Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യ ആര്‍ട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് അവതരിപ്പിക്കുന്ന ഓണാഘോഷം

kerala-samajam-onam

എന്റെ വീട് പൊന്തന്മാവിന്റെ പടിഞ്ഞാറെ കൊമ്പിലായിരുന്നു. സൂരജിന്റേത് ആകാശകൊമ്പിലും. പാറയ്ക്ക് കുടപിടിക്കുന്ന മാവിന്‍ കൊമ്പിലേക്ക് തൂങ്ങി കയറുക ആയാസകരമായിരുന്നു. പാറമുകളില്‍ കയറി നിന്നു ചില്ലകള്‍ ചായ്ച്ച് തൂങ്ങിവേണം കയറാന്‍. (പിന്നീട് ഒരു ഏണി പാറയില്‍ നിന്നും ചില്ലയിലേക്ക് ചാരി ആയാസം കുറയ്ക്കുകയുണ്ടായി.) സൂരജാകട്ടെ എന്റെ തലയ്ക്കു മുകളിലെ കൊമ്പില്‍ ആകാശത്ത് തൂക്കിയ ചിത്രം പോലെ തൂങ്ങികിടന്ന് മന്ദം മന്ദം ആടിക്കൊണ്ടിരിക്കും.

ഒരവധി ദിവസം. ഓണപരീക്ഷയെ നേരിടാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ് ഓണം പരീക്ഷ മാത്രമല്ലെന്നും ഒരുത്സവം കൂടിയാണെന്ന സത്യം ഞങ്ങളില്‍ കയറിക്കൂടിയത്. അക്കാലത്ത് ഞങ്ങളുടെ ഏക ഓണാഘോഷം തിരുവോണത്തിന്റെ ഉച്ചയ്ക്കത്തെ ശാപ്പാട് ശേഷം കിട്ടുന്ന പോക്കറ്റ്മണിയും അടുത്തുള്ള തീയറ്ററില്‍  ഒരു സിനിമ കണാനള്ള അനുവാദവുമാണ്. ആ ദിവസം മനസ്സില്‍ ഉറങ്ങക്കിടക്കുന്ന ആരാധനാപാത്രങ്ങള്‍ തിരശ്ശിലയില്‍  നിറഞ്ഞാടും. വര്‍ഷത്തിലൊരിക്കല്‍ മാത്രം തൊട്ടടുത്തു കാണാന്‍ കിട്ടുന്ന വീരനായകന്മാർ. സൂരജ് ഇടയ്ക്ക് ഏഴുന്നേറ്റുനിന്ന്  ആവേശം കൊള്ളുന്നതു കാണാം. അന്ന് ഞങ്ങള്‍ അടിച്ച് പൊളിക്കും.

പക്ഷേ ഇത്തവണ ഓണഘോഷം അങ്ങനെ ആയാല്‍ പോര. ഞങ്ങള്‍ മരമാക്രികള്‍ തലങ്ങും വിലങ്ങും, കിടന്നും ഇരുന്നും ചിന്തിച്ചു. അപ്പോഴാണ് എനിക്കൊരാശയം തോന്നിയത്:

"നമുക്ക്.... ഒരു ഓണാഘോഷം തട്ടി കൂട്ടിയാലെന്താ....അക്കരത്തെ പിള്ളാരൊക്കെ ചെയ്യുന്നത് പോലെ."

"പിന്നെന്താ... അതൊക്കെ വല്ല്യപണിയാണോ? കുറച്ച് നോട്ടീസടിച്ച് പൈസാ പിരിച്ചാല്‍ പോരെ..." സൂരജ് ആവേശം കൊണ്ട് താഴേക്ക് ചാടുമെന്ന് തോന്നി. 

" പക്ഷേ നോട്ടീസടിക്കാനുള്ള പൈസാ..." ഞാന്‍ മാവില നുള്ളി വായിലിട്ട് ചവച്ചു.

" അതിനു നമുക്ക് ഏതെങ്കിലും കടക്കാരെ സംഘടിപ്പിക്കാം. ഒരു പുറത്ത് അവരുടെ പരസ്യം കൊടുത്താമതി."

" അതൊക്കെ നമ്മളെകൊണ്ട് പറ്റുമോ ? എനിക്ക് സംശയം.

" അതൊക്കെ ഞാന്‍ ശരിയാക്കാം. എന്റെ ചിറ്റപ്പന് ഒരു കടയുണ്ട്. അതിന്റെ പരസ്യം കൊടുക്കാം. മാമനോട് പറഞ്ഞ് ഞാന്‍ ശരിയാക്കാം." സൂരജ് അവന്റെ വീട്ടില്‍ നിന്നും എന്റെ വീട്ടിലേക്ക് ചാടി.

" അതൊരു ചെറിയ ചായക്കടയല്ലെ. കടയ്ക്ക് പേരൊന്നുമില്ലല്ലോ?

" ഇപ്പോ കടയ്ക്ക് പേരല്ല ആവശ്യം. നമുക്കൊരു ക്ലബ് ഉണ്ടാക്കണം. അതിനു നല്ലൊരു പേരു കണ്ടെത്തണം."

" ശരിയാ.. ഒരിടിവെട്ട് പേര്." എനിക്കും ആവേശം കയറി.

പലപേരുകള്‍ പൊന്തന്മാവിനു ചുറ്റും കറങ്ങിനടന്നു. വികാസ്.....ബാലാജി......രാഗം.... പ്രതിഭ....

തീരുമാനമാകത്ത ഒരു കൂട്ടം പേരുകളുമായി ഞങ്ങള്‍ അന്നത്തേക്ക് പിരിഞ്ഞു.

ഊണിലും ഉറക്കത്തിലുമെല്ലാം പേരുമാത്രമായി എന്റെ ചിന്ത.

എന്നാല്‍ പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് പോകുംവഴി എന്നെ ഞെട്ടിച്ചു കൊണ്ട് സൂരജ് ഒരു പേപ്പര്‍ നിവര്‍ത്തി   കാണിച്ചു. ഞങ്ങളുടെ ക്ലബിന്റെ നോട്ടിസ്!. എല്ലാം എഴുതി തയ്യാറാക്കിയിരിക്കുന്നു.

“സൂര്യ ആര്‍ട്ട്സ് ആൻഡ് സ്പോര്‍ട്ട്സ് ക്ലബ്”

പേര് എനിക്കത്ര പിടിച്ചില്ലെങ്കിലും ഞാന്‍ സമ്മതം മൂളി - അവന്‍ എല്ലാം എഴുതി തയ്യാറാക്കിയതല്ലേ..

പിന്നെ സ്വപ്നങ്ങള്‍ സ്വത്വങ്ങളായത് വളരെ പെട്ടെന്നായിരുന്നു.

പട്ടിണിക്കടയുടെ ഓണപരസ്യം. നോട്ടീസ് പ്രിന്റിങ്ങ്, പണപിരിവ്.

എല്ലത്തിനും സഹായമായി സൂരജിന്റെ വീട്ടുകാര്‍. അതിരാവിലെ ഗോദയിലിറങ്ങാന്‍ തയ്യാറായി ചെല്ലുന്ന എനിക്ക് സ്ട്രോങ്ങ്‌ ചായയുമായി കാത്തുനില്‍ക്കുന്ന സൂരജിന്റെ അമ്മ. ഓരോ ദിവസത്തേയും വരവ് ചിലവുകള്‍ നോക്കി അക്കൗണ്ടന്‍സി പഠിപ്പിക്കുന്ന അവന്റെ അച്ഛന്‍. പതിവുപോലെ ഒരുമൂളിപ്പാട്ടും കക്ഷത്ത്‌ ചുരുട്ടിവച്ച നോട്ടീസുമായി  അതിരാവിലെ തന്നെ ഞാന്‍ സൂരജിന്റെ വീടിന്റെ അടുക്കളവശത്ത് പ്രത്യക്ഷപ്പെട്ടു. സഭ അവിടെയാണ്. സൂരജിന്റെ അമ്മ തറയിലിരുന്നു ചായ പങ്കുവയ്ക്കുന്നുണ്ടാകും, അച്ഛന്‍ അരഭിത്തിയിലിരുന്ന് ബീഡിവലിക്കുന്നുണ്ടാകും, മുത്തശ്ശി പുറത്ത് പശുവിനുള്ള പുളിയരി വേവിക്കുന്നുണ്ടാകും, ചേച്ചി ആട്ടുകല്ലിലിരുന്നു ചായകുടിച്ച് തമാശ പൊട്ടിക്കുന്നുണ്ടാകും. പക്ഷെ ഇന്നു പതിവിനു വിപരീതമായി ആട്ടുകല്ലിനു മുകളില്‍ മറ്റൊരു പെണ്‍കുട്ടിയെയാണ് കണ്ടത്. പെട്ടെന്ന് എനിക്ക് എംടിയുടെ റബ്ബര്‍ മൂങ്ങ ഓര്‍മ്മ വന്നു. അച്ഛനോടൊപ്പം സിലോണില്‍നിന്നും വന്ന, ഗോതമ്പ് നിറമുള്ള പെണ്‍കുട്ടി. പക്ഷെ ഇവള്‍ക്ക് നല്ല തടിയുണ്ട്. ഞാന്‍ അവളെ നോക്കി ഒരു ചമ്മിയ ചിരി എറിഞ്ഞു. അവള്‍ തിരിച്ചെറിഞ്ഞതില്‍ എനിക്ക് കുറച്ച് പുച്ഛം തോന്നി.

‘‘ഇതാരാണ്?” എന്റെ ചമ്മിയ ചോദ്യം.

സൂരജിന്റെ അമ്മ: ഇവളെ നീ കണ്ടിട്ടില്ലേ? എന്റെ ആങ്ങള ഗള്‍ഫിലുള്ള വാസുവിന്റെ മോള് ‘ആര്യ’

ഓ..ഞാന്‍ കണ്ടിട്ടുണ്ട്.. പണ്ടൊരിക്കല്‍ കാതുകുത്താന്‍റ വന്ന തട്ടാനെ ഇടിച്ച് തെറിപ്പിച്ച് എന്റെ വീടിന്റെ മച്ചില്‍ കയറി ഒളിച്ചവള്‍.“ സൂര്യ ക്ലബ് ഇവള്‍ടേം കൂടിയാ... സൂരജിന്റെ മുത്തശിയുടെ ചിരി എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി . അവന്റെ അമ്മ കുറച്ചുകൂടി വ്യക്തമാക്കി. സൂ..സൂരജ്..ര്യ ആര്യ. എല്ലാവരിലും കൂട്ടച്ചിരി. ആര്യ നാണത്താല്‍ മുഖം താഴ്ത്തി.

ഞാന്‍ ഞെട്ടിപ്പോയി. പേരില്‍ ഇങ്ങനെയൊരു ചതിയുള്ളതായി എനിക്ക് തോന്നിയിരുന്നില്ല. എല്ലാവരും കൂടി എന്നെ പറ്റിക്കുകയായിരുന്നു. ഞാനും കൂടിയല്ലേ ക്ലബ് ഉണ്ടാക്കിയത്. ഇപ്പോള്‍ എവിടെ നിന്നോ കയറിവന്ന ഒരു പെണ്ണു അതിനു അവകാശം പറയുന്നു. എന്റെ കണ്ണുകള്‍ നിറയുന്നത് ആരും കാണാതിരിക്കാന്‍ ശ്രമിച്ചു. 

പിന്നെ എല്ലാം യാന്ത്രികമായിരുന്നു. പിരിവിനായി രണ്ടുമൂന്നു വീടുകള്‍ കയറിയപ്പോള്‍ തന്നെ എനിക്ക് തലവേദന വന്നു. ഞാന്‍ സുഖമില്ലെന്നു സൂരജിനോട് കള്ളം പറഞ്ഞു തിരിച്ചു പോന്നു. പിറ്റേ ദിവസം മുതല്‍ കള്ളപ്പനി പിടിച്ചുകിടപ്പായി. സൂര്യ എനിക്കന്യമായി തോന്നി.  പിരിവു നിന്നു. നിന്നില്ല - സൂരജും അവന്റെ ചേച്ചിയും കൂടി തുടരുന്നതായി കിടക്കപ്പായില്‍  ഞാനറിഞ്ഞു.

ഉത്രാടം ദിവസം കുന്നിന്മുകളിലെ സൂര്യ ക്ലബില്‍ നിന്നും സൂരജിന്റേയും എ.ആര്‍ റഹ്മാനിന്റേയും സംഗീതം മാറി മാറി എന്റെ കാതില്‍ അലയടിച്ചു. ഓട്ടം, കുളംകര, ബിസ്കറ്റ് പെറുക്കല്‍, കണ്ണുകെട്ടി കലം അടി, സമ്മാനദാനം. സൂരജിന്റെ ശബ്ദത്തിനു കുറച്ചു ഗാംഭീര്യം കൂടിയോയോന്ന് എനിക്ക് സംശയം തോന്നി. 

“ പ്രിയ സുഹൃത്തുക്കളെ സൂര്യ ആര്‍ട്ട്സ് ആൻഡ് സ്പോര്‍ട്ട്സ് ക്ലബ് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു സൂപ്പര്‍, മെഗാഹിറ്റ് മലയാളസിനിമ അമരം. സൂപ്പര്‍സ്റ്റാര്‍ മമ്മൂക്ക, അഭിനയകുലപതി നമ്മുടെ നാട്ടുകാരന്‍ മുരളി എന്നിവര്‍ അവിസ്മരണീയമാക്കിയ മലയാള സിനിമ “അമരം” ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്നു. നല്ലവരായ എല്ലാനാട്ടുകാരേയും ഈ സുവര്‍ണ്ണ നിമിഷത്തിലേക്ക് സഹര്‍ഷം  സ്വാഗതം ചെയ്യുന്നു.”

ഞാന്‍ കിടക്കയില്‍ കിടന്ന് പുളഞ്ഞു: “ഹും.. അമരം...ടിവിയില്‍ കാസറ്റിട്ടു കാണിക്കുന്നതിനാണ് ഈ പൊങ്ങച്ചം. അതും പെരുമഴ. ആരു ചെല്ലാന്‍...”

എനിക്ക് കിടപ്പുറച്ചില്ല. ഞാന്‍ എണീറ്റ് കുടയും പെന്‍ ടോര്‍ച്ചും  (എന്റെ സ്വന്തം നിര്‍മ്മിതിയാണു) എടുത്ത് പുറത്തിറങ്ങി. ഇരുട്ടില്‍ ദൂരെ വെളിച്ചം ലക്ഷ്യമാക്കി നടന്നു. നേര്‍വഴി നടക്കാന്‍ തോന്നിയില്ല. ദേഹം നനയുന്നുണ്ടായിരുവെങ്കിലും ചീനിപണയിലൂടെയാണ് നടന്നത്. 

ചീനിപണി അവസാനിക്കുന്നയിടത്ത് വെളിച്ചം വ്യക്തമായി. ഒരു ചെറിയ ഓലഷെഡ്. അതിനു നടുവിലായി തൂക്കിയ വെളിച്ചത്തിലേക്ക് ചിതറിവീഴുന്ന മഴ. ടിവിയില്‍ സിനിമയിടാനുള്ള തിരക്കില്‍ ഓടിനടക്കുന്ന സൂരജ്. ടിവിക്കു മുമ്പില്‍ കുടയുമായി അവിടവിടയായി കുറച്ചുപേര്‍ നിൽപുണ്ട്. സൂര്യയിലെ ‘ര്യ’യെ അവിടെങ്ങും കണ്ടില്ല.

ഞാന്‍ കുറച്ചുനേരം ഇരുട്ടില്‍ തന്നെ നിന്നു. സിനിമ കാണണമെന്നുണ്ട്. പക്ഷേ വെളിച്ചത്തിലേക്ക് കാലൂന്നാന്‍ ധൈര്യം തോന്നിയില്ല. കുടമടക്കി നനഞ്ഞു കൊണ്ട് വീട്ടിലേക്ക് തിരിച്ചു നടന്നു. മഴ നനഞ്ഞെങ്കിലും പനി പിടിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.