Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
Amma-Acha

വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും ( ബൈബിൾ ).

മുകളിൽ കണ്ടത് ബൈബിളിലെ ഒരു വാക്യമാണ് . പണ്ടൊരിക്കൽ ഒരു മെക്സിക്കൻ കല്യാണത്തെ കുറിച്ച് എഴുതിയപ്പോൾ ഞാൻ ഈ വാക്യം ഉദ്ധരിച്ചിരുന്നു . ഹിന്ദു മതമായാലും , ക്രിസ്ത്യൻ മതമായാലും , മുസ്ലിം മതമായാലും , ഒക്കെ ശരി , വിവാഹം എന്നതിന് ഒരു പ്രത്യേക ബഹുമാനം ഉണ്ട് .ആണും പെണ്ണും തമ്മിൽ വിവാഹം കഴിക്കേണ്ടത് എന്ന് ബൈബിളിൽ പറയുന്നു, പുരാണങ്ങളിലും അങ്ങനെ തന്നെ, രാമൻ, സീത, പാർവതി ശിവൻ എന്നീ ദേവ സങ്കൽപങ്ങളിലും വിവാഹത്തിന്റെ പ്രസക്തി എടുത്തു കാണുന്നു. 

മുസ്ലിം വിവാഹ ചടങ്ങുകളെ  കുറിച്ച് എനിക്ക് വലിയ അറിവില്ല, ചില മുസ്ലിം സഹോദരന്മാരായ കൂട്ടുകാരുടെ വിവാഹത്തിന് കൂടിയിട്ടുണ്ട്, മൈലാഞ്ചി ഇടൽ, അവരുടെ മതപരമായ പ്രാർത്ഥന ചടങ്ങുകൾ എന്നിവയിൽ നിന്നും വിവാഹത്തിന് അവരും നൽകുന്ന പ്രാധാന്യം മനസിലാക്കാം. എന്നാൽ ജീവിതത്തിലെ സ്വര അസ്വാരസ്യങ്ങൾക്കിടയിൽ ഇന്നത്തെ തലമുറ ജീവിതത്തിന്റെ അർഥം മനസ്സിലാക്കാതെ ഇടക്കുവെച്ചു  ബന്ധം വേർപെടുത്തിപ്പോകുന്നത് വളരെ സാധാരണമായിരിക്കുന്ന  ഈ തലമുറയിൽ നിന്നും വിഭിന്നമായ ഒന്നാണ് ഇന്നും ഒരുമിച്ചു വർഷങ്ങളായി കഴിയുന്ന ജീവിതങ്ങൾ . ഇന്നിപ്പോൾ ലിവിങ് ടുഗെതർ , സെയിം സെക്സ് മാര്യേജ് ഒക്കെ ഉള്ള പുതു തലമുറകൾക്കു അതൊന്നും മനസ്സിലാവില്ല, ജീവിതത്തിന്റെ വാല്യൂ കൾച്ചർ, എല്ലാം അവർക്കു പുല്ലിനു തുല്യം .

ഇതൊക്കെ പറഞ്ഞതെന്തിനാണെന്നു ചോദിച്ചാൽ എന്റെ മാതാപിതാക്കളുടെ അൻപതാം വാർഷികമായിരുന്നു  മാർച്ച് 13 , 2019 . പദ്മനാഭൻ പിള്ളയും പങ്കജാക്ഷി അമ്മയും. വിവാഹിതരായിട്ടു ഇന്നലെ അമ്പതു വർഷം  തികഞ്ഞു ...

അമ്പലപ്പുഴ ആമയാടിയിൽ  കുടുംബത്തിലെ  ജാനകി അമ്മയുടെയും  ഗോപാലൻ നായരുടെയും ആദ്യ പുത്രനായി പദ്മനാഭൻ പിള്ള ജനിച്ചു എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ സ്വാർത്ഥനായ തന്റെ അച്ഛൻ വേറൊരുത്തിയെ വിവാഹം കഴിച്ചു കൊണ്ടുവന്നു, ഭാര്യ ഇരിക്കെതന്നെ. അതോടെ പദ്മനാഭൻ പിള്ളയുടെ ജീവിതം വളരെ ക്ലേശം നിറഞ്ഞതായി. കുടുംബത്തിലെ മൂത്ത പുത്രനായതിനാൽ കുടുംബ ഭാരം മുഴുവൻ തന്റെ തലയിൽ ആയി . ആറ്റിൽ മണൽ വാരിയും, നെടുമുടി , കായലുകളിൽ കടത്തു തോണി തുഴഞ്ഞും , ഒക്കെ  തന്റെ ജീവിതം മുന്നോട്ടു പോയി, രണ്ടു പെങ്ങന്മാരെ കെട്ടിക്കണം , അനിയൻ ചന്ദ്രന് അന്ന് മിൽമയിൽ ജോലി കിട്ടിയപ്പോൾ അമ്മയുമായി അയാൾ മാറി താമസം ആരംഭിച്ചു , കുടുബ വിറ്റു  പെങ്ങമ്മാരേയും കെട്ടിച്ചു , പത്താംക്‌ളാസ്സ് കഷ്ടിച്ച് പാസ്സായി പിള്ള , അന്നത്തെ കാലത്തേ ഡിഗ്രി സമം ആണ് പത്താം  ക്‌ളാസ് എന്നോർക്കണം.

dayabhavan

താമസിക്കുവാൻ ഇടം ഇല്ലാതെ രണ്ടാനമ്മയുടെ അടുത്ത് പിള്ള താമസം തുടങ്ങി , പിള്ളയുടെ ജീവിതത്തിലെ കഷ്ടകാല ദിവസങ്ങൾ ആയിരുന്നു അതെന്നു എന്റെ അച്ഛന്റെ ഒരമ്മാവൻ പറഞ്ഞു കേട്ടിട്ടുണ്ട് , വീട്ടിലെ സകല ജോലിയും പദ്മനാഭൻ പിള്ള ചെയ്യണമായിരുന്നു, സ്വന്തം അച്ഛനും ഭാര്യയുടെ പക്ഷം, ചാണകം വരണം, പറമ്പ് കിളയ്ക്കണം, ചെയ്‌തിട്ടില്ലെങ്കിൽ മുക്കാലിയിൽ കെട്ടി അടി ... അങ്ങനെ ഒരുദിവസം ഉപദ്രവം സഹിക്കാൻ വയ്യാതെ മാവേലിക്കരയിൽ ഉള്ള കരുണാകരൻ എന്ന അദ്ദേഹത്തിന്റെ ചിറ്റപ്പന്റെ വീട്ടിൽ ചെന്നു. അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയിരുന്നു . പി‍ഡബ്ല്യുഡി ജോലി ഉണ്ടായിരുന്ന, റോഡ് റോളർ ഡ്രൈവർ ആയിരുന്ന കരുണാകരൻ പിള്ള , പദ്മനാഭൻ പിള്ളയെ തന്റെ വീട്ടിൽ താമസിപ്പിച്ചു

റോഡ് റോളർ വീട്ടിൽ കൊണ്ടുവരുമ്പോൾ അതിന്റെ വീൽ തുടയ്ക്കുക , ഗ്രീസ് ഇടുക എന്ന് തുടങ്ങി ചില ചെറിയ സഹായങ്ങൾ പദ്മനാഭൻ പിള്ള തന്റെ ചിറ്റപ്പനെ സഹായിക്കുമായിരുന്നു. റോഡ് റോളർ അങ്ങനെ എന്റെ അച്ഛൻ പദ്മനാഭൻ പിള്ളയുടെ ഹരമായി തീർന്നു . ആ ഇടയ്ക്കു, പി‍ഡബ്ല്യുഡിയിൽ റോഡ് മെറ്റൽ ഇടാൻ താൽക്കാലിക ജീവനക്കാരെ എടുക്കുന്നു എന്ന് തന്റെ ചിറ്റപ്പൻ വഴി പിള്ള അറിഞ്ഞു, അങ്ങനെ താനും ആ ജോലിക്കു പോയി, കഠിനാധ്വാനി ആയിരുന്ന പിള്ള , റോഡ് റോളർ നന്നാക്കുന്നത്  മറ്റും ഇതിനിടയിൽ പഠിച്ചെടുത്തു, അന്നത്തെ കാലത്തു , പി എസ് സി ഒന്നും ഇല്ലല്ലോ , പലരും താൽക്കാലിക ജോലി വിട്ടു പോയിട്ടും പിള്ളയും, തങ്കപ്പൻ, വേലപ്പൻ എന്ന തന്റെ ചില കൂട്ടുകാരും പിടിച്ചു നിന്നു. ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ, നല്ലവരായ ചില ഓഫിസർമാരുടെയും മറ്റും റെക്കമെന്റേഷൻ പ്രകാരം, പിള്ളയെയും തങ്കപ്പനെയും വേലപ്പനെയും  കേരള സർക്കാർ സ്ഥിരമായി ജോലിക്കു നിയമിച്ചു. വളരെ കഠിനാധ്വാനിയായിരുന്നു എന്റെ അച്ഛൻ , ക്ലച് വർക്കിൽ  അസാമാന്യ സാമർത്ഥ്യവും .. (കേരളത്തിന്റെ പല ജില്ലകളിൽ നിന്നും എന്റെ അച്ഛനെ തേടി റോഡ് റോളർ വർക്കിന്‌ വേണ്ടി ആൾക്കാർ വരുന്നത് ഞാൻ  കണ്ടിട്ടുണ്ട് . )

ഇതിനിടയിൽ കേരളം സർക്കാർ പി‍ഡബ്ല്യുഡി ഹെഡ് ക്വാർട്ടേഴ്‌സ് കൊച്ചാലുംമൂട് റിയൽ എസ്റ്റേറ്റിലേക്ക് മാറ്റി . അങ്ങനെ പിള്ളേച്ചനും കൊച്ചാലുംമൂടിലേക്കു താമസം ആയി , വാടകക്ക് മുറി ഒക്കെ എടുത്തു, അന്ന് കൊച്ചാലുംമൂട്ടിൽ രണ്ടു പേർക്കേ പിഡബ്ല്യു‍ഡി ജോലി ഉള്ളു ഒന്ന് എന്റെ അച്ഛൻ പദ്മനാഭൻ പിള്ളക്കും , മറ്റൊന്ന് എന്റെ അമ്മയുടെ ബന്ധു ശ്രീധരൻ നായർക്കും .

ഇനി എന്റെ 'അമ്മ പങ്കജാക്ഷി അമ്മയെപ്പറ്റി  പറയട്ടെ ... കല്ലിമേൽ, പാവൂർ തറവാട്ടിൽ , അന്നത്തെ അതി പുരാതനമായ തറവാട്, ( ഇന്നെല്ലാം പോയി , തറവാട് നശിച്ചു, ആ  കഥ വേറൊരിക്കൽ പറയാം ) നീലകണ്ഠൻ നായരുടെയും ഗൗരി അമ്മയുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ പുത്രി... പങ്കജാക്ഷി അമ്മ ... ( താമരയോടൊത്ത, അക്ഷി ( കണ്ണ്) ഉള്ളവൾ എന്നർത്ഥം ... അക്ഷരാർത്ഥത്തിൽ അതായിരുന്നു എന്റെ 'അമ്മ .. മുട്ടിനു കീഴോളം മുടിയും .. ഒരു പെണ്ണിന് വേണ്ട എല്ലാ അംഗലാവണ്യവും ഉള്ള പങ്കജാക്ഷി അമ്മയെ കണ്ടാൽ , ആരും ഒന്ന് നോക്കും .. അന്നു പത്താം  ക്‌ളാസിൽ പഠിക്കുന്നു.

കുന്നം ഹൈസ്കൂൾ .... നീലകണ്ഠൻ നായർ അന്നത്തെ പ്രമാണി ആണ് ... മുടി ഒക്കെ സൈഡിലോട്ടു കെട്ടിവെച്ചു , എന്റെ വല്യച്ചനെ ( അമ്മയുടെ അച്ഛനെ ), ഞാനും കണ്ടിട്ടുണ്ട് ... ഭയങ്കര ചട്ടമ്പിയും ആയിരുന്നു പോലും ... പക്ഷെ , മദ്യപാനം തന്റെ വീക്നെസ് .... 

എന്റെ 'അമ്മ സ്കൂളിൽ പോകുന്നത് കൊച്ചാലുംമൂട് റിയൽ എസ്റ്റേറ്റിന്റെ അടുത്ത് കൂടെ ആയിരുന്നു .... ഒരുദിവസം രാവിലെ കുളിച്ചൊരുങ്ങി മുല്ലപ്പൂവും ഒക്കെ വച്ച് സ്കൂളിൽ പോകുന്ന , എന്റെ 'അമ്മ പങ്കജാക്ഷി അമ്മയെ , അടുത്ത റോഡിൽ റോഡ് റോളർ  റിപ്പയർ ചെയ്തു കൊണ്ടിരുന്ന എന്റെ അച്ഛൻ പദ്മനാഭൻ പിള്ള കണ്ടു .... താമരയോടുകൂടിയ അക്ഷി  ഉള്ളവൾ , നാഭിയിൽ താമര ഉള്ളവൻ ( പത്മനാഭൻ ) നെയും ..കണ്ടു ...അമ്മയുടെ സൗന്ദര്യം അച്ഛനെ അകെ കൊതിപ്പിച്ചു. എന്നാൽ അമ്മക്ക്  ഇതൊന്നും അറിയില്ല .... 

" ഈ മാവേലിക്കരയിൽ മാത്രം വീശുന്ന ഒരുതരം തെക്കൻ കാറ്റുണ്ട്  ..അന്ന് അവിടെവച്ചു പദ്മനാഭൻ പിള്ള ഒരു തീരുമാനം എടുത്തു  , ഈ നായരച്ചിയെ  വേറാർക്കും താൻ  വിട്ടു കൊടുക്കില്ല എന്ന് " 

അന്നൊക്കെ റോളർ റിപ്പയർ ചെയ്യാൻ പോയാൽ വലിയ ശമ്പളം ഒന്നും ഇല്ല , പക്ഷെ റോഡ് റോളർ ഡ്രൈവർമാർ നല്ല ചാരായം വാങ്ങി കൊടുക്കും ... ഭയങ്കര കഷ്ടപ്പാടാണ് റോഡ് റോളർ പണി എന്ന് എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് .റോളറിന്റെ വീൽ ഒക്കെ തനിയെ അഴിച്ചു മാറ്റണം , ഇന്നത്തെ പോലെ അസിസ്റ്റന്റ് ഒന്നും ഇല്ല . (അതാവാം ഈ 86 വയസ്സിലും പിള്ള പയറുമാതിരി നിക്കുന്നെ ).. അങ്ങനെ പിള്ളയും മദ്യത്തിനടിമയായി .പക്ഷെ പങ്കജാക്ഷി അമ്മയെ സ്വന്തമാക്കാനുള്ള ആഗ്രഹം കൂടി കൂടി വന്നു .

അങ്ങനെ ഒരുദിവസം നീലകണ്ഠൻ നായരെ  പദ്മനാഭൻ പിള്ള കാണാൻ ചെന്നു. കാര്യം ധരിപ്പിച്ചു .. സർക്കാർ ഉദ്യോഗസ്ഥനല്ലേ , നീലകണ്ഠൻ നായർക്ക് നന്നേ ബോധിച്ചു . രണ്ടു അടിക്കും എന്നൂടെ  അറിഞ്ഞപ്പോ  മഹാ സന്തോഷം ...പക്ഷെ  സുന്ദരി ആയ പങ്കജാക്ഷി 'അമ്മ പിള്ളേച്ചന്റെ രൂപവും ഭാവവും കണ്ടതും കരഞ്ഞുകൊണ്ട് അകത്തു കയറി കതകടച്ചു ... അമ്മക്ക് അന്ന് 19 വയസ്സ് പ്രായം ... അച്ഛനും അമ്മയും തമ്മിൽ ഏതാണ്ട് 10–13 വയസ്സ് വ്യത്യാസം.

അന്നെല്ലാം വീട്ടിൽ കാരണവന്മാർ പറയുന്നതിനപ്പുറം ഒന്നും ഇല്ല ... അങ്ങനെ ജാതകം നോക്കാൻ കൊടുത്തു ..അപ്പോളല്ലേ മനസ്സിലായത് , തമ്മിൽ ചേരില്ല , പങ്കജാക്ഷി 'അമ്മ ദേവഗണം  പിള്ളേച്ചൻ അസുര  ഗണം . പിള്ളേച്ചൻ വെറുതെ ഇരുന്നില്ല ... വാസു കണിയാരെ  പോയി കണ്ടു  കാശും ചാരായവും വാങ്ങി കൊടുത്തു ... ജാതകം ശരി ആയി .... അങ്ങനെ കല്യാണം നടന്നു ... എന്റെ അമ്മയുടെ അച്ഛൻ അമ്മക്ക് ഇഷ്ട ദാനം കൊടുത്ത സ്ഥലത്തു വീടുവച്ചു , അങ്ങനെ കൊച്ചാലുംമൂട്ടിൽ  അവർ താമസം തുടങ്ങി  ജീവിതം ആരംഭിച്ചു. 1969 കല്യാണം 1970, ഞാൻ ജനിച്ചു .

എനിക്ക് ഓർമയായപ്പോൾ മുതൽ എന്റെ അമ്മയും അച്ഛനും തമ്മിൽ വഴക്കുണ്ടാകുന്നത് ഞാൻ കണ്ടിട്ടുണ്ട് ..എന്റെ അച്ഛൻ ജോലി കഴിഞ്ഞു എന്നും മദ്യപിച്ചിട്ടാണ് വരുന്നത് . അമ്മയെ പലപ്പോഴും കുനിച്ചു നിർത്തി ഇടിക്കുമായിരുന്നു  ... എന്നാൽ പിറ്റേ ദിവസം വരുമ്പോൾ അമ്മക്ക് സാരിയും  ബ്ലൗസും വീട്ടിലേക്കുള്ള സാധനങ്ങളും ഒക്കെ വാങ്ങികൊടു വരുമായിരുന്നു അച്ഛൻ ...അന്ന് രാത്രി വീണ്ടും ശങ്കരൻ തെങ്ങേൽ ... രണ്ടു മക്കൾ ജനിച്ചു , മദ്യപിച്ചിട്ടു വന്നാൽ ദേഷ്യം വന്നാൽ എന്നെയും , എന്റെ സഹോദരി ഗീതയേയും ശരിക്കും ഉപദ്രവിക്കുമായിരുന്നു , പക്ഷെ അന്ന് രാത്രി കെട്ട്  മാറുമ്പോൾ , കട്ടിലിൽ വന്നിരുന്നു അച്ഛൻ കരയുമായിരുന്നു  ബോണ്ടയും , ഉള്ളിവടയും ഒക്കെ വാങ്ങിക്കൊണ്ടു വരുമായിരുന്നു ..

തന്റെ ചെറുപ്പത്തിലേ അനുഭവിച്ച കഷ്ടപ്പാട്‌ ആയിരിക്കാം ഒരുപക്ഷെ അദ്ദേഹം ഇങ്ങനെ പെരുമാറാൻ കാരണം ... ഞാൻ കോളേജിൽ പഠിക്കുന്ന കാലം വരെ അച്ഛൻ അമ്മയെ അടിക്കുമായിരുന്നു . ഒരു ദിവസം കുടിച്ചിട്ട് അമ്മയെ അടിക്കാൻ ഓങ്ങിയ കൈക്കു ഞാൻ പിടിച്ചു ..അച്ഛാ ..ഇനി അമ്മയെ അടിക്കരുതെ  എന്ന് പറഞ്ഞു .... അത് അച്ഛനേറ്റ ഒരു വലിയ ഷോക്ക് ആയിരുന്നു ... എന്റെ മകൻ എന്റെ കൈ പിടിക്കാറായി  അല്ലെ .അതിനു ശേഷം ഒരിക്കലും അമ്മയെ അച്ഛൻ ഉപദ്രവിച്ചിട്ടില്ല ...ഞാൻ ക്രിസ്തു വിശ്വാസം സ്വീകരിച്ചതായിരുന്നു അദ്ദേഹത്തിനേറ്റ മറ്റൊരു അടി . പിന്നീടൊരിക്കൽ ഞാൻ അച്ഛനോട്  അച്ഛന്റെ കൈ പിടിച്ചതിനു മാപ്പു ചോദിച്ചപ്പോൾ , അച്ഛൻ പറഞ്ഞു , ഇല്ല നീ ചെയ്തതാണ് ശരി മോനെ ..എന്ന് ...

ഞാൻ പറഞ്ഞത്  പലപ്പോഴും കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു , എങ്കിലും അവർ തമ്മിൽ ഒരിക്കലും പിരിഞ്ഞിരുന്നിട്ടുമില്ല ..ഇന്നെങ്ങാനുമായിരുന്നെങ്കിലോ ? കുടുംബ കോടതി ,അല്ലാത്ത കോടതി , ഡിവോഴ്സ് , ഫെമിനിച്ചികൾ, ഇന്നത്തെ തലമുറ ഒരു ദിവസം പോലും സഹിക്കില്ല ഇതൊന്നും ..അതാണ്  പഴയ തലമുറ ..അന്ന് ഞാൻ അച്ഛന്റെ കയ്യിൽ കേറി പിടിച്ചതും , 'അമ്മ എനിക്കിട്ടു എന്റെ കരണ  കുറ്റിക്കിട്ടു  പൊട്ടിച്ചതും ഒരുമിച്ച് ..എടാ എന്റെ കെട്ടിയോൻ എന്നെ അടിക്കും , ഇടിക്കും , തൊഴിക്കും , നീ ആരാടാ അങ്ങേരെടെ കയ്യിൽ പിടിക്കാൻ എന്ന് ? ഞാൻ പൊട്ടനെ പോലെ നിന്ന് പോയി ..അതാണ് ഇന്ത്യൻ സ്ത്രീ ..ഇന്നത്തെ സ്ത്രീയെ പറ്റി  അല്ല കേട്ടോ ( ഇന്നും ഉണ്ട് ചില സ്ത്രീകൾ അതേ മാതിരി ) ... 

അമ്പതു വർഷം , ഒരുമിച്ചു  ദുഃഖത്തിലും  സുഖത്തിലും  ഈ അൻപതാം വിവാഹ വാർഷികം അവർ ആഘോഷിച്ചതിലും വ്യത്യസ്തത ഉണ്ടായിരുന്നു. അടുത്ത് ഒരു വൃദ്ധ സദനത്തിലുള്ള നൂറിൽ പരം അന്തേവാസികൾക്കു  സദ്യ കൊടുത്തുകൊണ്ട് അവരോടൊപ്പം ആഹാരം കഴിച്ചു കൊണ്ട്. 

അൻപതാം വിവാഹ വാർഷികം ആഘോഷിക്കുന്ന എന്റെ മാതാപിതാക്കൾക്ക്  സർവ ശക്തനായ ദൈവം ദീർഘായുസ്സ് നൽകട്ടെ  എന്നാശംസിക്കുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.