Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞുവീഴ്ചയുടെ അരിസോണ സ്നോ ബോൾ

 സതീഷ് പദ്മനാഭൻ
snow-fall

തണുപ്പ് അതിന്റെ കാഠിന്യം ഒന്നു കൂട്ടി. നാൽപതു ഡിഗ്രി ഫാരൻ ഹീറ്റ്. അമേരിക്കയിൽ എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഫീനിക്സിൽ മഞ്ഞില്ലാത്തതിനാലും മഞ്ഞിനോടെനിക്ക് താൽപര്യം ഇല്ലാത്തതിനാലും മഞ്ഞു വീഴ്ച കാണാൻ പോയിട്ടില്ല.കുട്ടികൾക്ക് മഞ്ഞിഷ്ടമാണ്. അതു സായിപ്പായാലും ശരി ഇന്ത്യൻ കുട്ടികൾക്കായാലും ശരി. പിള്ളേര് ചോദിക്കുമ്പോൾ ഒക്കെ അടുത്ത വർഷം കൊണ്ടുപോകാം എന്നു പറഞ്ഞൊഴിയും. ഇക്കുറി അതുങ്ങൾ വിട്ടില്ല. മഞ്ഞു കണ്ടേ പറ്റു എന്നു വാശി. ഫീനിക്സിൽ മഞ്ഞില്ലെങ്കിലും രണ്ടു മണിക്കൂർ ഡ്രൈവ് ചെയ്താൽ ഫ്ലാഗ്‌സ്റ്റഫ് എന്നൊരു സ്ഥലം അരിസോണയിൽ ഉണ്ട്. 

തണുപ്പ് കാലം അല്ലെങ്കിൽ തന്നെ എപ്പോഴും തണുപ്പാണവിടെ.തണുപ്പ് കാലമായാൽ നല്ല മഞ്ഞു വീഴും. അങ്ങനെ പിള്ളാരേം ഭാര്യയേം കൂട്ടി ഫ്ലാഗ്‌സ്റ്റഫിലേക്കു ഡ്രൈവ് ചെയ്തു .ഏതാണ്ട് രാവിലെ പത്തു മണിയോടെ ഫ്ലാഗ്സ്റ്റാഫിൽ എത്തി. ഭാഗ്യം മഞ്ഞു വീണിട്ടില്ല.നല്ല തണുപ്പുണ്ട്. പിള്ളാർക്ക് നിരാശ.കൊച്ചു കുട്ടി അനുഗ്രഹ കരയാനും തുടങ്ങി. ഞാൻ സമാധാനിപ്പിച്ചു.അച്ഛനെന്നാ ചെയ്യാനാ ? മഞ്ഞു വീഴാഞ്ഞിട്ടല്ലേ. വാ നമുക്കൊരു ബർഗർ ഒക്കെ കഴിച്ചു തിരിച്ചു പോകാം.അപ്പോഴാണ് അടുത്ത് നിന്ന മദാമ്മ ഞങ്ങളെ ശ്രദ്ധിച്ചത്.ആർ യു ഗയ്‌സ് ഫ്രം ഇന്ത്യ ?  ഓ ഐ ലവ് ഇന്ത്യ. ഭാര്യയും മദാമ്മയും കൂട്ടുകാരായതോടെ കൊച്ചു കരയുന്നതിന്റെ കാരണം മദാമ്മയോടു ഭാര്യ പറഞ്ഞു.മദാമ്മ കൊച്ചിനോട് , ഡോണ്ട് ക്രൈ. അച്ഛനോട് അരിസോണ സ്‌നോ ബോൾ എന്ന സ്ഥലത്തേക്കു കൊണ്ട് പോവാൻ പറ. ഇവിടെ അടുത്താണ്. ആ മദാമ്മേടെ കരണത്തൊന്നു കൊടുക്കാൻ തോന്നി. എന്തായാലും പിള്ളേരുടെ ആശയല്ലേ എന്നു കരുതി അരിസോണ സ്നോ ബോളിനെ ലക്ഷ്യമാക്കി വണ്ടി വിട്ടു.

ഏതാണ്ടു പതിനഞ്ചു മിനിറ്റു ഡ്രൈവ്.അരിസോണ സ്നോ ബോൾ എന്ന സ്ഥലം എത്തി. തണുപ്പ് എല്ലു തുളച്ചു കയറി.ജാക്കറ്റും കോട്ടും ഒന്നും പറ്റുന്നില്ല.വളരെ വിശാലമായ വിജന പ്രദേശം. താഴെ പുല്ലിലും മരത്തിലും ഒക്കെ സ്നോ പറ്റിയിരിക്കുന്നു. അകത്തേക്ക് ചെല്ലും തോറും തണുപ്പ് കൂടി വന്നു.അതാ ദൂരെ പത്തു പന്ത്രണ്ടു മെഷീൻ.നമ്മുടെ നാട്ടിലെ കോൺക്രീറ്റ് മെഷീൻ പോലെ.ആ മെഷീൻ വഴി മഞ്ഞു നിലത്തേക്ക് പമ്പ് ചെയ്തു കൊണ്ടൊരിക്കുന്നു. അതിന്റെ അടുത്തേക്ക് പോവാൻ അനുവാദം ഇല്ല , സെക്യൂരിറ്റി തടഞ്ഞു , ഭയങ്കര പവർഫുൾ എയർ ആണ് പുറത്തേക്കു അടിക്കുന്നത്.കുറച്ചു അകലെ ഒരു കൂറ്റൻ ടാങ്ക്.അതിൽ ഹീലിയം പോലുള്ള ഏതോ ഗ്യാസ് ആണ്.അതിൽ കൂടി വെള്ളം കടത്തി വിട്ടു ഈ മെഷീനിലെത്തിച്ചു മഞ്ഞാക്കി പൊടിച്ചു പുറത്തേക്കു പമ്പ് ചെയ്യുന്നു.നല്ല ഒന്നാന്തരം ഒറിജിനൽ മഞ്ഞ്. 

മഞ്ഞു കാണാൻ വരുന്നവർക്ക് മുകളിലൂടെ സഞ്ചരിച്ചു കാണാൻ സംവിധാനം ഉണ്ടിവിടെ.ഐസ് സ്‌കേറ്റിങ് ചെയ്യാൻ നിറയെ പേര്.ഒരാൾക്ക് അമ്പതു ഡോളർ ചാർജ്.അതിനു വേണ്ടുന്ന ഉപകരണങ്ങളും വാടകക്ക് ഇവിടെ കിട്ടും.കുട്ടികൾ മഞ്ഞിൽ കിടക്കുന്നതും മഞ്ഞിൽ തെന്നി വീഴുന്നതുമായ കാഴ്ച എവിടെയും സുലഭം.സൂക്ഷിക്കണെന്നു പിള്ളേരോട് പറഞ്ഞതും ഞാൻ തെന്നി വീണതും ഒരുമിച്ചു.എന്തായാലും പിള്ളേർ നന്നായി ആസ്വദിച്ചു.ഏതാണ്ട് രണ്ടു മണിക്കൂർ ചിലവഴിച്ചപ്പോൾ അനൗൺസ്മെന്റ് കേട്ടു ശക്തിയായ കാറ്റുണ്ടാവാൻ സാധ്യത അതിനാൽ സ്നോബോൾ അടക്കുന്നു എന്ന്. നല്ല കാറ്റു  വീശാൻ തുടങ്ങി.തണുപ്പിന്റെയും കാഠിന്യം കൂടി.ആദ്യം മദാമ്മയോടു ദേഷ്യം തോന്നിയെങ്കിലും , പിള്ളേരുടെ സന്തോഷം കണ്ടപ്പോൾ അവർക്കു മനസ് കൊണ്ടൊരു നന്ദി പറഞ്ഞു. കാറ്റു കൂടുന്നേനു മുൻപ് വീട്ടിലെത്തണം. വണ്ടി സ്റ്റാർട്ട് ചെയ്‌ത്‌ മുന്നോട്ടു നീങ്ങിയപ്പോ ചെറിയ കുട്ടി പറഞ്ഞു താങ്ക് യു അച്ഛാ.ഇനി എപ്പോളാ വരുന്നേ.അതിനു മറുപടി കൊടുക്കാതെ ഞാൻ കാറിന്റെ വേഗത കൂട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.