Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈബർ പോരാളി

Cyber-Online-Terrorism

കാലത്തെ ചായക്കും, കുളിക്കും ഇടയിലുള്ള ഇരുപത് മിനിറ്റിലാണ് ഞാൻ മൊബൈലിൽ ആ വാർത്ത കാണുന്നത്. 'ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ രൂക്ഷമാകുന്നു' അവരുടെ കുറച്ചു സൈനികരും ഗ്രാമീണരും ഒക്കെ അക്രമത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. "ഇനിയും ചാകണം കുറെയെണ്ണം. കഴിഞ്ഞ ദിവസം നമ്മുടെ ഒരു സൈനികൻ കൊല്ലപ്പെട്ടതല്ലേ? നമ്മളോട് കളിച്ചാൽ ആരായാലും ഒരു പാഠം പഠിക്കണം." ഒട്ടൊരു അമർഷത്തോടെ സ്വയം പ്രഖ്യാപിച്ചു. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ആർത്തിരമ്പിയിരുന്നു. "എല്ലാറ്റിനെയും കൊല്ലണം.ആ രാജ്യം തന്നെ ചുട്ടെരിക്കണം" ആളുകൾ ഓൺലൈനിൽ മുറവിളി. ഇന്നലെ രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് വാർത്തയിൽ നമ്മുടെ നാട് ആക്രമണത്തിന് ഒരുങ്ങുന്നതായി കണ്ടിരുന്നു. ഇന്നിതാ, കാലത്തു തന്നെ ഇതാണ് വാർത്ത.

എന്റെ ചായക്കോപ്പയുടെ വക്കിൽ വന്നിരുന്ന ഒരു ഈച്ചയെ, മടക്കിയ പത്രക്കടലാസു കൊണ്ട് ആഞ്ഞടിച്ചു കൊന്നു.

വാർത്ത കണ്ടിട്ട് നല്ല സന്തോഷം തോന്നുന്നുണ്ടെങ്കിലും ഇവന്മാരെ സൂക്ഷിക്കണം. ഒരവസരം കിട്ടിയാൽ ഇവർ തിരിച്ചടിക്കും. ഇവിടെ അവരുടെ നാട്ടുകാർ ഒരുപാടുണ്ട്. ചിലപ്പോൾ അവന്മാർ പ്രതികരിച്ചേക്കാം. നമുക്കുള്ളത് പോലെയുള്ള വികാരങ്ങൾ അവർക്കുമുണ്ടല്ലോ?

പുറത്തു നന്നേ തണുപ്പെങ്കിലും ഉള്ളിൽ ലേശം ഉഷ്ണം തോന്നുന്നുണ്ട്. തലേന്നു രാത്രി മുക്കാലും കുടിച്ചു തീർത്ത വോഡ്കയുടെ അടപ്പ് താഴെ കിടക്കുന്നുണ്ട്. അതെടുത്ത് കുപ്പി അടച്ചു വെച്ചു.വാർത്തകൾക്കായി ഞാൻ മൊബൈൽ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നു.

"ഇതെന്താ മൊബൈലും തോണ്ടി കൊണ്ടിരിക്കുന്നത്? ഇന്ന് പോണ്ടേ?" ഭാര്യയാണ്, അവൾക്ക് ഈ വക കാര്യങ്ങളിലൊന്നും വലിയ താൽപര്യമില്ല. ജീവിക്കുന്നത് ദുബായിലാണെങ്കിലും നാട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ അൽപം അറിവൊക്കെ വേണ്ടേ? പോട്ടെ, സ്വൽപം രാജ്യസ്നേഹം..എവിടെ??

"മോൾ പോയോ?" മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ തന്നെ ഞാൻ ചോദിച്ചു. അവളുടെ സ്‌കൂൾ ബസ് എന്നും ആറരയ്ക്ക് വരും. സ്കൂള്ബസിന്റെ ഡ്രൈവർ ഒരു പാകിസ്താനിയാണ്. എനിക്കയാളെ പണ്ടേ ഇഷ്ടമല്ല. കുറച്ചു നാളുകളായി ആലോചിക്കുന്നു, അവളെ രാവിലെ ഞാൻ തന്നെ ഓഫീസിൽ പോകുന്ന വഴി സ്‌കൂളിൽ കൊണ്ടു വിടുന്ന കാര്യം. ബസിന്റെ ഫീസും ലാഭിക്കാം. പക്ഷെ ഈയിടെയായി ഞാൻ കാർ എടുക്കാറില്ല. കാറോടിക്കാൻ എന്തോ ഒരു ചെറിയ പേടി പോലെ. കുറച്ചു ദിവസം കഴിഞ്ഞാൽ ശരിയാകും. ഇടക്ക് വല്ലപ്പോഴുമൊക്കെ ഇതുപോലെ ഉണ്ടാകാറുണ്ട്. 

കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഷോഹൈബിന്റെ ഫോൺ വരുന്നത്. തലയും മുഖവും തുടയ്ക്കാതെ, ഈറൻ മുഖത്തു ഫോൺ ചേർത്തു വെച്ചു. "സർജി.. മേം ദസ് മിനിറ്റ് മേം നീച്ചെ ആവൂങ്കാ.." വണ്ടി എടുക്കാതായതിനു ശേഷം ഞാൻ മിക്ക ദിവസങ്ങളിലും ഷോഹൈബിന്റെ കൂടെയാണ് ഓഫിസിൽ പോയിരുന്നത്. പക്ഷേ വരുന്നുണ്ടെങ്കിൽ ദിവസവും രാവിലെ ഞാൻ അവനെ വിളിക്കുകയോ, വാട്സ്ആപ് അയക്കുകയോ ആണ് പതിവ്. അവൻ എന്തിനാ ഇപ്പൊ എന്നെ ഇങ്ങോട്ട് വിളിച്ചത്? അവന്റെ മനസ്സിൽ എന്തോ ഒരു ഉദ്ദേശം ഉള്ളത് പോലെ തോന്നി. ഞാൻ വരുന്നില്ല എന്നു പറഞ്ഞു കാൾ കട്ട് ചെയ്തു. 

ഒരു നിമിഷം ആലോചിച്ചു ഞാൻ പ്രസാദിനെ വിളിച്ചു.

പ്രസാദിന്റെ കൂടെയാണ് ഇന്ന് ഓഫീസിലേക്ക് ഇറങ്ങിയത്. "എന്താ ബാബുസാറേ, യുദ്ധം ഉണ്ടാകുമോ?" ഫേസ്‌ബുക്കിൽ നിന്നെടുത്ത കണ്ണുകൾ ചെറുതായി ഒന്നടച്ച ഞാൻ, ചോദ്യം കേട്ട് ഒന്ന്‌ ഞെട്ടി. ഒന്നു ചിരിച്ച ശേഷം, വീണ്ടും കണ്ണടച്ചു സീറ്റ് അല്പം പുറകോട്ടേക്ക് നീക്കി ചാരികിടന്നു.

ഓഫീസിലേക്ക് കയറിച്ചെന്നു, കണ്ണുകൾ കംപ്യുട്ടറിൽ ഉറപ്പിച്ചു. കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഓഫിസിൽ ഇതേ ജോലിതന്നെയാണ് ചെയ്യുന്നത്. ഇന്നത്തെ പ്രധാന പണികൾ നോക്കാൻ വേണ്ടി പ്ലാനർ തുറന്നു. അതിനിടെ ഞാൻ പെട്ടന്ന് ഓർത്തു..വീട്ടിലെ എന്തോ ഒരു കാര്യം ഞാൻ മറന്നിട്ടുണ്ട്. എന്താണെന്ന് പിടിയില്ല. ഓർത്തു നോക്കിയിട്ട് കിട്ടുന്നുമില്ല. 

ഇന്ന് ഞായറാഴ്ചയാണ്. കുറച്ചു കഴിഞ്ഞാൽ, കണ്ടെയ്നറുകളുടെ ട്രാൻസ്പോർട്ടെഷൻ കമ്പനിയായ കറാച്ചി ഷിപ്പിങ്ങിലെ കൊണ്ട്രാക്ടർ ഇബ്രാഹിമോ അവന്റെ സ്റ്റാഫോ ചിലപ്പോൾ വരും. കഴിഞ്ഞ ആഴ്ച അവൻ വന്നപ്പോൾ പേയ്മെന്റ് കാര്യത്തിൽ ഒരു ചെറിയ വാക്കേറ്റം നടത്തിയതാണ്. അവൻ അതും, ഇന്നലെ നടന്ന സംഭവവികാസങ്ങളും ചേർത്തു വെച്ച് വീണ്ടും ഒരു പ്രശ്നമുണ്ടാക്കിയേക്കാം. എങ്ങിനെയെങ്കിലും ഫൈനാൻസിൽ പറഞ്ഞിട്ട് അവന്റെ പേയ്മെന്റ് ശരിയാക്കണം. 

യുദ്ധം ഉണ്ടായാൽ തീർച്ചയായും ജയം നമ്മുടെ രാജ്യത്തിനു തന്നെയാകും, പക്ഷെ അത്രയും കാലം ഇവറ്റകളെ സൂക്ഷിക്കണം. എന്തും ചെയ്യാൻ മടിക്കാത്തവർ ആണ്. ഇവർക്കൊന്നും നഷ്ടപ്പെടാൻ ഒന്നുമില്ല. നാളെ നമ്മളെ ഒന്നുരണ്ടുപേരെ തട്ടിയിട്ട് ഇവന്മാര് നാട്ടിലേക്ക് കടന്നു കളഞ്ഞാൽ എന്തു ചെയ്യും? 

ഓഫിസിൽ വല്ലാത്ത ഒരു ചൂട് അനുഭവപ്പെടുന്നുണ്ട്. എ.സി ഓണല്ലേ?? യെസ്.. ഞാൻ മറന്ന കാര്യം ഓർമ്മ കിട്ടി, വീടടിലെ എ. സി നന്നാക്കാൻ ഇന്ന് ആള് വരുന്നുണ്ടെന്ന് വാച്ച്മാൻ ഇന്നലെ പറഞ്ഞിരുന്നു. അതൊന്ന് അയാളെ വിളിച്ച് ഓർമ്മപ്പെടുത്തണം.

ഇനി അതെങ്ങാനും വല്ല പാകിസ്താനിയും ആണെങ്കിലോ? ദൈവമേ...വീട്ടിൽ അവൾ തനിച്ചാണ്. അവനെങ്ങാനും പകപോക്കുവാനായി അവളെ? മനസൊന്നു പിടഞ്ഞു. വേഗം ഫോണെടുത്തു ഞാൻ അവളെ വിളിച്ചു. മറുപടിയില്ല. സാധാരണ ഞാൻ വിളിച്ചാൽ ഒന്നോ രണ്ടോ റിങ്ങിൽ ഫോൺ എടുക്കും. വീണ്ടും വീണ്ടും വിളിച്ചു . അവൾ എടുക്കുന്നില്ല. പരിഭ്രമം ഇരട്ടിയായി. എന്തോ സംഭവിച്ചിട്ടുണ്ട് തീർച്ച. അല്ലാതെ അവൾ എന്റെ ഫോൺ എടുക്കാതിരിക്കില്ല. ഉടനെ വീട്ടിൽ ഒന്ന് പോയി നോക്കണം. ഞാൻ പ്രസാദിന്റെ സീറ്റിനരികിലേക്ക് ധൃതിയിൽ നടന്നു.

അവിടെ അവനില്ല. "പ്രസാദ് സാർ താഴെ സിഗരറ്റ് വലിക്കാനോ മറ്റോ പോയതാ സാറേ. ഇപ്പൊ വരും" അഡ്മിനിലെ ഷീബ ചിരിച്ചു കൊണ്ട് പറഞ്ഞു. "അല്ല സാറെന്താ ഇന്ന് പ്രസാദ് സാറുടെ കൂടെ വന്നത്? കഴിഞ്ഞ ആഴ്ച്ച ഷോഹൈബ് കൊണ്ടു വിടുന്നത് കണ്ടല്ലോ? അപ്പൊ സാറുടെ വണ്ടിയെവിടെ?" "എന്റെ വണ്ടി വർക് ഷോപ്പിൽ ആയിപ്പോയി" ഇവൾക്ക് മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ എന്തൊരു താൽപര്യമാണ്? ഇവർക്കൊക്കെ ലോകവിവരം ഉണ്ടോ? നമ്മുടെ ഒരു സുരക്ഷാ ഭടൻ വീരമൃത്യു പ്രാപിച്ചതും, അയാൾ രാജ്യത്തെ നമ്മൾ ആക്രമിക്കുന്നതും ഒക്കെ ഇവളറിയുന്നുണ്ടോ?? വെറുതെ ആര് എങ്ങിനെ വരുന്നു എപ്പൊ പോകുന്നു എന്നൊക്കെ നോക്കിയിരുന്നോളും. ടെൻഷനിടയിലും ഞാൻ ഓർത്തു. "ദാ പ്രസാദ് എത്തിയല്ലോ" അവൾ പറഞ്ഞു. "എന്തു പറ്റി ബാബുസാറേ.. മുഖം എന്താ വല്ലാതിരിക്കുന്നത്?" എന്നെ കണ്ടപാടെ അവൻ ചോദിച്ചു. " താൻ വാ പ്രസാദേ.. നമുക്കൊന്ന് വീട് വരെ പോകാം" ഞാൻ പ്രസാദിനെ ചുമലിൽ തള്ളികൊണ്ട് പറഞ്ഞു. "എന്തു പറ്റി? എന്തെങ്കിലും എമർജൻസി ഉണ്ടോ?" ഞാൻ ഒന്നും പറഞ്ഞില്ല "സാർ യുവർ ഫോൺ ഈസ് റിങ്ങിങ്" മേശപ്പുറത്തു ഞാൻ വെച്ച എന്റെ ഫോണെടുത് എന്റെ കയ്യിൽ തന്നുകൊണ്ടു റെയ്മണ്ട് പറഞ്ഞു. അവളാണ് വിളിക്കുന്നത്. "ഹലോ....എവിടെയാടി?" ഒരു നിമിഷം ഞാൻ പരിസരം മറന്ന് അലറി. "ഞാൻ ഒന്ന് കുളിക്കാൻ കയറിയതാ ബാബു..ആ എ സി ക്കാര് വന്നപ്പോൾ രാവിലെ സമയം കിട്ടിയില്ല. " ഒരു നിമിഷം ശ്വാസം പിടിച്ചു കൊണ്ടു ഞാൻ ചോദിച്ചു "അപ്പൊ അവര് പോയോ? അവർ എവിടുത്തുകാരാ" "പോയി അവർ മലയാളികളാണ്" അവളുടെ മറുപടി കേട്ടപ്പോഴാണ് ഒന്ന് ശ്വാസം നേരെ വീണത്. 

"അല്ല ബാബുസാറേ..."

തിരികെ സീറ്റിലേക്ക് നടക്കുന്ന എന്നെ പ്രസാദ് പുറകിൽ വന്ന് വിളിച്ചു. "അതു സോൾവായി പ്രസാദേ.. ഇനിയിപ്പോ പോണ്ട" ഞാനത് പറഞ്ഞു 

സീറ്റിൽ മടങ്ങി വന്നിരുന്നു. ഇരുപതോളം പുതിയ മെയിലികൾ വന്നിട്ടുണ്ട്. പക്ഷെ ഒന്നും വായിക്കാൻ തോന്നുന്നില്ല. കഴിഞ്ഞ തവണ, ഒന്നു രണ്ടു സുപ്രധാന മെയിലുകൾ നോക്കാൻ വിട്ടു പോയിട്ട് ജനറൽ മാനേജരുടെ ചീത്തവിളി നല്ലോണം കേട്ടതാണ്. ഇനിയിപ്പോ ഏതായാലും ഉച്ച കഴിഞ്ഞു നോക്കാം. മനസ്സിന് ഒരു വല്ലാത്ത പിരിമുറുക്കം. ഞാൻ വീണ്ടും ഫോണിൽ ഫേസ്‌ബുക്ക് തുറന്നു.

അല്പം കഴിഞ്ഞു പ്രസാദ് സീറ്റിനരികെ വന്നു. "സാറേ നമുക്ക് കഴിക്കാൻ പോണ്ടേ?" " ഞാൻ ഇന്ന് ലഞ്ച് എടുത്തിട്ടില്ല പ്രസാദേ..എനിക്ക് തീരെ വിശപ്പുമില്ല" 

പ്രസാദ് ചിരിച്ചുകൊണ്ട് പറഞ്ഞു "ബാബുസാർ മറന്നോ ? "ഇന്നെന്റെ ചിലവല്ലേ?" ശരിയാണ് പ്രസാദിന് കുഞ്ഞു ജനിച്ചതിന്റെ ട്രീറ്റ് ആണ് ഇന്ന് എന്നു പറഞ്ഞിരുന്നു. മറന്നു പോയി. 

ലഞ്ചിന് പ്രസാദിന് ഓഫിസിൽ ഏറ്റവും അടുപ്പമുള്ള നാലു പേരെ മാത്രമേ വിളിച്ചിട്ടുള്ളൂ. ഞങ്ങൾ അഞ്ചു പേരും കൂടെ പുറത്തിറങ്ങി നടന്നു. പുറത്തെ കാലാവസ്ഥ നല്ലതാണെങ്കിലും ഉള്ളിൽ കൊടും ചൂടാണ്. ലേശം പൊടിക്കാറ്റ് വീശുന്നുണ്ട് അകത്തും പുറത്തും. എത്രയും പെട്ടന്ന് ഒന്ന് നാട്ടിൽ പോണം. കുറച്ചു വിശ്രമം വേണം. നടക്കുന്നതിനിടെ ഞാൻ ചിന്തിച്ചു.

"നമുക്ക് ഇവിടെ കേറിയാലോ? കൂട്ടത്തിലാരോ പറഞ്ഞു കൊണ്ട് ഒരു റസ്റന്റിനകത്തേക്ക് കയറി. അവർക്കൊപ്പം ഞാനും നടന്നു. പാകിസ്താനി റെസ്റ്ററണ്ട് ആണ്. കബാബും, മട്ടൻ ബിരിയാണിയും, റൊട്ടിയും, ചിക്കാൻ ടിക്കയും, പായക്കറിയും ഒക്കെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പക്ഷെ ഇന്നെനിക്ക് എന്തൊ...

" സർജി, ഭോലിയേ.." ഓർഡർ എടുക്കാൻ വന്ന സപ്ലയർ ധൃതിയിൽ പറഞ്ഞൊപ്പിച്ചു. ഈ കടയിൽ ഞാൻ ഇതിനു മുൻപ് പലതവണ വന്നിട്ടുണ്ട്. അന്നൊന്നും ഉണ്ടായിയുന്ന ആ പുഞ്ചിരിയോ കുശാലന്വേഷണമോ ഒന്നും ഇന്ന് അയാളുടെ മുഖത്തു കണ്ടില്ല. പണ്ട് ഞാൻ കരുതിയത്, മനസ്സിൽ ഒരു വിദ്വേഷം ഉണ്ടെങ്കിലും കസ്റ്റമറോട് കാണിക്കേണ്ട സാമാന്യ മര്യാദകൾ അവനും മറ്റ് ജീവനക്കാരും കാണിക്കാറുണ്ട് എന്നാണ്. അവിടെ കഴിച്ചു കൊണ്ടിരുന്ന മറ്റ് കസ്റ്റമേഴ്സ് ഓരോരുത്തരും ഞങ്ങളെ തറച്ചു നോക്കുന്നതെന്തിനാകും? 

ആവി പറക്കുന്ന കോഴിയും, തന്തൂരി റൊട്ടിയും കണ്ടിട്ടെനിക്ക് ആദ്യമായി കൊതി തോന്നിയില്ല. ദൂരെ പലയിടങ്ങളിലായി മാറി നിൽക്കുന്ന വെള്ളയും വെള്ളയും ധരിച്ച ഹോട്ടൽ ജീവനക്കാർ ഞങ്ങളെ നോക്കി അടക്കം പറയുന്നത്‌ പോലെ തോന്നി. 

"കിക്കിൻ ബാബ്വേട്ടാ...നിങ്ങൾ എന്താ നോക്കിയിരിക്കണത്?" പ്രസാദ് തമാശ പറഞ്ഞു.

ശത്രുക്കളെ ഭക്ഷണത്തിലും,വെള്ളത്തിലും വിഷം കലർത്തി നൽകി കൊല്ലുന്ന ഏജന്റ്മാരുടെ ഒരു സിനിമ ഇന്നാള് കണ്ടത് ഓർമ വന്നു. ഇവർക്കും അത് നമ്മളോട് ചെയ്യാവുന്നതെ ഉള്ളു. ഇക്കൂട്ടതിൽ ഏതെങ്കിലും ഒരുത്തനു ഒരു ദുർബ്ബല നിമിഷത്തിൽ വികാരം അണപൊട്ടിയാൽ? ഇതിൽ ഒരു ഭ്രമം പടിച്ചവൻ ഉണ്ടെങ്കിൽ?? അതോടെ തീർന്നു.

എനിക്കിനി ഇവിടെ നിന്നു ഭക്ഷണം കഴിക്കാനാകില്ല. ഒന്നും കഴിച്ചില്ലെങ്കിൽ പക്ഷെ പ്രസാദിനെന്തു തോന്നും.

ഞാൻ മനസ്സില്ലാമനസ്സോടെ, ഒന്നു രണ്ടു കഷ്ണം മാത്രം കഴിച്ചുവന്നു വരുത്തി, പതുക്കെ ഫോണെടുത്ത് ചെവിയിൽ വെച്ച് ഇപ്പോൾ വരാമെന്നു മറ്റുള്ളവരോട് ആംഗ്യം കാണിച്ച് ധൃതിയിൽ പുറത്തേക്ക് നടന്നു.

തിരികെ ഓഫീസിലേക്ക് എത്തിയ എനിക്ക് വീണ്ടും എന്തൊക്കെയോ ഒരു വേവലാതി വീട്ടിലേക്ക് ഫോൺ ചെയ്തു, 

"മോൾ എത്തിയോ?" ഇടറിയ സ്വരത്തിൽ ഞാൻ ചോദിച്ചു. "അവൾ വരാറായില്ലല്ലോ രണ്ടര ആകില്ലേ?? എന്തു പറ്റി?" അവളുടെ മറുപടി."ഒന്നുമില്ല അവൾ എത്തുമ്പോൾ ഒന്ന് വിളിക്കണെ..."അത്രയും പറഞ്ഞു ഞാൻ ഫോൺ വെച്ചു. 

മൊബൈലിൽ തുടരെ തുടരെ നോട്ടിഫിക്കേഷൻസ് വന്നുകൊണ്ടിരിക്കുന്നു. രണ്ടു മൂന്ന് ദിവസങ്ങളായി താൻ എഴുതികയും ഷെയർ ചെയ്യുകയും ചെയ്‌ത പോസ്റ്റുകളിൽ എന്തൊക്കെയോ കമന്റുകൾ വരുന്നുണ്ട്. വായിക്കാൻ ധൈര്യം വരുന്നില്ല. താൻ എഴുതുന്ന പോസ്റ്റുകൾ ഒക്കെ മലയാളത്തിലാണ്. ഇടക്ക് ഏതോ ചെറിയ ഒരെണ്ണം മാത്രം ഇംഗ്ലീഷിൽ ഉണ്ട്. ഇനി അതെങ്ങാനും ഇവന്മാര് വായിച്ചു കാണുമോ? ഞാൻ അതോർത്തതുമില്ല.

ലാൻഡ്‌ലൈനിൽ വെയർഹൗസിൽ നിന്നുമൊരു കോൾ വന്നു. എടുത്തപ്പോൾ റഷീദ് ആണ്."സാർ നമ്മുടെ രണ്ടു ഷിപ്മെന്റ്‌ എന്തോ ഡോക്യൂമെന്റഷൻ പ്രശ്നം മൂലം റിലീസ് ആകാതെ കിടക്കുന്നുണ്ട്" അതിനെക്കുറിച്ചു പറയാൻ മുഷ്താഖ് അങ്ങോട്ട് വരുന്നുണ്ട്. 

എന്റെ ചങ്കിടിച്ചു. ഒരുപക്ഷേ അവനെങ്ങാനും തൻറെ ഇംഗ്ലീഷ് പോസ്റ്റ് കണ്ടു കാണുമോ? ഞാൻ പറഞ്ഞു" ഞാൻ ഇറങ്ങാൻ നിൽക്കുകയാണ് റഷീദേ.. താൻ അതൊന്ന് ഡീൽ ചെയ്യ്..അല്ലെങ്കിൽ ഒന്ന് പ്രസാദിനെ വിളിച്ചാൽ മതി"

വീണ്ടും പ്രസാദിന്റെ സീറ്റിനരികെ ചെന്ന് ഞാൻ പറഞ്ഞു." പ്രസാദെ എനിക്കെന്തോ ഒരു സുഖമില്ലാത്ത പോലെ എന്നെ ഒന്ന് വീട്ടിൽ വിടാമോ?" "അയ്യോ എന്റെ ജോലി കഴിഞ്ഞില്ലല്ലോ സാറേ.. സാർനിത് എന്തു പറ്റി? ഭക്ഷണം കഴിക്കാതെയാണല്ലോ ഇങ്ങോട്ട് വന്നത്? ഒരു കാര്യം ചെയ്യൂ സാറേ, എന്റെ വണ്ടി എടുത്തോണ്ട് പൊയ്ക്കോളൂ, ഞാൻ വൈകീട്ട് അവിടെ വന്നെടുത്തോണ്ട് പൊയ്ക്കോളാ" കംപ്യുട്ടറിൽ എന്തൊ തിരക്കിട്ട് ടൈപ്പ് ചെയ്യുന്നതിനിടയിൽ പാന്റ് പോക്കറ്റിൽ നിന്ന് ചാവി എടുത്തു തന്നിട്ട് പ്രസാദ് പറഞ്ഞു. ഇനിയിപ്പോ വേറെ നിവർത്തിയില്ല. വണ്ടി ഓടിച്ചേ മതിയാകു. ആ താക്കോൽ വാങ്ങി പാർക്കിങ്ങിലേക്ക് നടന്നു. വണ്ടി ഓടിക്കാൻ വയ്യെന്ന വിവരം ഇവർ അറിയരുത് എന്നെനിക്ക് നിർബന്ധമായിരുന്നു.

രണ്ടും കല്പിച്ചു ഞാൻ പാർക്കിങ് ഏരിയയിൽ ചെന്നു പ്രസാദിന്റെ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു. പതുക്കെ വണ്ടി പുറത്തേക്ക് എടുത്തു. കൈ ചെറുതായി വിറയ്ക്കുന്നുണ്ട്. ഉച്ച സമയമായതിനാൽ റോഡിൽ തീരേ തിരക്കില്ല. 

"ഇരു രാജ്യങ്ങളും കനത്ത യുദ്ധ ഭീതിയിൽ. അതിർത്തിയിൽ അതീവ ജാഗ്രതാ നിർദ്ദേശം. ശക്തമായ രീതിയിൽ പ്രതികരിക്കും എന്ന്‌ രണ്ടു രാജ്യങ്ങളുടെ യും പ്രതിനിധികൾ അറിയിച്ചു.....വാർത്തകൾ വിശദമായി...." ഞാൻ റേഡിയോ ഓഫ് ചെയ്തു. 

മുന്നിൽ കാണുന്ന റൌണ്ടെബൗട്ടിൽ നിന്ന്, ഇടത്തോട്ടാണ് തിരിയിണ്ടത്. മൊബൈലിൽ പെട്ടന്നൊരു നോട്ടിഫിക്കേഷൻ വന്നപ്പോൾ കണ്ണൊന്ന് അങ്ങോട്ട് മാറ്റി. ഒരു ഹോണടി ശബ്ദം കേട്ടു പതറി നോക്കിയ ഞാൻ മുന്നിൽ നിന്നും തിരിഞ്ഞ ഒരു പിക് അപ് വാനിന്റെ പുറകിൽ കൊണ്ടിടിച്ചു. "തീർന്നു..ഇന്നത്തെ കാര്യം ഇങ്ങനെ പോയി" സ്വയം പ്രാകിക്കൊണ്ടു ഞാൻ വണ്ടി വശത്തേക്ക് മാറ്റിയിട്ടു. ഡോർ തുറന്ന് പുറത്തേക്കിറങ്ങി. 

തന്റെ വണ്ടിയുടെ പുറകിൽ പാർക്ക് ചെയ്ത പിക് അപ് വാനിൽ നിന്നും, ചായം നരച്ചതും, മുഷിഞ്ഞതുമായ കുർത്ത ധരിച്ച രണ്ടു പാകിസ്താനികൾ പുറത്തിറങ്ങി എന്റെ അടുത്തേക്ക് നടന്നു വരുന്നു. എന്താണ് ഇനി സംഭവിക്കുക എന്നറിയില്ല. താനിതാ ആക്രമിക്കപ്പെടാൻ പോകുന്നു. ഇത്രയും നേരം ഭയന്നത് മിക്കവാറും ഇപ്പോൾ സംഭവിക്കും. എന്നെപ്പോലൊരു ദുർബ്ബലനെ, ഇവർക്ക് എളുപ്പത്തിൽ കീഴ്പെടുത്താം. അസാമാന്യ ധൈര്മാണിവർക്ക് എന്നു കേട്ടിട്ടുണ്ട്. ഒരു പക്ഷേ ഇവിടുത്തെ നിയമം ഒന്നും കാര്യമാക്കിയില്ലെങ്കിൽ എന്തു ചെയ്യും? 

എന്റെ നെറ്റിയിൽ നിന്നും വിയർപ്പ് പൊടിഞ്ഞു തുടങ്ങി. തൊണ്ട വറ്റി വരളുന്നത് പോലെ..കയ്യും കാലുമൊക്കെ തളരുന്നു. ബോണറ്റിൽ ചാരി നിന്ന ഞാൻ ഇതാ ഊർന്നു താഴെ നിലത്തിരിക്കുന്നു. എനിക്കരികെ വന്ന പാകിസ്താനികൾ എന്നെ പൊക്കിയെടുക്കുന്നത് ഓർമയിലുണ്ട്.

ഒരായിരം ചിന്തകൾ തലയിലൂടെ കടന്നു പോകുന്നു. താനിപ്പോൾ എവിടെയാണ്? ഏതെങ്കിലും ഒരു അടഞ്ഞ മുറിയിൽ ആരുടെോ തടവിലാണോ? തന്നെയിവർ എന്താണ് ചെയ്യാൻ പോകുന്നത്. എന്റെ കണ്ണുകൾ മൂടപ്പെട്ടിട്ടുണ്ട്. കൈകാലുകൾ ഒന്നും ബന്ധിക്കപ്പെട്ടിട്ടില്ല. ഇടതു കൈപതുക്കെ ഉയർത്തി, കണ്ണിനു മുകളിലെ തുണി നീക്കി. ഇതൊരു ക്ലിനിക് ആണല്ലോ. ഇനി അവരെങ്ങാനും തന്നെ ആക്രമിച്ചു വഴിയിൽ ഉപേക്ഷിച്ചതാണോ?? " ആഹാ സാർ എണീറ്റോ? ഒന്നും കുഴപ്പമില്ല സാറേ.. ലേശം പ്രഷർ കയറിയതാ. രണ്ടു പാകിസ്താനികൾ ഇവിടെ കൊണ്ടാക്കിയിട്ട് ഓഫീസിലേക്ക് വിളിച്ചിരുന്നു. ഇപ്പൊ ഡോക്ടർ വരും. കുറച്ചു നേരം കൂടെ ഇവിടെ കിടന്നാൽ വീട്ടിൽ പോകാം." പരിശോധന മുറിയുടെ വാതിൽ തുറന്ന് ഒരു ലേഡി ഡോക്ടർ എനിക്കരികെവന്നു.

" ഹൗ ആർ യൂ ഫീലിംഗ് മിസ്റ്റർ ബാബു?" ഞാൻ പതുക്കെ തലയുയർത്തി നോക്കി. കുപ്പിയിൽ നിന്നു സിറിഞ്ചിലേക്ക് മരുന്നു വലിച്ചു കയറ്റുന്ന അവരുടെ നെയിം ബാഡ്ജ് ഒരു മിന്നായം പോലെ കണ്ടു. Dr. Mughnia Mahmoud" . പാകിസ്താനിയാണ്. ഇവർ തനിക്ക് എന്തു കുത്തിവെപ്പാണ് എടുക്കാൻ പോകുന്നത്. എനിക്ക് വീണ്ടും തല കറങ്ങുന്നത് പോലെ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.