Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
Dr D Babu Paul

2015 ഫെബ്രുവരി മാസത്തിലെ ഒരു സുപ്രഭാതം. തിരുവനന്തപുരം കവടിയാറിൽ ഡോ. ബാബു പോളിന്റെ വാസസ്ഥലത്ത് ഞാനും എന്റെ പ്രിയ ഭർത്താവ് ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പായും നേരത്തേ ക്രമീകരിച്ചതനുസരച്ച് എത്തിച്ചേർന്നു. എന്റെ പതിനൊന്നാമത്തെ പുസ്തകമായ ‘True Perspectives’ എന്ന ഇംഗ്ലീഷ് ലേഖന സമാഹാരത്തിന് അവതാരിക എഴുതിക്കുന്നതിനാണ് ഞങ്ങൾ അദ്ദേഹത്തെ സമീപിച്ചത്. അതിനു മുമ്പ് പല തവണ ഞങ്ങൾ കവടിയാറിൽ പോയിട്ടുണ്ടെങ്കിലും ഡോ. ബാബു പോളിനെ സന്ദർശിക്കുന്നത് അന്ന് ആദ്യമായിരുന്നു.

വിജ്ഞാന ഭണ്ഡാകാരമായ ആജാനുബാഹു, കട്ടിമീശ അതിരിടുന്ന അധരപുടങ്ങൾ, നമ്മുടെ ഉള്ളിന്റെ അഗാധങ്ങളിലേക്കാഴ്ന്നിറങ്ങുന്ന തീഷ്ണ നയനങ്ങൾ, ആരിലും ആദരം ജനിപ്പിക്കുന്ന ഭാവഹാവാദികൾ, ആ വിജ്ഞാന സാഗരത്തിന്റെ മുകൾപ്പരപ്പിലെ നിച്ഛല ശാന്തമായ സൗമ്യത, സൗഭാഗ്യവാനെന്നു പറയാമെങ്കിലും ഔന്നത്യത്തിലും ആ ഹൃദയത്തിന്റെ അഗാഥതയിൽ ഒരു നേരിയ നൊമ്പരം നിഴലിക്കുന്നത് നഗ്ന നയനങ്ങൾക്കു ദൃശ്യമാണ്. ചന്ദ്രനിലെ കളങ്കം പോലെ.

വീടിന്റെ വാതിൽക്കൽ ഒരു വലിയ മണി തൂങ്ങുന്നുണ്ട്. ബെല്ലടിക്കുമ്പോൾ വാതിൽക്കലെത്തുന്ന വ്യക്തിയെ കാണാവുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഇരിപ്പിടം. രാവിലെ എട്ടു മണി കഴിഞ്ഞാൽ മുൻ വശത്തെ കതകു പൂട്ടാറില്ല. വാച്ച്മാൻ ഭക്ഷണവുമായി സമയാസമയങ്ങളിൽ എത്തും. ഒറ്റയ്ക്കാണ് താമസം, പ്രിയതമ വർഷങ്ങൾക്കു മുന്നേ കടന്നുപോയി, മക്കൾ രണ്ടുപേരും വിവാഹിതരായി അകലെയാണ്.

ഞങ്ങൾ അവിടെ എത്തി ബെല്ലടിച്ചപ്പോൾ ? ഗാംഭീര്യം തുളുമ്പുന്ന മന്ദസ്മിതത്തോടെ കയറി വരാൻ പറഞ്ഞു. സ്വീകരിച്ചിരുത്തി. ഞങ്ങളുടെ ആഗമനോദ്ദേശം നേരത്തേ വിളിച്ച് അറിയിച്ചിരുന്നതിനാൽ വീണ്ടും വിവരിക്കേണ്ടി വന്നില്ല. ഞാൻ രചിച്ച പുസ്തകങ്ങളുടെ ഓരോ കോപ്പി നൽകിയപ്പോൾ, എന്റെ ഗീതാഞ്ജലി വിവർത്തന കവിതയുൾപ്പടെ പല പുസ്തകങ്ങളും വായിച്ചാസ്വദിച്ചിട്ടുണ്ട്. അച്ചനെ നേരത്തേ അറിയാം എന്നും പറഞ്ഞു.

കളിക്കോപ്പുകളുടെ നടുവിൽ കൗതുകത്തോടെ ഒരു കുട്ടി ഇരിക്കുന്നതു പോലെ, ബൈബിൾ നിഘണ്ഡുകളുൾപ്പടെയുള്ള പുസ്തകക്കൂമ്പാരങ്ങളുടെ നടുവിൽ നിലകൊണ്ട ബൗദ്ധിക തീർത്ഥ്യൻ ! കർമ്മനിരതനായിരുന്ന പ്രതിഭാശാലി ! ചെന്നെത്തിയ മണ്ഡലങ്ങളിലെല്ലാം ഔന്നത്യം വരിച്ച മഹാശയൻ. ഐഎഎസ് കൂടാതെ മൂന്ന് ഡോക്ടറേറ്റുകൾ. മുപ്പത്തഞ്ചിൽപ്പരം പുസ്തകങ്ങളുടെ രചയിതാവ്. അനേകം പുരസ്ക്കാരങ്ങളുടെ അവകാശി.

കേരളത്തിന്റെ ഓമനപ്പുത്രൻ, ഒരു ധന്യ ജീവിതത്തിന്റെ ഉടമ, ദൈവകൃപയിൽ അടിയുറച്ചു വിശ്വസിച്ച ജീവിച്ച ആ ധന്യാത്മാവ്, കാലയവനികയിൽ മറഞ്ഞുവെന്ന ഹൃദയഭേദകമായ വാർത്ത അദ്ദേഹത്തെ അറിയുന്ന ആരെയും കണ്ണീരിലാഴ്ത്തും. ആ അതുല്യയ പ്രതിഭയുടെ ആത്മാവ് ഇമ്പങ്ങളുടെ പറുദീസയിൽ വിലസട്ടെയെന്നും പ്രാർഥിക്കുന്നു. പ്രണാമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.