Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ചാർ വർക്കിച്ചനു വെടിയേറ്റു!

എ.സി. ജോർജ്
gun-shooting

ഹൂസ്റ്റണിലെ സാമാന്യം തിരക്കുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സിലാണ് ‘തുമാര ബസാർ’ ഇന്ത്യൻ ഗ്രോസറി ആന്റ് കാറ്ററിംഗ് കട. അവിടുത്തെ ഒരു ജീവനക്കാരനാണ് അച്ചാർ വർക്കിച്ചൻ. അമേരിക്കയിൽ എത്തിയ ഉടൻ ഒരു തൊഴിലും കിട്ടാതിരുന്നപ്പോൾ സ്വന്തം അപ്പാർട്ടുമെന്റിൽ അച്ചാറുണ്ടാക്കി കൊച്ചു ടിന്നുകളിലാക്കി ഇവിടുത്തെ മലയാളികൾക്ക് വിൽക്കുന്ന ഒരു ചെറുകിട സംരംഭം ആരംഭിച്ചതോടെ വർക്കിച്ചൻ, അച്ചാർ വർക്കിച്ചൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. അച്ചാർ ചെറുകിട വ്യവസായ വ്യാപാരം ക്ലച്ചു പിടിക്കാതിരുന്നതിനാൽ നിർത്തേണ്ടി വന്നു. പിന്നീട് പലവിധ പള്ളി, മലയാള സംഘടനാ പ്രവർത്തനങ്ങളിലേക്ക് അച്ചാർ വർക്കിച്ചൻ എടുത്തുചാടി. അവിടുത്തെ കാലുമാറ്റങ്ങളും, കാലുവാരലുകളും, പാരകളും, വർക്കിച്ചനെ അസ്വസ്ഥനാക്കി. കൂട്ടത്തിൽ സഹധർമ്മിണി ഗ്രേസിക്കുട്ടിയുടെ നഖശിഖാന്തമുള്ള എതിർപ്പും കൂടിയായപ്പോൾ, ഒരുചില്ലികാശുപോലും കിട്ടപ്പോരില്ലാത്ത സംഘടനാ പ്രവർത്തന സേവനങ്ങളിൽ നിന്നെല്ലാം വിരമിച്ച് മനംമടുത്ത് വർക്കിച്ചൻ വീട്ടിൽ കുത്തിയിരിപ്പായി. ഒരു മനോസുഖത്തിനായി ഭാര്യ ഗ്രേസിക്കുട്ടിയുടെ കണ്ണുവെട്ടിച്ച് അൽപ്പാൽപ്പം മദ്യസേവയും തുടങ്ങി. ഗ്രേസിക്കുട്ടിയുടെ ഭള്ളു പറച്ചിലും, കളിയാക്കലും ശകാരവും അധികമായപ്പോൾ ഒരു ജോലി, ഒപ്പിച്ചെടുത്തു. തുമാര ബസാറിൽ മീൻ വെട്ട്, ഓരോ വിൽപ്പന സാധനത്തേലും പ്രൈസ് ടാഗ് കുത്തൽ, സ്റ്റോക്കിംഗ്, പാർക്കിംഗ് ലോട്ടിൽ നിന്ന് ഷോപ്പിംഗ് കാർട്ടുന്തൽ, തൂപ്പ്, കടയുടമ, ഒലക്കപുറത്ത് മത്തായി ഇല്ലാത്തപ്പോൾ കാഷ്യർ, കൗണ്ട ർ ഹെൽപ്പ് എല്ലാം വർക്കിച്ചന്റെ കർത്തവ്യങ്ങളാണ്. 

അന്ന് വർക്കിച്ചൻ കൗണ്ടറിൽ ക്യാഷറായി സാധനങ്ങൾ ക്യാഷ് റജിസ്റ്ററിൽ കുത്തി കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഏതാണ്ട് രാവിലെ 11 മണി സമയം, കടയിൽ അധികം തിരക്കില്ല. പുതിയതായി വിസാ കിട്ടി നാട്ടിൽ നിന്നെത്തിയ സുലു എന്നു വിളിക്കുന്ന സുലോചന എന്ന മറ്റൊരു ജീവനക്കാരിയും മാത്രം കടയിലുണ്ടായിരുന്നുള്ളു. സുലു കടയിൽ വിൽപ്പനക്കു വച്ചിരുന്ന വരിക്ക ചക്കപ്പഴം നാലായി മുറിച്ച് ഒരു കസ്റ്റമറിനു നൽകികൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണതു സംഭവിച്ചത്. രണ്ടു മുഖംമൂടിധാരികൾ തോക്കുമായി തുമാര ബസാറിലേക്ക് ഒരു മിന്നൽപോലെ ഇരച്ചുകേറി. സുലുവിന്റെ കൈകാൽബന്ധിച്ച് വായിൽ ശബ്ദിക്കാൻ കഴിയാത്ത രീതിയിൽ എന്തോ പ്ലാസ്റ്റർ ഒട്ടിച്ചുനിലത്തിട്ടു. ക്യാഷ് കൗണ്ടർ കൈകാര്യം ചെയ്തിരുന്ന വർക്കിച്ചനെ വെടിവെച്ച് മലർത്തി. കടയിലുണ്ടായിരുന്ന രണ്ടു കസ്റ്റമേഴ്സും നിലത്ത് കമിഴ്ന്നു കിടന്നതിനാൽ അവരെ അക്രമികൾ ഉപദ്രവിച്ചില്ല. ക്യാഷ് കൗണ്ടറിലെ ക്യാഷുമായി പുറത്ത് പാർക്ക് ചെയ്തിരുന്ന ഹോണ്ടാ സിവിക് കാറിൽ അക്രമികൾ രക്ഷപ്പെട്ടു. താമസിയാതെ പൊലീസ് വണ്ടികളും ഹോസ്പിറ്റൽ എമർജൻസി വാഹനങ്ങളും ചീറിപ്പാഞ്ഞെത്തി. പൊലീസ് തോക്കുകളുമായി ഷോപ്പിംഗ് കോംപ്ലക്സിൽ അങ്ങിങ്ങായി നില ഉറപ്പിച്ചു. തലക്ക് വെടിയേറ്റ് രക്തത്തിൽ കുളിച്ച് ബോധമറ്റു കിടന്ന വർക്കിച്ചനെ പ്രഥമ ശുശ്രൂഷകൾ നൽകി ഹോസ്പിറ്റൽ എമർജൻസി വാഹനത്തിൽ കയറ്റി മെത്തോഡിക്സ് ഹോസ്പിറ്റലിലേക്കു സൈറൻമുഴക്കി ചീറിപാഞ്ഞു. പൊലീസ് സുലുവിൽ നിന്നും മറ്റ് കസ്റ്റമേഴ്സിൽ നിന്നും മൊഴി എടുത്തു. അതേ ഷോപ്പിംഗ് കോംപ്ലക്സിൽ വിവിധ മുറികളിലും കെട്ടിടങ്ങളിലും മറ്റു വ്യാപാരങ്ങളും ഓഫിസുകളും നടത്തിക്കൊണ്ട ിരുന്ന ഇന്ത്യാക്കാരും പ്രത്യേകമായി കേരളക്കാരും തുമാര ബസാറിലേക്ക് ഇരച്ചെത്തി. എവിടെയാ വെടി കൊണ്ടത്? എത്ര പേർക്ക് വെടിയേറ്റു? എത്രപേർ മരിച്ചു? അച്ചാറ് വർക്കിച്ചൻ തൽക്ഷണം തന്നെ മരിച്ചോ? ശവമടക്ക് എന്നായിരിക്കും? വർക്കിച്ചൻ ഏതു സഭക്കാരനാ. ഏതു പള്ളിയിലാ പോണെ?  അങ്ങനെ ഉദ്യേഗഭരിതമായ അനവധി ചോദ്യങ്ങളും അന്വേഷണങ്ങളും. 

ഹൂസ്റ്റണിലെ ഹെർമ്മൻ ഹോസ്പിറ്റലിൽ നഴ്സിംഗ് ഡ്യൂട്ടിയിലായിരുന്ന ഗ്രേസിക്കുട്ടിയുടെ കാതിൽ സ്വന്തം ഭർത്താവ് വർക്കിച്ചന് വെടിയേറ്റ് മെത്തോഡിക്സ് ഹോസ്പിറ്റലിലെ തീവ്രപരിചരണ മുറിയിലാണെന്ന ഹൃദയം പിളരുന്ന അതീവ ദുഃഖവാർത്ത ഒരശനിപാതം പോലെ വന്നലച്ചു. വിവരമറിഞ്ഞ് ഹൃദയഭാരത്താൽ വീഴാൻ തുടങ്ങിയ ഗ്രേസിക്കുട്ടിയെ ഹെർമ്മൻ ഹോസ്പിറ്റലിലെ നഴ്സിംഗ് സ്റ്റേഷനിലുണ്ട ായിരുന്ന സഹനഴ്സുമാരായ റോസിലി ജോസും, വീണ നായരും, ചിയാങ്ങ് ചുങ്ങും താങ്ങിപ്പിടിച്ചു. അവിടുത്തെ നഴ്സിംഗ് സൂപ്പർവൈസർ ചിയാങ് ചുങ്ങു തന്നെ ഗ്രേസിക്കുട്ടിയെ സ്വന്തം കാറിൽ കേറ്റി ഡ്രൈവ് ചെയ്ത് മെത്തോഡിക്സ് ഹോസ്പിറ്റലിലെ ഇന്റൻസീവ് കെയർ യൂണിറ്റിലെത്തിച്ചു. തലക്കു വെടിയേറ്റ വർക്കിച്ചന് എമർജൻസി ശസ്ത്രക്രിയ നടത്തിക്കൊണ്ടിരുന്ന സമയമായതിനാൽ ഗ്രേസിക്കുട്ടിക്ക് ഇന്റൻസീവ് കെയർ റൂമിലോ, സർജറി മുറിയിലോ പ്രവേശനം ലഭിച്ചില്ല. അവിടെ തന്നെ അത്യാസന്ന വിഭാഗത്തിൽ നഴ്സിംഗ് ചുമതലയിലായിരുന്ന മലയാളിയായ സൂസൻ തോമസും, നിയാ ജോർജ്ജും, എക്സറേ ടെക്നീഷ്യനായ രഞ്ജിത് പിള്ളയും ഗ്രേസിക്കുട്ടിയെ ആശ്വസിപ്പിച്ചു. 

  

വെടിയുണ്ട വർക്കിച്ചന്റെ തലയിൽ തുളച്ചു കയറിയിരുന്നതിനാൽ സർജറിയിലൂടെ പുറത്തെടുത്തു. ധാരാളം രക്തം ചോർന്നുപോയതിനാൽ ബ്ലഡ് ബാങ്കിൽ നിന്ന് കുറച്ചു രക്തം കൊടുക്കേണ്ടി വന്നു. ശസ്ത്രക്രിയയുടെ പ്രോസസ് തുടരുകയാണ്. വർക്കിച്ചൻ ജീവിക്കുമോ മരിക്കുമോ ഡോക്ടർമാർക്കെന്നല്ലാ ആർക്കും ഒന്നും പറയാൻ പറ്റാത്ത ഒരവസ്ഥ. താമസിയാതെ വർക്കിച്ചന്റേയും ഗ്രേസിക്കുട്ടിയുടേയും രണ്ടാം ക്ലാസിലും നാലാം ക്ലാസ്സിലും പഠിക്കുന്ന ബബിതയും സവിതയും എന്ന രണ്ടു കുഞ്ഞുങ്ങളും അവിടെയെത്തി. സീയന്നാ പ്ലാന്റേഷനിലെ എലിമെന്ററി സ്കൂളിൽ പഠിക്കുന്ന കുട്ടികളെ ഹോസ്പിറ്റലിൽ എത്തിച്ചത് അയൽക്കാരായ ടോമിയും മേഴ്സിയും ചേർന്നാണ്. 

നമ്മുടെ ഡാഡി.... ഡാഡി... എന്നു പറഞ്ഞ് സ്വന്തം പിഞ്ചോമനകളേയും കെട്ടിപ്പിടിച്ച് ഗ്രേസിക്കുട്ടി നിശബ്ദമായി കരഞ്ഞു. ഇതിനിടെ അച്ചാറു വർക്കിച്ചന് വെടിയേറ്റ വിവരം ഗ്രെയിറ്റർ ഹൂസ്റ്റണിലെ മലയാളി ഭവനങ്ങളിൽ കാട്ടു തീ പോലെ പടരാൻ തുടങ്ങി. ‘തലക്കല്ലെ വെടി.... അഞ്ചാറു വെടിയുണ്ടയല്ലേ നെറ്റിയിലൂടെ തുളച്ചു കേറിയത്.... ഇനി രക്ഷപെടുമെന്നു തോന്നുന്നില്ല. അഥവാ രക്ഷപെട്ടാലും എന്നാ ഫലം ചുമ്മാ ജീവച്ഛവം.. വാഴപ്പിൺടി പോലെ ജീവിക്കാം.... ചിലർ പറഞ്ഞു ഏതു നിമിഷവും മരണപ്പെടാം... ഇനിയിപ്പോൾ ഏതു ഫുണറൽ ..ഹോമിലായിരിക്കും ബോഡി വയ്ക്കുക. വെസമിറിലുള്ള ഡിഗ്്നിറ്റി ഫുണറൽ.. ഹോമിലാകും...കപ്പകാലായിൽ തോമസൂട്ടി പറഞ്ഞു... പള്ളീലഛൻ വന്നു അന്ത്യകുദാശ കൊടുത്തൊ ഭക്ത്തയായ മാന്തോപ്പിൽ മോളികുട്ടിചോദിച്ചു...‘ഹോ’ എന്നാലും ഭയങ്കരം’’. അൽപ്പം പൊട്ടലും ചീറ്റലും ഉണ്ട ായിരുന്നെങ്കിലും അച്ചാറ് വർക്കിച്ചൻ നല്ല മനുഷ്യനായിരുന്നു. നല്ല കുടുംബക്കാരായിരുന്നു. ആ പെണ്ണുമ്പിള്ളേടെയും പിള്ളാരുടേയും കഷ്ടകാലം. ഇപ്രകാരം പോയി പലരുടേയും മൊഴികളും സംഭാഷണങ്ങളും. കുട്ടികൾ ബബിതയും സവിതയും പേഷ്യൻസ് വെയിറ്റിംഗ് റൂമിലെ സോഫയിൽ ചാരിയിരുന്നുറങ്ങി. ദു:ഖാർത്ഥയായ ഗ്രേസിക്കുട്ടിയുടെ ചിന്തകൾ ആദ്യമായി വർക്കിച്ചനെ കണ്ടുമുട്ടിയ ഭൂതകാലങ്ങളിലേക്ക് ഊളിയിട്ടിറങ്ങി. 

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയതിനുശേഷം അവിടെ തന്നെ ഹോസ്പിറ്റലിൽ നഴ്സായി ജോലി നോക്കുന്നകാലം. അന്നൊരു ക്രിസതുമസ് കാലത്ത് പതിനഞ്ചു ദിവസത്തെ വെക്കേഷനെടുത്ത് നാട്ടിലേക്ക്, ട്രെയിൻ മാർഗ്ഗം പുറപ്പെടാൻ സ്യൂട്ട്കേസുമായി ഡൽഹി റെയിൽവേ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്നു ഗ്രേസിക്കുട്ടി. റിസർവേഷൻ കിട്ടാതിരുന്നതിനാൽ തിരക്കേറിയ ജനറൽ കമ്പാർട്ടുമെന്റിലേക്ക് ഒരുവിധം ഇടിച്ചു  കയറി. സാമാന്യം സുമുഖനും സുന്ദരനുമായ ഒരു മലയാളി യുവാവ് ഗ്രേസിക്കുട്ടിയുടെ ലഗേജ് ഏറ്റുവാങ്ങി അപ്പർ ബർത്തിൽ അയാളുടെ സ്യൂട്ട്കേസിന്റെ മീതെ വച്ചു. തിരക്കിനിടയിൽ ശ്വാസം മുട്ടി നിൽക്കുന്ന ഗ്രേസിക്കുട്ടിക്ക് ആ മലയാളി യുവാവ് തന്റെ സീറ്റ് നൽകിയിട്ട് എഴുന്നേറ്റ് മാറി, ട്രെയിനിലെ കമ്പിയിൽ ചാരിയും തൂങ്ങിയും നിന്നു. ഏതാണ്ട് ആറു മണിക്കൂർ യാത്രക്കുശേഷം ഗ്രേസിക്കുട്ടിയുടെ നേരെ എതിർവശത്തു തന്നെ ആ മലയാളി യുവാവിന് കമ്പാർട്ടുമെന്റിൽ ഒന്നിരിക്കാൻ സ്ഥലം കിട്ടി. അവർ പരസ്പരം പരിചയപ്പെട്ടു. മലയാളി യുവാവിന്റെ പേര് വർഗീസ്. എല്ലാവരും വർക്കിച്ചൻ എന്നു വിളിക്കുന്നു. ഡൽഹിയിൽ പട്ടാളത്തിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്. നാട്ടിൽ ക്രിസ്മസ് അവധിക്കു പോകുകയാണ്. എന്തിനേറെ അവിചാരിതമായ ട്രെയിനിൽ വച്ചുണ്ടായ ഇരുവരുടേയും ആ സംഗമം താമസിയാതെ പ്രേമമായി പ്രണയമായി മൊട്ടിട്ടു. ആ പ്രണയം രണ്ടു വർഷത്തിനുശേഷം, പൂവായി കായായി വിവാഹത്തിലാണ് കലാശിച്ചത്.

ഗ്രേസിക്കുട്ടി അമേരിക്കയിലേക്ക് നഴ്സിംഗ് ജോലിയുമായി ചേക്കേറാനുള്ള വിസക്കു ഫയൽ ചെയ്തിരുന്നതും ഇതിനകം അപ്രൂവലായിരുന്നു. മധുവിധു തീരുംമുമ്പേ ഗ്രേസിക്കുട്ടിക്ക് അമേരിക്കയിലേക്ക് പോകേണ്ടി വന്നു. അമേരിക്കയിലെ നഴ്സിംഗ് ലൈസൻസ് പരീക്ഷ എഴുതാനായി ആറുമാസം കാത്തിരിക്കേണ്ടി വന്നതിനാൽ ആദ്യപടി ഒരു നഴ്സസ് എയിഡായി ഗ്രേസിക്കുട്ടി ജോലിയിൽ പ്രവേശിച്ചു. ഗ്രേസിക്കുട്ടി സ്പവുസ് ഫാമിലി വിസയിൽ ഭർത്താവ് വർക്കിച്ചനേയും വീണ്ടും ഒരു ആറ് മാസത്തിനുശേഷം അമേരിക്കയിൽ എത്തിച്ചു. യുവ മിഥുനങ്ങളുടെ സന്തോഷകരമായ ചില മാസങ്ങൾ കടന്നുപോയി. നഴ്സിംഗ് ലൈസൻസ് പരീക്ഷ പാസ്സായ ഗ്രേസിക്കുട്ടി ഹൂസ്റ്റണിലെ ഹെർമ്മൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലിയിൽ കയറി. വർക്കിച്ചന് ഇംഗ്ലീഷ് ഭാഷ ഒട്ടും തന്നെ വഴങ്ങാതിരുന്നതിനാൽ കാര്യമായ ഒരു തൊഴിലും കിട്ടിയില്ല. ആദ്യത്തെ കുഞ്ഞ് സബിതയുടെ പിറവിക്കുശേഷമാണ് വർക്കിച്ചൻ ചെറിയ തോതിൽ അച്ചാറു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയത്. അതോടെ വർക്കിച്ചന്റെ പേരിനു മുൻപിൽ അച്ചാറ് എന്ന പേരും തുന്നിച്ചേർത്ത് അച്ചാറു വർക്കിച്ചനായി അറിയപ്പെട്ടു. 

വർക്കിച്ചനെപ്പറ്റിയുള്ള ഒരു സത്യം കൂടി ഗ്രേസിക്കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. സെന്റ് ലൂക്ക് ഹോസ്പിറ്റലിലെ എൽസമ്മയുടെ ഭർത്താവ് എക്സ് ഇന്ത്യൻ മിലിട്ടറിക്കാരൻ തോമസ് അലക്സാണ് ആ രഹസ്യം പുറത്തുവിട്ടത്. ‘‘വർക്കിച്ചൻ തന്നോടു പറഞ്ഞിരിക്കുന്നതുപോലെ ഇന്ത്യൻ മിലിട്ടറിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നില്ല അവിടത്തെ വെറും ഒരു തൂപ്പുകാരനായിരുന്നത്രെ’’. ഇതറിഞ്ഞതോടെ ഗ്രേസിക്കുട്ടി വർക്കിച്ചനെ പല അവസരത്തിലും വളരെ പുച്ഛമായി ഭൽസിച്ചു. ഗ്രേസിക്കുട്ടിയെ സ്വന്തമാക്കാനായി ഒരു ചെറിയ നുണ പറഞ്ഞതിനെ വർക്കിച്ചൻ ന്യായീകരിച്ചു. ‘‘എന്തു തൊഴിലായാലെന്താ എല്ലാ തൊഴിലിനും മഹത്വമുണ്ടെന്ന’’ മൗലീക തത്ത്വത്തിൽ വർക്കിച്ചൻ ഉറച്ചു നിന്നു. യഥാസമയം രണ്ടാമത്തെ സന്താനമായ ബബിതയും പിറന്നിരുന്നു. കാറ്റും കോളും, സംഘട്ടനങ്ങളും ഗ്രേസിക്കുട്ടിയുടെ ശാസനകളും വാക്കുകൾകൊണ്ട ുള്ള കുത്തിനോവിക്കലുമായി ആ കുടുംബ നൗക മുന്നോട്ട് നീങ്ങുകയായിരുന്നു. എന്തൊക്കെ തിരമാലകൾ ആഞ്ഞടിച്ചാലും ആ ഭാര്യാഭർത്തൃബന്ധം സുദൃഢം തന്നെയായിരുന്നു. 

ഡ്യൂട്ടി നഴ്സ് വന്ന് തട്ടിവിളിച്ചപ്പോഴാണ് ഗ്രേസിക്കുട്ടി കണ്ണു തുറന്നത്. ഭൂതകാല സ്മരണകളിൽ നിന്നുണർന്നത്. ഒരു ചെറുപുഞ്ചടിയോടെ നഴ്സ് പറഞ്ഞു ‘‘സർജറി പ്രൊസീജിയർ സക്സസ്. വർക്കിച്ചൻ കണ്ണു തുറന്നു. നിങ്ങളെയെല്ലാം അന്വേഷിക്കുന്നു. കാണാൻ ആഗ്രഹിക്കുന്നു.’’ ഗ്രേസിക്കുട്ടി ബബിതയേയും സവിതയേയും തട്ടി ഉണർത്തിക്കൊണ്ടു പറഞ്ഞു താങ്ക്യു... താങ്ക്യു... ദൈവത്തിനു നന്ദി. ഹോസ്പിറ്റലിലെ റിക്കവറി റൂമിലെത്തിയ സഹധർമ്മിണി ഗ്രേസിക്കുട്ടി വർക്കിച്ചന്റെ കാലിൽ തൊട്ടുവണങ്ങി ചുംബിച്ചു. അരുമ കിടാങ്ങളായ ബബിതയും സവിതയും ഡാഡിയുടെ കാൽപ്പാദങ്ങളിൽ ചുംബിക്കാൻ മറന്നില്ല. തലയിലാകമാനം ബാൻഡേജും ഡ്രസിംഗും ഉണ്ടെ ങ്കിലും ഗ്രേസിക്കുട്ടിയേയും, ബബിതയേയും, സവിതയേയും കണ്ടപ്പോൾ വർക്കിച്ചന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നു. താമസിയാതെ ഡോക്ടർ എത്തി. ഇനി ഭയപ്പെടാനില്ല. എന്നാൽ മാസങ്ങളോളം കുറച്ചു ചികിത്സയും, വിശ്രമവും, മെഡിക്കൽ അറ്റൻഷനും വേണം. ദൈവത്തിന് നന്ദി പറയാനായി മെത്തോഡിക്സ് ഹോസ്പിറ്റിലിലെ ചാപ്പലിലേക്ക് ആ അമ്മയും കുഞ്ഞുങ്ങളും നടന്നു നീങ്ങി. യേശുനാഥന്റ പീഡാനൂഭവും ഉയിർപ്പും അനുസ്മരിക്കുന്ന ഈദിവസങ്ങൾ ഈ കുടുംബത്തിനു കൈപ്പും മധുരവും നിറഞ്ഞ നിമിഷങ്ങളായിരുന്നു. എല്ലാറ്റിനും അവർ ഈശ്വരനു നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.