Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
california

അരിസോണ∙ ഒരു ലോയ്‌ഡ്  സായിപ്പിനെയും ഹെലൻ മദാമ്മയെയും  പറ്റി കഴിഞ്ഞ ലക്കം എഴുതിയല്ലോ . ലോയ്‌ഡ്  സായിപ്പിന്റെ വീട്ടിൽ നിന്നും ഇറങ്ങി തിരികെ വീട്ടിലോട്ട് ഡ്രൈവ് ചെയ്യുമ്പോൾ , ഭാര്യയുടെ കലിഫോർണിയയിലുള്ള സുഹൃത്ത് നർമൂവിന്റെ ഫോൺ വന്നു , അക്ക ഞങ്ങൾ പുതിയ വീട് മേടിച്ചു , അക്ക എന്തായാലും കലിഫോർണിയ വഴി അല്ലെ പോന്നത് , എന്നാ  പിന്നെ ഞങ്ങടെ വീട്ടിൽ ഒന്ന് വന്നേച്ചു പൊയ്ക്കൂടേ. ഇതു കേട്ടതും എന്റെ  സഹധർമ്മിണി  എന്നോട് , എന്നാ കുട്ടാ നമുക്കു സാക്രമെന്റോ വരെ പോവാം . ഏതോ മാവേലിക്കരയിൽ നിന്നും മാന്നാർ പോന്ന ലാഘവത്തോടെ പുള്ളിക്കാരി അത് പറഞ്ഞത് . മിസ്സോറിയിൽ നിന്നും സാക്രമെന്റോ കലിഫോർണിയയിലേക്ക് ഏതാണ്ട് 25 മണിക്കൂർ ഡ്രൈവ് ചെയ്യണം. 

ഭാര്യ ദീർഘ ദൂരം ഡ്രൈവ് ചെയ്യില്ല , ചുമ്മ പാസഞ്ചർ സീറ്റിൽ  ഇരുന്നുറങ്ങിയാൽ മതി . ഈ പിള്ളാരേം കൊണ്ട് ഇത്രയും ദൂരം ഡ്രൈവ് ചെയ്യുന്ന കാര്യം , ഇത്രയും  ദൂരം ഒറ്റയ്ക്ക് ഞാൻ ഡ്രൈവ് ചെയ്യണം . എന്തായാലും കുടുംബ സമാധാനം ക്രമീകരിക്കാൻ പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ വഴിയിൽ കണ്ട കാഴ്ചകൾ പ്രിയ മനോരമ വായനക്കാർക്കായി ഇവിടെ പങ്കുവക്കുന്നു . 

ഹൈവേയിൽ നല്ല തിരക്ക് , വാഹനങ്ങൾ പതിയെ ആണ് നീങ്ങുന്നത് . രണ്ടു സൈഡിലും വെറും തരിശു ഭൂമി , വലിയ ട്രക്കുകൾ  നിരനിരയായി പോകുന്നുമുണ്ട് . നാലു സൈഡുകളും മല നിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു . നല്ല വളവും ഉണ്ട് . ആദ്യമായാണ് ഇത്രയും ദൂരം വണ്ടി ഓടിക്കുന്നത് . ഏതാണ്ട് നൂറു മൈൽ സ്പീഡിലാണ് വണ്ടി ഓടുന്നത് . മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കലിഫോർണിയ ഏരിയയിലേക്ക് പ്രവേശിച്ചു. 

വണ്ടി ഓടിക്കലും വീഡിയോ റെക്കോർഡിങ്ങും കൂടി വളരെ ബുദ്ധിമുട്ടാണ്  ഭാര്യയോട് റെക്കോർഡ് ചെയ്യാൻ പറഞ്ഞാൽ വേണ്ടതൊന്നും കിട്ടില്ല , നല്ല വിഡിയോഗ്രാഫർ ആണു പുള്ളി , മനസ്സിലായല്ലോ , അതുകൊണ്ടു ഞാൻ തന്നെ ഒരുകയ്യിൽ വിഡിയോയും ഒരുകയ്യിൽ സ്റ്റിയറിങ്ങും ആയി അഡ്ജസ്റ്റ് ചെയ്തു ഡ്രൈവ് ചെയ്യുകയാണ്. പോലീസ് കണ്ടാൽ പിഴ ഉറപ്പു . അപകടം ഉണ്ടാവാതെ നോക്കണം. കുഞ്ഞുങ്ങൾ പിറകിലത്തെ സീറ്റിൽ ഉണ്ടല്ലോ . 

കലിഫോർണിയ നല്ല പച്ചപ്പാണ് , കുറച്ചു ദൂരം ചെന്നപ്പോൾ , രണ്ടു സൈഡിലും എന്തോ മരങ്ങൾ കൃഷി ചെയ്തിരിക്കുന്നു , ഒന്നും രണ്ടുമല്ല , ഏക്കർ കണക്കിന് . ഓറഞ്ചു മരം ആണെന്നു തോന്നുന്നു , സീസൺ അല്ലാത്തത് കൊണ്ട് പഴം ഒന്നും ഇല്ല . പിന്നെ കണ്ടത് ക്യാരറ്റ് കൃഷി , പിന്നെ കുറെ ഏക്കറിൽ ചോളം കൃഷി ചെയ്തിരിക്കുന്നു. നല്ല സമൃദ്ധി ആയി എല്ലാം വളർന്നു നിൽക്കുന്നു . എല്ലാം വളരെ ശാസ്ത്രീയമായ രീതിയിൽ വരിവരിയായി അടുക്കി കൃഷി ചെയ്തിരിക്കുന്നു. കലിഫോർണിയക്കാർ കൃഷിക്കാരാണെന്നു തോന്നുന്നു . 

തമിഴ്നാട്ടിലോടൊക്കെ പോകുന്ന ഒരു പ്രതീതി . സൈഡിലൂടെ ഒരു വലിയ ട്രക്ക് പാഞ്ഞുപോയി , അത് നിറയെ ചെറി  പോലെ ഉള്ള ഏതോ പഴം , കുറച്ചൂടെ ചെന്നപ്പോൾ , പശുവിന്റെ ചാണകത്തിന്റെ രൂക്ഷ ഗന്ധം , ങേ , കേരളം ആയോ ??? ( ക്ഷമിക്കണേ ) … സൈഡിലൊക്കെ കുറെ പശുക്കൾ , ഏതോ ഡയറി ഫാം ആണെന്ന് തോന്നുന്നു . കൃഷിക്കു ചാണകം വളമായി ഉപയോഗിച്ചിട്ടുണ്ട് എന്നു തോന്നുന്നു . ചാണകത്തെ  കുറിച്ചും അതിന്റെ ഗുണത്തെ കുറിച്ചും എന്റെ ഭാര്യ കുട്ടികൾക്ക് ക്ലാസ് എടുക്കാൻ തുടങ്ങി . റസ്റ്റ് ഏരിയ അടുക്കാറായി  , പിള്ളേരും ഞാനും ഭാര്യയും എല്ലാവരും ക്ഷീണിതരാണ് , വളരെ മനോഹരമായ റസ്റ്റ് ഏരിയ , പൂന്തോട്ടവും ഒക്കെയായി നല്ല മനോഹരം , എല്ലാ നാൽപതു മൈലിലും റസ്റ്റ് ഏരിയ ഉണ്ട് . നമ്മുടെ നാട്ടിലോ വല്ലോം ആയിരുന്നേൽ  പെടുത്തു തൂറി ഒരു പരുവം ആക്കിയേനെ.

ഇവിടെ അത് ചെയ്താൽ പിഴ ഫോട്ടോ അടക്കം വീട്ടിൽ വരും . എല്ലായിടത്തും കാമറ ഉണ്ട് . ട്രാഷ് കാനിൽ ഒരു വാണിംഗ് എഴുതി വച്ചിട്ടുമുണ്ട് " dont  trash  california  , എന്ന് .നേരം ഇരുട്ടി തുടങ്ങി , ഏതോ കവി പാടിയ പോലെ സുന്ദരിയായ സന്ധ്യ , മല നിരകളെ ചുംബിച്ചു തുടങ്ങി . രാത്രി ഡ്രൈവിംഗ് അത്ര സേഫ് അല്ല , ഏതാണ്ട് പന്ത്രണ്ടു മണിക്കൂറുടെ ഡ്രൈവ് ചെയ്യണം അവരുടെ വീട്ടിലെത്താൻ , പിള്ളേരൊക്കെ ഇരുന്നു മുഷിഞ്ഞു , ഇനി എത്ര ദൂരം ഉണ്ട് എന്നു ചോദിച്ചിട്ടേ ഇരുന്നു . രണ്ടു മണിക്കൂർ കൂടെ സഞ്ചരിച്ചാൽ അടുത്തൊരു റിസോർട് ഉണ്ട് , ഇനി അവിടെ താമസിച്ചിട്ടു പോകാം എന്നു തീരുമാനിച്ചു . ഹയാത്ത്പ്ലേസ്  , എന്ന റിസോർട്ടിൽ മുറി എടുത്തു , റേറ്റ് ഇച്ചിര കൂടുതലാണ് , എന്നാലും രാത്രിയിൽ ഡ്രൈവ് ചെയ്‌ത്‌ അപകടം വരുത്തി വയ്ക്കുന്നതിനേക്കാൾ നല്ലതല്ലേ .

നല്ല ക്ഷീണം ഉണ്ട് എനിക്ക് , ഭാര്യ പിള്ളേരേം കൊണ്ട് സ്വിമ്മിങ് പൂളിലേക്ക് പോയി , പിള്ളാർക്ക് വെള്ളം കണ്ടാൽ പിന്നെ വേറൊന്നും വേണ്ട , ഞാൻ ഒന്ന് കുളിച്ചു റെഡി ആയി ഉറങ്ങാൻ കിടന്നു , കുറെ നേരമായിട്ടും പിള്ളാരേം ഭാര്യയേം കാണുന്നില്ല , പതിയെ ഞാൻ സ്വിമ്മിങ് പൂളിനടുത്തെത്തി , സ്വിമ്മിങ് പൂളിൽ കണ്ട കാഴ്ച എന്റെ എല്ലാ ക്ഷീണവും പമ്പ കടന്നു.  ഇതാണോ ഫ്രീഡം എന്നൊക്കെ പറയുന്നേ ? നമ്മുടെ നാട്ടിലെങ്ങാനും ആയിരുന്നേൽ , സദാചാര പോലീസും , പിന്നെ എന്തെല്ലാം പുകിലായിരിക്കും . വളരെ കൂൾ ആയി ഒരു നാണവും ഇല്ലാതെ നീന്തുകയും ഡ്രസ്സ് മാറുകയും ( പരസ്യമായി ) ഒക്കെ ചെയ്യുന്ന മെക്സിക്കൻ , അമേരിക്കൻ ചെറുപ്പക്കാരികൾ . എന്തായാലും പിള്ളേർ സ്വിമ്മിങ് പൂള് നന്നായി ആസ്വദിച്ചു  …( ഞാനും)… അമേരിക്കയിൽ താമസിക്കുന്ന എല്ലാവരുടെയും അലട്ടുന്ന  ഒരു പ്രശ്നം , ഈ കൾച്ചർ ആണ് നമ്മുടെ കുട്ടികളും കണ്ടു പഠിക്കുന്നത് എന്നതാണ് . നമ്മൾ എത്ര ഒക്കെ ശ്രമിച്ചാലും , ഈ രാജ്യത്തു ഇതുപോലുള്ള കാഴ്ചകൾ സുലഭം , വരുന്നയിടത്തു വച്ച് കാണാം , അത്ര തന്നെ , നാളെ വീണ്ടും പത്തു മണിക്കൂർ ഡ്രൈവ് ചെയ്യേണ്ടതാണ് , ഞാൻ ഉറങ്ങുവാൻ കിടന്നു. സക്രിമെന്റോ  കാഴ്ചകളുമായി അടുത്ത ലക്കം വീണ്ടും കാണാം.

​ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.