Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ വന്ദ്യപിതാവിന്റെ പാവന സ്മരണയ്ക്കു മുന്നിൽ

 എൽസി യോഹന്നാൻ ശങ്കരത്തിൽ

മന്ദസ്മേരാഭമാണെങ്കിലും ജീവിത കനലിന് ചൂടെഴും പ്രൗഢഭാവം
സ്വന്തം മക്കൾക്കു മുന്നിന് സതതമായ് പ്രകടിപ്പിച്ച ശാന്തപ്രഭാവം
എന്നും സൗമ്യനായ് കർമ്മഭൂമി താണ്ടിയ ധീരനാം അദ്ധ്യാപകശ്രേഷ്ഠന്
വന്ദ്യനാം മൽപ്പിതാ, തൽസ്മരണ പുളകമായ് പൂത്തുനില്പ്പെന്നുമെന്നിൽ !

ഒരു തലമുറയുടെ മഹാസൗധം ! ശാന്തസുന്ദരമായ കടമ്പനാട് എന്ന ഗ്രാമത്തിൽ പുരാതനമായ താഴേതിൽ കുടുംബത്തിലെ ഏഴ് ആൺമക്കളിൽ ആറാമനായി പിറന്ന് , 93 വസന്തശിശിരങ്ങളിലൂടെ സംഭവബഹുലമായ കർമ്മവീഥികളിലൂടെ. സത്യവും നീതിയും  മുറുകെപ്പിടിച്ച്, പ്രാർത്ഥനാ മന്ത്രങ്ങൾ ചുണ്ടുകളിൽ സദാ തത്തിക്കളിച്ച്, ഏകാന്തതയിലും എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ, എന്ന മന്ത്രണം അധരപുടങ്ങളിൽ ഉരുവിട്ട്, കർമ്മോന്മുഖനായി, ത്യാഗോജ്വലനായി ജീവിതം നയിച്ച്, അര നൂറ്റാണ്ടോളം സമർത്ഥനായ അധ്യാപക ശേഷ്ഠനായും, പ്രതിഭാശാലിയായ കവിപുംഗവനായും  വിരാജിച്ച്, 2002 നവംബർ 13ന് കാലയവനികയിൽ മറഞ്ഞ എന്റെ നന്ദ്യപിതാവിന്റെ ചരമ വ്യാഴവട്ട ജൂബിലിയിൽ

ആ മഹത് സ്മരണയുടെ വിചാര വികാര വീചികൾ രാത്രിയുടെ ഏകാന്തതയിൽ ചിത്തത്തിലുദിച്ചത് പത്രത്താളിലേക്കു പകർത്തുകയാണ്.. ഒരു പിതാവ് മക്കളുടെ സ്വകാര്യസ്വത്താണ്. മാതൃകാ ജീവിതം നയിച്ച് മക്കൾക്കു സ്തപഥം കാട്ടിയ പിതാവ് എന്നും സംപൂജ്യനും ആദരണീയനുമാണ്.

എട്ടുമക്കളെ പോറ്റി വളർത്തിയോരെന്നച്ഛാ
കൂട്ടിനൊറ്റയെണ്ണം പോലുമില്ലാതാ വാർദ്ധക്യം
കൂട്ടായ് ദൈതമാത്രം തുണയായ് കഴിഞ്ഞതാ
ണൊട്ടു ദുഃഖസ്മൃതിയായെന്ന് ഹൃത്തം മഥിപ്പത്.

തൊണ്ണൂറ്റി മൂന്നാം വയസ്സിലും ഊനമറ്റ 32 ദന്തങ്ങൾ വിതറിയ സുസ്മേരവും, കന്മഷമറ്റ ഒരു ഹൃദയത്തിന്റെ നൈർമ്മല്യവും, വിജ്ഞാനതീഷ്ണത ഓളം വെട്ടുന്ന ക്ഷീണിച്ച നയനങ്ങളും, ഗാത്രത്തിന്റെ ബലഹീനതയിലും അരോഗ ദൃഢഗാത്രനായി അന്ത്യം വരെ ശാന്തരൂപിയായി ജീവിച്ച ഒരു വൃദ്ധ യുവാവ്. മരിക്കേണ്ടി വന്നാലും സത്യത്തിൽ നിന്നും വ്യതിചലിക്കരുത്, താഴ്മയും ദീനരോട് അനുകമ്പയും കാട്ടണം, വിദ്യാധനം സർവ്വധനാൽ പ്രധാനം, ദൈവത്തെ മുൻനിർത്തി എപ്പോഴും ചരിക്കണം എന്നീ ജീവിതമൂല്യങ്ങൾ മക്കൾക്കു സദാ ഓതിത്തന്ന ജ്ഞാനവൃദ്ധൻ. സന്ധ്യയ്ക്കു നിലത്തു വിരിച്ചിട്ട പുൽപ്പായിൽ പ്രായക്രമമനുസരിച്ച് കുടുംബാംഗങ്ങൾ നിരന്നിരുന്നു  പ്രാർത്ഥിക്കാനുള്ള കർശന നിബന്ധനയും പ്രാർത്ഥനയ്ക്കു ശേഷം വിരിഞ്ഞ കരതലങ്ങൾ മക്കളുടെ ശിരസിൽ വച്ച് അനുഗ്രഹ വർഷങ്ങൾ ചൊരിഞ്ഞതും, മഹാന്മാരുടെ കഥകൾ പറഞ്ഞുതന്നതും, ഊണുമുറിയിലെ റ്റൈംറ്റേബിൾ നിഷ്ക്കർഷയും എല്ലാം ഒരു തിരശീലയിലെന്നപോലെ തെളിയുന്നു.

ഒരു പിതാവിന്റെ അനുഗ്രഹത്തിന്റെ വില ഇന്ന് ആ മക്കൾ മനസ്സിലാക്കുന്നു. സമ്പത്തിനേക്കാൾ മാതാപിതാക്കൾ സ്വന്തം മക്കൾക്ക് അനുഗ്രഹങ്ങൾ നൽകുന്നതിൽ ശ്രദ്ധിക്കണമെന്ന് ഒരു എളിയ അഭ്യർത്ഥന ഇത്തരുണത്തിൽ ഞാൻ വയ്ക്കുകയാണ്.

ഒരു ഗ്രാമത്തിന്റെ പരിമിതികളിലും പരിധിയിലും എട്ടു മക്കളെയും അന്നു വിദൂരമായ പട്ടണത്തിൽ മാത്രം ലഭ്യമായിരുന്ന കലാലയ വിദ്യാഭ്യാസം നൽകുവാൻ കാട്ടിയ ധൈര്യത്തെ അഭിമാനത്തോടെ സ്മരിക്കട്ടെ. ജീവിതയാനത്തിന്റെ നിമ്നോന്നതങ്ങളിലും കൊടുങ്കാറ്റിലും പലതവണ ആ നൗക ആടി ഉലഞ്ഞിട്ടും പതറാതെ ദൈവകരങ്ങളിൽ അഭയമർപ്പിച്ചു മുന്നേറിയ ആ കഠിനാദ്ധ്വാനിയെ അഭിമാനാദരങ്ങളോടെ എന്നും എന്റെ ഹൃദയശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. താൻ അധ്യാപകനായിരുന്ന സ്കൂളിലെ മാനേജരുമായി ഇൻഡ്യൻ നാഷണൽ കോൺഗ്രസ്, സ്റ്റേറ്റ് കോൺഗ്രസ് എന്ന വിഷയത്തിൽ അഭിപ്രായ ഭിന്നത ഉണ്ടായപ്പോൾ ആ സ്കൂളിലെ ജോലി സധൈര്യം രാജി വച്ചിട്ട് മൂന്നു മൈൽ അകലെ കുറെ സ്ഥലം വാങ്ങുകയും ഒരു സ്കൂളിന് അപേക്ഷിച്ചശേഷം പിതൃസ്വത്തായി തനിയ്ക്കു കിട്ടിയ പത്തു  പറ നിലം വിറ്റ് ഒരു കെട്ടിടം പണിയിക്കുകയും ചെയ്ത, അതും ഒരു  വലിയ കുടുംബത്തിന്റെ ഭാരവും തോളിൽ വഹിച്ചുകൊണ്ട് മുന്നേറിയ, ആ സ്ഥൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാകയില്ല. ബസും കാറുമൊന്നും സുലഭമല്ലാതിരുന്ന 1950 കളിൽ സൈക്കിളിലും കാൽ നടയായും കടമ്പനാട്ടു നിന്നും വളരെ അകലെയുള്ള ഓഫീസുകളിൽ അനേക തവണ കയറിയിറങ്ങി ഒരു ഹൈസ്കൂളിന് അനുമതി വാങ്ങിയത് അക്കാലത്ത് ഒരു ചരിത്ര സംഭവമായിരുന്നു. തന്റെ ദീർഘനാളത്തെ കഠിനാദ്ധ്വാനത്തിനുള്ള അനുമതി കടമ്പനാട് സെന്റ് തോമസ് ഹൈസ്കൂളിന് ഉള്ള ഉത്തരവ് കൈയ്യിൽ ലഭിച്ചപ്പോൾ ആ ഹൃദയം ഇങ്ങനെ പാടിയിരിക്കാം :

ഇന്നത്രേ രവി ദിഗ് മുഖങ്ങളെ സമാശ്ലേഷിപ്പൂ സല്ലീലനായ്
ഇന്നത്രേ അണിഭാഗ്യപൂരിതയായ് മാറുന്നതീ മന്ദിരം
ഇന്നത്രേ സുത കർമ്മകോടി സഫലം സാധിപ്പു സർവ്വേശ്വരന്
ഇന്നത്രേ ചരിതാർത്ഥനായ് ചമയവും ചാർത്തുന്നു മാർത്തോമ്മയും

ആ ഹൈസ്കൂൾ തന്റെ സഭയ്ക്ക് (മലങ്കര ഓർത്തഡോക്സ്) സൗജന്യമായി വിട്ടുകൊടുത്തുകൊണ്ട് അവിടെത്തന്നെ ഹെഡ്മാസ്റ്ററായി തുടർന്നതും ആ ത്യാഗസമ്പന്നന്റെ മൗലിയിലെ വേറൊരു തൂവൽക്കമ്പളമാൽ. അമേരിക്കൻ ഐക്യനാടുകളിൽ ഒരു വർഷക്കാലം ഒരു ഹൃസ്വ സന്ദർശനം നടത്തുകയും മക്കളുടെ ജീവിതം കണ്ട് ചരിതാർത്ഥനായി മടങ്ങുകയും ചെയ്തുവെന്നത് ചാരിതാർത്ഥ്യം നൽകുന്നു.

സ്വജീവിതത്തിലെ സുകൃതങ്ങളാലാവാം ശാന്തമായ വാർദ്ധക്യത്തിൽ കഷ്ടതയനുഭവിക്കാതെ കടന്നു പോകാൻ സംഗതിയായതും. മറ്റു പല സ്വകാലീനരേയും അപേക്ഷിച്ച് വളരെ ശാന്തിയും സമാധാനവും ഉള്ള ഒരു ജീവിതം നയിച്ച ആ വന്ദ്യപിതാവിന്റെ ജീവിതവൃതങ്ങളും ദൈവാശ്രയവും, നന്മപ്രവൃത്തികളും, പിൻതലമുറയ്ക്കു മാതൃകയായെങ്കിലെന്ന് ആശിക്കുന്നു. എന്റെ വന്ദ്യപിതാവിനു പ്രണാമം !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.