Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ തൊഴിലാളി നിയമനം: ഒമാനിൽ ത്രിതല സംവിധാനം

മസ്കത്ത്∙ ഒമാനിൽ വിദേശതൊഴിലാളികളെ നിയമിക്കാൻ തൊഴിലുടമകൾക്കായി പുതിയ ഓൺലൈൻ സംവിധാനമൊരുക്കുന്നു. നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിൽ സുതാര്യമായി പൂർത്തിയാക്കാൻ വഴിയൊരുക്കുന്നതാണ് മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ ത്രിതല ഓൺലൈൻ സംവിധാനം. സ്വദേശിവൽക്കരണ ക്വോട്ട തികച്ച സ്ഥാപനങ്ങൾ വീസയ്ക്ക് അപേക്ഷിച്ചാൽ പച്ചവെളിച്ചം തെളിയും.

തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാകും.മഞ്ഞവെളിച്ചമാണു തെളിയുന്നതെങ്കിൽ സ്വദേശിവൽക്കരണം നടപ്പാക്കിയതിൽ അവ്യക്തതയുണ്ടെന്നു മനസ്സിലാക്കാം. ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തി മാത്രമേ തൊഴിലുടമയ്ക്കു മുന്നോട്ടു പോകാനാകൂ. സ്വദേശിനിയമന ക്വോട്ട തികയ്ക്കാത്ത സ്ഥാപനമാണെങ്കിൽ ചുവപ്പ് വെളിച്ചമാണു തെളിയുക. സ്വദേശിനിയമന ക്വോട്ട തികയ്ക്കാത്ത കമ്പനികൾക്ക് അടുത്തവർഷം വിദേശതൊഴിലാളികളെ നിയമിക്കാനാവില്ല. വീസയ്ക്ക് അപേക്ഷിച്ചാൽ ഉടൻ തള്ളും. വീസ അപേക്ഷ തള്ളുന്നതിനുള്ള കാരണങ്ങൾ ഉടൻതന്നെ മനസ്സിലാക്കാൻ പുതിയ സംവിധാനം സഹായകമാകും.

നാഷനൽ സെന്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) കഴിഞ്ഞവർഷം പുറത്തുവിട്ട കണക്കനുസരിച്ച് നിർമാണരംഗത്തെ സ്വദേശിവൽക്കരണം 82% ആണ്. എണ്ണ-വാതകമേഖല 80.6%, ഇൻഷുറൻസ്-ധനകാര്യ മേഖല 67.7%, കൊമേഴ്സ്യൽ ബാങ്കുകൾ 93.1%, വാർത്താവിനിമയം 75.9% എന്നിങ്ങനെയും. സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം കൃത്യമായി നടപ്പാക്കാൻ പുതിയ സംവിധാനം സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു. ക്വാട്ട തികയ്ക്കുന്ന സ്ഥാപനങ്ങൾക്ക് പുറമേനിന്നുള്ള തൊഴിലാളികളെ വേഗത്തിൽ നിയമിക്കാം.തൊഴിലാളികൾക്കു വർക്ക് പെർമിറ്റ് നൽകുന്ന സംവിധാനം സമഗ്രമായി പരിഷ്കരിക്കുകയാണ്. ഈ മാസം തന്നെ ഇതുപൂർത്തിയാകും.

സുഗമ നടപടികൾക്ക് സുതാര്യ ശൃംഖല


പുതിയ ഓൺലൈൻ സംവിധാനത്തെ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധിപ്പിക്കും. റോയൽ ഒമാൻ പൊലീസ്, ദുഖം പ്രത്യേക സാമ്പത്തിക മേഖല, ജനറൽ സെക്രട്ടേറിയറ്റ് ഓഫ് ടാക്സേഷൻ, പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസ്, പബ്ലിക് എസ്റ്റാബ്ലിഷ്മെന്റ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്സ് എന്നിവയുമായാണ് ബന്ധിപ്പിക്കുക. എല്ലാ മന്ത്രാലയങ്ങൾക്കും കമ്പനിയുടെ പൂർണവിവരങ്ങൾ ലഭ്യമായിരിക്കും. പള്ളികൾ, സ്പോർട്സ് ക്ലബുകൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ, കൺസൽറ്റിങ് ഓഫിസുകൾ, ലോ ഓഫിസുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ മനുഷ്യവിഭവശേഷി മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യണമെന്ന് കഴിഞ്ഞമാസം ആദ്യം ഉത്തരവിറക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.