Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി മോംസ് മിഡിൽ ഈസ്റ്റ് രണ്ടാം വാർഷികം ആഘോഷിച്ചു

malayali-moms

മസ്കത്ത്∙ മിഡിൽ ഈസ്റ്റിലെ മലയാളി അമ്മമാരുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റിന്റെ (എംഎംഎംഇ) ഒമാൻ ബ്രാഞ്ചിന്റെ രണ്ടാം വാർഷിക ആഘോഷങ്ങൾ ഏപ്രിൽ 12 വെള്ളിയാഴ്ച രാവിലെ റൂവി അൽമാസ ഹാളിൽവച്ചു നടന്നു. ആസ്റ്റർ ഹോസ്പിറ്റലിലെ ഗൈനക്കോളജി ആൻഡ് ഒബ്സ്ട്രെക്ടിക്സ് വിഭാഗം മെഡിക്കൽ ഓഫിസറും മസ്കത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. ലീന എടാട്ടുകാരൻ ഡെന്നി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒമാൻ അവന്യൂസ് മാളിൽ പ്രവർത്തിക്കുന്ന ലിനൻ ക്ലബ് അപ്പാരൽസ്‌ ഉടമയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി ഫെബിത ബദറുദ്ധീൻ മുഖ്യാതിഥി ആയിരുന്നു.

സ്ത്രീകൾ അഭിമുഖീകരിക്കുന്ന വലിയ ആരോഗ്യ പ്രശ്നമായ പോളി സിസ്റ്റിക് ഒവേറിയൻ ഡിസീസ് (PCOD) എന്ന രോഗാവസ്ഥയെ കുറിച്ചും അതിനെ എങ്ങനെ ആരോഗ്യകരമായി നേരിടാം എന്നും ഡോ. ലീന വിശദീകരിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി ഗ്രൂപ്പിലെ അംഗങ്ങളായ അമ്മമാരും അവരുടെ കുഞ്ഞുങ്ങളും അവതരിപ്പിച്ച വിവിധയിനം കലാസാംസ്കാരിക പരിപാടികളും അരങ്ങേറി . 'തിരംഗ് 2019' എന്ന കലാമാമാങ്കം ഇന്ത്യയുടെ വൈവിധ്യമാർന്ന കലാസംസ്‌കൃതിയിലൂടെയുള്ള യാത്ര തന്നെ ആയിരുന്നു.

ഗ്രൂപ്പിൽ അംഗങ്ങളായ അമ്മമാർക്ക് പാതിവഴിയിൽ ഉപേക്ഷിച്ച അവരുടെ കഴിവുകൾക്ക് പുതുജീവനേകുകയും, മാനസികവും ശാരീരികവുമായ ഉണർവ് പ്രധാനം ചെയ്യുകയുമാണ് എംഎംഎംഇ യുടെ ലക്‌ഷ്യം. രണ്ടു വർഷമായി വിവിധ ആഘോഷങ്ങളുടെ ഭാഗമായി ഗ്രൂപ്പ് അംഗങ്ങൾ ഒത്തു കൂടാറുണ്ട്. മിഡിൽ ഈസ്റ്റിലെ മലയാളി അമ്മമാർക്കിടയിൽ ഏറ്റവും സ്വീകാര്യമായ കൂട്ടായ്മയായി മാറാൻ ഈ ചുരുങ്ങിയ കാലയളവിൽ എംഎംഎംഇയ്ക്കായി. മസ്കത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് എംഎംഎംഇ വാർഷിക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണിവരെ നീണ്ടുനിന്ന പരിപാടിയിൽ വിവിധയിനം കളികളിലായി ഗ്രൂപ്പിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മാറ്റുരച്ചു. 'ഇൻക്രെഡിബിൾ ഇന്ത്യ ' എന്ന വിഷയത്തെ ആധാരമാക്കി അവതരിപ്പിച്ച കുട്ടികളുടെ ഫാഷൻ ഷോ പുൽവാമയിൽ രക്തസാക്ഷിത്വം വരിച്ച ഭാരതത്തിന്റെ ധീര ജവാന്മാർക്കുള്ള സ്നേഹാദരമായി. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും വിളിച്ചോതിയ കലാപരിപാടികൾ  ഓരോ ഭാരതീയനെയും അഭിമാനം കൊള്ളിക്കുന്നതായി. പരിപാടികൾക്ക് ശേഷം ഉച്ച ഭക്ഷണവും ഒരുക്കിയിരുന്നു.

മോനാ മുഹമ്മദ് ആണ് മലയാളി മോംസ് മിഡിൽ ഈസ്റ്റിന്റെ ഒമാൻ വിഭാഗം കൺവീനർ. സെക്രട്ടറി ശിൽപ രഞ്ജിത്ത്‌, മുഖ്യ കോർഡിനേറ്റർമാരായ ജഷീല മഹ്‌റൂഫ് , സിന്ധു സോമൻ, ട്രഷറർ സ്മിത ഗോപൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. എംഎംഎംഇ ഒമാൻ എന്ന കൂട്ടായ്മയുടെ ഭാഗമാകുന്നതിന് എംഎംഎംഇ ഒമാൻ എന്ന ഫെയ്സ്ബുക് കൂട്ടായ്മയിൽ അംഗമാകുവാൻ ഒമാനിലെ എല്ലാ മലയാളി അമ്മമാരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.