Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസിയുടെ 'പെട്ടി'

സമദ് റഹ്മാന്‍ കൂടല്ലൂര്‍
dead-body

അളിയന്‍റെ മൃതദേഹം കാണുവാനും മയ്യത്ത് നമസ്കാര ചടങ്ങുകള്‍ക്ക് കൂടുവാനുമാണ് ഹോസ്പിറ്റലില്‍ എത്തിയത്. മയ്യത്ത് എത്തുവാന്‍ ഇത്തിരി വൈകും എന്നറിഞ്ഞതോടേ മോര്‍ച്ചറിയോട് ചേര്‍ന്നു നില്‍ക്കുന്ന പള്ളിക്കകത്തേയ്ക്കു നടന്നു. അവിടെയാകേ ഒരു മരണത്തിന്‍റെ മണം. ഡെറ്റോള് പോലുളള എന്തോ ഒരു സുഗന്ധം പള്ളിക്കകത്ത് നിറഞ്ഞു നില്‍ക്കുന്നു. തൊട്ടടുത്ത് മോര്‍ച്ചറിയായത് കൊണ്ടോ എന്തോ ആ ഗന്ധകം നാസാരന്ധ്രങ്ങളില്‍ മരണ ചിന്ത വാരി കോരിയിട്ടു. ഇതിനിടയില്‍ സുഹൃത്തും അളിയന്‍റെ ജ്യേഷ്ഠന്റെ മകനുമായ ബര്‍കത്ത് ബാബു ആക്സിഡന്‍റിനെ കുറിച്ചു വിവരിച്ചതുമൊക്കേ കണ്ണ് നിറക്കുകയും ഹൃദയം വിറക്കുകയുമായി. അസര്‍ നമസ്കാരം കഴിഞ്ഞ് പള്ളിക്ക് പുറത്തിറങ്ങിയപ്പോള്‍ മോര്‍ച്ചറിക്കു മുന്‍പില്‍ ഒരു ജനക്കൂട്ടം. അവരേ കണ്ടാല്‍ എതോ കെട്ടിടനിർമാണ കമ്പനിയിലേ തൊഴിലാളികളേ പോലുണ്ട്. അവരില്‍ അധിക പേരും പാക്കിസ്ഥാനികളാണെന്ന് തോന്നുന്നു. ഒരു മസ്റിയും ഒരു പാക്കിസ്ഥാനിയും മോര്‍ച്ചറിയുടേ അകത്ത് നിന്ന് പുറത്തേക്ക് വന്നു. 

അവര്‍ എന്തൊക്കെയോ പറയുന്നുണ്ട്. ഇൗ രണ്ടു പേരും ചിലപ്പോള്‍ കമ്പനി മൂദീര്‍മാര്‍ ആയിരിക്കാം. അല്‍പം കഴിഞ്ഞ് പുറത്തു കൂടി നിന്നിരുന്ന ആ സംഘവുമായി അവര്‍ മോര്‍ച്ചറിക്കുളളില്‍ കടന്നു. തങ്ങളുടേ സുഹൃത്തിനേ അവസാനമായി ഒരു നോക്ക് കാണുവാനാകണം ആ സുഹൃത്തുക്കള്‍ വികാര നിര്‍ഭരമായി ആ മയ്യത്തിന് ചുറ്റും കൂടി നിന്നു. ഇന്നലെ പറഞ്ഞ തമാശകള്‍, ഗൗരവമായ ചര്‍ച്ചകള്‍, ഭാവി ജീവിതത്തിന്‍റെ കണക്കു കൂട്ടലുകള്‍. ഒരു പാത്രത്തില്‍ നിന്നു പങ്ക്‌വച്ചു കഴിച്ചത്. ഇതെല്ലാമാണല്ലോ പ്രവാസികളുടേ ഒറ്റമുറിയില്‍ നാലോ അഞ്ചോ മനുഷ്യര്‍ക്ക് ഞെങ്ങി ഞെരുക്കി പറയുവാനുണ്ടാവുക.

അയാള്‍ നാട്ടിലേക്ക് വിളിച്ചിട്ടുണ്ടാവും. ഭാര്യയോട് മധുരം വിളമ്പിയിട്ടുണ്ടാവും. മക്കളോട് കൊഞ്ചിയിട്ടുണ്ടാവും. മാതാപിതാക്കളോട് അവരുടേ പ്രയാസങ്ങളെ ക്കുറിച്ചും അസുഖത്തേ കുറിച്ചു മെല്ലാം ആരാഞ്ഞിട്ടുണ്ടാവും. നാട്ടിലെത്തിയതിന്‍റെ പിറ്റെന്നാള്‍ നമ്മള്‍ പോകുമായിരുന്ന ഇടങ്ങളും ബാല്യത്തിലെ സുന്ദര നിമിഷങ്ങളും സുഹൃത്തുക്കളോടു പങ്കുവച്ചു കാണണം. ചിലപ്പോള്‍ പതിവില്ലാത്ത വിധം സ്നേഹവും ബഹുമാനവും കാര്യഗൗരവവും തമാശയുമൊക്കേ ഉറ്റവരോടും ഉടയവരോടും പ്രകടിപ്പിച്ചിട്ടുണ്ടാവും. മരണം വരും മുന്‍പ് അങ്ങിനെയാണല്ലോ ചിലര്‍ നല്ല ഫോമിലായിരിക്കും. അവസാന വിളിയാണിത് എന്നറിയാതെ തിരക്കു പറഞ്ഞ് കട്ട് ചെയ്യിപ്പിച്ചിട്ടുമുണ്ടാവും ചിലര്‍. 

അങ്ങിനേ എല്ലാ തിരക്കുകളും കഴിഞ്ഞ് അയാള്‍ ആ ഫ്ലൈവുഡ് പെട്ടിയില്‍ ശാന്തമായി കിടക്കുകയാണ്.കണ്ടവരെല്ലാം ഒരു വഴിയിലൂടേ കടന്ന് മറ്റൊരു വഴിയിലൂടേ പുറത്തിറങ്ങി മോര്‍ച്ചറിക്ക് കുറച്ചപ്പുറം പോയി അവര്‍ കൂട്ടം കൂടിനിന്നു. ആ നില്‍പ്പ് കണ്ടാല്‍ അറിയാം അവര്‍ മരണത്തേ കുറിച്ച് ഒാര്‍ക്കുകയാവും.

സമയം വീണ്ടും ഇഴഞ്ഞു. അകത്ത് നിന്ന് ഒരാള്‍ വിളിച്ചു. ബോഡികള്‍ എയര്‍ പോര്‍ട്ടിലേക്ക് കൊണ്ടു പോകുന്ന കാര്‍ഗ്ഗോ വാഹനത്തിന്‍റെ ഡ്രൈവറാണ്. മലയാളിയാണ്. 

"ഭായ് . ഒരു മിനിറ്റ്. 

അയാള്‍ വിളിച്ചത് കേട്ട് അടുത്തേക്ക് ചെന്നു. മോര്‍ച്ചറിയുടേ ഉള്‍വശം ആദ്യമായി കാണുകയാണ്. നാട്ടിലുളള മോര്‍ച്ചറിയുടേ ബോര്‍ഡ് പോലും ഇത് വരേ ഞാന്‍ കണ്ടിട്ടില്ല ആശുപത്രയില്‍ പോകുമ്പോഴൊക്കെ പരിസരത്ത് മോര്‍ച്ചറിയുണ്ട് എന്ന് കേട്ടാല്‍ ആ വഴിക്ക് പോകുവാന്‍ തന്നേ മടിയുളള ആളാണ് ഞാന്‍. അങ്ങിനെയുളള എന്നേയാണ് മോര്‍ച്ചറിക്കുളളിലേക്ക് വിളിക്കുന്നത്.. 

" പേടിയുണ്ടോ.. ?

അയാളുടേ അടുത്ത ചോദ്യം. കൂടേയുളള രണ്ട് മൂന്ന് പേരിലേക്ക് ഞാന്‍ നോക്കി. വിറളി വെളുത്ത് നില്‍ക്കയാണ് മൂന്ന് പേരും. 

" പേടീന്ന് പറഞ്ഞാല്‍. എന്താ ആവശ്യം അതു പറയൂ. 

പേടിയുണ്ടോന്ന് ചോദിച്ച് ഒരു ജോലി നമ്മളേ ഒരാള്‍ ഏല്‍പിക്കുമ്പോള്‍. എന്തായാലും ഒരു വേജാറ് നമ്മളേ പിടികൂടാറില്ലേ. അതേ ഞങ്ങള്‍ക്കും സംഭവിച്ചുളളൂ.. 

"പേടിയില്ലാത്ത രണ്ടു പേര്‍ ഒന്ന് വരൂ. ആ ബോഡിയെടുത്ത് സ്ട്രെക്ചറില്‍ വെക്കാനാ. 

ഒരു നിമിഷം ആലോചിച്ചു. 

അത് കണ്ടിട്ടാവണം. അയാള്‍ വീണ്ടും. 

"സഹോദരാ... അടുത്തത് നീയാണോ ഞാനാണോ എന്നറിയില്ല. ആരാവും ഈ പെട്ടിക്കുളളിലാവുക എന്നു പറയുവാനാവില്ല. കഴിയുമെങ്കില്‍ വരിക

ഇയാള്‍ അവസരം മുതലെടുക്കുകയാണോ. എന്ന് ഒരു വേള ചിന്തിക്കായ്കയില്ല. പിന്നീട് ആലോചിച്ചു. അയാള്‍ പറഞ്ഞത് ശരിയാണല്ലോ എന്നേ പോലേ തന്നേ നിരവധി സ്വപ്നങ്ങളുമായി കടല്‍ കടന്നു വന്നവനല്ലേ അയാള്‍. 

ഉറ്റവരോ ഉടയവരോ അടുത്തില്ല. അപ്പോള്‍ നമ്മള്‍ തന്നെയല്ലേ അവര്‍ക്ക് ബന്ധുവും സുഹൃത്തും എല്ലാം. തനിക്കും എന്തെങ്കിലും സംഭവിച്ചാല്‍ ഇത് പോലേ ആരെങ്കിലും വരേണ്ടി വരില്ലേ. കാലുകള്‍ യാന്ത്രികമായി ചലിച്ചു. മോര്‍ച്ചറിക്ക് അകത്തേക്ക് അത് പ്രവേശിച്ചു. ഒന്ന് രണ്ട് ബംഗാളികള്‍ പെട്ടിയുടേ രണ്ട് തലയും പിടിച്ച് നില്‍പ്പുണ്ട്. പെട്ടിയുടേ മധ്യ ഭാഗങ്ങളിലുളള കൊളുത്തില്‍ പിടിച്ച് ഞാനും മറ്റൊരാളും ചേര്‍ന്ന് സ്ട്രച്ചറിലേക്ക് പെട്ടി വയക്കുമ്പോള്‍ ഹൃദയത്തിന്‍റെ കോണിലെവിടെയോ ഒരു വിങ്ങല്‍ പുറത്തേക്ക് ചാടുവാനായി വെമ്പല്‍ കൊണ്ടു നിന്നു. 

ബോഡിയുമായി സ്ട്രച്ചര്‍ വാഹനത്തിനടുത്തേക്ക് നീങ്ങി. ഡ്രൈവര്‍ വന്നു വാഹനത്തിന്‍റെ പിറക് വശം തുറന്നപ്പോഴാണ് മൂന്ന് മൃതദേഹങ്ങള്‍ കൂടി അതിനകത്ത് ഉണ്ടെന്ന് മനസ്സിലായത്.  

ഞങ്ങള്‍ കൊണ്ടു വന്ന സ്ട്രച്ചറിലുളള പാക്കിസ്ഥാനിയുടേ മൃതദേഹം അതില്‍ ഒരു പെട്ടിയുടേ മുകളില്‍ കയറ്റി വയ്ക്കുമ്പോള്‍ താഴേയുളള പെട്ടിയിക്ക് മുകളില്‍ എഴുതിയിരിക്കുന്ന പേരിലേക്ക് നോക്കി. രാമ സ്വാമി ചെന്നൈ എയര്‍ പോര്‍ട്ട്.

അങ്ങിനെ നാലു പേര്‍. നാല് ദേശങ്ങളിലുളളവരാകാം. ഹൈന്ദവനോ. ക്രൈസ്തവനോ. മുസല്‍മാനോ ആരുമാകാം. പാക്കിസ്ഥാന്‍റെ ഇന്ത്യ എന്ന ശത്രു രാജ്യത്തേ ഒരു സാധാരണ പൗരനാകാം ബംഗാളിയാവാം. നേപ്പോളിയോ . ശ്രീലങ്കക്കാരനോ ആവാം.എല്ലാ രാഷ്ട്രീയവും ജാതിയതയും മത വിദ്വേഷങ്ങളും പെട്ടിക്ക് പുറത്ത് വച്ച് അവര്‍ ഒന്നിന് മുകളില്‍ ഒന്നൊന്നായി യാത്രയാവുകയാണ്. 

ഭൂമിയുടേ നാല് ഇടങ്ങളില്‍ ജനിച്ച് ബാല്യം ചിലവിട്ടവര്‍. കൗമാരത്തില്‍ തുള്ളിച്ചാടിയവര്‍. യൗവ്വനത്തില്‍ പ്രണയ കൊടുമുടിയേറിയവര്‍. പാസ്പോര്‍ട്ടെന്ന ചെറിയ പുസ്തകത്തില്‍ മോഹങ്ങള്‍ എഴുതി വച്ച് സ്വപ്നങ്ങളുടേ ചിറകിലേറി മഹാനഗരങ്ങളില്‍ വന്നിറങ്ങിയവരാണവര്‍. അത്തറിന്‍റെ മണമുളള പെട്ടിയില്ല. പെട്ടിക്കകത്ത് പ്രിയപ്പെട്ടവള്‍ക്കുളള പ്രണയം നിറഞ്ഞ സമ്മാനങ്ങളില്ല. കളിക്കോപ്പുകള്‍ കാണിച്ച് മയക്കാറുളള ഉപ്പച്ചിയുടേ പെട്ടിയില്‍ കളിക്കോപ്പുകളുണ്ടാവില്ല. 

ഒരു ടൈഗര്‍ ബാമും, ഒരു പെയ്ന്‍ മൂവും, ഒരു കോടാലി തൈലവും ഉപ്പാക്ക് വേണമെന്ന് ഉമ്മ പറഞ്ഞിരുന്നു. ഇത്രേം ചെറിയ ആവശ്യമായിട്ട് പോലും അയാളുടേ ഗള്‍ഫ് പെട്ടിയില്‍ അതൊന്നും കൊണ്ടു പോകുവാന്‍ കഴിഞ്ഞിട്ടില്ല. 

"ഞാന്‍ വരുമ്പോള്‍ ഉമ്മാക്ക് എന്താണ് കൊണ്ടു വരേണ്ടതെന്ന് ചോദിച്ചപ്പോള്‍. 

" ഞാന്‍ മരിക്ക്ണേന്‍റെ മുന്നേ. ഇന്‍റെ കുട്ടിനേ നിക്ക് ഒന്ന് കണ്ടാല്‍ മാത്രം മതീന്ന് " പറഞ്ഞിരുന്നു ഉമ്മ. ആ വാക്കുകള്‍ ഒരു പ്രാര്‍ഥനയായി പടച്ചോന്‍ കേട്ടിരിക്കണം. അത് കൊണ്ടാവണം ബോഡി നാട്ടിലേക്ക് കൊണ്ടു പോകേണ്ടതില്ല വീട്ടുകാര്‍ കാണേണ്ടുന്ന കോലത്തിലല്ല. നമുക്ക് ഇവിടെ തന്നേ ഖബറടക്കം  ചെയ്യാമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായം പറഞ്ഞപ്പോള്‍. ആരോ ഒരാള്‍ നാട്ടില്‍ നിന്ന് വിളിച്ചു പറഞ്ഞത്രേ. 

"അപകടത്തില്‍ ബാക്കിയായത് ഒരു കഷ്ണം ഇറച്ചിയാണെങ്കില്‍ പോലും അതിങ്ങോട്ട് എത്തിക്കണം. ഒാന്‍റെ കുട്ട്യോള്‍ക്ക് ഉപ്പാന്‍റെ ഖബറ് കണ്ടെങ്കിലും ഉപ്പയെന്ന സ്നേഹത്തോട് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകളുണ്ടാവുമല്ലോ."

അങ്ങനെ ഉമ്മ പറഞ്ഞ സമ്മാനവുമായി കാര്‍ഗോ വാഹനത്തില്‍ എയര്‍ പോട്ടിലേക്ക് ആ നാല് പേരും യാത്രയാകുമ്പോഴാണ്. അളിയന്‍റെ മൃതദേഹവുമായി ഒരു ആംബുലൻസ് മോര്‍ച്ചറിക്ക് മുന്‍പില്‍ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.