Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീർക്കുമിളകൾ

x-default

മാനേജരുടെ ക്യാബിനിൽ നിന്നും അനു പുറത്തിറങ്ങിയപ്പോൾ  ഡോറിനു മുന്നിൽ അക്ഷമനായി നിന്ന വിജയ് ചോദിച്ചു. അനു, എന്തായി ലീവിന്റെ കാര്യം നീ പറഞ്ഞോ.ഹോ എന്റെ വിജയ്, ഞാൻ പറഞ്ഞിട്ടില്ല അയാള് വേറെ എന്തോ ചൂടിലാ.അനൂ, സമയം തീരെയില്ല ഇനി എന്തൊക്കെ ചെയ്യേണ്ടിയിരിക്കുന്നു...

വിജയ് നീ ടെൻഷൻ അടിച്ചു എന്നെയും കൂടെ ടെൻഷൻ അടിപ്പിക്കാതെ. നമ്മുടെ കല്യാണമാണെന്നും, അതിനു ലീവ് വേണ്ടി വരുമെന്നും അയാൾക്കറിയാം..വൈകിട്ട് അയാൾ ഫ്രീ ആവുമ്പോൾ ഞാൻ കാര്യങ്ങൾ അവതരിപ്പിക്കാം നീ ഒന്ന് സമാധാനിക്ക്....

ഉം, ശരി, തന്റെ സീറ്റിലേക്ക് വിജയ് നടക്കുമ്പോൾ ഫോൺ റിങ്‌ ചെയ്തു.ഹലോ, അതേ വിജയ് ആണ്...ഓക്കേ, ഞാൻ ഇപ്പോൾ തന്നെ ഇറങ്ങാം..ഉടനെ എത്താം.ഫോൺ വച്ച് അനുവിന് അടുത്തെത്തി വിജയ്.അനൂ, ഞാൻ ഒന്നു പുറത്ത് പോവുകയാണ്, നീ എന്റെ ടേബിൾ കൂടെ ഒന്നു ശ്രദ്ധിച്ചേക്കണേ...

നീ എവിടെപ്പോകുന്നു വിജയ്....

ഇപ്പൊ വരാടാ, വന്നിട്ട് പറയാം....

ആ വലിയ ആശുപത്രി വളപ്പിൽ വിജയുടെ ബൈക്ക് നിന്നു. ജനനം, മരണം, വൈകല്യം, സന്തോഷങ്ങൾ, സങ്കടങ്ങൾ, കണ്ണീരുകൾ, എല്ലാം ഒരുമിച്ചു ചേക്കേറുന്നയിടമാണ് ഓരോ ആശുപത്രികളും.ചുറ്റി നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ കടന്നു വരുന്ന കാറ്റിനു പോലും സ്ഥായിയായൊരു ഗന്ധമില്ല, അവിടെ വരുന്ന ഓരോരുത്തരുടെ മനസിനും, ചിന്തകൾക്കും അനുസരിച്ചു അതിന്റെ ഗന്ധം മാറിക്കൊണ്ടിരിക്കും...

ക്യാൻസർ വാർഡിലെ 207 നമ്പർ മുറിയിലെ വാതിൽക്കൽ വിജയ് നിന്നു..മുട്ടിയപ്പോൾ തുറന്നതു സൗമ്യയുടെ അമ്മയാണ്....

ആഹ്, മോൻ എത്തിയോ, അകത്തേക്ക് കയറി ഇരിക്ക് ഞാൻ പുറത്ത് പോയി വരാം...

ആ ഒഴിവാകൽ അറിഞ്ഞു കൊണ്ട് കുറച്ചു നിമിഷങ്ങൾ സമ്മാനിക്കുന്നതാണെന്ന് മനസിലാക്കാൻ ഒരുപാട് സമയം വേണ്ടി വന്നില്ല..കാരണം സൗമ്യയെ ഒന്ന് ഒറ്റയ്ക്ക് കാണാൻ ശ്രമിച്ചിരുന്ന കാലങ്ങളിൽ ഒരു ഭിത്തിയായി നിന്നിരുന്ന ആ അമ്മയുടെ മുഖത്തെ പുച്ഛമോ, വെറുപ്പോ പെട്ടെന്നൊന്നും മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല...

അവൾ സൗമ്യ ജനാലയിലൂടെ പുറത്തേക്കു നോക്കി നിന്നവൾ തന്റെ ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു.....

ആഹ്, കല്യാണ ചെക്കൻ എത്തിയോ.

എപ്പോഴും മുഖത്ത് നിന്നും ആ ചിരി മായാതെ സൂക്ഷിക്കുന്ന അവളുടെ മന്ത്രവിദ്യ പഠിക്കണം.. കട്ടിലിൽ അവൾ വന്നിരുന്നു...

ഇരിക്കടോ..എന്താണ് മുഖത്ത് ഒരു തെളിച്ചമില്ലായ്മ...

മുന്നിലെ ചെയർ വലിച്ചിട്ടു ഇരുന്നപ്പോൾ, അവൾ തടഞ്ഞു...

ഹാ, ഇവിടെ ഇരിക്ക്... 

അവളുടെ തൊട്ടടുത്തായി പിടിച്ചിരുത്തി...

സുഖമാണോ വിജയ് നിനക്ക്...

അതെയെന്ന് തലയാട്ടുമ്പോൾ, ഔപചാരികമായി പോലും തിരിച്ചങ്ങിനെ ഒരു ചോദ്യം അവളോട് ചോദിക്കാനാവാത്തവന്റെ നിസ്സഹായാവസ്ഥ ഉള്ളിൽ മുറുകി..അതിൽ നിന്നും മുക്തനാവുന്നതിനു മുൻപ് അടുത്ത ഒരു ശരം അവനെ നോക്കി എത്തി...

നീ എന്നെ മറന്നോ??

ആ ചോദ്യത്തിലും അവൾ ചിരിക്കുന്നുണ്ടായിരുന്നു..മനസ്സിൽ ഓർത്തു നോക്കി ഇന്ന്, ഇന്നലെ, ഈ ആഴ്ച, ഇല്ല ഓർത്തിരുന്നില്ല, കല്യാണ തിരക്കും കാര്യങ്ങളും ഒക്കെ ആയിട്ട് ഓടി നടന്നപ്പോൾ താൻ അവളുടെ ഓർമകളെ എവിടെയോ കളഞ്ഞു പോയിരിക്കുന്നു.. അതിനെ തിരഞ്ഞതേയില്ല അവളുടെ വിളി വരും വരെ....

എടാ, മണ്ടാ, ഹഹഹഹ, നീ ഇങ്ങനെ ബുദ്ധിമുട്ടണ്ട..മറക്കണം നീയെന്നെ..എന്റെ കാലുകൾ മരണ വിളുമ്പിൽ ആയപ്പോൾ മുതൽ ഞാൻ ആദ്യം ഉള്ളുരുകി പ്രാർത്ഥിച്ചത്  നീ എന്നെ മറക്കണം എന്നായിരുന്നു..ഇന്നും ഒരു നീർക്കുമിളയായി പോലും നിന്റെ ചിന്തകളിൽ ഞാൻ വിടരരുതെന്നു ഞാനെത്ര പ്രാർത്ഥിക്കുന്നു. ഓർമ്മിച്ചു എന്നു പറഞ്ഞു എന്നെ നീ വിഷമിപ്പിക്കല്ലേ..എന്റെ ആ ഒരു പ്രാർത്ഥനയെങ്കിലും ഫലിച്ചതായി ഞാനൊന്നു സന്തോഷിച്ചോട്ടെ...

ഒന്നും മിണ്ടാനാവാതെ ഇരിക്കുമ്പോഴും അവൾ സംസാരം തുടർന്ന് കൊണ്ടേയിരുന്നു...

എങ്ങിനെ പോകുന്നു കല്യാണ പണികളൊക്കെ....

ഉം, കുഴപ്പമില്ല...

അനുവിന് സുഖമാണോ...

അതേ...

ഒരിക്കലെങ്കിലും അവളെയൊന്നു കാണണം എന്നുണ്ടായിരുന്നു....

വിളിച്ചു കൊണ്ട് വരട്ടെ...

വേണ്ടെടാ...സ്വാർത്ഥതയും, പിടിവാശിയുമൊക്കെ എല്ലാറ്റിലും നഷ്ടപ്പെട്ടു എങ്കിലും, എന്തോ നിന്റെ കാര്യം വരുമ്പോൾ ഞാൻ മരണ വലയത്തിനുള്ളിൽ എത്തപ്പെട്ട ഇരയാണെന്നു മറന്നു പോയാലോ..നിന്റെ കൈ പിടിച്ചു അവളുടെ കൈകളിൽ ഏൽപ്പിച്ചു ആശംസിക്കാൻ മാത്രം വിശാലമായൊരു മനസ് എനിക്ക് ഉണ്ടായിട്ടുണ്ടോ എന്ന സംശയം ഭയം അങ്ങനെ എന്തൊക്കെയോ..അവളെ ഞാൻ അന്വേഷിച്ചു എന്ന് പറയണം. എന്റെ ആശംസകൾ അറിയിക്കണം..നിന്നെ അവൾ നന്നായി സ്നേഹിക്കുന്നില്ലേ വിജയ്....

ഉണ്ടെന്ന് തലകുലുക്കിയപ്പോൾ..

എന്നോളമോ..

ആ മറുചോദ്യത്തിനു മൂന്നിലൊന്നു പതറി നിന്നു പോയി..കുറെ നേരം രണ്ടു മൗനങ്ങൾ പരസ്പരം സംവദിച്ചു. അവർക്കിടയിലൂടെ മരുന്ന് ഗന്ധങ്ങൾ ഓടി കളിച്ചു. അവരെ തുരത്താനെന്നവണ്ണം ഇടയ്ക്കു പുറത്തെ റോഡിൽ നിന്നും വാഹനങ്ങളുടെ ഇരമ്പലും ഹോണടിയും കടന്നു വന്നു. പെട്ടെന്ന് വിജയ് തന്റെ കൈകളിലേക്ക് എന്തോ പടർന്നു കയറുന്നതറിഞ്ഞു..അവളുടെ വിരലുകൾ ഇഴഞ്ഞു തന്റെ കൈത്തലം കീഴടക്കുകയാണ്..ഒരു ജന്മത്തിലെ മൊത്തം സ്നേഹത്തിന്റെയും, നിരാശയുടെയും തിളയ്ക്കുന്ന ചൂടുണ്ട് ആ വിരലുകൾക്ക്....

വിജയ്..

അവൻ മുഖമുയർത്തി നോക്കി..അപ്പോഴും ആ ചുണ്ടുകളിൽ ഒരു മന്ദഹാസം വിടർന്നു കിടപ്പുണ്ട്...അവന്റെ മുഖത്തെ വിസ്മയ ഭാവത്തിനു കൂടുതൽ ആയാസം കൊടുക്കാതെ തന്നെ അവൾ പറഞ്ഞു.

തെറ്റാവുമോ എന്നറിയില്ല എങ്കിലും ഞാനൊരു ആഗ്രഹം  ചോദിക്കട്ടെ വിജയ്?

എന്താ സൗമ്യ...

ഞാൻ...ഞാൻ നിന്നെയൊന്നു ചുംബിച്ചോട്ടെ...

അവൻ ഒന്ന് മൂളി....അതിന്റെ അർത്ഥമോ, ആഴമോ, അവൾ ആലോചിച്ചില്ല...

ഒരു മഞ്ഞു തുള്ളിയുടെ സ്പർശനം പോലെ തുടങ്ങി ഒരു പേമാരിയുടെ ആവേശത്തോടെ അവന്റെ ഇരുകവിളുകളിലും   അവൾ പെയ്തു തീർന്നു.

പകരമെന്തു നൽകണമെന്നറിയാതെ നിർവികാരനായി എല്ലാം ഏറ്റു വാങ്ങി അവനിരിക്കുമ്പോൾ അവളുടെ കൈകൾ അവന്റെ താളുകളിൽ അമർന്നു..അവന്റെ മുഖം പിടിച്ചു ഉയർത്തി അവന്റെ കണ്ണുകളിലേക്കു നോക്കി അവൾ പറഞ്ഞു.

വിജയ്, ഞാൻ യൗവ്വനത്തിൽ തിളച്ചു മറിഞ്ഞിരുന്നപ്പോൾ ഒരു തീക്കനലെങ്കിലും താടിയെന്നു നീയൊരുപാട് കെഞ്ചിയിരുന്നു. ഒന്നും തന്നില്ല കാരണം വിവാഹശേഷം ഒരുപാട് കിട്ടിയതിന്റെ മടുപ്പില്ലാതെ, കവിൾ തടങ്ങളിൽ എന്റെ ചുംബനങ്ങളുടെ തഴമ്പില്ലാതെ ഒക്കെയും നിനക്ക് വേണ്ടി മാത്രം നൽകാനായി ഞാൻ കാത്തുവച്ചു..പക്ഷേ ഇന്ന് വറ്റി വരണ്ടൊരു ചുണ്ടു കൊണ്ട് നിന്റെ കവിളിൽ നോവിക്കുന്ന കുറച്ചു പോറലുകൾ ഏൽപ്പിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ..എന്നോട് നീ ക്ഷമിക്കില്ലേ വിജയ്... 

ഏയ് അങ്ങനെയൊന്നുമില്ല..നീ എന്ത് തന്നാലും എപ്പോൾ തന്നാലും എനിക്കതു ഇഷ്ടമാണ് സൗമ്യാ...

ഹഹഹ, കുടുംബ ജീവിതം ആരംഭിച്ചില്ല അതിനു മുന്നേ ചെക്കൻ ഔപചാരികമായൊക്കെ സംസാരിക്കാൻ പഠിച്ചിരിക്കുന്നു.ഒന്നുമില്ലെടാ. ഇനി പൊയ്ക്കോ. ഇത്രയൊക്കെയേ ഞാൻ ആഗ്രഹിച്ചുള്ളൂ. ഇനിയും നമുക്കൊരു കൂടിക്കാഴ്ച ഉണ്ടാവില്ല. ഉണ്ടാവേണ്ട.പൊയ്ക്കോ

തിരിഞ്ഞു നടന്നു തുടങ്ങിയപ്പോൾ അവൾ വിളിച്ചു....

വിജയ്..

ഒരു നിസ്സംഗതയോടെ അവൻ തിരിഞ്ഞു നിന്നു...

എന്റെ അവസാന യാത്ര നീയും അറിയും..പക്ഷേ നീ വരരുത് എന്നെ കാണാൻ.

സൗമ്യാ..അവന്റെ വിളി വല്ലാതെ ഇടറിപ്പോയിരുന്നു...

നിന്നെ വിഷമിപ്പിക്കാൻ വേണ്ടിയല്ലെടാ, ആത്മാവ് എന്നത് സത്യമോ, കള്ളമോ ഒന്നും എനിക്കറിയില്ല, ഒരുപക്ഷേ അത് സത്യമാണെങ്കിൽ, ആൾക്കൂട്ടത്തിൽ ആരോ ഒരാളായി നീയും വന്നു പോകുമ്പോൾ എന്റെ ആത്മാവിനു അത് ഉൾകൊള്ളാൻ കഴിയാതെ വിങ്ങി പോയാലോ...നീ വരേണ്ടെടാ...

തലകുലുക്കി തിരിഞ്ഞു നടക്കുമ്പോൾ അവനിലെ കാമുകൻ പണ്ടെങ്ങോ അവൾക്കായി എഴുതിയ വരികൾ അവനിൽ അലയടിച്ചു കൊണ്ടിരുന്നു... 

നിന്റെ മരണ ദിനത്തിലാണ് 
ഞാനെന്റെ ആയുസ്സു 
കുറിച്ച് വച്ചിരിക്കുന്നത്.......

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.