Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികൾ നാട്ടിൽ വിരുന്നുകാർ

pravasi

പ്രവാസികൾ നാട്ടിലുള്ളവർക്ക് വിരുന്നുകാരാണ്. രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ ഒന്നോ രണ്ടോ മാസത്തെ അവധിക്ക് നാട്ടിൽ വന്നു പോകുന്ന വിരുന്നുകാരൻ. നാട്ടിലുള്ള കുടുംബത്തിനെ തൃപ്തിപ്പെടുത്താൻ സന്തോഷിപ്പിക്കാൻ കോമാളി വേഷം കെട്ടി മണലാരണ്യത്തിൽ അധ്യാനിക്കുന്നവർ.

അറേബ്യൻ മരുഭൂമിയിൽ നാല് കാലുകളുള്ള ഒട്ടകമാണ് ഉള്ളതെങ്കിൽ ഇരുകാലുകളുള്ള ഒട്ടകമാണ് പ്രവാസികൾ. പകലും, രാത്രിയും അധ്വാനിച്ചും വിയർപ്പൊഴുക്കിയും കിട്ടുന്ന ശമ്പളം നാട്ടിലുള്ളവർക്ക് അയച്ചു കൊടുത്ത് അവർ പട്ടിണികിടന്നും, ഉണക്ക ഖുബൂസും പരിപ്പ് കറിയും തിന്നു കുടുംബത്തെ സംതൃപ്തിപെടുത്തുന്നു.വിശപ്പ് അറിയാതിരിക്കാൻ വയർ വരിഞ്ഞു കെട്ടി ചൂടും, തണുപ്പും സഹിച്ചു പണിയെടുക്കുന്നവരാണ് പ്രവാസികൾ.

നീണ്ട ഇരുപത്തിരണ്ട് വർഷക്കാലം പ്രവാസ ജീവിതത്തിന്റെ കൈപ്പും, മധുരവും അനുഭവിച്ചറിഞ്ഞവനാണ് ഈയുള്ളവൻ. 1995 ൽ ബോംബെ എയർപോർട്ടിൽ നിന്നും വിമാനം കയറിയവനാണ്. ആരുടെയോ ഔദാര്യം കൊണ്ട് ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ ചെന്നിറങ്ങി. അന്നു പതിനാല് ദിവസത്തെ ട്രാൻസിസ്റ്റ്‌ വിസയിലാണ് പോയത്. പതിനാലു ദിവസം കഴിഞ്ഞാൽ ഒളിച്ചു ജോലി ചെയ്യണം. കാരണം അവിടെ എത്തിപ്പെട്ടുവെന്നുള്ള രേഖകൾ ഇല്ലാതെയാണ് അവിടെ ജോലിയും, താമസവും.

ഞാൻ അവിടെ ഇറങ്ങിയിട്ടു ഒരു ജോലിക്ക് വേണ്ടി പല വാതിലുകൾ മുട്ടി. പക്ഷേ ജോലിയൊന്നും തരപ്പെട്ടില്ല. കാരണം കൈയ്യിൽ മതിയായ രേഖകൾ ഇല്ലാത്തതിനാൽ ആരും ജോലിക്ക് നിർത്താൻ ധൈര്യമായി മുന്നോട്ട് വന്നില്ല. അവസാനം ഒരു കഫ്‌തേരിയായിൽ ജോലിക്ക് നിന്നു. അവിടെ ഒന്നേകാൽ വർഷം തുടർന്നു ജോലി ചെയ്തു.അങ്ങനെ ജോലി ചെയ്ത് വരുന്നതിനിടയിൽ അതും പൂട്ടപ്പെട്ടു.

വീണ്ടും ഒരു ജോലിക്ക് വേണ്ടി നടത്തം തുടങ്ങി. അങ്ങനെ ഒരു കാർ ഷോറൂമിൽ പണി കിട്ടി. അവിടെ മൂന്നോ നാലോ മാസം പണിയെടുത്തു. അവിടെ നിന്നും മാറി എന്റെ സുഹൃത്തിന്റെ റൂമിൽ കിടപ്പും,ഭക്ഷണവുമായി മാസങ്ങൾ തള്ളിനീക്കി. അവന്റെ മനസ്സിൽ ഇത്തിരി മനസാക്ഷിത്വവും,കരുണയും ഉള്ളത് കൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞു പോയെങ്കിലും ചിന്ത മുഴുവനും നാട്ടിലായിരുന്നു.

pravasi

അങ്ങനെയിരിക്കെ ദേര നൈഫ് റോഡിലുള്ള ഒരു സൂപ്പർ മാർക്കറ്റിൽ ജോലികിട്ടി. ഒരു കണ്ണൂർ സ്വദേശിയുടെ കടയായിരുന്നു അത്. പക്ഷേ അവിടേയും എനിക്ക് തുടരാൻ സാധിച്ചില്ല. അവിടെ ജോലി ചെയ്തു വരുന്നതിനിടയിൽ പൊതുമാപ്പ് എന്ന നിയമം പ്രാബല്യത്തിൽ വന്നു. കൈയിൽ ഒരു തെളിവും രേഖകളും ഇല്ലാത്തവർക്ക് ഒരു ശിക്ഷയുമില്ലാതെ നാട്ടിലേക്ക് മടങ്ങി പോകാം. പിന്നീട് അവിടെയും എനിക്ക് തടസ്സമായി. ടിക്കറ്റിന് കാശ് എവിടുന്ന് സംഘടിപ്പിക്കുമെന്നു ചിന്തിച്ചിരിക്കുമ്പോൾ അവിടെ മാലാഖയായി എനിക്ക് മുന്നിൽ ഒരാൾ കടന്നു വന്നു. അദ്ദേഹം എന്നെ സ്വകാര്യമായി വിളിച്ച് പറഞ്ഞു ഒരു പ്രമുഖ വ്യക്തി ബോംബെ വരെ എത്താനുള്ള വിമാന ടിക്കറ്റ് സൗജന്യമായി കൊടുക്കുന്നുണ്ട്.നീയൊന്ന് പോയി നോക്ക് ഭാഗ്യമുണ്ടെങ്കിൽ കിട്ടും.

ഞാൻ അയാൾ പറഞ്ഞതനുസരിച്ചു പാസ്പോർട്ട് കോപ്പിയും ഫോട്ടോയുമായി ചെന്നു. അവിടെ ചെന്നപ്പോൾ കണ്ട കാഴ്ചയിൽ അമ്പരന്നുപോയി. ഒരു ഉത്സവ പറമ്പിലെ പ്രതീതിയായിരുന്നു. എന്തൊരു തിക്കും തിരക്കുമായിരുന്നു. എങ്ങനെയെല്ലാംസഹിച്ചു മുന്നിൽ എത്തിപ്പെട്ടു. അവിടുന്ന് രണ്ടു ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു.

 രണ്ടു ദിവസം കഴിഞ്ഞു പോയപ്പോൾ ടിക്കറ്റ് കിട്ടി സന്തോഷമായിരുന്നില്ല മനസ്സിൽ. ആ മഹാമനസ്കതന്റെ ഔദാര്യത്തിൽ ദുബായിൽ നിന്നും ബോംബെ വരെ എത്തിപ്പെടും.ബോംബെയിൽ നിന്നും നാട്ടിലേക്ക് എങ്ങനെ പോകുമെന്ന് ആലോചിരിക്കുമ്പോൾ അവിടെയും മാലാഖ രൂപത്തിൽ എന്റെ ഒരു സുഹൃത്ത് പ്രത്യക്ഷപ്പെട്ടു ചോദിച്ചു നാട്ടിൽ പോകുകയല്ലേ ലഗേജ് വല്ലതുമുണ്ടോയെന്നു.

ജോലി ചെയ്ത് കിട്ടിയ ശമ്പളമെല്ലാം നാട്ടിലേക്ക് അയച്ചതുകൊണ്ട് കൈയിൽ ഒരു ദിർഹം പോലുമുണ്ടായിരുന്നില്ല. അതു കൊണ്ടാണ് വീട്ടുകാർക്ക് ഒന്നും വാങ്ങാൻ പറ്റാത്തത്. അങ്ങിനെ അയാളുടെ സാധനങ്ങൾ ബോംബെയിൽ എത്തിച്ചാൽ അയ്യായിരം രൂപ തരാമെന്ന് പറഞ്ഞപ്പോൾ ഞാനത് ഏറ്റു.

ആ അയ്യായിരം രൂപയിൽ നിന്നും നാട്ടിലേക്കുള്ള ബസ് ടിക്കറ്റ് എടുക്കുകയും,ബാക്കിയുള്ള കാശിന് വീട്ടുകാർക്ക് കുറച്ച് സാധനങ്ങൾ വാങ്ങുകയും ചെയ്തു. ഒന്നേകാൽ വർഷത്തിന് ശേഷം നാട്ടിൽ വരുന്ന എനക്ക് കല്യാണത്തിനുള്ള കോപ്പ്കൂട്ടുകയായിരുന്നു വീട്ടിൽ.

ഉടുതുണിക്ക് മറുതുണിയില്ലാതെ നാട്ടിൽ എത്തിയ ഞാൻ എങ്ങനെയാണ് കല്യാണം കഴിക്കേണ്ടത്.അങ്ങനെ വീട്ടുകാരുടെയും,കുടുംബക്കാരുടെയും ആഗ്രഹത്തിന് വഴങ്ങികൊടുത്തു. അങ്ങനെ കല്യാണം കഴിഞ്ഞു. ദുബായിൽ നിന്നും സൂപ്പർ മാർക്കറ്റ് മുതലാളിയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ,അദ്ദേഹം പറഞ്ഞു മോൻ ഒരു ഫോട്ടോയും, പാസ്പോർട്ട് കോപ്പിയും തന്ന് പോകുക.ഭാഗ്യമുണ്ടെങ്കിൽ വീണ്ടും തിരിച്ചു വന്ന് കാണാം. ഞാൻ പാസ്പോർട്ട് കോപ്പിയും, ഫോട്ടോയും കൊടുത്തു യാത്ര പുറപ്പെട്ടു. അപ്പോൾ എന്റെ മനസ്സിൽ പ്രാർത്ഥന മാത്രമായിരുന്നു എങ്ങനെയെങ്കിലും ഒരു വിസ തരപ്പെടണമേയെന്ന്. കല്യാണം കഴിഞ്ഞ് ഒന്നര മാസമാകുമ്പോൾ സൂപ്പർ മാർകറ്റ് മുതലാളി മമ്മദ്ക്കായുടെ ഫോൺ വന്നു. മോനെ നിനക്ക് വീസ കിട്ടിയിട്ടുണ്ട് വേഗം നാട്ടിൽ നിന്നും പുറപ്പെടണം അറബി ലണ്ടനിൽ പോകുന്നുവെന്ന് പറഞ്ഞു.

വേറെയൊന്നും ചിന്തിക്കാതെ ഗൾഫിലേക്ക് പോകാൻ തയ്യാറെടുപ്പ് തുടങ്ങി.ദൈവം എന്റെ പ്രാർത്ഥന കേട്ടത് പോലെ കല്യാണം കഴിഞ്ഞ് ഒന്നര മാസമാകുമ്പോൾ എനിക്ക് വിസയും കിട്ടി. വീട്ടിൽ നിന്നും ഭാര്യയോടും മാതാവിനോടും മാറ്റു വേണ്ടപ്പെട്ടവരോടും യാത്രപറഞ്ഞിറങ്ങി.അങ്ങനെ ബോംബെ എയർപോർട്ടിൽ നിന്നും ദുബായിലേക്കുള്ള വിമാനം കയറി യാത്ര തുടർന്നു. ദുബായ് എയർപോർട്ടിൽ നിന്നും നേരെ മമ്മദ്ക്കാന്റെ സൂപ്പർ മാർക്കറ്റ് ലക്ഷ്യമാക്കി പോയി.

മമ്മദ്ക്ക എന്നെ കത്തു നിൽപ്പുണ്ടായിരുന്നു. അവിടെ നിന്നും അദ്ദേഹം എന്നെയും കൂട്ടി ഹോർലാൻസ് എന്ന സ്ഥലത്തെത്തി. അവിടെ ഒരു പലവ്യജ്ഞന കടയിൽ കയറിയ ഞാൻ അന്താളിച്ചു പോയി. എനിക്കു വീസ എടുക്കാൻ വേണ്ടി ആ കട വിലയ്ക്കു വാങ്ങിയതാണ് അദ്ദേഹം. വിശാല മനസ്കതയുള്ള മനസ്സിൽ കളങ്കമില്ലാത്ത ഒരു മനുഷ്യൻ. രേഗബാധിതനായ അദ്ദേഹം ഇന്ന് അവശനിലയിലാണ്.

ഞാൻ ചെന്ന് ആറു മാസങ്ങൾ കഴിഞ്ഞപ്പോൾ മമ്മദ്ക്ക പ്രവാസ ജീവിതത്തോട് വിടപറഞ്ഞു നാട്ടിലേക്ക് ചേക്കേറി. പിന്നീട് ഞാൻ  കടയിൽ ഒറ്റയ്ക്കായി.  ഒറ്റയ്ക്ക് പറ്റുന്നില്ലെങ്കിൽ ദേരയിലുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധുവിനെ ഏൽപ്പിച്ചു മറ്റൊരു ജോലി നോക്കാൻ അദ്ദേഹം പറഞ്ഞിരുന്നു. കഷ്ടപ്പെട്ട് ഒന്നര വർഷം ഊണും ഉറക്കാവുമില്ലാതെ ജോലി ചെയ്തു. രാവിലെ ആറു മണി മുതൽ രാത്രി പന്ത്രണ്ട് വരെ ഒറ്റയ്ക്ക് ആ കട നടത്തി. അവസാനം ഞാൻ മമ്മദ്ക്ക പറഞ്ഞ അവരുടെ ബന്ധുവിനെ കട ഏൽപ്പിച്ചു.

അതിനു ശേഷം ഒരു കമ്പനിയിൽ ഓഫിസ് ബോയ് ആയി ജോലിക്ക് കയറിയ ഞാൻ ഓരോ പടിയായി ജോലിക്കയറ്റം സമ്പാദിച്ചു. പിന്നീട് കമ്പ്യൂട്ടർ ഓപ്പറേറ്റിങ് വരെയെത്തി. ആ പണി രൂപത്തിരണ്ടു വർഷങ്ങളായി തുടർന്നു. അങ്ങനെ ഞാനും പ്രവാസി കൂട്ടത്തിൽ ഒരംഗമായി മാറി. പ്രാരാബ്ധങ്ങളുടെ ഭാണ്ഡവും ചുമന്ന് നടക്കുന്ന പ്രവാസി. മരുഭൂമിയിലെ ചൂടും,തണുപ്പും സഹിച്ചു നാട്ടിലുള്ള കുടുംബങ്ങൾക്കു വേണ്ടി സ്വർഗം തീർക്കാൻ നെട്ടോട്ടമോടി കിട്ടുന്ന ശമ്പളകാശ് നാട്ടിലേക്ക് അയച്ചു സംതൃപ്തി കൈകൊണ്ട് ജീവിച്ചു തീർത്തു. നാട്ടിലുള്ളവർക്ക് സന്തോഷങ്ങൾ പകർന്ന് നൽകാനായി വിധിക്കപ്പെട്ടവരാണല്ലോ പ്രവാസികൾ.

നാട്ടിൽ എത്തിയാൽ ചോദിക്കുന്ന ചോദ്യമുണ്ട് എത്ര മാസം ലീവുണ്ട് എപ്പോൾ തിരിച്ചു പോകുമെന്ന്. അതു കേൾക്കുമ്പോൾ മനസ്സിൽ നിന്നും സങ്കടത്തിന്റെ തീക്കനൽ ആളിക്കത്തും. ഇത്രയും കാലം കുടുംബത്തിന് വേണ്ടി മണലാരണ്യത്തിൽ കഷ്ടപ്പെട്ട് അവരെ സന്തോഷിപ്പിച്ചു രണ്ടോ, മൂന്നോ വർഷങ്ങൾക്കു ശേഷം കുടുംബത്തെ കൺകുളിർക്കെ കാണാൻ എത്തുമ്പോൾ ഈ ചോദ്യങ്ങൾ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു. പ്രവാസ ജീവിതത്തിൽ സ്വയം ജീവിക്കാൻ മറന്നിട്ടു മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു തീർത്തു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വരുമ്പോൾ ആകെയുള്ള സംമ്പാദ്യം ഷുഗർ, കൊളസ്‌ട്രോൾ, പ്രഷർ തുടങ്ങിയവയാണ്. പകുതി ജീവനുമായി നാട്ടിൽ എത്തിയാൽ വീട്ടുകാർക്കോ നാട്ടുകാർക്കോ ആവശ്യമില്ലാത്ത വെറും വേസ്റ്റ് മാത്രമാണ്. ഉപയോഗശൂന്യമായ വേസ്റ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.