Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവിലിന്റെ "കാവിലെപ്പാട്ട്"

final-cover-sadiq-kavil-book

മണലാരണ്യങ്ങളിലെ 'മലരണിക്കാടുകളു'ടെ പശ്ചാത്തലത്തിൽ കരളും മിഴിയും കവർന്നുമിന്നുന്ന കറയറ്റ ഒരു പാരിസ്ഥിതിക കഥാകാവ്യം(ഖുശി) രചിച്ച  സാദിഖ് കാവിൽ ഇതാ തന്റെ ആത്മാംശം മുറ്റിനിൽക്കുന്ന മറ്റൊരു ക്ളാസിക്കുമായി നിങ്ങളുടെ അടുത്തെത്തിയിരിക്കുന്നു. ഈ പുസ്‌തകം കയ്യിലെടുത്തപ്പോൾ പെട്ടെന്ന് മനസ്സിൽ ഓടിയെത്തിയത് ഇടശ്ശേരി ഗോവിന്ദൻ നായരുടെ പ്രകൃത്യുപാസനാ മഹാകാവ്യമായ കാവിലെ പാട്ടാണ്.

"അലറി പൂത്തു കാവുകളിൽ 

കുരുതിയൂത്ത പോലെ ,

പകലറുതിപ്പരൽ നിരകൾ 

കോൽത്തിരികൾ പോലെ , 

സമയമായീ സമയമായീ 

തേരിറങ്ങുകംബേ ,

സകലലോകപാലനൈക -

സമയമതാലംബേ !"

പ്രപഞ്ചമാതാവായ അംബികയുടെ തേരിറങ്ങുന്നതിന്റെ ഘോഷമാണ്. സാദിഖിന്റെ കാവും അനുഭവങ്ങളുടെ തേരു തെളിച്ചിറങ്ങുകയാണ്. തന്നെ വന്നുമൂടുന്ന ഒരു സ്വപ്‌നചിത്രം ഈ ആത്മകഥാകവിയുടെ ഉള്ളറിയിക്കുന്നതാണ്."കാവിലെ മരക്കൂട്ടങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുപോവുകയും പക്ഷികളും മൃഗങ്ങളും ചെടികളും പൂക്കളുമെല്ലാം വിവിധ വർണ്ണങ്ങളായി ലയിച്ച് ഒരു ഗോളമായി വന്നുമൂടുകയും ചെയ്യും."

കുട്ടിക്കാലത്തിന്റെ സ്വപ്നവിഭ്രാമകത്വം ഭയം പകരുന്നതാണെങ്കിലും ആ ഒരു ചിത്രത്തിലെ പ്രകൃതിയുടെ പാരസ്പര്യമാണ് എന്നെ ആകർഷിച്ചത്.ഒരു ഗോളമായിത്തീരുന്നു എന്ന പ്രസ്‌താവം ഒഎൻവി കവിതകളുടെ പ്രകൃതിസാന്നിധ്യത്തിന്റെ ഉപബോധലഹരി നുരയുന്നതുമാണ്.വേദന നിറഞ്ഞതെങ്കിലും പ്രകൃതിസമ്പന്നമായ തറവാട്ടുകാവിന്റെ വിവരണം ഒന്നാം അധ്യായത്തിൽ ഒരേ സമയം ബാല്യകാലാനുഭൂതികളുടെ ഒരു നേർച്ചിത്രംതന്നെ പകരുന്നു. നാടൻപാട്ടുകളും നാട്ടുമൊഴികളും നാട്ടുചിത്രങ്ങളും ഒക്കെച്ചേർന്ന് ഒരെഴുത്തുകാരനെ പടുത്തുയർത്താൻ പോന്ന എല്ലാം ഇവിടുണ്ട്.

പരിഷ്കൃതമല്ലാത്ത പ്രാർഥനാഭൂമിയാണ് തന്റെ കാവെന്ന തിരിച്ചറിവാണ് രണ്ടാം അധ്യായത്തിന്റെ മാനവീയാനുഭവം.ഭഗവതിക്കാവിലെ ഓർമ്മക്കളിയാട്ടത്തിൽ മലയാളിയുടെ മതേതരത്വപൈതൃകം തുടിച്ചുനിൽക്കുന്നു.വയനാട്ടുകുലവന് തലയിൽ കള്ളൊഴിച്ചുകൊടുക്കുന്ന ആലിമാപ്പിളയുടെ ചിത്രം ഇന്നത്തെ കേരളത്തിന്റെ ഓർമ്മക്കളിയാട്ടത്തിൽ മാത്രമായി അവശേഷിക്കുന്നതിന്റെ വേദന ഈ വരികൾ ആസ്വാദകനിൽ ഒരു നൊമ്പരക്കരളാട്ടമായി പൊടിച്ചു കൊണ്ടിരിക്കും.

ലോകത്തെ ഏറ്റവും സുന്ദരമായ ഒരു കാഴ്ച്ചയിലേയ്ക്ക് മെല്ലെ മെല്ലെ മനസ്സിനെ ആകാംക്ഷാച്ചരടിൽ തെറുത്തു കൊണ്ടുപോകുന്നതാണ് മൂന്നാം അധ്യായത്തിന്റെ ചുണുക്കുവിദ്യ. പൂവാലിപ്പശുവിന്റെ പേറ് ഉമ്മയ്ക്ക് ചങ്കിടിപ്പും പിറ്റേ ദിവസം പെരുന്നാൾ ആഘോഷിക്കാനൊരുങ്ങുന്നവർക്ക് ഒരു വേവലാതിയും ആയിത്തീരുന്നതിനെ എത്ര ഹൃദയസ്പർശിയായാണ് സാദിഖ് അവതരിപ്പിക്കുന്നത് എന്നു നോക്കൂ. ബഷീറിന്റെ ഉമ്മച്ചിത്രം പെട്ടെന്ന് നമ്മിലേയ്ക്ക് ഉണർന്നെത്തും.ഒപ്പം പ്രകൃതിയുടെ അനുഭൂതിപൂർണ്ണമായ ഒരുജ്ജ്വലമുഹൂർത്തത്തിന്റെ ആവിഷ്‌കാരവും.

ഇന്ദ്രൻസ് പരുവത്തിലുള്ള ഗുലുമാലുകളുടെ സന്തതസഹചാരിയായ തൂവക്കാളിയുടെ ലീലാവിലാസങ്ങളാണ്  നാലാം അധ്യായത്തിന്റെ ചിരിപേടകം.തൂവക്കാളിയുടെ ആൾമാറാട്ട ദൈവക്കളികൾക്ക് തിരശ്ശീല വീഴുന്നത്  ശത്രുക്കളായ മൂട്ടകളുടെ സകല കുണ്ടാമണ്ടികളെയും ശപിക്കുന്ന വചസ്സുകളോടെയാണ്. മൂട്ടശല്യംപോലെ ചിരിശല്യവും ആസ്വാദകനെ ചൊറിഞ്ഞുകൊണ്ടിരിക്കും. തീർച്ച.

പുസ്തകംപോലെ തികഞ്ഞ സുഹൃത്തെങ്കിലും പിടി തരാത്ത അകഗുഹകൾ പേറുന്ന ഒരു വളർത്തുനായയുടെ അസ്സൽ തൂലികാചിത്രം തന്നെയാണ് ടോമി എന്ന അധ്യായത്തിൽ ഇതൾ വിടർത്തുന്നത്.പൂക്കൾക്കും കിളികൾക്കും വൃക്ഷലതാദികൾക്കും ഒപ്പം മനുഷ്യക്കാവിലെ സന്തതസഹചരരായ വളർത്തുമൃഗങ്ങളെക്കുറിച്ചുള്ള ഈ ഓർമ്മച്ചിത്രം മനുഷ്യന്റെയും മൃഗങ്ങളുടെയും സ്നേഹവാത്സല്യങ്ങളുടെ ഒരാർദ്രഗാഥ തന്നെയാകുന്നു.

അത്രമേൽ സ്നേഹിക്കയാൽ എന്ന തലക്കെട്ടിൽ ഒരു പത്രപ്രവർത്തകനായ സാദിഖിന്റെ തൊഴിലനുഭവവും നാട്ടുകാർക്കൊക്കെ പ്രിയപ്പെട്ടവനായ ഒരാളുടെ വേർപാടും കിണറ്റിൽച്ചാടി മരിച്ച ഒരു വൃദ്ധന്റെ മരണവാർത്താട്വിസ്‌റ്റും ഒക്കെ കടന്നുവരുന്നു. ഒപ്പം മരണം എന്ന അനന്തസത്യത്തിന്റെ നിറസാന്നിധ്യവും. സാദിഖിലെ പത്രപ്രവർത്തകന്റെ ഇനിയും കേൾപ്പിക്കാനുള്ള എത്രയോ വാർത്താക്കഥകളുടെ ഒരു മിന്നലാട്ടം കൂടിയായിത്തീരുന്നുണ്ട് ഈ അധ്യായം.കുത്തും കോമയുമില്ലാത്ത ജീവിതം എന്ന അധ്യായത്തിലും ഒരു പത്രപ്രവർത്തകന്റെ വാർത്തയ്ക്കു മണം പിടിക്കാനുള്ള ത്വരയാണ് രാജൻ എന്ന അന്യസംസ്ഥാനക്കാരന്റെ കഥയുടെ ചുരുളഴിക്കുന്നത്.

ഒരു പോസ്റ്റുമാനില്ലാതെ ഒരു ഗ്രാമത്തിന്റെ കഥയും പൂർണ്ണമാവില്ല.കുട്ടികളുടെ കുട്ടിമാമയായ, കുട്ടികളെപ്പോലെ  വള്ളി നിക്കറിട്ട  കട്ടിക്കണ്ണടക്കാരൻ പോസ്‌റ്റുമാന്റെ ഞെട്ടിക്കുന്ന ചില കഥകളാണ് സാദിഖ് എവിടത്തെയുമെന്നപോലെ ഇവിടെയും വിവരിക്കുന്നത്. വൈകിയെത്തിയ ഒരു കത്തുണ്ടാക്കുന്ന ഗുലുമാല് നർമ്മത്തിന്റെ ഒരു പാർസൽപ്പൊതി തന്നെ. കുട്ടിമാമ കടയിൽ കൊണ്ടുചെന്നിട്ട ഒരു കാർഡുണ്ടാക്കിയ പുലിവാല്.കാലങ്ങളിലൂടെ പോസ്റ്റൽ വകുപ്പിന്റെ പ്രാധാന്യം കളഞ്ഞുകുളിക്കുന്ന കത്തുകളുടെ ശുഷ്ക്കമായ ഉള്ളടടക്കത്തോട് കുട്ടിമാമയ്ക്കും ഉണ്ടാകുന്ന നീരസത്തിൽ കലർന്ന പ്രതികരണമാണ് അവിടത്തെപ്പോലെ ഇവിടെയും എന്ന തലക്കെട്ടിൽ പൊതിഞ്ഞുവച്ചിട്ടുള്ള കുട്ടിമാമക്കളി.

പ്രണയത്തിന്റെ നനവൂറുന്ന ഒരു സുന്ദരിക്കോതയായി അവതരിപ്പിച്ചിട്ടുള്ള, വഴിയരികിൽ തന്നെയും കാത്തുനിൽക്കുന്ന ഒരുവളുടെ ചിത്രമാണ് തുടർന്നു വരുന്നത്.അക്കഥയുടെ പൊരുൾ ഈയുള്ളവനും നിങ്ങളോട് ഒളിച്ചുവയ്ക്കുകയാണ്.വായിച്ചു രസിക്കൂ. പ്രിയപ്പെട്ട പപ്പനും ഗുണ്ടു മുഹമ്മദും കളിക്കൂട്ടുകാരൻ കരുണാകരനും ഒക്കെ അടുത്ത അധ്യായങ്ങളിലൂടെ പുനർജനിക്കുകയാണ്.കഥാപശ്ചാത്തലം കാസർകോടുകാരുടെ പ്രിയ മംഗലാപുരത്തേയ്ക്കുകൂടി നീണ്ട് ഒരപൂർവ സാഹോദര്യത്തിന്റെ മതനിരപേക്ഷമനുഷ്യേതിഹാസവും തുടർന്നുള്ള താളുകളിലുണ്ട്.ഒരു സിനിമാനടൻ ചങ്കിൽനിന്ന് പറിച്ചുകളയാൻ പറ്റാത്ത അനുഭവമായിത്തീരുന്ന കാര്യമാണ് ജയന്റെ ആസ്വാദകപരിപ്രേക്ഷ്യത്തിലൂടെ സാദിഖ് പങ്കുവയ്ക്കുന്നത്.ഷാജി കൈലാസ് പ്രേമിയായ ടിക്കറ്റ് കൗണ്ടറുകാരൻ സ്ലോ മോഷൻ ടിക്കറ്റ് കൊടുപ്പിലൂടെ പറ്റിച്ച പണിയും സാദിഖിൻറെ ഈ ഓർമ്മപ്പുസ്തകത്തിലുണ്ട്.

നമ്മുടെ ഓർമ്മകളുടെ ഈടുവെപ്പിലെ വിലപ്പെട്ട രണ്ട് ജീവനില്ലാത്ത ജീവികളാണ് സൈക്കിളും സ്‌കൂട്ടറും. സാദിഖിന്റെ കാവിലെപ്പാട്ടിൽ ഈ രണ്ടു യന്ത്രങ്ങളും ചക്രമുരുട്ടി ഹെഡ്‌ലൈറ്റ് കണ്ണടച്ച് കടന്നുവരുന്നുണ്ട്. കൗതുകപൂർവമേ നമുക്കതു വായിക്കാനൊക്കൂ. ഒരിളംചിരി ചുണ്ടിൽ അത് വിടർത്തും.പടച്ചോൻറെ ഖുദ്റത്ത് കൈത്തലോടലായി താങ്ങുന്ന ദിവ്യനിമിഷങ്ങൾ.അവസാനത്തെ രണ്ടധ്യായങ്ങൾ ആർക്കും മറക്കാനാവാത്ത വിദ്യാലയ,കലാലയ സ്മരണകളുടെ പ്രണയപരിമളവും കുസൃതിക്കൂട്ടങ്ങളും കൊണ്ട് സമൃദ്ധമാണ്. 

ഇപ്പോൾ നിങ്ങൾക്കും ഈ കാവിൽ ഒന്നു കേറിപ്പോവാൻ തോന്നുന്നില്ലേ? തോന്നും. കേറിയാൽ മാത്രം പോര. ഇളവേൽക്കുകയും വേണം. ഷാർജ പുസ്തകോത്സവം തീരാറായി, ട്ടോ.മടിച്ചുനിന്നാൽ മഠയനായിപ്പോയല്ലോ എന്നു കഷ്ടം വച്ചിട്ട് കാര്യമില്ല.ഈ ഓർമ്മക്കാവ്യം നിങ്ങളുടെ ഓർമ്മകളിലേയ്ക്കും കൂട്ടിക്കൊണ്ടുപോകും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.