Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിലെ ഒത്തുചേരലിന് വെറും നാലു ദിവസത്തെ ആയുസ് ; പൊലിഞ്ഞത് അവർ ഒരുമിച്ച കണ്ട സ്വപ്നം

oman-accident

മസ്ക്കത്ത് ∙ നാട്ടിലെ നാലു സുഹൃത്തുക്കളുടെ സലാലയിലെ ഒത്തുചേരലിനുണ്ടായത് 4 ദിവസത്തെ ആയുസ്സു മാത്രം. ഒരു മാസം ഒരുമിച്ചു ചെലവിടാമെന്നും സംരംഭങ്ങളുടെ സാധ്യത പരിശോധിക്കാമെന്നും കരുതി ഒത്തുചേർന്ന നാലിൽ മൂന്നുപേരും ഇന്നലെ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു.

മരിച്ച പള്ളിക്കൽ കാരപ്പറമ്പ് പീലിപ്പുറത്ത് സലാമിന്റെ വീട്ടിൽ, 40 ദിവസം മാത്രം പ്രായമുള്ള മകൻ ശാമിത്തുമായുള്ള മൂത്തമകൻ മൂന്നര വയസ്സുകാരൻ ശാമിലിന്റെ കളിചിരികൾ കണ്ണുനിറയ്ക്കുന്ന കാഴ്ചയാണ്. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാനുള്ള പ്രായമെത്താത്ത അവരെ ചേർത്തുപിടിച്ചു കരയുകയാണ് സലാമിന്റെ ഭാര്യ ബൽക്കീസ്. ശാമിത് ജനിച്ച ദിവസം സലാം നാട്ടിലുണ്ടായിരുന്നു. 22 ദിവസം മുൻപാണ് തിരിച്ചുപോയത്. 22 വർഷമായി സലാലയിൽ ഹോട്ടൽ നടത്തുകയാണ് സലാം.

മരിച്ച പള്ളിക്കൽ കുണ്ടിൽ അസൈനാറും നിരന്തര പരിശ്രമത്തിലൂടെ ജീവിതം കെട്ടിപ്പടുക്കുന്നതിനിടെയാണ് വിടവാങ്ങിയത്. നീലഗിരിയിൽനിന്നും മറ്റും പഴങ്ങൾ മൊത്തമായി എത്തിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കടകൾക്കു നൽകുന്ന ജോലിയായിരുന്നു. നേരത്തേ പള്ളിക്കൽ   ബസാറിൽ പഴക്കട നടത്തിയിരുന്നു. 

സലാമിന്റെ അരികിലേക്ക് കഴിഞ്ഞ ചൊവ്വാഴ്‌ച വിമാനം കയറുമ്പോൾ അസൈനാറിന്റെ ലക്ഷ്യങ്ങൾ രണ്ടായിരുന്നു. കൂട്ടുകാർക്കൊപ്പം മസ്‌കറ്റിലെ കാഴ്‌ചകൾ കാണണം. അവിടത്തെ കച്ചവടസാധ്യത എന്തൊക്കെയെന്ന് അന്വേഷിച്ചറിയണം. എല്ലാ സ്വപ്നവും അപകടത്തിൽ പൊലിഞ്ഞു.

മഞ്ചേരി ഇല്ലിക്കൽ അഷ്റഫ് പത്തുവർഷത്തിലേറെയായി കക്കാട് കരിമ്പിൽ ആണ് താമസം. ബിസിനസ് ആവശ്യാർഥമാണ് അഷ്റഫും സലാലയിലെത്തിയത്. പള്ളിക്കൽ ബസാർ സ്വദേശി ചേടക്കുത്ത് ഉമ്മർകോയ മാത്രമാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. സലാമിന്റെയും അസൈനാറിന്റെയും മരണവിവരം ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കാണ് വീട്ടുകാർ അറിഞ്ഞത്. അവിശ്വസനീയമായ മരണവാർത്തയുടെ ആഘാതത്തിലാണ് നാട്ടുകാരും ബന്ധുക്കളും.

തിങ്കളാഴ്ച പുലര്‍ച്ചെ സലാലയോട് ചേര്‍ന്ന് മിര്‍ബാത്ത് പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം ഡിവൈഡറില്‍ ഇടിച്ച് കത്തുകയായിരുന്നു. രണ്ട് തവണ വാഹനം മറിഞ്ഞ് പ്രധാന റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തുവെച്ചാണ് കത്തിയത്. നാലു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ സലാം (36), കുണ്ടില്‍ ഹസൈനാര്‍ (45) എന്നിവരും കക്കാട് കരിമ്പില്‍ സ്വദേശി ഇല്ലിക്കല്‍ അഷ്റഫ് ഹാജിയും (48) സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ചേളക്കുന്നന്‍ ഉമ്മര്‍ കോയ എന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മര്‍ കോയയുടെ പരുക്ക് ഗുരുതരമല്ല. അഷ്റഫ് ഹാജി ചെമ്മാട് യൂനാനി ചികിത്സാ സ്ഥാപനം നടത്തിവരികയാണ്. മരിച്ച സലാം മിര്‍ബാത്തില്‍ ഹോട്ടല്‍ വ്യവസായിയായിരുന്നു. കുണ്ടില്‍ ഹസൈനാര്‍, ഇല്ലിക്കല്‍ അശ്‌റഫ് ഹാജി, ചേളക്കുന്നന്‍ ഉമ്മര്‍ കോയ എന്നിവരാണ് കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.