Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിൽ വ്യാജ സർട്ടിഫിക്കറ്റ് കണ്ടെത്താൻ കർശന നടപടി

fake representative image

മസ്‌കത്ത് ∙  ഒമാനിൽ വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ നടപടി ശക്തമാക്കി.  അറ്റസ്റ്റേഷൻ നിർബന്ധമാക്കി  ഒമാൻ ഗവൺമെന്റ് കമ്യൂണിക്കേഷൻ (ജിസി) വിഭാഗം ഉത്തരവു പുറപ്പെടുവിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിനു പുറമേ തൊഴിൽ നേടാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിനും അറ്റസ്റ്റേഷൻ  ബാധകമാക്കി മാനവവിഭവ ശേഷി മന്ത്രാലയം നേരത്തെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.  രാജ്യത്തിനു പുറത്തുനിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സർട്ടിഫിക്കറ്റുകൾക്കാണ് അറ്റസ്‌റ്റേഷൻ നിർബന്ധമാക്കിയത്.

വ്യാജമാണെന്നു കണ്ടെത്തിയാൽ അപേക്ഷകർക്കെതിരെ നടപടി സ്വീകരിക്കും. പിഴയും ഈടാക്കും. ജോലിയിൽ പ്രവേശിക്കും മുൻപേ  യോഗ്യതാ സർട്ടിഫിക്കറ്റുകൾ യഥാർഥമാണെന്നു കമ്പനികൾ ഉറപ്പുവരുത്തണം. മറ്റു സർട്ടിഫിക്കറ്റുകൾ ജോലിയിൽ പ്രവേശിച്ച ശേഷമായാലും മതി. വ്യാജ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചു ജോലി നേടുന്നത് പൂർണമായും തടയാൻ നടപടികൾ സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.  

അറ്റസ്റ്റേഷന് ഇരട്ടി ഫീസ്

അറ്റസ്റ്റേഷൻ സേവനങ്ങൾക്കുള്ള നിരക്കുകൾ  5 റിയാലിൽ നിന്നു 10 റിയാലാക്കി വിദേശ കാര്യ മന്ത്രാലയം ഉയർത്തി. കഴിഞ്ഞമാസം ഒന്നിന് ഇതു പ്രാബല്യത്തിൽ വന്നു.   വിദേശികളുടെ വീസ അടക്കമുള്ള  സേവനങ്ങൾക്ക് അതതു രാജ്യങ്ങളുടെ എംബസികളും പിന്നീട് ഒമാൻ വിദേശകാര്യ മന്ത്രാലയവും സർട്ടിഫിക്കറ്റ്  സാക്ഷ്യപ്പെടുത്തണം. അതിനു ശേഷമേ  ഇതര മന്ത്രാലയങ്ങൾ സ്വീകരിക്കൂ. ഒമാന്റെ സർട്ടിഫിക്കറ്റുകൾ വിദേശകാര്യ മന്ത്രാലയം അറ്റസ്റ്റ് ചെയ്ത ശേഷമാണ് വിദേശ എംബസികൾക്ക് കൈമാറുക. വിദേശികൾക്ക് ഒമാനിൽ ജനിക്കുന്ന കുട്ടികൾക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന ജനന സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.