Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫെയ്സ്ബുക്ക് വഴി പരിചയം, ഒന്നിച്ച് താമസം; കാമുകനെ കണ്ടെത്താൻ യുവതി ഇന്ത്യയിൽ

women cheating representative image

ക്വാലലംപുർ/ചെന്നൈ∙ കാമുകനെ കണ്ടെത്താൻ പൊലീസിന്റെ സഹായം തേടി മലേഷ്യൻ യുവതി തമിഴ്നാട്ടിൽ. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന എസ്. മെനേഗയാണ് വെല്ലൂർ സ്വദേശിയായ ബസുവരാജിനെ തേടി ഗ്രാമത്തിലെത്തിയത്. എന്നാൽ, ബസുവരാജിന്റെ കുടുംബം ഇവരെ ഓടിച്ചു. ഇതെ തുടർന്നു യുവതി വിവാഹത്തിനു പൊലീസിന്റെ സഹായം തേടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി. 

മെനേഗയും (34) ബസുവരാജും (32) സിംഗപ്പൂരിൽ ജോലി ചെയ്യുകയാണ്. രണ്ടു കുട്ടികളുടെ അമ്മയായ മെനേഗയെ ഭർത്താവ് ഉപേക്ഷിച്ചതാണ്. ഫെയ്സ്ബുക് വഴിയാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് ഒന്നിച്ചു താമസം തുടങ്ങി. ബന്ധുക്കൾ വിവാഹത്തിനു നിർബന്ധിക്കുന്നതിനാൽ നാട്ടിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് ബസുവരാജ് സിംഗപ്പൂരിൽ നിന്നു പോന്നത്. ഗ്രാമത്തിലെ ആചാരങ്ങൾ പ്രകാരം മെനേഗയെ വിവാഹം കഴിക്കുമെന്നും അതിനു ബന്ധുക്കളെ സമ്മതിപ്പിക്കാമെന്നും വാക്കു നൽകിയിരുന്നുവത്രെ. മെനേഗയോടു നാട്ടിലെത്താൻ ആവശ്യപ്പെട്ട് ഗ്രാമത്തിലെ മേൽവിലാസവും നൽകി. 

കഴിഞ്ഞ ദിവസം ടൂറിസ്റ്റ് വീസയിൽ ഇന്ത്യയിലെത്തിയ മെനേഗ വെല്ലൂരിലെത്തിയപ്പോൾ ബന്ധുക്കൾ സംസാരിക്കാൻപോലും തയാറായില്ല. ബസുവരാജിനെ കാണണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഒരുവർഷമായി തങ്ങൾ ഒരുമിച്ചു താമസിക്കുകയാണെന്നും ഇക്കാര്യം ബസുവരാജിന്റെ ബന്ധുക്കൾക്ക് അറിയാമെന്നും മെനേഗ പറയുന്നു. ഫോണിൽ ബന്ധുക്കളുമായി പലതവണ സംസാരിച്ചിട്ടുണ്ട്. അന്നെല്ലാം സ്നേഹത്തോടെ പെരുമാറിയിരുന്ന അവർ താൻ നേരിട്ടെത്തിയപ്പോൾ നിലപാട് മാറ്റി. സെപ്റ്റംബർ 27 വരെ ബസുവരാജുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫാണ്. രണ്ടാഴ്ചയാണ് ടൂറിസ്റ്റ് വീസയുടെ കാലാവധി. അതിനു മുൻപേ ബസുവരാജിനെ കാണാൻ അവസരമൊരുക്കണമെന്നാണ് ഇവരുടെ അഭ്യർഥന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.