Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പോർട്സ് ടൂറിസം ലക്ഷ്യമിട്ട് ഒമാൻ

മസ്കത്ത് ∙ എണ്ണയിതര മേഖലയിൽനിന്നുള്ള വരുമാനം വർധിപ്പിക്കാൻ സ്പോർട്സ് ടൂറിസം പദ്ധതികളുമായി ഒമാൻ മുന്നോട്ട്. വാട്ടർ സ്പോർട്സ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളുടെ വൻസാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. കായിക മേഖലയുടെ കുതിപ്പിനും സമ്പദ്ഘടനയുടെ വളർച്ചയ്ക്കും ഇതു സഹായകമാകുമെന്നാണു പ്രതീക്ഷ.

സ്പോർട്സ് ടൂറിസത്തിലൂടെ 80,000 കോടി ഡോളറിന്റെ നേട്ടമുണ്ടാക്കാമെന്നു കായികവിദഗ്ധർ വിലയിരുത്തുന്നു. സാമ്പത്തിക രംഗത്തു നടപ്പാക്കിവരുന്ന വൈവിധ്യവൽകരണ പദ്ധതികളിൽ സ്പോർട്സ് ടൂറിസത്തിനു വലിയ പങ്കുവഹിക്കാനാകുമെന്ന് ഒമാൻ ഒളിംപിക് കമ്മിറ്റി അധ്യക്ഷനും ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റി അംഗവുമായ ഷെയ്ഖ് ഖാലിദ് അൽ സുബൈർ പറഞ്ഞു.

ഷൂട്ടിങ്, മാരത്തൺ, ഫുട്ബോൾ മൽസരങ്ങളിൽ പ്രമുഖ രാജ്യാന്തര ക്ലബുകൾ പങ്കെടുക്കുന്നു. കുതിര-ഒട്ടക സവാരി, പാരാഗ്ലൈഡിങ് തുടങ്ങിയവയും സഞ്ചാരികളുടെ മനംകവരുന്നു. പ്രാദേശിക കായിക ഇനങ്ങളിൽ അൽ മുദൈബി, ജാലൻ ബനി ബു അലി, സുമൈൽ, മഖ്ഷൻ, അൽ അവാബി, ഇബ്രി, ബൌഷർ, സോഹാർ, അൽ മസീന, തുംറൈത് വിലായത്തുകൾ സജീവമാണ്. 

ഗുണകരം, ഇതര മേഖലകൾക്കും 

സ്പോർട്സ് ടൂറിസത്തിന്റെ വളർച്ച ഇതര മേഖലകൾക്കും ഗുണകരമാകും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നതാണ് മറ്റൊരു പ്രധാന നേട്ടം. രാജ്യാന്തര നിക്ഷേപകർക്കു കടന്നുവരാനും കൂടുതൽ പദ്ധതികൾക്കു തുടക്കമിടാനും അവസരമൊരുങ്ങും. രാജ്യത്തു കൂടുതൽ കായികതാരങ്ങളുടെ വളർച്ചയ്ക്കും സഹായകമാകും.

മലനിരകളെ ബന്ധിപ്പിച്ചുള്ള സിപ്‌ ലൈൻ, മലനിരകളിൽ വടം ഉപയോഗിച്ച് പിടിച്ചുകയറൽ തുടങ്ങിയ വിനോദപരിപാടികൾക്കും സാധ്യതയുണ്ട്. ഉയരമുള്ള മലയിൽനിന്ന് ഉയരം കുറഞ്ഞ മലയിലേക്കു വലിച്ചുകെട്ടിയ കേബിളിൽ തൂങ്ങിയുള്ള സാഹസിക യാത്രയായ സിപ് ലൈൻ യുഎഇയിലെ റാസൽഖൈമ ജബൽ ജെയ്സ് മലയിലുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.