Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുമ്പിയാട് നമുക്ക് ചുറ്റും കണ്ണോടിക്കുന്നു

creat

സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുകയും വായനക്കാരുടെ മികച്ച അഭിപ്രായങ്ങൾ ലഭിച്ചതുമായ കവിതാസമാഹാരമാണ് തസ്‌ലീം കൂടരഞ്ഞിയുടെ കറുമ്പിയാട്. പല ഗ്രൂപ്പിലും, ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ടൈംലൈനിലും അതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വായിച്ചപ്പോൾ തന്നെ പുസ്തകം വാങ്ങുവാൻ ഒത്തിരി ആഗ്രഹിച്ചതാണ്. 

തന്റെ ചുറ്റുപാടുള്ള വ്യത്യസ്തമായ കാഴ്ചകളിലേക്കുള്ള ആയിരം വാതിലുകളെ കവിതകളിൽ കവി തുറന്നുവെക്കുന്നതായി നമുക്ക് കാണാം. പല കവിതകളും വായനക്കാരുടെ ഹൃദയത്തോട് നേരിട്ട് സംവദിക്കുന്നതാണ്. വളരെ ലളിതമായ വാക്കുകളിൽ കവിത അവതരിപ്പിക്കുകയും പല കവിതകളും മനസ്സിനെ പൊള്ളിക്കുന്ന നോവായി മാറുന്നുണ്ട്. തന്റെ പരിസരത്തെ അടയാളപ്പെടുത്തുന്ന കവിത തന്നെ വളരെ പെട്ടെന്ന് ആത്മീയതയിലേക്ക് എത്തുന്നതായി കാണാം. കലുഷിതമായ ഇന്നത്തെ ഫാസിസത്തിന്റെ തുറന്നെഴുത്താവുന്നുണ്ട് മറ്റു ചില കവിതകൾ. 

"സ്വപ്നങ്ങളിൽ മന്ത് ബാധിച്ചൊരു കാലത്തിന്റെ ഈ നേരെഴുത്തുകാരനോട്, അനുജനോട് അദ്ദേഹത്തിന്റെ കവിതകളോട് ഞാനെന്ന വായനക്കാരൻ കടപ്പെട്ടിരിക്കുന്നു. ഭാഷാ ശൈലിയിലും വാക്കൊതുക്കത്തിലും പ്രമേയ സ്വീകരണത്തിലും തസ്‌ലീം ഏറെ മുന്നിലാണെന്ന് 'കറുമ്പിയാട്' എന്ന കവിതാസമാഹാരത്തിലെ കവിതകൾ സാക്ഷ്യപ്പെടുത്തുന്നു." എന്ന് പുസ്‌കത്തിന്റെ അവതാരികയിൽ കവി പവിത്രൻ തീക്കുനി അഭിപ്രായപ്പെടുന്നു. 

"സർവവഴികളെയും വിസ്തൃതമാക്കാനാണ്, ബഹുസ്വരതകളുടെ അടഞ്ഞവാതിലുകൾ തുറക്കാനാണ് തസ്‌ലീം കൂടരഞ്ഞിയുടെ 'കറുമ്പിയാട്' എന്ന കവിതാസമാഹാരത്തിലെ കവിതകൾ പൊതുവിൽ കൊതിക്കുന്നത്." എന്ന് കവിതാസമാഹാരത്തിന്റെ ആസ്വാദനത്തിൽ കെ.ഇ.എനും പറഞ്ഞുവയ്ക്കുന്നു. 

കവിതാസമാഹാരത്തിലെ ആദ്യ കവിത 'അമ്മേ മാപ്പ്' ട്രെയിനിൽ തന്റെ മുൻപിൽ ഇരിക്കുന്ന കുഞ്ഞിന് മുല കൊടുക്കാൻ മടിക്കുന്ന പാൽ വറ്റിയ പാൽ കുപ്പി കുഞ്ഞിന്റെ ചുണ്ടോട് വച്ചു കൊടുക്കുന്ന അമ്മയോട് തുറച്ചു നോക്കില്ല കുഞ്ഞിന് പാൽ കൊടുത്തോളൂ എന്ന് പറയുന്ന കവി വളരെ പെട്ടെന്നാണ് ആ കവിതയെ അമ്മയുടെ ദൈന്യതയിലേക്ക് വായനക്കാരെ കൊണ്ടുവരുന്നത്. "ഞാൻ തുറിച്ചു നോക്കി / മാറിലേക്കല്ല / മനസ്സിലേക്ക്. / മാതൃത്വം / ചുരത്തി നൽകാനാവാത്ത / ഒരമ്മ അവിടെയിരുന്ന് / കരയുന്നുണ്ടായിരുന്നു." എന്ന വരികളിൽ ആ കവിത അവിടെ അവസാനിക്കുമ്പോഴും വായനക്കാരുടെ മനസ്സിൽ കാഴ്ചയുടെ നോവ് ബാക്കിയാവുന്നു.

'കാത്തിരിപ്പ്' എന്ന കവിത പ്രവാചക അനുരാഗത്തെ എനിക്കൊരു പ്രണയമുണ്ടെന്ന പ്രണയിതാവിന്റെ തുറന്നു പറച്ചിലായി അവതരിപ്പിക്കുന്നു. 

'മരിക്കും മുൻപേ മധുവിനെ എനിക്കറിയാം' എന്ന കവിത നാം കണ്ടിട്ടും ശ്രദ്ധിക്കാതെ, ചേർത്തു പിടിക്കാതെ ദൂരത്തേക്ക് ആട്ടിയോടിച്ച ഒരായിരം മധുമാരുടെ തുറന്ന ചിത്രമാവുന്നുണ്ട്. 

'മാണിക്യമലരാണ് ഉമ്മ' എന്ന കവിത വിവാദമാവുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത മാണിക്യമലരായ എന്ന മാപ്പിളപ്പാട്ടിന് മറുപടിയാവുന്നു. ഞങ്ങളുടെ ഉമ്മയെ കുറിച്ചാണ് നിങ്ങൾ പാടുന്നതെന്നും, നിങ്ങൾ പാടിയതിലേറെ ഉമ്മയെ കുറിച്ച് പറയാനും അറിയാനും ഉണ്ടെന്ന് പറയുന്ന കവി വിശ്വാസികളുടെ ഉമ്മയായ, മുത്ത് നബിയുടെ പ്രിയ പത്നിയായ ഖദീജ ബീവിയെ കുറിച്ചും അവിടുത്തെ വിശേഷണങ്ങളും ഈ കവിതയിൽ വർണ്ണിക്കുന്നു.

'മാജിക്കുകാരൻ' എന്ന കവിത ഒരു തെരുവ് സർക്കസ്സുകാരന്റെ ജീവിതത്തിൽ നിന്ന് തുടങ്ങി, 'അതിന് കൈ നീട്ടണം / മനുഷ്യരോടല്ല / മന്നാനോട് / പടച്ച റബ്ബിനോട്' എന്ന വരികളിലൂടെ ആത്മീയതയിൽ എത്തിച്ചേരുന്നു. 

'ഇത്താത്ത' എന്ന കവിത പ്രിയ സഹോദരിയുടെ നോവുള്ള ഓർമയാവുന്നു. 'ഡയറിക്കുറിപ്പ്' എന്ന കവിത അക്രമരാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നു. 'കുട്ടിക്കാലസഖീ' എന്ന കവിത ബാല്യകാല സൗഹൃദത്തെ പ്രണയത്തെ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളിലൂടെ മനോഹരമായി അവതരിപ്പിക്കുന്നു. 'തിരോധാനം' എന്ന കവിത ഫാസിസത്തിന്റെ കാലത്ത് നഷ്ടപ്പെട്ടു പോവുന്ന ഇന്ത്യയെ അവതരിപ്പിക്കുന്നു. 

'ബംഗാളിക്കല്യാണം' എന്ന കവിത സമൂഹത്തിന് നേർക്ക് തുറന്നു പിടിച്ച കണ്ണാടിയാവുന്നു. വിവാഹപ്രായമെത്തിയ മകൾ പുര നിറഞ്ഞു നിൽക്കുമ്പോൾ പോലും സഹായവുമായി എത്താത്ത ബന്ധുക്കളും അയൽവാസികളും മകൾ ഒരു ബംഗാളിയുടെ കൂടെ ഇറങ്ങി പോയപ്പോൾ ചോദ്യങ്ങളുമായി വരുന്ന കാഴ്ചയെ വിവരിക്കുന്നുണ്ട് ഈ കവിത.

ഈ കവിതാസമാഹാരത്തിലെ ഏറ്റവും മികച്ച കവിത തന്നെയാണ് 'കറുമ്പിയാട്'. 'വടക്കിനിപ്പുറത്ത് / കറുമ്പിയാട് പെറുമ്പോൾ / നടുമുറിയിൽ / ഉപ്പൂപ്പ സക്കറാത്തലായിരുന്നു' എന്ന വരികളിലൂടെ തുടങ്ങുന്ന കവിത വൈകാരിക കാഴ്ചകളുടെ നോവായി മാറുന്നു. വായനയ്ക്ക് ശേഷവും ഈ കവിത വായനക്കാരന്റെ മനസ്സിൽ ബാക്കിയാവുന്നുണ്ട്.

തസ്‌ലീം കൂടരഞ്ഞിയുടെ കറുമ്പിയാടിലെ എല്ലാ കവിതകളും മികച്ചതാണെന്ന അഭിപ്രായമില്ലെങ്കിലും ഒത്തിരി മികച്ച കവിതകൾ സമ്മാനിക്കുവാൻ ഈ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. വായനക്കാരന് ഒറ്റയിരിപ്പിൽ തന്നെ വായിക്കാവുന്ന ലളിതവും എന്നാൽ വൈകാരിക തീവ്രമായ കാഴ്ചകൾ തന്നെയാണ് തസ്‌ലീമിന്റെ ഓരോ കവിതയും. തസ്‌ലീമെന്ന കുഞ്ഞനുജനിൽ നിന്ന് ഇനിയും മികച്ച രചനകൾ പ്രതീക്ഷിക്കുന്നു. നന്മകൾ നേരുന്നു, ഒപ്പം പ്രാർത്ഥനയും.

കുറുമ്പിയോട്

തസ്‌ലീം കൂടരഞ്ഞി

IPB ബുക്സ്

വില : 100 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.