Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിലനേര പരിഭവങ്ങൾ

ശ്രീ‍ജ ബോബി
girl

രാവിലെ എണീറ്റപ്പോൾ നല്ല തലവേദന..ഇടയ്ക്കിടയ്ക്ക് വന്നു എന്നെ ഒരു ലെവലാക്കിയിട്ടു പോകുന്നതാണ്..ഇന്ന് പക്ഷേ കാഠിന്യം ഇത്തിരി കൂടുതലാണോന്നൊരു സംശയം. സ്കൂൾ അടച്ചെങ്കിലും കെട്ട്യോന് ചോറ് കൊണ്ടുപോകേണ്ടതുകൊണ്ടു തലവേദനയേ പഴിച്ചു കിടക്കാനാവില്ല. അല്ലെങ്കിലും ഉത്തമഭാര്യ വേദനയും രോദനവും എല്ലാം പണ്ടാരമടക്കി (സോറി സർവ്വം സഹിച്ച്‌) ഭക്ഷണം ഉണ്ടാക്കിയേ മതിയാവൂ.

അങ്ങനെ ധൃതിപ്പെട്ട് സാമ്പാർ, കോവക്ക തോരൻ, പയർ മെഴുക്കുപുരട്ടി, ചമ്മന്തി, പപ്പടം- എല്ലാം റെഡിയാക്കി (വെരി സോറി-ഒൺലി വെജ്)- മൂന്നു നേരം നോൺ വെജ് കൂട്ടി മൃഷ്ടാന്നം ഭോജിച്ചിരുന്ന ചേട്ടനെ വെറും തൈരും ചമ്മന്തിയും കൂട്ടി ചോറ് കഴിക്കാൻ പാകപ്പെടുത്തിയെടുത്ത മിടുക്കിയാണീ ഭാര്യ. പക്ഷേ എനിക്കതിന്റെ അഹങ്കാരമൊന്നുമില്ല കേട്ടോ കാരണം ചില നേരങ്ങളിൽ വിളമ്പിവെച്ചിരിക്കുന്ന പച്ചക്കറിപ്രയോഗങ്ങൾക്കു മറുപടിയായി എന്റെ ഭർത്താവിന്റെ ചില വാക്പ്രയോഗങ്ങളുണ്ട്. അത് കേൾക്കുമ്പോൾ സ്വയം സമാധിയായ ഒരു ഫീൽ കിട്ടും എനിക്ക്. അത്ര ശ്രേഷ്ഠമലയാളം ആണ്.

അല്ലാ ഞാനെങ്ങോട്ടാ ഈ കാടുവെട്ടിത്തെളിച്ചു പോകുന്നത്..ഹോ ചോറിപ്പം വെന്തുപോയേനെ. അങ്ങനെ അദ്ദേഹം ഇഡ്ഡലി, സാമ്പാറും ചമ്മന്തിയും കൂട്ടി കഴിച്ചെഴുന്നേറ്റപ്പോഴേക്കും ഞാൻ ലഞ്ച് പാക്ക് ചെയ്തുകഴിഞ്ഞു. അപ്പോഴല്ലേ ഭർതൃദേഹം മൊഴിയുന്നത്, "ഇന്നലെ ചെയർമാൻ എത്തിയിട്ടുണ്ട്.. ഇന്ന് അദ്ദേഹത്തിന്റെ കൂടെയാ ലഞ്ച്." ഇന്നലെ ഡ്യൂട്ടി  കഴിഞ്ഞു വന്നിട്ട് ഇതൊന്നു മൊഴിയാൻ ഇങ്ങേർക്ക് ഇപ്പോഴാണ് മുഹൂർത്തമൊത്തത്.

രാവിലെ എഴുന്നേൽക്കാൻ നേരം ഞാൻ ഒന്നുരണ്ടു തവണ പറഞ്ഞതാ എനിക്ക് വല്ലാത്ത തലവേദന എന്ന്. അപ്പോൾ ഒന്നൂടെ തിരിഞ്ഞു കിടന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല. എന്നിട്ടു കഷ്ടപ്പെട്ട് ഇതെല്ലാം ആക്കിയപ്പോൾ അങ്ങേരു ചെയർമാന്റെ കൂടെയാണത്രെ ലഞ്ചുന്നതു.കണ്ണിച്ചോരയില്ലാത്ത ഈ മഹാത്മാവിനെ ഡിവോഴ്സ് ചെയ്താലോ എന്നുവരെ ആ നിമിഷം ഞാൻ ചിന്തിച്ചു. ആ ചിന്ത അപ്പോൾ തന്നെ ഉപേക്ഷിച്ചു കാരണം അങ്ങനെയിപ്പോൾ അങ്ങേരു രക്ഷപെടണ്ട ..അല്ല പിന്നെ..

ഞാൻ സ്നേഹപൂർവ്വം എടുത്തുവെച്ച ഭക്ഷണപ്പൊതി കണ്ട് എനിക്ക് കരച്ചിൽ വന്നു..കരഞ്ഞു..എന്റെ കണ്ണീരു കണ്ടിട്ടുപോലും ആ കഠോരഹൃദയൻ അലിഞ്ഞില്ല. അങ്ങേരു വെച്ചുപിടിച്ചു ഓഫീസിലേക്ക് - ചെയർമാനണ്ണന്റെ കൂടെ ലഞ്ചാൻ. എനിക്ക് ഓർത്തോർത്തു കരച്ചിൽ വന്നു. ഉച്ചക്ക് ആ പൊതിയഴിച്ചു ഞാനും മക്കളും കഴിച്ചു സങ്കടം തീർത്തു. കഴിച്ചു തീർന്നപ്പോൾ അതാ ഡോർ തുറക്കുന്ന ശബ്ദം . ഒരു കോളിനോസ് ചിരിയുമായി ഭർതൃദേഹം കടന്നുവന്നു.' ചെയർമാനു പെട്ടെന്ന് പോകേണ്ടി വന്നു..ലഞ്ച് പ്രോഗ്രാം ക്യാൻസൽ ആയി. ചോറെടുത്തോ..കഴിച്ചേക്കാം'. എന്റെ ഉള്ളിൽ ഞാൻ ചിരിച്ചു തകർത്തു..പുറമെ ഗൗരവത്തിനു കോട്ടം തട്ടാതെ ചോറ് വിളമ്പിക്കൊടുത്തു. ഇപ്പൊ മനസ്സിലായില്ലേ പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്നു പണ്ടുള്ളവർ  പറയുന്നത് ശരിയാണെന്നു..

(വാൽക്കഷണം: വേണമെങ്കിൽ പുറത്തുനിന്നു കഴിക്കാമായിരുന്നിട്ടും വീട്ടിൽ വന്നു കഴിച്ചത് മഹാമനസ്കതയായി കണക്കാക്കുന്നു.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.