Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരസ്വതിദേവി എന്റെ “അമ്മ”

mother

ഏതൊരു  ജീവനും തനിക്കു ജന്മം തന്ന തന്റെ മാതാവിനെ ഓർക്കാൻ ഒരു മാതൃദിനത്തിന്റെ ആവശ്യമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഓരോരുത്തരും സ്വയം അച്ഛനോ അമ്മയോ ആയി മാറുമ്പോൾ മാതാപിതാക്കളോടുള്ള അവരുടെ വാത്സല്യത്തിന് കൂടുതൽ ആഴം തോന്നുന്നു.

വേനൽക്കാല അവധിക്കു നാട്ടിലേക്കുള്ള ഈ യാത്ര എല്ലാ വർഷവും പതിവുള്ളതാണെങ്കിലും ഓരോ വർഷവും ഓരോ പ്രത്യേക സുഖം എനിക്കനുഭവപ്പെടാറുണ്ട്. കേരളം എത്ര അനീതിയുടെ, നാശത്തിന്റെ ഈറ്റില്ലമായാലും മാതാപിതാക്കൾക്കരികിലെത്തുമ്പോൾ ഈ മണ്ണിന്റെ ഗന്ധം, ഈ കുളിർകാറ്റ്, ഇളം വെയിൽ, പുലർകാല മഞ്ഞു എന്നിവ  എന്നിൽ നിന്നും അടർന്നുവീണ ബാല്യത്തിന്റെ, കൗമാരത്തിന്റെ കുഞ്ഞു ചിറകുകൾ തിരിച്ചു കിട്ടി പാറി പറന്നു നടക്കുന്ന ഒരു ചിത്ര ശലഭമായി മാറുന്നു എന്റെ മനസ്സ്. 

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ഒന്നര മണിക്കൂർ വിമാന യാത്രയിൽ നേരം പോകാതെ അസ്വസ്ഥയായ എന്റെ മകളോട് വിമാനം ഏകദേശം നെടുമ്പാശ്ശേരിയിൽ ഇറങ്ങാനുള്ള തയാറെടുപ്പായപ്പോൾ വിമാനത്തിന്റെ ജാലകത്തിലൂടെ വിരൽ ചൂണ്ടി ഞാൻ പറഞ്ഞു "താഴേക്കു നോക്കൂ അമ്മൂമ്മ ഇതേ നമ്മളെ കാത്ത് നിന്ന് അക്ഷമയോടെ മുകളിലേക്കു നോക്കുന്നു കാണുന്നില്ലേ ..” എന്ന് . “പിന്നെ അമ്മയ്ക്ക് ഇവിടെ നിന്നും തയ്യൂരിലെ മുറ്റത്ത് നിൽക്കുന്ന അമ്മൂമ്മയെ കാണുകയല്ലേ!! എന്നെ അങ്ങനെ പറ്റിക്കാനൊന്നും പറ്റില്ല" എന്ന് പറഞ്ഞവൾ ചിരിച്ചു. വെറും ഒരു നേരം പോക്കിനായി അവളെ ചിരിപ്പിക്കാൻ ഞാൻ പറഞ്ഞു എങ്കിലും പിന്നീട് ഞാൻ ഓർത്തു ഒരു തമാശയിലൂടെ പുറത്തുവന്നത് അമ്മയെ കാണാനുള്ള ഒരു മകളുടെ, എന്റെ ജിജ്ഞാസയായിരുന്നു.

വിമാനത്താവളത്തിൽ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരുന്ന എന്റെ സഹോദരനെ, എന്റെ കുട്ടേട്ടനെ  (സുധീർ നമ്പ്യാർ) കണ്ടപ്പോൾ എന്റെ മനസ്സ് പൂർണ്ണമായും മുംബൈ നഗരത്തോട് വിടപറഞ്ഞു. എന്റെ മനസ്സിൽ നാടിനെ കുറിച്ച് ഇഴപാകിയ ഓർമ്മകൾ ഓരോന്നായി തലപൊക്കി ഓരോ ചോദ്യങ്ങളായുയർന്നു. നെടുമ്പാശ്ശേരിയിൽ നിന്നും തയ്യൂരിലെത്തുവാനുള്ള സമയം  പിന്നിടുന്നത്  ഞാൻ അറിയുന്നതേ ഇല്ലായിരുന്നു. ഇന്നത്തെ നാടിന്റെ ഓരോ ചലനങ്ങളും കുട്ടേട്ടൻ എന്റെ മുന്നിൽ നിരത്തുമ്പോൾ, വര്ഷങ്ങള്ക്കു മുൻപ് ഈ കൊച്ചുകേരളത്തിൽ നിന്നും മുബൈ നഗരത്തലേക്കു എന്നെ പറിച്ച് നടുമ്പോൾ ഞാൻ ഇവിടെ ഉപേക്ഷിച്ചിട്ടുപോയ ഓർമകളുടെ നുറുങ്ങുകളിൽ ഒതുങ്ങി നിന്ന കൊച്ചു കൊച്ചു സന്തോഷങ്ങൾ തിരയുകയായിരുന്നു ഞാൻ.       

ഞാൻ നെഞ്ചിൽ താലോലിച്ച് നടക്കുന്ന എന്റെ മാതാപിതാക്കളുള്ള കൊച്ചു ഗ്രാമത്തിന്റെ ഹൃദയത്തിലേക്കു കാർ അരിച്ചുകയറി റോഡിലൂടെ വിലസി ഓടുമ്പോൾ, രണ്ടാൾ ഒരുമിച്ച് നടന്നാൽ പരസ്പരം മുട്ടിയുരുമ്മിയിരുന്ന ഞെരുങ്ങി നിന്നിരുന്ന ഇടവഴികൾ എന്റെ കൺ മുന്നിൽ തെളിഞ്ഞു വന്നു. കാർ വന്നു മുറ്റത്ത് നിന്നു. ഒരുപാട് രാത്രിയായാണ് ഞങ്ങൾ അവിടെ എത്തിച്ചേർന്നത്. ഞങ്ങളെ കാത്തിരുന്ന ഉറക്കച്ചടവോടെ അച്ഛനും അമ്മയും ഇറങ്ങി വന്നു. അച്ഛനെയും അമ്മയെയും ഞാൻ മാറി മാറി നോക്കി. അമ്മയെ കെട്ടിപ്പിടിച്ച് എന്റെ മകളോട് പറഞ്ഞു " അമ്മൂമ്മയുടെ പേര് 'അമ്മ പറഞ്ഞുതന്നിട്ടില്ലേ?   ‘സരസ്വതി’ ദേവി, നമ്മൾ മൂകാംബികയിൽ തൊഴാൻ പോയപ്പോൾ പറഞ്ഞില്ലേ വിദ്യയുടെ ദേവതയായ സരസ്വതിയെ പറ്റി.  അമ്മൂമ്മയുടെ പേര് ഓർക്കാൻ ആ വിദ്യാദേവിയെ ഓർത്താൽ മതി.   മുറ്റത്തെ ഭഗവതിയുടെ മുന്നിലിരുത്തി മുത്തശ്ശൻ നാക്കിൽ സ്വർണ്ണ മോതിരംകൊണ്ട് ഹരിശ്രീ കുറിച്ചതിനുശേഷം ''അമ്മ' എന്ന ആദ്യാക്ഷരം എഴുതാൻ പഠിപ്പിച്ചതും ഉച്ചരിക്കാൻ പഠിപ്പിച്ചതും എല്ലാം എന്റെ അമ്മയായ ഈ സാക്ഷാൽ സരസ്വതി ദേവി തന്നെ.  അമ്മയ്ക്ക് എഴുതുവാൻ അനുഗ്രഹവുമായി വരുന്ന സാക്ഷാൽ സരസ്വതി ദേവി, അമ്മയിൽ എല്ലാ ഐശ്വര്യവും ചൊരിയുന്ന ലക്ഷ്മിയായി കത്തിജ്വലിച്ചു നിൽക്കുന്ന മാതൃത്വത്തിന്റെ വാത്സല്യത്തിന്റെ സ്നേഹത്തിന്റെ നിലവിളക്ക്. ഇനി മുത്തശ്ശന്റെ പേര് ഓർക്കാനാണെങ്കിൽ  വളരെ എളുപ്പം 'നാരായണൻ' ത്രിമൂർത്തികളിൽ  ഒരാൾ.  

അച്ഛനെയും, അമ്മയെയും നമുക്ക് പേരെടുത്ത് വിളിക്കാൻ പറ്റില്ല എങ്കിലും ഇവരെക്കുറിച്ചുള്ള സ്മരണകൾ തീർച്ചയായും നമുക്ക്ശ അനുഗ്രഹം ചൊരിയും. ദൈവീകമായ നാമങ്ങൾ ഉള്ള അച്ഛനും അമ്മയും മോളുടെ അമ്മക്ക് എപ്പോഴും കാവൽമാലാഖമാർ.  ഇത് കേട്ട് നിന്ന കുട്ടേട്ടൻ എന്റെ മോളോടു പറഞ്ഞു നിന്റെ അമ്മയുടെ പേരിലും ലക്ഷ്മിയുണ്ട്. ഇതുകേട്ട ബാലികയായ എന്റെ മകൾ ചോദിച്ചു അപ്പോൾ എന്റെ 'അമ്മ ലക്ഷ്മിദേവിയാണെന്നു എനിക്കും പറയാം അല്ലെ? ഇതുകേട്ട എല്ലാവരുടെയും കൂട്ടച്ചിരിയോടെ അവിടം ഒരു സന്തോഷത്തിന്റെ ദേവാലയമായി.  സന്തോഷത്താൽ പൊട്ടിച്ചിരിക്കുന്ന അച്ഛനമ്മമാരുടെ കണ്ണുകളിലേക്കൊന്നു നോക്കിയപ്പോൾ പ്രായം എന്റെ മാതാപിതാക്കളിൽ വരുത്തിവച്ച കുസൃതികൾ കുറിച്ചോർത്ത് ഒരു നിമിഷം എന്റെ കണ്ണ് നനഞ്ഞു. 

ഈ അടുത്ത കാലം വരെയും അവധിക്കു നാട്ടിൽ വരുമ്പോൾ ആ ദിവസങ്ങൾക്കുവേണ്ടി അച്ഛനമ്മമാരുടെ  ഒരുക്കങ്ങൾ എന്റെ മനസ്സിൽ ഓടി വന്നു. ഞങ്ങൾ നാട്ടിൽ വന്നുപോയി അടുത്ത അവധിക്കു നാട്ടിൽ എത്തുന്നതുവരെയുള്ള ദിവസങ്ങൾ ഒരു അണ്ണാറക്കണ്ണൻ മാങ്ങയണ്ടി സൂക്ഷിക്കും പോലെ, ഉറുമ്പുകൾ ധാന്യങ്ങൾ സൂക്ഷിക്കുന്നതുപോലെ ഓരോ സാധങ്ങളും 'അമ്മ ഞങ്ങൾക്കായി കാത്തുവയ്ക്കും. കണ്ണിമാങ്ങാ,  നാരങ്ങാ, നെല്ലിക്ക, അമ്പഴങ്ങ എന്നീ ഓരോ സാധനങ്ങളുടെയും അച്ചാറുകൾ വിവിധ തരത്തിൽ ഉണ്ടാക്കി ഭരണികളിലാക്കി മണൽക്കിഴിവച്ച്  കേടുവരാതെ കാത്തുവക്കും   തിരിച്ചുപോകുമ്പോൾ നാലോ അഞ്ചോ കുപ്പികളിൽ വിവിധ തരത്തിലുള്ള അച്ചാറുകൾ, പിന്നെ കുറെ വീട്ടിൽ ഉണ്ടാക്കിയ സാധനങ്ങളും 'അമ്മ തന്നു വിടും. "ഇതൊന്നും വേണ്ട അമ്മെ. ഞങ്ങൾ അവിടെ നിന്നും വാങ്ങിക്കൊള്ളാം" എന്ന് പറഞ്ഞാൽ പരിഭവംകൊണ്ടു കുത്തിവീർത്ത കവിളിലൂടെ സങ്കടത്തിന്റെ കണ്ണീർച്ചാലൊഴുകും.

വീട്ടിൽ ഉണ്ടാകുന്ന കശുവണ്ടി വറുത്ത് തല്ലിയ പരിപ്പ് ഞങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കും. ചക്കപപ്പടം, കൊള്ളിപപ്പടം, വിവിധ തരം കൊണ്ടാട്ടങ്ങൾ  (ആവശ്യത്തിനനുസരിച്ച് എണ്ണയിൽ വറുത്തെടുക്കാവുന്ന ഉപ്പും മുളകും കായവും ചേർത്തുണക്കിയ പച്ചക്കറികൾ) ചക്ക വരട്ടിയത്, പഴം വരട്ടിയത് എന്നുവേണ്ട ആ വീട്ടിൽ കൃഷിചെയ്ത ഓരോ സാധനങ്ങളും പലതരത്തിൽ 'അമ്മ ഞങ്ങൾക്കായി സൂക്ഷിച്ചു വക്കും. ഇത് കൂടാതെ ഞങ്ങൾ വന്നതിനു ശേഷം ഓരോ ദിവസം ഓരോ വിഭവങ്ങൾ ഒരു ദിവസം ഇല അട, ഓട്ടട, ചക്ക വറുത്തത്, കാരോലപ്പം, കായ വറുത്തത്, ചക്ക വരട്ടിയതും ശർക്കരയും തേങ്ങയും അരിപൊടിയും കുഴച്ച് ഇലയിൽ പൊതിഞ്ഞു ആവിയിൽ വേവിച്ചെടുക്കുന്ന കുമ്പളപ്പം ഇതൊക്കെ ഞങൾ നാട്ടിൽ എത്തിയാൽ അമ്മയുടെ പ്രത്യേക വിഭവങ്ങളാണ്. പിന്നെ ഓരോ ദിവസവും ഞങ്ങൾക്ക് ഇഷ്ടമുള്ള കറികൾ ഉണ്ടാക്കും, 'അമ്മ പ്രത്യേകിച്ചോന്നും ഉണ്ടാക്കേണ്ട ഞങ്ങൾക്കെല്ലാം അവിടെ കിട്ടും എന്ന്  പറഞ്ഞാൽ " അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയത് കിട്ടില്ലല്ലോ" എന്ന ചോദ്യത്താൽ തേൻ തുള്ളിപോലുള്ള വാത്സല്യം നിറച്ചുതരുന്ന 'അമ്മ.  

ഞങ്ങൾ വീട്ടിൽ എത്തിയാൽ എന്ത് തന്നാലും എന്തൊക്കെ പറഞ്ഞാലും കൊതിതീരാത്ത ആവേശമായിരുന്നു അമ്മയ്ക്ക്.  പിന്നെ ഓരോ ബന്ധു വീടുകളിൽ 'അമ്മ ഞങ്ങളെ കൊണ്ടുപോകും അവരുടെ മുന്നിൽ ഞങ്ങളുമൊത്ത് പോകുമ്പോൾ   മക്കളെ കുറിച്ച് അഭിമാനം കൊള്ളുന്ന മാതാവിന്റെ മുഖം പ്രകാശപൂരിതമാകും. ഓരോ ദിവസവും രാത്രി പന്ത്രണ്ടു മണിവരെ അച്ഛനും അമ്മയും ഞങ്ങളും കുട്ടി സംസാരിച്ചിരിക്കും. ഞങ്ങളുടെ അവിടുത്തെ ജീവിത രീതികളെല്ലാം പറയുമ്പോൾ കൊച്ചു കുട്ടികളുടെ ആകാംക്ഷയോടെ കേട്ടിരിക്കുന്ന അച്ഛനും അമ്മയും.  എത്രയോ പെട്ടെന്ന് പറന്നകലുള്ള അച്ഛനമ്മമാർക്കൊപ്പമുള്ള അവധി ദിവസങ്ങൾ. ഓരോ അവധികാലം അച്ഛനമ്മമാരോട് യാത്ര പറയുമ്പോൾ അറിയാതെ നനയുന്ന അമ്മയുടെ കൺ തടങ്ങൾ നെഞ്ചിലൊരു ഭാരമായി മടക്ക യാത്രയിൽ അകമ്പടിയാകാറുണ്ട്. ഇന്ന് ഈ ഒരുക്കങ്ങളും, ഉത്സാഹങ്ങളും അവരുടെ മനസ്സിൽ ഞങ്ങളുടെ അവധിക്കാലത്തിനായി കാത്തിരിക്കുന്നുവെങ്കിലും പ്രായം അവരുടെ ശരീരത്തിനെ പ്രവർത്തിക്കാൻ അനുവദിക്കാറില്ല.  

ഒരുപാട് സ്വപ്നച്ചിറകുമായി അവരുടെ അരികിലെത്തുമ്പോൾ  അവർ പകർന്നു തന്ന സ്നേഹത്തിനു പകരം ഒരു ദിവസം മനസ്സ് നിറയെ അവരെ പരിചരിക്കാൻ സാഹചര്യങ്ങൾ ഒരു തടസ്സമാകുന്നു എന്നത്  എന്നെപ്പോലെത്തന്നെ ഓരോ മക്കളെയും വേദനിപ്പിക്കുന്ന യാഥാർത്ഥ്യമാകും.

ഇതു വെറും വേനൽ അവധിക്കാലത്തെ അച്ഛനമ്മമാരെക്കുറിച്ചുള്ള എന്റെ ഓർമ്മകളുടെ ശീഖ്രപലായനം മാത്രം. കുറച്ചും കൂടി പിന്തിരിഞ്ഞു  നോക്കുമ്പോൾ, എന്റെ ബാല്യവും കൗമാരവും ഒരു പളുങ്കു തുള്ളിപോലെ കാത്ത് സൂക്ഷിച്ച അമ്മയെ കുറിച്ചുള്ള ഓർമ്മകൾ എഴുതുവാൻ തുടങ്ങിയാൽ ഒരുപക്ഷെ ഒരു പൂർണ്ണ പുസ്തകം തന്നെ രൂപാന്തരപ്പെട്ടേക്കാം. നല്ലവനായാലും കള്ളനായാലും ദുഷ്ടനായാലും അവന്റെ മനസ്സിൽ ഊറി നിറയുന്ന മാതാപിതാക്കളെക്കുറിച്ചുള്ള ഓർമ്മകൾ വളരെ മധുരമുള്ളതു തന്നെയാണ്. ഒരു കുഞ്ഞിനെ പത്തുമാസം ചുമന്നു, പാൽ കൊടുത്ത് വളർത്തുന്നതിൽ മാത്രമല്ല ,  അവനിൽ അല്ലെങ്കിൽ അവളിൽ സ്നേഹവും, വാത്സല്യവും, അറിവും, വിവേകവും, സാമാന്യബുദ്ധിയും വളർത്തി ഒരു വ്യക്തിയാക്കുന്നതിൽ അമ്മയുടെ പങ്ക് എത്ര  വിലകൊടുത്താലും തീരാത്ത ഒരു കടപ്പാട് തന്നെയാണ്.   

അമ്മിഞ്ഞ പാൽപ്പോലെ തന്നെ ആ മാതൃഹൃദയം ചുരത്തുന്ന മക്കളോടുള്ള സ്നേഹത്തിനത്രയും നിർമ്മലമായി വേറൊന്നും ഉണ്ടാകില്ല. ഈ സ്നേഹം മായമില്ലാത്ത,കളങ്കപ്പെടാത്ത ഒരിക്കലും വറ്റി വരളാത്ത ഉറവയാണ്. മാതാപിതാക്കൾ കാണപ്പെട്ട ദൈവങ്ങളാണ്. ഞാൻ മുൻപ് പറഞ്ഞതുപോലെ  മക്കൾ വലുതായി അവർ ഒരു അച്ഛനോ, അമ്മയോ ആകുമ്പോൾ അവർ മാതാപിതാക്കളെക്കുറിച്ച് കൂടുതൽ ആലോചിക്കുന്നു, കൂടുതൽ സ്നേഹിയ്ക്കാൻ തുടങ്ങുന്നു.

പക്ഷെ അവരുടെ കുടുംബവും സാഹചര്യങ്ങളും അവരെ മാതാപിതാക്കൾക്കൊപ്പം  കഴിയാൻ അനുവദിക്കുന്നില്ല എന്നത് വളരെ വേദനിപ്പിക്കുന്ന ഒരു സത്യമാണ്. എങ്കിലും ഓരോ അമ്മയും മക്കൾക്കുവേണ്ടി മനസ്സുനിറയെ അവർക്കു നന്മയും, സ്നേഹവും, അനുഗ്രഹവും നിറച്ച് യാതൊരു പരാതികളും കൂടാതെ മക്കൾക്ക് കൂടെ അനുവദിച്ചു കിട്ടുന്ന സമയത്തിനായി കാത്തിരിക്കുന്നു. പ്രതിഫലം ഇച്ചിയ്ക്കാത്ത ഈ സ്നേഹം വിളമ്പിത്തരാൻ സ്വന്തം അമ്മക്കുമാത്രമേ കഴിയൂ. അമ്മയെ സ്നേഹിക്കുന്ന മക്കൾക്ക് അവരോടു സ്നേഹം പ്രകടിപ്പിക്കാൻ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല. എങ്കിലും  തിരക്കുപിടിച്ച ജീവിതത്തിനിടയിൽ എല്ലാവർക്കും അമ്മയെ കുറിച്ചോർക്കാൻ പ്രത്യേകമായൊരു ദിനം കൊണ്ടാടുമ്പോൾ ആ ദിനത്തിൽ അമ്മയ്‌ക്കൊപ്പം ചെലവഴിയ്ക്കാൻ ഓരോ മക്കൾക്കും കഴിയുന്നുവെങ്കിൽ തീർച്ചയായും അമ്മയുടെ അനുഗ്രഹം തന്നെ. അതുകൊണ്ടുതന്നെ പതിവിലും  വ്യത്യസ്തമായി  ഈ  വേനൽ  അവധിയിൽ , ഈ  മാതൃദിനം, മേയ്  13 എന്റെ  അമ്മയോടൊപ്പം  ചിലവിടാൻ  സാധിക്കുമെന്നത് എനിക്കു ലഭിച്ച ഒരു അനുഗ്രഹമായിത്തന്നെ ഞാൻ കാണുന്നു.

പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും തന്റെ പ്രിയ മാതാവിനെ സ്മരിക്കാനും അമ്മയുടെ  അനുഗ്രഹ വർഷം ഏറ്റുവാങ്ങാനുമുള്ള സുദിനമായ മാതൃദിനത്തിന്റെ ആശംസകൾ ചൊരിയട്ടെ . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.