മസ്കത്ത് ∙ ഒമാനിൽ സന്ദർശനത്തിനെത്തിയ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ സ്വീകരണം നൽകി. മുത്തുക്കുട, കൊടി, സഭാ പതാക, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ പരമ്പരാഗത രീതിയിലായിരുന്നു സ്വീകരണം.
തുടർന്ന് സെന്റ് തോമസ് ചർച്ചിൽ സന്ധ്യാ നമസ്കാരവും വചന ശുശ്രൂഷയും നടന്നു. ഇന്നു രാവിലെ പ്രഭാത നമസ്കാരം, പരിശുദ്ധ ബാവായുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. തുടർന്ന് ഇടവക മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തും.
ഗീവർഗീസ് മാർ കൂറിലോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വൈദികർ, തുടങ്ങിയവർ പ്രസംഗിക്കും. ഇടവകയുടെ കാതോലിക്കാ ദിന വിഹിതം, മലങ്കര സഭയുടെ വിധവാ പെൻഷൻ നിധി എന്നിവയുടെ കൈമാറ്റം, ഇടവകയുടെ മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിങ് എന്നിവയും ചടങ്ങിൽ നടക്കും.