Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ വെറും മാപ്പുസാക്ഷി

ബഷീർ മുളിവയൽ
syria-school

നീ പരാതി കൊടുക്കുമെന്നെനിക്കുറപ്പുണ്ട്.

നിനക്ക് നീതി കിട്ടുമെന്നും,

കാരണം നിന്റെ പരാതി ശരിയെന്ന് ബോധിപ്പിക്കാൻ 

എത്രയെത്ര തെളിവുകളാണുള്ളത്

വിശന്ന് ചുരുങ്ങിപ്പോയ കാലിയായ ആമാശയം.

കരഞ്ഞ് കണ്ണീർ വറ്റിയപ്പോയ 

ഉമ്മയുടെ കണ്ണുകൾ,

ബോംബാക്രമണത്തിൽ തകർന്ന  വീട്

വാപ്പയുടെ ശിരസ്റ്റുപോയ ശരീരം 

ഇങ്ങനെ എത്രയെത്ര തെളിവുകളാണ് നിനക്കുള്ളത്

നീ, അവിടെ പ്രതിസ്ഥാനത്ത് നിർത്തുന്നത് ആരെയെല്ലാമായിരിക്കും.

വിശന്ന് വലഞ്ഞ നിന്നെ ഗൗനിക്കാതെ 

തിന്നും കുടിച്ചും  

ദൂർത്തടിച്ചവരെ,

നീ പുതക്കാൻ പുതപ്പില്ലാതെ 

വിറങ്ങലിച്ച് മരിക്കുമ്പോഴും .

വസ്ത്രങ്ങൾ മാറി, മാറിയിട്ട് മേനി നടിച്ച അഹങ്കാരികളെ,

കിടന്നുറങ്ങാനൊരിടമില്ലാതെ നീ അഭയാർഥിയായപ്പോൾ

കൊട്ടാരത്തിന്റെ മോടി കൂട്ടി, കൂട്ടി വമ്പ് നടിച്ചവരെ,

അധികാരത്തിന്റെ അഹങ്കാരത്തിൽ നിനക്ക് മേലെ 

തീമഴ പെയ്യിച്ച് പൊട്ടിച്ചിരിച്ച ധിക്കാരികളെ,

നിന്റെ അട്ടഹാസങ്ങൾക്ക് ചെവികൊടുക്കാതെ 

വീണ വായിച്ച നീറോ ചക്രവർത്തിമാരെ,

നിനക്കെതിരെ അതിർത്തി വരഞ്ഞ് കാവൽ നിന്ന അയൽപക്കക്കാരെ,

നിന്റെ വേദനയറിഞ്ഞിട്ടും നിനക്കായ്‌ 

കൈ ഉയർത്താൻ നേരമില്ലാത്ത തിരക്കുകാരെ,

നിന്നെയോർത്ത് വിതുമ്പാത്ത ഹൃദയങ്ങളെ,

നിന്റെ നോവുമാത്മാവിനെ 

സ്നേഹിക്കാത്ത ജഡ മനസ്സുകളെ,

നിന്റെ മുറിപ്പാടുകളിൽ തടവാത്ത ദയയെ,

നിന്റെ കരച്ചിൽ കേൾക്കാൻ കൂട്ടാക്കാത്ത കർണ്ണങ്ങളെ

ഇങ്ങനെ ആരെയെല്ലാം നീ പ്രതിസ്ഥാനത്ത് നിർത്തും.

ന്യായമായും നിനക്ക് ഈ ലോകത്തെ മുഴുവൻ

പ്രതിസ്ഥാനത്ത് നിർത്താം.

പ്രിയപ്പെട്ട സിറിയൻ ബാലാ,

നീ നിന്റെ നാഥന് മുന്നിൽ പരാതി ബോധിപ്പിക്കുമ്പോൾ -

സാധുവാമെന്നെ പ്രതിയാക്കല്ലെ

നിനക്ക് വേണ്ടി ഒരു നേരത്തെ ഭക്ഷണം നീക്കിവെച്ചില്ലെങ്കിലും,

നിനക്കായൊരു നയാ പൈസ ചെലവഴിച്ചില്ലെങ്കിലും,

നിന്നെയോർത്തെൻ ഹൃദയം നൊന്തിട്ടുണ്ട്‌,

നിന്റെ കുഞ്ഞു മനസിനെ നോവിച്ചവരെ ഞാൻ വെറുത്തിട്ടുണ്ട്‌

നിന്നെ വിടരും മുമ്പെ തല്ലി കൊഴിച്ച തെമ്മാടികൾക്കെതിരെ

എന്റെ തൂലിക ചലിച്ചിട്ടുണ്ട്.

അത്‌ കൊണ്ട്‌ നീതിമാനും, ദയാലുവുമായ അല്ലാഹുവിനു മുന്നിൽ

നീ എന്നെ ഒരു മാപ്പുസാക്ഷിയായി 

പരിഗണിക്കണേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.