Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി സ്ഥലത്തെ സുരക്ഷ കമ്പനിയുടെ ഉത്തരവാദിത്തം

workers

തൊഴിൽ നിയമത്തിലെ 99–ാം വകുപ്പു പ്രകാരം സർവീസിന്റെ തുടക്കത്തിൽ തന്നെ ഓരോ കമ്പനിയും ജീവനക്കാരെ ജോലി സംബന്ധമായ അപകട സാധ്യതകളെക്കുറിച്ച് അറിയിക്കുകയും സുരക്ഷിതമാർഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും വേണം. ജോലി സമയത്തുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളിൽ നിന്നു സംരക്ഷണം ലഭിക്കാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചു വിശദീകരിക്കുന്നവ സുപ്രധാന സ്ഥലത്തു പ്രദർശിപ്പിച്ചിരിക്കണം.

ജോലി സമയത്ത് ഉണ്ടാകാൻ സാധ്യതയുള്ള പരുക്ക്, രോഗങ്ങൾ, ഉപകരണങ്ങൾക്കും യന്ത്രങ്ങൾക്കും പറ്റുന്ന തകരാറുകൾ, തീപിടിത്തം എന്നിവയിൽ നിന്നു ജോലിക്കാരെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും കമ്പനി സ്വീകരിച്ചിരിക്കണം. ഈ സുരക്ഷാ നടപടികൾക്കു വേണ്ടി വരുന്ന ചെലവ് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു കുറയ്ക്കാനോ, അവരെ ഉത്തരവാദികളാക്കാനോ പാടില്ല. ആവശ്യമായ സുരക്ഷാ നടപടികളെടുക്കാൻ കമ്പനി വിസമ്മതിക്കുകയും ജോലിക്കാരുടെ സുരക്ഷയ്ക്കോ, ആരോഗ്യത്തിനോ ഭീഷണി നിലനിൽക്കുകയും ചെയ്താൽ കമ്പനി ഭാഗികമായോ, പൂർണമായോ അടച്ചു പൂട്ടുന്നതിനോ, അല്ലെങ്കിൽ അപകടകാരണം നീക്കുന്നതു വരെ ബന്ധപ്പെട്ട യന്ത്രങ്ങളുടെ പ്രവർത്തനം നിർത്തുന്നതിനോ തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടേക്കാം.

ഇങ്ങനെ സംഭവിച്ചാൽ അടച്ചു പൂട്ടിയ കാലത്തും യന്ത്രങ്ങളുടെ പ്രവർത്തനം നിർത്തിയ സമയത്തും ജീവനക്കാരുടെ മുഴുവൻ ശമ്പളവും നൽകാൻ കമ്പനി ബാധ്യസ്ഥരാണ്. ജീവനക്കാരുടെ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നതിനു വേണ്ടി കമ്പനി നൽകുന്ന നിർദേശങ്ങൾ ജീവനക്കാർ തടസപ്പെടുത്താനോ, അനുസരിക്കാതിരിക്കാനോ പാടില്ല. കമ്പനി നൽകുന്ന സംരക്ഷണ കവചങ്ങളും വസ്ത്രങ്ങളും ഉപയോഗിക്കണം.

law

അൺലിമിറ്റഡ് കരാർ: രാജിയ്ക്കു മുൻപ് ഒരു മാസത്തെ നോട്ടിസ്

1. ഞാൻ ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ എൻജിനീയറായി 15 മാസമായി ജോലി ചെയ്യുന്നു. എന്റെ പിതാവിന്റെ സ്പോൺസർഷിപ്പിൽ നിന്ന് 2016 ഏപ്രിലിൽ എന്റെ സ്പോൺസർഷിപ്പിലേക്കു മാറി. കമ്പനിയിൽ എന്റെ കരാർ അൺലിമിറ്റഡാണ്. ഇപ്പോൾ ഞാൻ ഉന്നത പഠനത്തിനു പോകാൻ ആഗ്രഹിക്കുന്നു. സെപ്റ്റംബർ അവസാനത്തോടെ കമ്പനി വിടാനാണ് ആലോചിക്കുന്നത്. ഒരു മാസത്തെ നോട്ടിസ് നൽകി രാജിവച്ച്, ആർപിയും റദ്ദാക്കി ഖത്തറിനു പുറത്തേക്കു പോയാൽ ഉപരിപഠനം പൂർത്തിയാക്കി ഒരു വർഷത്തിനുശേഷം തിരികെ വരാൻ എന്തെങ്കിലും തടസമുണ്ടാകുമോ? ഇതിനു കമ്പനിയിൽ നിന്ന് എൻഒസി ആവശ്യമാണോ? ഒരു വർഷത്തിനുശേഷം പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കാൻ മറ്റെന്തെങ്കിലും തടസ്സമുണ്ടാകുമോ?

കമ്പനിയുമായുള്ള കരാർ അൺലിമിറ്റഡ് ആയതിനാൽ ഒരു മാസത്തെ നോട്ടിസ് നൽകി ജോലി രാജിവയ്ക്കാവുന്നതാണ്. അതിനുശേഷം വീസ റദ്ദാക്കി രാജ്യത്തിനു പുറത്തുപോയാൽ പുതിയ വീസയിൽ രാജ്യത്തു തിരികെ പ്രവേശിക്കുന്നതിനു തടസ്സങ്ങളുണ്ടാവില്ല.

2. ഞാൻ ഒരു കമ്പനിയിൽ രണ്ടു വർഷത്തെ കരാറിൽ ജോലി ചെയ്യുന്നു. ഇപ്പോൾ ഒരു വർഷം പൂർത്തിയാക്കി. എനിക്ക് മറ്റൊരു കമ്പനിയിലേക്കു ജോലി മാറണമെന്നുണ്ട്. ഇപ്പോഴത്തെ കമ്പനിയിൽ നിന്ന് അനുമതിയില്ലാതെ ജോലി മാറാൻ സാധിക്കുമോ?

അങ്ങനെയെങ്കിൽ അതിനുള്ള നടപടികൾ എന്തൊക്കെയാണ്? തൊഴിൽ കരാറിന്റെ കാലാവധി പൂർത്തിയാകാത്തതിനാൽ ഇപ്പോഴത്തെ കമ്പനിയിൽ നിന്ന് അനുമതിയില്ലാതെ ജോലി മാറാൻ സാധിക്കില്ല. വിദേശികളുടെ എൻട്രി, എക്സിറ്റ്, റെസിഡൻസ് നിയമത്തിന്റെ (2015ലെ 21–ാം നമ്പർ നിയമം) അടിസ്ഥാനത്തിൽ തൊഴിൽ മാറാൻ ആഗ്രഹിക്കുന്ന ഒരു ജീവനക്കാരൻ തന്റെ കരാർ പൂർത്തിയാകുന്നതിന് ഒരു മാസം മുൻപായി തൊഴിലുടമയ്ക്കു നോട്ടിസ് നൽകണം. ഈ നോട്ടിസും തൊഴിൽ കരാറും പുതിയ കമ്പനിയുടെ വിശദാംശങ്ങളും സഹിതം തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിച്ചാൽ തൊഴിൽ മാറ്റം സാധ്യമാകും.

3. ഭാര്യയെ ഫാമിലി വിസിറ്റ് വീസയിൽ ഇപ്പോൾ ഖത്തറിലേക്കു കൊണ്ടു വന്നിട്ടുണ്ട്. വിസിറ്റ് വീസയിൽ എത്ര മാസം വരെ ഇവിടെ തുടരാനാവും?.

ഭാര്യയ്ക്ക് പെർമനന്റ് റെസിഡൻസിക്കു വേണ്ടി ശ്രമിക്കുന്നുണ്ട്. പെർമനെന്റ് റെസിഡൻസി ലഭിച്ചാൽ വീസ മാറുന്നതിനു ഖത്തറിനു പുറത്തേക്കു പോകേണ്ട ആവശ്യമുണ്ടോ? സന്ദർശക വീസയിൽ ഖത്തറിൽ തങ്ങാവുന്ന പരമാവധി കാലയളവ് ആറു മാസമാണ്. റസിഡൻസ് വീസ ലഭിക്കുകയാണെങ്കിൽ രാജ്യത്തിനു പുറത്തു പോകാതെ തന്നെ വീസ മാറാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.