥ ബിൽ അധികൃതർ മുൻപാകെ ഹാജരാക്കണം. അതിനാൽ സ്വർണം വാങ്ങുമ്പോൾ ബിൽ ചോദിച്ചുവാങ്ങണമെന്നും ഇതു നഷ്‌ടപ്പെടുത്താതെ സൂക്ഷിച്ചുവയ്‌ക്കണമെന്നും മന്ത്രാലയം ഓർമപ്പെടുത്തുന്നു. 18 വയസ്സിനു മുകളിലുള്ളവർക്കേ എൻഒസി ലഭിക്കൂ. സൂഖ്‌ വാഖിഫിലുള്ള ഗോൾഡ്‌ സെയിൽ എൻഒസി ബ്യൂറോയിൽ നിന്നാണ്‌ ഇതു ലഭിക്കുക.

എൻഒസി ഫീസ്‌ ബാങ്ക്‌ കാർഡിലൂടെയേ അടയ്ക്കാനാവൂ. എൻഒസിക്കായി ബ്യൂറോയിൽ എത്തുന്നവർ വിൽക്കാനുദ്ദേശിക്കുന്ന ആഭരണങ്ങൾ ‍(തങ്കക്കട്ടി അടക്കം എന്തും) ഉദ്യാഗസ്‌ഥർ മുൻപാകെ ഹാജരാക്കണം. സ്വദേശികളും പ്രവാസികളും ഐഡി നിർബന്ധമായും ഹാജരാക്കണം. സന്ദർശകവീസയിലുള്ളവർ പാസ്‌പോർട്ടാണു ഹാജരാക്കേണ്ടത്‌. സ്വന്തം ഉരുപ്പടികൾക്കു പുറമേ അടുത്ത ബന്ധുക്കളുടേതും ഒരു വ്യക്‌തിക്കു വിൽക്കാം. അടുത്ത ബന്ധുക്കൾ എന്ന നിർവചനത്തിൽ ഭാര്യ, സഹോദരി, അമ്മ, അമ്മൂമ്മ, പിതൃസഹോദരി, മാതൃസഹോദരി എന്നിവരാണ്‌ ഉൾപ്പെടുന്നത്‌.

ഇത്തരം സ്വർണം വിൽക്കുമ്പോൾ, വിൽക്കുന്ന ആളിന്റെ ഐഡിക്കു പുറമേ യഥാർഥ ഉടമയുടെയും ഐഡി ഗോൾഡ്‌ സെയിൽ എൻഒസി ബ്യൂറോയിൽ ഹാജരാക്കണം. സ്വർണം വിൽക്കാൻ പകരക്കാരനെയാണു നിയോഗിക്കുന്നതെങ്കിൽ ആ വ്യക്‌തിയുടെയും ഉടമസ്‌ഥന്റെയും ഐഡികളും ഹാജരാക്കണം. ബിൽ ഹാജരാക്കാനായില്ലെങ്കിൽ എൻഒസി ലഭിക്കില്ല. വിൽക്കുന്നതു സ്വന്തം ഉരുപ്പടികൾതന്നെയാണെന്ന്‌ ഉറപ്പാക്കാനാണു പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയതെന്ന്‌ ആഭ്യന്തരമന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്‌തമാക്കി.

ബില്ലിൽ ആഭരണങ്ങളുടെ വിശദാംശങ്ങൾ വേണം

ദോഹ ∙ ഉപഭോക്‌തൃതാൽപര്യം സംരക്ഷിക്കാൻ 2008ലെ എട്ടാം നമ്പർ വാണിജ്യനിയമത്തിന്റെ അടിസ്‌ഥാനത്തിൽ എല്ലാ ജ്വല്ലറികൾക്കും വാണിജ്യമന്ത്രാലയം നേരത്തേ ഏകീകൃത രൂപത്തിലുള്ള ബിൽ നിർബന്ധമാക്കിയിരുന്നു. ഉപഭോക്‌താവിനോടു കടയുടമയ്‌ക്കുള്ള ഉത്തരവാദിത്തങ്ങൾ ഉറപ്പാക്കുന്നതിനാണിത്‌. എല്ലാ ആഭരണവിൽപനശാലകളിലും വിലവിവരമടക്കം പ്രസക്‌തമായ കാര്യങ്ങൾ ഇലക്‌ട്രോണിക്‌ സ്‌ക്രീനിൽ ഉപഭോക്‌താക്കൾക്കു വ്യക്‌തമായി കാണത്തക്കവിധം പ്രദർശിപ്പിക്കണമെന്നും വാണിജ്യമന്ത്രാലയം നേരത്തേ നിർദേശിച്ചിരുന്നു.

സ്വർണാഭരണങ്ങളുടെ കാരറ്റ്‌, പണിക്കൂലി, ആഭരണങ്ങളിൽ കല്ലുകളുണ്ടെങ്കിൽ അവയുടെ വിലയും തൂക്കവും വിലപിടിപ്പുള്ള രത്‌നാഭരണങ്ങളുടെ ശുദ്ധി തുടങ്ങിയവയെല്ലാം ഉപഭോക്‌താവിനെ കൃത്യമായി ബോധ്യപ്പെടുത്താൻ കടയുടമ ബാധ്യസ്‌ഥനാണ്‌. വിൽപന തീയതി, കടയുടെ പേര്‌, ബിൽ നമ്പർ, പണം നൽകിയ രീതി (രൊക്കം, ഇൻസ്‌റ്റാൾമെന്റ്‌, ക്രെഡിറ്റ്‌ കാർഡ്‌ തുടങ്ങിയവ), ഇനവിവരവും വിവരണവും, തൂക്കം, കാരറ്റ്‌, രത്‌നാഭരണങ്ങളെങ്കിൽ വജ്രത്തിന്റെ ശുദ്ധി, നിറം, ട്രേഡ്‌ മാർക്ക്‌, ഉപരത്‌നങ്ങളുടെയും കല്ലുകളുടെയും തൂക്കവും വിലയും, കടയുടെ മുദ്ര, വിൽപനക്കാരന്റെ ഒപ്പ്‌ എന്നിവ ഓരോ ബില്ലിലും ഉണ്ടാവണം.

വിൽക്കുന്ന ആഭരണങ്ങളുടെ വാറന്റി സംബന്ധിച്ചു രേഖാമൂലമുള്ള ഉറപ്പും ഉപഭോക്‌താവിനു നൽകണം. വാറന്റി വ്യവസ്‌ഥയ്‌ക്കൊപ്പം ഉൽപന്ന വിവരങ്ങളും ഉൾപ്പെടുത്തണം. അറ്റകുറ്റപ്പണികളുടെ നിരക്ക്‌, മാറ്റിവാങ്ങുന്നതിനുള്ള നിരക്ക്‌ എന്നിവയും വാറന്റി വ്യവസ്‌ഥയിലുണ്ടാവണം. ആഭരണങ്ങൾ മാറ്റിവാങ്ങാൻ ബിൽ ഹാജരാക്കേണ്ടത്‌ ഉപഭോക്‌താവിന്റെ ചുമതലയാണ്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.