Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുഭൂമിയിൽ നന്മമരങ്ങൾ പൂക്കുന്നത്

my-creatives

വെള്ളിയാഴ്ച ഉച്ച സമയം, ജുമുഅ കഴിഞ്ഞ് ആളുകൾ പള്ളിക്കടുത്തുള്ള ഗ്രോസറിയിൽ അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങാൻ കയറിയിറങ്ങുന്നുണ്ട്. 'ബഖാല'യുടെ വാതിൽ മറവിൽ ഒരാൾ നിൽക്കുന്നു. കൈയിലുള്ള ഒരു റൊട്ടി പായ്ക്കറ്റ് പൊട്ടിച്ച് കഴിക്കുകയാണ്. തടവില്ലാതെ അത് തൊണ്ടയിലൂടെ താഴേയ്ക്ക് ഇറങ്ങാൻ ഒരു ചെറിയ ജ്യൂസും ഒപ്പം കുടിക്കുന്നു.

തൊട്ടടുത്ത് ഒരു കഫ്തീരിയയുണ്ട്. ഉച്ചഭക്ഷണം കഴിക്കണമെങ്കിൽ 10 ദിർഹമെങ്കിലും അവിടെ കൊടുക്കണം.

അൽപം കാത്തു നിന്നാൽ ചിലപ്പോൾ അരികെയുള്ള അറബ് വീട്ടിൽ നിന്നും ഉച്ചഭക്ഷണം കിട്ടും. അതു ചോദിച്ച് വാങ്ങാൻ അയാളുടെ അഭിമാനം സമ്മതിക്കുന്നുമില്ല. അന്യരെ ആശ്രയിക്കുന്നതിലേറെ സൗകര്യവും സൗന്ദര്യവും കൈയിലുള്ള രണ്ട് ദിർഹമിനാണെന്ന് അയാൾക്കറിയാം. ഗൾഫിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരുടെയും ദൈനംദിന ചിത്രമിതാണ്. ഭക്ഷണം കുറച്ചും ചെലവ് ചുരുക്കിയും മിച്ചം വയ്ക്കുന്ന തുക കുടുംബത്തിനോ നാട്ടിലെ ഏതെങ്കിലും പിരിവുകൾക്കോ നൽകുന്ന പതിവ് 'നിതാഖാത്ത്' കാലത്തും അവർ തെറ്റിക്കുന്നില്ല. സമൂഹമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി സാമൂഹിക സേവനം നടത്തുന്ന സുഹൃദയനെ അടുത്തറിയാൻ ഈയിടെ അവസരം കിട്ടി. അതിശയിപ്പിക്കുന്ന വിധം പണം സമാഹരിച്ചു കഷ്ടപ്പെടുന്നവരെ സഹായിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഈ തുകയിൽ 90 ശതമാനത്തിലധികവും ഗൾഫിൽ ജോലി ചെയ്യുന്നവരുടെതാണ് എന്നദ്ദേഹം ദുബായിലെ ഒരു സ്വീകരണ ചടങ്ങിൽ പറയുകയുണ്ടായി. 

ഇതാണ് യാഥാർഥ്യം 

കഷ്ടപ്പെടുന്നവരുടെ ദയനീയ ദൃശ്യങ്ങൾ കാണുമ്പോൾ കയ്യഴിഞ്ഞ് സഹായിക്കുന്ന പ്രവാസികളുടെ സഹാനുഭൂതിയാണ് നാട്ടിലെ പല സംരഭങ്ങളുടെയും നട്ടെല്ല് തകരാതെ സംരക്ഷിക്കുന്നത്. സൗദിയിലെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രവാസികളെ ബാധിച്ചിട്ടുണ്ട്. പിടിച്ചു നിൽക്കാനുള്ള വഴികൾ അടഞ്ഞവർ അവസാനം തിരിച്ചു പോകാൻ നിർബന്ധിതരായി. സൗദി മോഡൽ ഇതര ഗൾഫ് രാജ്യങ്ങളും പരീക്ഷിച്ചാൽ മടക്കം പതിന്മടങ്ങ് വർധിക്കുമെന്നതിൽ സംശയമില്ല. സ്വന്തം നാട്ടിലേക്കുള്ള ഈ തിരിച്ചു വരവിനെ മഹാപാതകം പോലെയാണ് നാട്ടിൽ നിന്നു പുറപ്പെടുന്ന പ്രവാസികൾക്കുള്ള ചില ഉപദേശക കുറിപ്പുകളിൽ കാണുന്നത്. മലയാളിയുടെ ദുരയും ധൂർത്തും പ്രവാസി സൃഷ്ടിയാണെന്ന വിധത്തിലൊരു കുറിപ്പും ഈയിടെ വായിക്കാൻ ഇടയായി. 

മനുഷ്യനെ മാറാൻ പ്രചോദിപ്പിക്കുന്ന വേദസൂക്തം പ്രവാസികളുടെ കാര്യത്തിൽ അവതരിച്ച പോലെ എഴുത്തിൽ അലങ്കാരമായി കൊടുത്തിട്ടുണ്ട്. തിരിച്ചു വരുന്നവരെ പുനരധിവസിപ്പിക്കാനും കുടുംബം പോറ്റാൻ കഴിയുന്ന വരുമാന മാർഗങ്ങൾ പഞ്ചായത്ത് അടിസ്ഥാനത്തിലെങ്കിലും ആരായാനും ആവാത്തവർ വാക്കുകൾ കൊണ്ട് നോവിക്കാതിരുന്നാൽ അതൊരു ബൗദ്ധിക സഹായമായിരിക്കും. നാട്ടിലെ ഭക്ഷ്യോത്സവങ്ങളും വിവാഹധൂർത്തും പ്രവാസിയുടെ കഴുത്തിൽ കെട്ടിവയ്ക്കുന്ന കഥകൾക്ക് ഗൾഫിലേക്കുള്ള കുടിയേറ്റ കാലത്തോളം പഴക്കമുണ്ടെന്ന് എല്ലാവർക്കുമറിയാം. മരുച്ചൂടിൽ ചുട്ടെടുത്ത ഇഷ്ടിക പോലെയാണ് ഒരു ശരാശരി പ്രവാസി. പരുപരുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്ന അവർ അതിജീവന വഴിയും ആവുംവിധം കണ്ടെത്തുന്നുണ്ട്. 

പരിഹാസത്തിൽ പൊതിഞ്ഞ വാക്കുകളിൽ അവർക്ക് വാടാനാവില്ല. മത, ജാതി, സംഘടനാ സങ്കുചിതത്വങ്ങൾ തീണ്ടാത്ത മനസ്സുമായി തിരിച്ചെത്തുന്ന പ്രവാസികളെ ഉൾക്കൊള്ളാൻ ഹൃദയഭിത്തി തുറക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. പെരുമഴ പോലെ പ്രഭാതത്തിലും പ്രദോഷത്തിലുമെല്ലാമുള്ള ധാർമികോപദേശങ്ങൾ യഥാദിശയിലാകാൻ അതായിരിക്കും നല്ലത്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.