Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോയിലെ ഒരു ‘കുരുക്ക്’ കല്യാണം !

സതീഷ് പത്മനാഭൻ
Wedding-Mexico1

അരിസോന ∙അരിസോനയുടെ വിശേഷങ്ങൾ മുൻപ് പ്രിയ വായനക്കാരുമായി പങ്കു വച്ചിട്ടുണ്ടല്ലോ. അരിസോനയുടെ തൊട്ടടുത്ത ദേശമായ മെക്സിക്കോയിലെ ഒരു വിശേഷമാണിന്നു എഴുതുന്നത്. വിശേഷം എന്ന് പറഞ്ഞപ്പോൾ ഉത്സവമോ മറ്റോ ആണെന്ന് കരുതിയെങ്കിൽ തെറ്റി. വിചിത്രമായ ഒരു കാഴ്ച അത്രേ ഉദ്ദേശിച്ചുള്ളൂ. വിവാഹം, നമ്മുടെ ഭാഷയിൽ കല്യാണം, അതിനു വലിയ വിശേഷത എല്ലാ മതങ്ങളും എല്ലാ രാജ്യക്കാരും കൽപിക്കുന്നുണ്ട്. വിവാഹം മാന്യവും കിടക്ക നിർമ്മലവും ആയിരിക്കണം എന്ന് ബൈബിൾ പറയുന്നു. ഹിന്ദു ആചാരപ്രകാരവും മുസ്‍ലിം ആചാര പ്രകാരവും ഒക്കെ വിവാഹം വളരെ മാനിക്കപ്പെടുന്ന ഒരു ചടങ്ങാണ്.

ഇന്ന് കാണുന്ന ന്യൂ ജനറേഷൻ വിവാഹത്തെ പറ്റി അല്ല ഞാൻ പറയുന്നത്! ഇന്ന് വിവാഹനാളിൽ വരനും വധുവും എന്തിനു കൂട്ടുകാരും മറ്റും കാട്ടികൂട്ടുന്ന കോപ്രായങ്ങൾ (പോക്കിരിത്തരം) സോഷ്യൽ മിഡിയയിൽ കൂടി നാമെല്ലാവരും കാണുന്നുണ്ടല്ലോ? ഞാൻ പറയുന്ന വിവാഹം ഒരു ഇരുപതു മുപ്പതു വർഷങ്ങൾക്ക് മുൻപുള്ള വിവാഹം. പല വിവാഹങ്ങൾക്കും പല രീതിയിൽ ഉള്ള ചടങ്ങുകൾ ഉണ്ട്. ഹിന്ദു വിവാഹങ്ങൾക്ക് വധു വരന്റെ പിന്നാലെ തട്ടത്തിൽ കല്യാണ പുടവയുമായി കല്യാണ മണ്ഡപം ചുറ്റുമായിരുന്നു. ഇന്നത്തെ ന്യൂജനറഷേനിതൊന്നും അറിയില്ലായിരിക്കും. ക്നാനായക്കാർ കല്യാണപെണ്ണിനെ തോളിലേന്തി നടയോ നട പറയുമായിരുന്നു. ഇസ്‍ലാമിക വിവാഹ തലേന്ന്  മൈലാഞ്ചി ഇടൽ അങ്ങനെ പോകുന്നു. കല്യാണ സ്റ്റേജിലും ഇതുപോലുള്ള ആചാരങ്ങൾ ഉണ്ടായിരുന്നു. അതിനെല്ലാം ഓരോ അർത്ഥവുമുണ്ട്. ഇന്ന് ചെറുക്കന്റേം പെണ്ണിന്റേം തുണി ഉരിഞ്ഞു ചെളി തേക്കുന്ന തെമ്മാടിത്തരത്തെ കുറിച്ചല്ല ഞാൻ പറയുന്നത്. 

Wedding-Mexico

മോതിരമിടൽ, മാലയിടൽ, ചെറുക്കന്റെയും പെണ്ണിന്റെയും വസ്ത്രങ്ങൾ തമ്മിൽ കെട്ടി അഗ്നിക്കു വലം വയ്ക്കുന്ന ആചാരം വടക്കേ ഇന്ത്യയിൽ ഉണ്ട്. പാത്രത്തിൽ കാൽ വച്ച് ചെറുക്കന്റെ കാൽ കഴുകുന്ന ആചാരം തമിഴ്നാട്ടിലുണ്ട്. അമേരിക്കയിലും മെക്സിക്കോയിലും ഒക്കെ ആചാരങ്ങൾ ഉണ്ട്. ചെറുക്കന്റെ മുഖത്തേക്ക് കേക്ക് എടുത്തു തേക്കുക, പരസ്യമായി ചുംബിക്കുക, ബൊക്ക എറിഞ്ഞു അത് പിടിക്കുക, അങ്ങനെ പട്ടിക നീളുന്നു. അമേരിക്കയിലും മെക്സിക്കോയിലും വിവാഹം കഴിക്കുന്ന കുട്ടികൾ പലതായതിനു ശേഷമാകാം. ചെറുക്കനും പെണ്ണിനും വേറെ വേറെ കുട്ടികൾ കാണാം. എന്തുമാവട്ടെ, എന്റെ വിഷയം അതല്ല.

ജീവിതത്തിലെ അസ്വാരസ്യം വരുമ്പോൾ പല  വിവാഹങ്ങളും ഇടമുറിഞ്ഞു പോകാറുണ്ട്. അപ്പോൾ നാം മലയാളികൾ ഉപയോഗിക്കാറുള്ള ഒരു വാക്കുണ്ട് ‘കുരുക്ക്’  അതാണെന്റെ വിഷയം. ഞങ്ങളുടെ വീട്ടിൽ പണ്ട് ജോലിക്കു വന്നിരുന്ന ഒരു വിജയമ്മ ചേച്ചി ഉണ്ടാരുന്നു. ഭർത്താവു കുടിച്ചിട്ട് വന്നു അവരുടെ മുതുകത്തു മൈക്കേറുമ്പോൾ അവർ കരഞ്ഞോണ്ട് പറയും ഈ കാലമാടൻ എന്റെ കഴുത്തിൽ ‘കുരുക്കിട്ട’ ദിവസം തുടങ്ങിയതാ ഇത് എന്ന്. ബാംഗ്ലൂർ ഡേയ്സ് പാട്ടു പോലെ, മംഗല്യം തുടങ്ങുമ്പോൾ തന്തു നാനേന..ജീവിതം ....ആ പാട്ടിലും പറയുന്നുണ്ട് ‘കുരുക്കിനെ’ പറ്റി. ആണുങ്ങളും പറയാറുണ്ട്, ഈ അടുത്തിടെ ടിവി ഷോയിൽ ഒരു മനുഷ്യൻ പറഞ്ഞു ഇവളുടെ കഴുത്തിൽ 'കയറിട്ട'  നാളുമുതൽ അനുഭവിക്കുക ആണ് എന്ന്.

പറയുന്നതല്ലാതെ ഇങ്ങനെ ഒരു സംഭവം അക്ഷരാർത്ഥത്തിൽ നിങ്ങൾ കണ്ടുകാണാൻ വഴിയില്ല. കഴുത്തിൽ കയറുകൊണ്ട് കുരിക്കിടുക, അതും കല്യാണസമയം! സ്റ്റേജിൽ, എല്ലാരുടെയും മുന്നിൽ വച്ച്. എന്നാൽ, ഞാൻ കണ്ടു ആദ്യമായി ആ സംഭവം ഈ അടുത്ത് മെക്സിക്കോയിൽ ഉള്ള ഒരു സുഹൃത്തിന്റെ കല്യാണം. ആൾ പാസ്റ്ററും ആണ് വിവാഹം കഴിക്കുന്നത് പെന്തിക്കോസ്തുകാരിയെ. രണ്ടുപേരും വർഷങ്ങളായി ഒരുമിച്ചു ജീവിക്കുകയായിരുന്നു. അവർക്കു 11 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ഇപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു. സ്റ്റേജിൽ പ്രാർഥിച്ചു ചടങ്ങുകൾ തുടങ്ങി. വധുവും വരനും മകനും പാസ്റ്ററും സ്റ്റേജിൽ എത്തി. പ്രാർഥിച്ചു പാസ്റ്റർ രണ്ടു പേരുടെയും കൈകൾ ചേർത്ത് പിടിപ്പിച്ചു. പിന്നെ ഒരു ബോക്സിൽ ഒരു ഡോളർ നാണയങ്ങൾ പ്രാർഥിച്ചു നൽകി. അത് ഭർത്താവു ഭാര്യക്ക് നൽകി വീണ്ടും പ്രാർഥിച്ചു. അതിനു ശേഷം അഭിഷേക തൈലം രണ്ടുപേരും കൂടി പ്രാർഥിച്ചു തലയിൽ തൊട്ടു.

അപ്പോൾ സ്റ്റേജിന്റെ പുറകിൽ നിന്നും പാസ്റ്ററുടെ പെങ്ങളും അതായതു നമ്മുടെ ഭാഷയിൽ നാത്തൂൻ, വധുവിന്റെ അടുത്ത പെൺ സുഹൃത്തും കൂടി വലിയൊരു കയർ രണ്ടറ്റവും കുരുക്ക് ഇട്ടു പിടിച്ചുകൊണ്ടു വന്നു അത് വരന്റെയും വധുവിന്റെയും കയ്യിൽ കൊടുത്തു. അത് വരൻ വധുവിന്റെ കഴുത്തിലും വധു വരന്റെ കഴുത്തിലും കെട്ടി. മെക്സിക്കൻ ഭാഷയിൽ പാസ്റ്റർ പ്രാർഥിച്ചു. എനിക്ക് ഭാഷ മനസ്സിലായില്ല എന്നാൽ ഇന്ന് മനസ്സിലായി, പാസ്റ്റർ പ്രാർഥിച്ചത്: കർത്താവെ ഇവന്റെ (ഇവരുടെ) ഈ കുരുക്ക് ഒരിക്കലും അഴിയരുതേ... എന്നാവാം. ഞാനുദ്ദേശിച്ചേ .. ഇവരുടെ ഈ ബന്ധം ഒരിക്കലും അഴിഞ്ഞു പോവല്ലേ എന്ന്... ഏതു.. മനസ്സിലായല്ലോ അല്ലെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.