Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോയിന്റ് ബ്ലാങ്കിലേക്ക് ഒരു ബുള്ളറ്റ് സ്പീഡ്: ഒരു പ്രവാസി 'വനിത'യുടെ യാത്രാകുറിപ്പ്

moonnar-trip

ചില കാര്യങ്ങൾ അങ്ങനെയാണ്, അപ്രതീക്ഷിതമായി ഒരു ബുള്ളറ്റ് പോയിന്റ് ബ്ലാങ്കിലേക്ക് പാഞ്ഞടുക്കുന്നത് പോലെ. ഇതു പക്ഷേ, പാഞ്ഞു വന്ന മറ്റൊരു ബുള്ളറ്റിനെക്കുറിച്ചുള്ള കഥയാണ്. അതിന്മേൽ അമർന്നിരുന്ന് ഹിമാലയം കയറിപ്പോയി ചിരിച്ചുകൊണ്ടിറങ്ങിവന്നവളോടൊപ്പം പകരം വയ്ക്കാനില്ലാത്ത ബുള്ളറ്റ് വേഗങ്ങൾ പങ്കിട്ടതിനെക്കുറിച്ചാണ്. നന്ദി എന്നത് മുദ്രയായി പോലും കാണിക്കേണ്ടതില്ലാത്ത ചില സൗഹൃദങ്ങളുണ്ട്. അപ്രതീക്ഷിതമായി കൈയിൽ വന്നുപെടുന്ന നിധികൾ പോലെയാണവ. അതിലൊരു അമൂല്യ നിധിയാണവൾ, നിധി ശോശ കുര്യൻ. 

moonnar-trip

ഇത് അവളോടൊപ്പമുള്ള യാത്രകളാണ്. വേറിട്ട വഴികൾ വേറിട്ട കാഴ്ചകൾ. ഏപ്രിലിലെ കൊച്ചിയുടെ ചൂടിൽ നിന്നും മഴയുടെ, കോടയുടെ കുളിരുള്ള തണുപ്പിലേയ്ക്ക്. 

ജീവിതം വെറും തുടർച്ചകളുടെ ആവർത്തനങ്ങളായി മാറിക്കൊണ്ടിരുന്നപ്പോഴാണ് ഒരു യാത്രയിലേക്കു ഞെട്ടറ്റു വീഴണം എന്ന തോന്നലുണ്ടായത്. അതിന്റെ തുടക്കമായിരുന്നു മുന്നൊരുക്കങ്ങളില്ലാതിരുന്ന മൂന്നാർ യാത്ര. തനിച്ചുള്ള യാത്രകളോടായിരുന്നു പ്രിയമേറെയും. ബാഗുമെടുത്ത് കിട്ടുന്ന വണ്ടിയിൽ ദൂരെ എവിടെയെങ്കിലും പോയി, ഏതെങ്കിലും കടയിൽ നിന്നും എന്തെങ്കിലും കഴിച്ച്, കിട്ടുന്ന വണ്ടിയിൽ തിരികെ മടങ്ങുക. അതിലായിരുന്നു ആനന്ദം. ഒരുകാലത്ത് അങ്ങനെ വീട്ടുകാർ അറിഞ്ഞും അറിയാതെയും പോയിരുന്ന യാത്രകളുണ്ട്. തെളിവ് അവശേഷിപ്പിക്കാൻ, അല്ലെങ്കിൽ ഓർത്തുവയ്ക്കാൻ ഒരിടത്തെയും ചിത്രങ്ങളെടുത്തുവച്ചില്ല. ഓർമ്കളിൽ ബാക്കി നിൽക്കുന്ന ചില സന്തോഷ സ്റ്റാറ്റസുകൾ മാത്രമുണ്ട്. 

moonnar-trip1

പത്തുദിവസത്തെ അവധിക്ക് നാട്ടിൽ പോകുന്നതിന്റെ തലേന്നാണ് ഒരു യാത്രയെക്കുറിച്ച് ചിന്തിക്കുന്നതും സംസാരിക്കുന്നതും. പ്ലാനിംഗിനെക്കുറിച്ച് ഒന്നു രണ്ടു പേരോട് പറഞ്ഞപ്പോൾ കൈയ്യകലത്ത് അടുത്തു കിട്ടിയിരുന്നെങ്കിൽ കവിളത്തുനിന്നു കൈയെടുക്കാൻ തോന്നില്ലായിരുന്നു എന്നായിപ്പോയി. പലർക്കും പലതരത്തിലുള്ള അസൗകര്യങ്ങൾ. അങ്ങനെ ആ ആഗ്രഹം അടക്കിവച്ച് താടിക്ക് കൈയും കൊടുത്തിരിക്കുമ്പോഴാണ് പണ്ടെപ്പോഴോ അയച്ച ഹായ് മെസ്സേജിന് പാതിരാത്രിയൊരു മറുപടി വരുന്നത്. യാത്രകളിലേക്കു കെട്ടുപൊട്ടിറങ്ങി മാത്രം ശീലമുള്ള നിധി ശോശ കുര്യൻ. രണ്ട് വർഷം മുൻപ് ഷാർജ പുസ്തകോത്സവത്തിൽ വച്ചൊരു മുഖപരിചയം ഉണ്ടെന്നതൊഴിച്ചാൽ യാതൊരു അടുപ്പവുമില്ലാത്ത കക്ഷിയാണ്. വെറുമൊരു ഫെയ്സ്ബുക്ക് സുഹൃത്തുമാത്രമായിരുന്ന നിധിയോട് കാര്യം പറഞ്ഞപ്പോൾ ഇങ്ങട് പോരൂന്നായി. അന്നാദ്യമായാണ് ഞങ്ങളുടെ ഇന്ബോക്സുകളിലും മനസ്സുകളിലും മെസ്സേജുകൾ നിറയുന്നത്. നിരാശയുടെ അങ്ങേതലയ്ക്കൽ ജീവിക്കുന്നവർക്ക് ഇങ്ങിനെയുള്ള സുഹൃത്തുക്കൾ ഒരനുഗ്രഹമാണ്.

moonnar--2

അങ്ങനെ എരൂരിലെ വൃന്ദാവനിൽ നിന്നും നല്ല ചൂടുള്ള ഇഡലിയും സാമ്പാറും കഴിച്ച് ഞങ്ങൾ മലമുകളിലേയ്ക്ക്. മിക്കവാറും യാത്രകളിൽ തൊണ്ടക്കകത്ത് ഓക്കാനം നിറഞ്ഞുനിൽക്കുന്നത് പതിവാണ്. അതിനുപോലും ഒരവസരം തരാതെ വർത്തമാന ചക്കികൾ. മൂന്നാർ ദേവികുളം റോഡിലെ ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും കാരറ്റും സോഡാ നാരങ്ങയുടെ ഇളം മധുരവും രുചിച്ച്. 

moonnar-4

മാർച്ചുമാസത്തിലെ മൂന്നാർ യാത്രയുടെ അനുഭവങ്ങൾ കേട്ടപ്പോൾ, ആ ചൂടു പ്രതീക്ഷിച്ചുപോയ ഞങ്ങളെ വരവേറ്റത് കുളിരുകോരുന്ന കോടയും ഇടവിട്ട് പെയ്യുന്ന മഴയും. സ്ഥലങ്ങളെക്കുറിച്ച് അറിഞ്ഞുപോകുന്നതും അറിയാതെ പോകുന്നതും തമ്മിലുള്ള അന്തരം അന്ന് മനസ്സിലാക്കി. ഓരോരുത്തർക്കും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കുമല്ലോ. 

റോഡുപണി മൂലം ഗൂഗിൾ മാപ്പ് പറഞ്ഞതുപോലെ അടിമാലിയിൽ നിന്ന് നേരിട്ട് മൂന്നാർ റിസോർട്ടിലെത്താൻ തടസ്സം. എങ്കിൽ ഉടുമ്പൻചോല വഴി വളഞ്ഞുപിടിക്കാമെന്നായി. അൽപം വൈകിയാലും കറങ്ങുക എന്നതൊഴിച്ചാൽ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലല്ലോ. രോഗി ഇച്ഛിച്ചതും പാലെന്നപോലെ അങ്ങിനെ അടിമാലിയിൽ നിന്ന് നെടുംകണ്ടം വഴി ഉടുമ്പൻചോല. കുന്നും മലയും കയറിയിറങ്ങി കാഴ്ചകളെ വെല്ലുന്ന ശബ്ദകോലാഹലങ്ങളോടെ ഇന്റർനെറ്റും വൈഫൈയും വിച്ഛേദിക്കപ്പെട്ട മണിക്കൂറുകൾ. വാഹനം പണിമുടക്കിയപ്പോഴാണ് ജനവാസമില്ലാത്ത കുന്നിന്റെ മുകളിലാണ് ഞങ്ങളെന്നും ഒന്നു കൂകിവിളിച്ചാൽ പോലും ഒരിടത്തും എത്തില്ലെന്നും ബോധം വീണത്. 

കൊടുംകാടും വിജനമായ റോഡും പോരാത്തതിന് മൊബൈലിന് റേഞ്ചും ഇല്ല. മൂന്നാർ യാത്ര ചെയ്യുന്നവർ പലപ്പോഴും തികഞ്ഞ പ്ലാനിങ്ങോടെ ഒരേ സ്ഥലങ്ങൾ മാത്രം കണ്ട് മടങ്ങുന്നവരാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ ഇതൊരു രസകരമായ യാത്രയായിരുന്നു. വണ്ടി എങ്ങനൊക്കെയോ തള്ളിക്കയറ്റി താഴോട്ടോ മുകളിലോട്ടോ എന്നില്ലാതെ വീണ്ടും ഓട്ടം തുടങ്ങി. അങ്ങിനെ രാവിലെ ഓട്ടം തുടങ്ങിയ ഞങ്ങടെ ശകടം രാത്രിയോടെ ചിന്നക്കനാലിന് സമീപമുള്ള റിസോർട്ട് കണ്ടുപിടിച്ചു. മൂന്നാറിൽ നിന്നു കിലോമീറ്ററോളം മാറിയൊരു ടോപ് സ്റ്റേഷൻ. 

നിധിക്ക് നേരത്തെ പരിചയമുള്ളവരായതുകൊണ്ട് നല്ല ആതിഥ്യമര്യാദ, വരവേൽപ്പ്. ബാൽക്കണിയിൽ നിന്നും നോക്കുമ്പോൾ മഞ്ഞും മഴയും കൂടിക്കലർന്നൊരു പ്രതിഭാസം, നിറയെ പച്ചപ്പ്, ശാന്തത. മനസ്സ് അപ്പൂപ്പന്താടിയേക്കാൾ മൃദുലമായി പാറിനടക്കുന്ന പ്രത്യേകതരം അനുഭവം. കുളിച്ച് ഉഷാറായി മൂന്നാർ ടൗണിലേക്ക്. നല്ല സുഖമുള്ള ചാറ്റൽ മഴയുണ്ടായിരുന്നു ആ സമയം. കുളിരുന്ന സഹിക്കാവുന്ന തണുപ്പും. പോകുന്ന വഴി നിറയെ വരിയൊപ്പിച്ചുനിൽക്കുന്ന തേയിലത്തോട്ടങ്ങൾ. അത്യാവശ്യം നല്ല റോഡായിരുന്നിട്ടും ഇടയ്ക്കിടെ കുന്നിടിച്ചു നിരത്തിയുള്ള റോഡുപണി മാത്രമാണ് സഹിക്കാൻ പറ്റാഞ്ഞത്. ടൗണിന്റെ ഒരു ഭാഗം നല്ല വൃത്തിയുള്ളതാണ്. അവിടെയാണ് സ്ട്രീറ്റ് ഫുഡ് വിൽപ്പന തകൃതിയായി നടക്കുന്നത്. ബാക്കി ഭാഗങ്ങളിൽ സ്ട്രീറ്റ് ഫുഡ് നിരത്തി കണ്ടില്ല. പക്ഷേ മാട്ടുപെട്ടി പോകുന്ന ആ വളഞ്ഞ വഴിയോരത്തെ ബീവറേജസിനു സമീപമുള്ള മൂത്രനാറ്റം സഹിച്ചൂടാ. ഭക്ഷണവും വാങ്ങി പാതയോരത്തിരുന്ന് കഴിച്ചുതീർത്തു. നല്ല കട്ടൻകാപ്പിയും തട്ടി പത്തുമണിയോടെ തിരികെ റിസോർട്ടിലേയ്ക്ക് കൂർക്കം വലിച്ചുറങ്ങാൻ. പിറ്റേന്ന് പ്രഭാതഭക്ഷണം കഴിച്ചാണ് ഇറങ്ങിയത്. 

ബോട്ടിംഗ് നടത്തുക, അണക്കെട്ടും തടാകവും പുന്തോട്ടവും കണ്ട് കുറേ സെൽഫിയും എടുത്ത് മടങ്ങുക ഇതൊന്നുമായിരുന്നില്ല പുറപ്പെടുമ്പോൾ മനസ്സിലുണ്ടായിരുന്നത്. നാലുചുവരുകൾക്കുള്ളിൽ പ്രഭാതങ്ങൾ കഴിച്ചുകൂട്ടുന്നതിൽ നിന്നും ശാന്തമായി സ്വസ്ഥമായി തണുപ്പിലൂടെ പച്ചപ്പിലൂടെ ഒരു യാത്ര. ഇനി കുറച്ച് സാഹസികതകൂടി വേണമെങ്കിൽ അതിനും സൗകര്യമുള്ള ഒരിടം. മാട്ടുപെട്ടിറോഡ് വേണോ സാഹസികത വേണോ എന്ന കൺഫ്യൂഷൻ എത്തിച്ചത് സാഹസികതയിലാണ്. അപ്പോൾ മാട്ടുപെട്ടി റോഡിലൂടെ സാഹസികതയിലേയ്ക്ക്. അഡ്വെഞ്ചർ പാർക്ക്. അത് തന്നെ, ഉച്ചവരെ കൂക്കിവിളിച്ചൊരു നൂലിന്മേൽ കളി. ആകാശംമുട്ടെ അടുക്കും ചിട്ടയോടെയും വളർന്നുനിൽക്കുന്ന മരങ്ങൾക്കിടയിലൂടെ. മലനിരകളിലൂടെയും താഴ്വരകളിലൂടെയും. വൈകീട്ടോടെ യാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോൾ നേർത്തൊരു വേനൽമഴ ഞങ്ങളെ വിടാതെ പിന്തുടർന്നു. 

ഇതുപോലൊരു യാത്ര വെറുതെയൊന്ന് ട്രൈ ചെയ്തുനോക്കണം. വെറുതെ ഒരു രണ്ടു ദിവസം. പറയുന്നത് സ്ത്രീകളോടാണ്. തനിച്ചുവേണ്ട, സർക്കീട്ടുപോകാൻ പറ്റിയ കമ്പനിയുണ്ടെങ്കിൽ നാളെതന്നെ ഒന്നു ശ്രമിച്ചുനോക്കൂ. അപ്പോ ഭർത്താവിന്റേം പിള്ളേരടേം കാര്യല്ലേ, രണ്ട് ദിവസം അവരും ഒന്ന് ഫ്രീയാവട്ടേന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.