Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സ്യത്തൊഴിലാളികൾ

എൽസി യോഹന്നാൻ ശങ്കരത്തിൽ
fisher-men

ഘോരമാരിയിൻ പ്രളയക്കെടുതിയിൽ കേരളം മുങ്ങിത്താണപ്പോൾ

കേരളമക്കളെ ദുരിതക്കടലിൽ കരത്തിലേന്തി രക്ഷിച്ചോർ

ജീവൻ പണയം വച്ചൊരു പടയായ് കരുത്തരായിട്ടിറങ്ങയോരേ

ജീവിത സമ്പാദ്യംപോൽ കരുതിയ ബോട്ടുകളേന്തി വന്നോരേ

മത്സ്യത്തൊഴിലാളികളേ നിങ്ങൾ ദൈവദൂതന്മാരല്ലോ!

വത്സലരായിട്ടേശുനാഥൻ തെരഞ്ഞെടുത്തോർ മുക്കുവരല്ലോ!

കണ്ണീരൊപ്പിയ കരങ്ങളേ നമിപ്പൂ നിങ്ങളെ ഞങ്ങൾ!

മണ്ണിൽപ്പിറന്ന മാലാഖകളെ നമിപ്പൂ നിങ്ങളെ ഞങ്ങൾ!

കുത്സിത മാനസർ ‘മുക്കുവരെ’ന്നങ്ങാക്ഷേപിച്ചോർ രക്ഷകരായ്

ഉത്സുകരായവർ കോരിയെടുത്തതു നൂറു നൂറു ജീവിതങ്ങൾ !

പൊങ്ങിയുയർന്നാ പ്രളയക്കടലിൻ കരാളവക്ത്രത്തിൽ

മുങ്ങിത്താഴും മർത്യരെ വീൺട ‘നോഹ’കളായവർ മാറി!

മണ്ണിൽ കുമിഞ്ഞു കൂടിയ നമ്മുടെ മലയാളത്തിൻ മാലിന്യം ‌

വിണ്ണിൽ നിന്നും പൊട്ടിയൊഴുക്കിയ പ്രളയക്കെടുതിയതും

മണ്ണിടിച്ചിൽ, ഉരുൾപൊട്ടലുകൾ മർത്യജീവിതം കവർന്നപ്പോൾ

മണ്ണിനെ മർത്യർ അഴിമതിക്കടലിൽ മുക്കിക്കൊല്ലുമ്പോൾ

ഈശ്വരചിന്ത വെടിഞ്ഞു നമ്മൾ ഭൗതികരായപ്പോൾ

ഈശ്വരനാമം മുഴങ്ങിയ സന്ധ്യകൾ മറന്നു നമ്മൾ മാറുമ്പോൾ

ഈശ്വര ശിക്ഷയതാണോ ഈയൊരു പ്രളയക്കെടുതിയതോ?

ഈശ്വരചിന്തയിൽ മുഴുകീ നമ്മൾ നന്മയിൽ വരുവാനോ?

ഹിന്ദു മുസ്ലീം ക്രിസ്തീയതയിൽ മതിലുകൾ വെട്ടി നിരത്താനോ?

ഹൈന്ദവ, രിസ്ലാം, ക്രൈസ്തവരെല്ലാം ഒരുമയിലാർന്നീ പ്രളയാഗ്നിയിൽ,

ബൈബിൾ, രാമായണം, ഖുറാനും മറന്നു മർത്യർ നീങ്ങുമ്പോൾ

ജീവിതമൊരു നീർപ്പോളയിലമരാൻ മാത്രമേയെന്നറിയുമ്പോൾ

സത്യം, ധർമ്മം, നീതി തുടങ്ങിയ നന്മകൾ നമ്മൾ മറക്കുമ്പോൾ

സത്യസ്വരൂപൻ തൻവിധിന്യായം വെളിവാക്കിയതോ, യീ പ്രളയം?

ഹൃത്തിൽ കുമിഞ്ഞുകൂടുമഹന്തകൾ പാടേ ദൂരെയെറിഞ്ഞീടാം

സ്വത്തും പണവും സർവ്വവുമെന്നു നിനയ്ക്കും മാനവരേ നമ്മൾ

ഇറ്റുവെള്ളം വറ്റിൻ മണികൾ കിട്ടാൻ സഹജർ കേഴുമ്പോൾ

പൊക്കിക്കെട്ടിയ വൻമാളികകൾ നിമിഷം കൊണ്ടു തകരുമ്പോൾ

മർത്യജീവിതമെത്ര നൈമിഷ്യമെന്നു മർത്യരെ ഓർപ്പിപ്പൂ!

കേഴും മാനവ മിഴിനീരൊപ്പാൻ കരങ്ങൾ നീട്ടാൻ തുനിയാം

നീറും മനസ്സിനിത്തിരി സാന്ത്വന മേകാനായി കനിയാം

കരങ്ങൾ കോർക്കാം തകർന്ന ജീവിതവീഥിക്കാശ്വാസത്തിരിയാകാം

ആർഭാടങ്ങ, ളഹന്ത, യനീതിയകറ്റി താഴ്മയിലാഴ്ന്നീടാം

സൗഭഗരാകാൻ സർവ്വേശ്വരനിൽ കൂടുതലഭയം തേടാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.