Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിന്‍ലന്‍ഡ് സ്വര്‍ഗമാണ്; അമ്മമാര്‍ക്കും പൊന്നോമനകള്‍ക്കും

 നവമി ഷാന്‍
kids-play4

2009 ജൂലൈയില്‍ 1000 തടാകങ്ങളുടെ നാട്ടില്‍ കാലു കുത്തിയ നിമിഷം വിചാരിച്ചിരുന്നില്ല ഈ നാടും ഇവിടുത്തെ ജനതയും അവരുടെ  ജീവിത രീതികളും എന്നെ ഇത്രമാത്രം ആകര്‍ഷിക്കുമെന്ന്. നോക്കിയയിലെ ജോലി സംബന്ധമായി എന്റെ  ഭര്‍ത്താവ് ഷാജഹാന്‍ നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു. എയര്‍പോര്‍ട്ടില്‍ കാത്തു നിന്ന അദ്ദേഹം പറഞ്ഞു ഇവിടെ ഇപ്പോള്‍ വേനല്‍ക്കാലം ആണെന്ന്. പക്ഷെ അന്നത്തെ തണുത്ത കാറ്റ് എന്നില്‍ ഊട്ടിയുടെ അനുഭൂതി ഉണര്‍ത്തി. സൂര്യന്റെ പ്രകാശം ഏല്‍ക്കുമ്പോള്‍ ഇവിടുത്തെ ആളുകളുടെ മുഖത്ത് വിരിയുന്ന ആനന്ദം അന്ന് ഞാന്‍ ആദ്യമായി കണ്ടു.

family-near-artic-circle-finland

ക്യാപിറ്റല്‍ റീജിയനില്‍ ആണ് ഞങ്ങള്‍ താമസിക്കുന്നത്. ജോലി സംബന്ധമായി അഞ്ചു വര്‍ഷം മുംബൈയില്‍ ഉണ്ടായിരുന്ന ഞങ്ങള്‍ക്ക് അവിടുത്തെ തിരക്കിട്ട ജീവിതത്തില്‍ നിന്നും ശബ്ദകോലാഹലത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഫിന്‍ലന്റിലെ ശാന്തത. എന്റെ വീടിന്റെ ജാലകത്തിലൂടെ പുറത്തേക്കു നോക്കിയിരുന്നാല്‍ ഒരു ദിവസം ഏറിയാല്‍ പത്തില്‍ കൂടുതല്‍ ആളുകളെ പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല. 55 ലക്ഷം മാത്രം ജനസംഖ്യ ഉള്ള ഈ രാജ്യത്തില്‍ ഇത് തികച്ചും സ്വാഭാവികം മാത്രം.

വേനല്‍ക്കാലത്തു  സൂര്യന്‍ സദാ സമയവും നമുക്ക് മുകളില്‍ ചിരിച്ചുകൊണ്ട് നില്കും. രാത്രിയില്‍ ഉറങ്ങണമെങ്കില്‍ നല്ല കട്ടിയുള്ള കര്‍ട്ടന്‍ കൊണ്ട് ജാലകങ്ങള്‍ എല്ലാം നന്നായി മൂടണം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍ ഔദ്യോഗികമായി സമ്മര്‍ ആണെങ്കിലും 15 ദിവസം മാത്രം ആയിരിക്കും വിന്റര്‍ ഡ്രസ്സ് ഇല്ലാതെ പുറത്തു ഇറങ്ങാന്‍ കഴിയുക. മഞ്ഞുകാലത്തു നേരെ തിരിച്ചായിരിക്കും അവസ്ഥ. ദിവസം മൂന്നു  മണിക്കൂര്‍ പ്രകാശം ഉണ്ടെങ്കിലും സുര്യനെ കാണാണേ കഴിയില്ല. രാവിലെ എണീക്കുന്നതും ജോലിക്കുപോകുന്നതും തിരിച്ചു വരുന്നതും എല്ലാം ഇരുട്ടത്ത്. തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ ദേഹം മുഴുവന്‍ പുതച്ചുകൊണ്ടുള്ള യാത്ര അനിവാര്യമാണ്. കഴിഞ്ഞ എട്ടു വര്‍ഷത്തെ ജീവിതത്തിനിടയില്‍ -35 ഡിഗ്രി  വരെ താപനില എത്തിയിട്ടുണ്ട്. കേരളത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഇതെല്ലം ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു.

Finland-summer-view3

ഇവിടെ കുട്ടികള്‍ക്ക് കൊടുക്കുന്ന കരുതലും സുരക്ഷയും എടുത്തു  പറയേണ്ടതാണ്. എന്റെ രണ്ടു കുട്ടികളും ഇവിടെയാണ് ജനിച്ചത്. ഗര്‍ഭിണികളായ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യപരിചരണം തികച്ചും സൗജന്യം ആണ്. ഇതിനു നേതൃത്വം നല്‍കുന്നത് 'നവോള' സിസ്റ്റം ആണ്. ഒരു സ്ത്രീ ഗര്‍ഭിണി ആവുമ്പോള്‍ മുതല്‍ അവര്‍ക്കു വേണ്ടി ഒരു ഹെല്‍ത്ത് നഴ്‌സ് ഉണ്ടായിരിക്കും. ഗര്‍ഭകാലത്തെ എല്ലാ പരിശോധനകള്‍ക്കും പരിചരണങ്ങള്‍ക്കും അവരാണ് മേല്‍നോട്ടം വഹിക്കുന്നത്. കുഞ്ഞിന് ഏഴു വയസാകുന്നതുവരെ കുട്ടിയുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളും അവര്‍ പരിശോധിക്കും. 

kids-play-(2)

നമ്മുടെ നാട്ടിലെ രീതികളില്‍ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ ആരോഗ്യപരിചരണരീതികള്‍. നാട്ടില്‍ സാധാരണ ഗര്‍ഭിണികള്‍ക്ക് അയണ്‍, കാല്‍സ്യം, ഫോളിക് ആസിഡ് , വൈറ്റമിന്‍ ഗുളികകള്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍  നിര്‍ദ്ദേശിക്കാറുണ്ട്. പക്ഷെ  ഇതിനു വിപരീതമായി, നമ്മള്‍ പാലിക്കേണ്ട ആഹാര രീതികളുടെ ഒരു ലിസ്റ്റ് ആണ് ഇവിടെ നമുക്ക് കിട്ടുന്നത്. വൈറ്റമിനുകള്‍ ഒന്നും കഴിക്കാതെ നോര്‍മല്‍ ഡെലിവറി ചെയ്യാന്‍ ഇവിടുത്തെ ആരോഗ്യ വ്യവസ്ഥ നമുക്ക് പ്രോത്സാഹനം തരുന്നു. ശാസ്ത്രക്രിയ വളരെ അപൂര്‍വമായേ ചെയ്യാറുള്ളു. നാട്ടില്‍ ആദ്യ പ്രസവം ശസ്ത്രക്രിയ ചെയ്തവര്‍ പോലും ഇവിടെ രണ്ടാമത്തെ കുഞ്ഞിന് നോര്‍മല്‍ ഡെലിവെറിയിലൂടെ ജന്മം നല്‍കുന്നു. സ്‌കാനിംഗ് അധികം ചെയ്യുന്നത് അമ്മയുടെ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഗര്‍ഭകാലത്തു രണ്ടു സ്‌കാനിംഗ് മാത്രമാണ് ആരോഗ്യവതിയായ അമ്മയ്ക്ക് അനുവദിച്ചിരിക്കുന്നത്.

hospital-play-area

നോര്‍മല്‍ ഡെലിവെറിക്ക് ഇവര്‍ കൊടുക്കുന്ന പ്രാധാന്യം എടുത്തു പറയേണ്ടതാണ്. ഗര്‍ഭാവസ്ഥ പ്രകൃത്യാ ഉള്ള അവസ്ഥ ആണെന്ന സന്ദേശത്തിനു ഇവര്‍ ഊന്നല്‍ നല്‍കുന്നു. ഓരോ അമ്മയ്ക്കും അവര്‍ക്കു ആശ്വാസകരമായ ബെര്‍ത്ത് മെത്തേഡ് സ്വീകരിക്കാനാകും. വാട്ടര്‍ ബെര്‍ത്ത്, ബെര്‍ത്തിങ് സ്റ്റൂള്‍ പോലുള്ള ഓപ്ഷന്‍സ് തിരഞ്ഞെടുക്കാവുന്നതാണ്. കുഞ്ഞിന്റെ അച്ഛനും അനുഭവജ്ഞാനമുള്ള ഒരു നേഴ്‌സും മാത്രമായിരിക്കും അമ്മയുടെ കൂടെ ലേബര്‍ റൂമില്‍ ഉണ്ടാവുന്നത്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ ഡോക്ടര്‍ ലേബര്‍ റൂമില്‍ വരികയുള്ളു. മിക്കവാറും കഞ്ഞിന്റെ അച്ഛനായിരിക്കും പൊക്കിള്‍ കൊടി മുറിക്കുന്നത്. അങ്ങനെ മാതൃത്വത്തിന്റെ എല്ലാ സഹനത്തിനും പിതാവും സാക്ഷി ആവുന്നു. നവജാത ശിശുവിന്റെ  പരിചരണങ്ങളില്‍ അച്ഛനും നല്ല പങ്കാളിത്തമാണുള്ളത്. പിഞ്ചു കുഞ്ഞിനെ കുളിപ്പിക്കുന്നതും ശരീരം വൃത്തിയാക്കുന്നതും മുതലായ എല്ലാ ശുശ്രൂഷകളും നഴ്‌സ് അച്ഛനെയും അമ്മയെയും ആശുപത്രിയില്‍ വച്ച് തന്നെ പഠിപ്പിക്കും.

കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ വലിയ ബോക്‌സ് നിറയെ കുഞ്ഞിന് വേണ്ട എല്ലാ സാധനങ്ങളും ലഭിക്കും. ഫിന്‍ലന്റിലെ ഈ ബേബി ബോക്‌സ് ലോകപ്രശസ്തമാണ്! കുഞ്ഞിന് രണ്ടു വയസ്സാകുന്നു വരെ ധരിക്കാനുള്ള ജാക്കറ്റുകള്‍, പാന്റ്‌സ്, ടോപ്‌സ്, ബേബി സ്യൂട്ട് , ഡയപ്പര്‍ ക്ലോത്സ്, ഓയില്‍സ്, ടൗവല്‍സ്....അങ്ങനെ ഒരു വലിയ പട്ടിക തന്നെ ഉണ്ടാവും. കൂടാതെ ഈ  ബോക്‌സ് ഒരു  തൊട്ടിലായി ഉപയോഗിക്കാന്‍ പറ്റിയ രീതിയില്‍ ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കുഞ്ഞിന് വേണ്ടി പ്രത്യേകം ബെഡ് വാങ്ങാന്‍ ബുദ്ധിമുട്ടുള്ള മാതാപിതാക്കള്‍ക്ക് ഇത് വലിയ സഹായം ചെയ്യും.

winter-kid-outside1

ജോലിക്കാരായ മാതാപിതാക്കള്‍ക്കു കുഞ്ഞിനെ പരിപാലിക്കാന്‍ മൂന്നു വര്‍ഷം വരെ അവധി അനുവദിക്കുന്ന ലോകത്തെ ചുരുക്കം ചില രാജ്യങ്ങളില്‍  ഒന്നാണ് ഫിന്‍ലാന്‍ഡ്.  കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാരായ ഞങ്ങള്‍ക്ക് ഇത് വലിയൊരു അനുഗ്രഹമായിരുന്നു.  ഡ്യൂ ഡേറ്റ് നു 5-8 ആഴ്ച മുന്‍പേ മറ്റേര്‍ണിറ്റി ലീവ് ആരംഭിക്കാം. നാലു മാസം വരെ അമ്മക്ക് മറ്റേര്‍ണിറ്റി ലീവ് എടുക്കാം. അത് കൂടാതെ കുട്ടിക്ക് മൂന്നു വയസാകുന്നത് വരെ അച്ഛനോ അമ്മയ്‌ക്കോ അവധി എടുക്കാം. ആദ്യത്തെ ഒമ്പതു മാസം ശമ്പളത്തോടു കൂടിയും പിന്നീട് മൂന്നു വര്‍ഷം സര്‍ക്കാര്‍ അനുവദിക്കുന്ന ഒരു സപ്പോര്‍ട്ട് തുകയോടും കൂടിയും അവധി എടുക്കാം. കുട്ടികള്‍ക്ക് 17  വയസാകുന്നത് വരെ സര്‍ക്കാര്‍ എല്ലാ മാസവും ഒരു നിശ്ചിത തുക നല്‍കിക്കൊണ്ടിരിക്കും. 

winter-kid-outside2

ഫിന്‍ലന്‍ഡില്‍ കുട്ടിയുടെ പരിചരണത്തില്‍ മാതാപിതാക്കള്‍ക്ക് തുല്യ പങ്കാളിത്തമാണ്. അതുകൊണ്ട് അച്ഛനോ അമ്മയ്‌ക്കോ ഒരു നിശ്ചിത കാലയളവിലേക്ക് പേരന്റല്‍ ലീവ് ഷെയര്‍ ചെയ്യാം. എന്റെ രണ്ടു കുട്ടികള്‍ക്കും ഞങ്ങളില്‍ ഒരാള്‍ രണ്ടു വര്‍ഷം വരെ ലീവ് എടുത്തിരുന്നു . ഇതൊക്കെ നാട്ടിലുള്ള ബന്ധുക്കളോട് പറയുമ്പോള്‍ അവര്‍ക്ക് വിശ്വാസം വരാറില്ല. നിഷ്‌കളങ്കമായ ശൈശവത്തില്‍ കുഞ്ഞുങ്ങള്‍ക്കു കൂട്ടായി നമ്മള്‍ ഉണ്ടാവുന്നത് സുപ്രധാനമായ കാര്യം തന്നെ. അവര്‍ ആദ്യമായി നിലത്തു നീന്താന്‍ തുടങ്ങുമ്പോള്‍, ആദ്യമായി കിന്നരി പല്ലുകള്‍ മുളച്ചു വരുമ്പോള്‍, ആദ്യമായി ഇരിക്കാന്‍ പഠിക്കുമ്പോള്‍, ആദ്യമായി നടക്കാന്‍ തുടങ്ങുമ്പോള്‍ അവരുടെ ഒപ്പം ആ സന്തോഷം പങ്കിടാന്‍ പറ്റുന്നത് നമ്മുടെ തിരക്കിട്ട ഇന്നത്തെ ജീവിതത്തില്‍ ഒരു വലിയ കാര്യം അല്ലെ?

winter-kids-play

കുട്ടിക്ക് ഏഴു വയസാകുന്നതുവരെ അവരുടെ ആരോഗ്യസംരക്ഷണത്തിന് നേതൃത്വം നല്‍കുന്നത് 'നവോള' സിസ്റ്റം ആണ്. ഒരു നഴ്‌സ് ആയിരിക്കും പ്രധാനമായും കുട്ടിയുടെ മാനസികമായും ശാരീരികമായും ഉള്ള എല്ലാ വളര്‍ച്ചയും പരിശോധിക്കുന്നത്. ഇടയ്ക്ക് ഡോക്ടര്‍ പരിശോധനകളും ഉണ്ടാവും. വാക്സിനേഷന്‍സ് എല്ലാം സൗജന്യം ആണ്. കുട്ടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഓരോ കുട്ടിക്കും ഒരു ഹെല്‍ത്ത് ഡയറി (നവോള കാര്‍ഡ്) ഉണ്ട്. കുട്ടിയുടെ പൊക്കം, വണ്ണം, തലയുടെ വളര്‍ച്ച, അവരുടെ ലിസണിങ് സ്‌കില്‍, കാഴ്ച ശക്തി, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഇതൊക്കെ ആയിരിക്കും പ്രധാനമായും പരിശോധിക്കുന്നത്. എല്ലാ രണ്ടു വര്‍ഷവും കൂടുമ്പോള്‍ ഡെന്റല്‍ പരിശോധനകളും നടത്തും. 17 വയസുവരെ എല്ലാ കുട്ടികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാണ്.

winter-outside-in-baby-pram

പൊതു സ്ഥാപനങ്ങളില്‍  കുട്ടികളുടെ മാനസികോല്ലാസത്തിനു വേണ്ടി പ്രത്യേക വിഭാഗം തന്നെയുണ്ടാകും. ആശുപത്രികള്‍, ബാങ്കുകള്‍, ലെബ്രറികള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടി ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, പ്ലേയ് ഏരിയ  ഇവയൊക്കെ കാണും.

ബേബിഫുഡുകളും പാലു ചൂടാക്കാന്‍ വേണ്ടി മൈക്രോവേവ് എന്നിവയും എവിടെയും സുലഭമായിട്ടുണ്ട്. എല്ലാ റോഡുകളും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുകളും ബേബി പ്രാം ഫ്രണ്ട്ലി ആണ്. ബസ്, ട്രെയിന്‍, മെട്രോ, ട്രാം ഇവയിലൊക്കെ കുട്ടികളുമായി പ്രാമില്‍  യാത്ര ചെയ്യുന്ന അച്ഛനോ അമ്മക്കോ ടിക്കറ്റ് എടുക്കേണ്ട ആവശ്യം ഇല്ല. ഈ സൗജന്യ യാത്ര ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലെ കാണാറുള്ളു. അതുപോലെ തന്നെ ഏഴു വയസുവരെ കുട്ടികള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം.

finland-winter-view3

വിദ്യാഭ്യാസ നിലവാരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളില്‍ ഒന്നാണ് ഫിന്‍ലാന്‍ഡ്. ഏതൊരാളെയും ഏറ്റും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം ആണ്. ഓരോ കുട്ടിയും പഠനം തുടങ്ങുന്നത് ഏഴാം വയസ്സിലാണ്. അത് വരെ കുട്ടികള്‍ക്ക് കളിമാത്രം സ്വന്തം. ഈ കാലയളവില്‍ നഴ്‌സറികളില്‍ കളികള്‍ക്കും കരകൗശലങ്ങള്‍ക്കും ചിത്രം വരയ്ക്കുമാണു പ്രാധാന്യം കൊടുക്കുന്നത്. കുട്ടികളുടെ ഇടയില്‍ നല്ല ആശയവിനിമയം ഉണ്ടാകാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ആറു വയസായ ഞങ്ങളുടെ മകള്‍ നേഹയും രണ്ടു വയസായ മകന്‍  ആരോണും കളിയുടെയും വര്‍ണങ്ങളുടെയും ലോകത്താണ്. ആറു വയസായിട്ടും സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങാത്ത കുട്ടിയെ കുറിച്ച് പറയുമ്പോള്‍ നാട്ടിലുള്ളവര്‍ക്ക് അത്ഭുതമാണ്. എന്റെ അഭിപ്രായത്തില്‍ കുട്ടികള്‍ കളിക്കേണ്ട സമയത്തു കളിച്ചു വളരട്ടെ! അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ലോകത്തേക്ക് പിച്ചവയ്ക്കുന്നതിന് മുന്‍പ്  അവര്‍ക്ക് നല്ല മാനസികോല്ലാസം ലഭിക്കട്ടെ. അവര്‍ ബാല്യത്തിന്റെ എല്ലാ സുഖങ്ങളും നന്നായി ആസ്വദിച്ചു കളിച്ചു വളരട്ടെ!

പിസ (ലോകത്തിലെ വിദ്യാഭ്യാസ നിലവാരത്തിന്റെ അളവുകോലായ പ്രസ്ഥാനം) റാങ്കിങ്ങില്‍ ഫിന്‍ലാന്‍ഡ് എപ്പോഴും മുന്‍പില്‍ തന്നെ. കാണാതെ പഠിക്കാതെ കാര്യങ്ങള്‍ ചെയ്തും കൂടുതല്‍ ചിന്തിച്ചും ആണ് കുട്ടികള്‍ ഇവിടെ പഠിക്കുന്നത്. ഹോം വര്‍ക്കുകള്‍ ഒന്നും കാര്യമായി ഉണ്ടാവാറില്ല. അതുകൊണ്ട് കുട്ടികള്‍ സന്തോഷത്തോടെ പഠിച്ചു വളരുന്നു. പോഷകസമൃദ്ധമായ ഉച്ച ഭക്ഷണം സൗജന്യമാണ് സ്‌കൂളുകളില്‍. പച്ചക്കറികളും പഴങ്ങളും പാലും അടങ്ങിയ സമീകൃത ആഹാരം ആണ് ഉച്ചഭക്ഷണം. പഠനത്തോടൊപ്പം തന്നെ ഓരോ കുട്ടിക്കും അവരുടെ ഇഷ്ടപെട്ട ഹോബിക്കും സമയം കണ്ടെത്താന്‍ കഴിയുന്നു.

കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ ഇവിടുത്തെ ലൈബ്രറികളുടെ പങ്ക് മികച്ചതാണ്. ലൈബ്രറികളില്‍ പുസ്തകങ്ങള്‍ സുലഭമാണ്. നഴ്‌സറികളില്‍ നിന്നും കുട്ടികളുമായി അധ്യാപകര്‍ ലൈബ്രറി സന്ദര്‍ശിക്കാറുണ്ട്. കുട്ടികള്‍ക്ക് സ്വന്തമായി ലൈബ്രറി കാര്‍ഡ് എടുക്കാനാവും. ഒരേ സമയം 100 പുസ്തകങ്ങള്‍ വരെ വാടകയ്ക്ക് എടുക്കാം. അഞ്ചു പ്രാവശ്യം വരെ പുസ്തകങ്ങള്‍ പുതുക്കാനും സൗകര്യമുണ്ട്. 

ഒരു കുഞ്ഞു അമ്മയുടെ വയറ്റില്‍ പിറവി എടുക്കുന്നത് മുതല്‍ അവന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി ആകുന്നതു വരെ ഈ രാജ്യം നല്‍കുന്ന സുരക്ഷയും സംരക്ഷണവും വളരെ വലുതാണ്. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയുടെ കാര്യത്തിലും സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തിലും ഫിന്‍ലാന്‍ഡ് എന്നും മുന്‍പില്‍ തന്നെ. കളിക്കേണ്ട സമയത്തു കളിച്ചും, പഠിക്കേണ്ട സമയത്തു കാര്യങ്ങള്‍ അറിഞ്ഞു പഠിച്ചും, ധാരാളം പുസ്തകങ്ങള്‍ വായിച്ചും ഇവിടെ കുട്ടികള്‍ വളരുന്നു. ഇത് ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്കും മാതൃക ആവട്ടെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.