Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ലുകൾ കഥ പറയുമ്പോൾ

stones

പെട്ടെന്നൊരു സന്ധ്യക്കാണ്‌ ഉണ്ണിയേട്ടന്റെ വിളി .  "എനിക്ക് മൂന്നു ദിവസത്തേക്ക് ഹിമാചലിലേക്ക് ഒരു യാത്രയുണ്ട്.  സുകുവും രാജിയും പറയുന്നു അമ്മയെയും കൊണ്ടു വരാൻ. അമ്മയെ ഹരിദ്വാർ കാണിച്ചു കൊടുക്കാം എന്ന് അന്ന് അവർ വീട്ടിൽ വന്നപ്പോൾ കൊടുത്ത പ്രോമിസ് ആണ്.എനിക്ക് കൂടെ പോകാൻ പറ്റില്ല. നിനക്ക് ഒഴിവുണ്ടാകുമോ വരാൻ? അമ്മുവും വരണം എന്ന് പറയുന്നു. നിനക്ക് വരാൻ പറ്റുമെങ്കിൽ ഞാൻ വരുമ്പോൾ അമ്മയെയും അമ്മുവിനെയും ഡൽഹിയിൽ കൊണ്ട് വന്നു ആക്കി തരാം. നീ കൊണ്ട് പോകണം . പറ്റുമോ? " സുകുവേട്ടൻ ഒറ്റപ്പാലം കോളേജിൽ ഏട്ടന്റെ സഹപാഠിയാണ് . യാത്ര എന്ന് കേട്ടാൽ ഒരു ബാക്ക്പാക്കുമായി ഇറങ്ങാൻ എന്നും കാത്തിരിക്കുന്ന എനിക്ക് സന്തോഷം. ഉള്ളിന്റെ  ഉള്ളിൽ പൊതിഞ്ഞു വച്ച കുറെ നാൾ ആയുള്ള ആഗ്രഹം - അച്ഛന്റെ ആത്മ ശാന്തിക്കായി ഹരിദ്വാറിൽ തർപ്പണം ചെയ്യുക എന്ന സ്വപ്നം - അതും യാഥാർഥ്യം ആവുന്നു. അത് മാത്രമല്ല, പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രണയം  - ശിവ ഗംഗാ സംഗമ സ്ഥാനത്തേക്കാണ് യാത്ര.

stones5

ബുധനാഴ്ച പുലർച്ചെ ഡൽഹി എയർപോർട്ടിൽ വിമാനം ഇറങ്ങുമ്പോൾ കേരള ഹൗസിന്റെ വണ്ടിയുമായി ഡ്രൈവർ കാത്തു നിന്നിരുന്നു. തിരക്കൊഴിഞ്ഞ രാജവീഥിയിലൂടെ കാർ  20 മിനിറ്റ് കൊണ്ട് കേരള ഹൗസിന്റെ ഉള്ളിൽ എത്തി. വലിയ മനോഹരമായ കെട്ടിടം. മുറ്റത്തു വെട്ടി നിർത്തിയ പൂന്തോട്ടം. മുൻപിലായി ഗജവീരൻ. തൊട്ടരികെ കൈ ഉയർത്തി ചിരിച്ചു നിൽക്കുന്ന മുഖ്യമന്ത്രി യുടെ ചിത്രം.ഉറക്കത്തിലായിരുന്ന അമ്മയെയും അമ്മുവിനെയും ശല്യപ്പെടുത്തി ഉണർത്തി , ചെറിയ ഒരു മയക്കവും കഴിഞ്ഞു  9  മണിക്ക് പ്രഭാത ഭക്ഷണവും കഴിച്ചു കഴിഞ്ഞപ്പോഴേക്ക് ( നല്ല രുചിയുള്ള മസാല ദോശയും വടയും കാപ്പിയും - ഇവിടെയാണ് പണ്ട് ബീഫ് നിരോധന സമയത്തിന്റെ തുടക്കത്തിൽ ബീഫ് വിളമ്പി എന്ന പേരിൽ കലാപം ഉണ്ടായത് )  പുറത്തു സുകുവേട്ടൻ  ഏർപ്പാടാക്കിയ വണ്ടിയും ഡ്രൈവറും റെഡി . ഡൽഹിയെ കുറിച്ച് ഇത്ര നാളും കേട്ടിട്ടേ ഉള്ളു. വണ്ടിയിലിരിക്കുമ്പോൾ കണ്ടു നേവിയുടെയും കരസേനയുടെയും വ്യോമസേനയുടെയും കെട്ടിടങ്ങൾ, ഉദ്യോഗസ്ഥരുടെ വസതികൾ, പ്രധാന മന്ത്രിയുടെ വീട്, ജെഎൻയു ക്യാംപസ്, സിനിമകളിൽ മാത്രം കേട്ട് പരിചയിച്ച പല സ്ഥല നാമങ്ങൾ. ഇവിടെയാണ് ഒരു തലമുറ കോളനിവാഴ്ചക്കെതിരെയും സാമ്രാജത്വത്തിനെതിരെയും പടപൊരുതി നേടിയ സ്വാതന്ത്ര്യം ആഘോഷിച്ചത്, ഇവിടെയാണ് ജീവിതം മുഴുവൻ ഇന്ത്യക്കായി സമർപ്പിച്ച  ഒരു അർധനഗ്നനായ ഫക്കീറിന്റെ രക്തം ചിതറി വീണത്. ഇവിടെ വച്ചാണ്, ഇത്രയും സുരക്ഷാ സന്നാഹങ്ങളുടെ മൂക്കിനു താഴെ വച്ചാണ് ഒരു പെൺകുട്ടിക്ക്  ഓടുന്ന വാഹനത്തിൽ വച്ച് മാനവും ജീവനും നഷ്ടമായത്. ഇവിടെ വച്ചാണ് ജനിച്ച കുലത്തിന്റെ പേരിൽ അപമാനിതനായി ഒരു യുവാവ് ജീവൻ ഒടുക്കിയത്. ഇവിടെയാണ് ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളും ഉയർത്തി പിടിച്ച ഒരു ജനക്കൂട്ടം (mob) ഒരു സംസ്ഥാന ഭരണം പിടിച്ചെടുത്തത്. ഇതെല്ലാം കണ്ടിട്ടും ഒന്നും അറിയാത്ത പോലെ ഡൽഹി നിശബ്ദയായി നിൽക്കുന്നു .

stones-01

ആദ്യം പോയത് രാഷ്‌ട്രപതി ഭവന് അടുത്തേക്കാണ്.1911 ഇൽ ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്ന് മാറ്റി ഡൽഹി ആക്കാൻ തീരുമാനിച്ചപ്പോൾ അന്നത്തെ ബ്രിട്ടീഷ് വൈസ്രോയ്ക്കു വേണ്ടിയുള്ള വീടായാണ് ഈ കെട്ടിടത്തിന്റെ പണി ആരംഭിച്ചത് . 1912 ഇൽ British architect Edwin Landseer Lutyens തുടങ്ങി വച്ച ഈ വൈസ്രോയ് കൊട്ടാരം ഏതാണ്ട് 20 വർഷം കൊണ്ടാണ് പണി പൂർത്തിയായത്. 1950ൽ  ഡോ രാജേന്ദ്ര പ്രസാദ് പ്രസിഡന്റ് ആയപ്പോഴാണ് ഈ കൊട്ടാരം വൈസ്രോയ്‌ വസതിയിൽ നിന്നു മാറി രാഷ്‌ട്രപതി ഭവൻ ആയത്. 320 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശനം ഇല്ല.പച്ച ക്യാൻവാസിൽ വരച്ച ഒരു വിക്ടോറിയൻ ചിത്രം പോലെ ഒരു അറ്റത്ത് രാഷ്‌ട്രപതി ഭവൻ, അവിടെനിന്നു നീണ്ടു കിടക്കുന്ന രാജ പാതയുടെ മറ്റേ അറ്റത്തു യുദ്ധകെടുതികളുടെ സ്മാരകമായി ഇന്ത്യ ഗേറ്റ്. ഒന്നാം ലോക യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട 82,000ത്തോളം സൈനികരുടെ ഓർമസ്ഥലം. അവിടെയാണ് ഒരിക്കലും കെടാത്ത അമർ ജ്യതി സ്ഥിതി ചെയ്യുന്നത്. ഈ രാജ പാതയിലാണ് റിപ്പബ്ലിക്ക് ഡേ പരേഡ് നടക്കുക. ഇവിടെ വച്ചാണ് ഇന്ത്യൻ പ്രസിഡന്റ് പരേഡിന്റെ അഭിവാദ്യം സ്വീകരിക്കുക.ഈ കൊട്ടാരത്തിനകത്ത് ഇന്ന് അധിവസിക്കുന്നത് ആ വലിയ, കുറിയ മനുഷ്യൻ ആണ്. ഇന്ത്യ എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രസിഡന്റ് പ്രണബ് മുഖർജി. ( ഏട്ടൻ അദ്ദേഹത്തെ കാണാൻ പോയ കഥ ഓർത്തു അതിനു മുന്നിൽ എത്തിയപ്പോൾ. അനുവദിക്കപ്പെട്ട സമയം 10  മിനിറ്റ് ആയിരുന്നുവത്രെ. മുന്നിലെത്തിയ ചെറുപ്പക്കാരനെ നോക്കി അദ്ദേഹം ചോദിച്ചു   "നിന്നെ കണ്ടാൽ ഒരു കോളേജ് വിദ്യാർത്ഥിയെ പോലെ ഉണ്ടല്ലോ.നീയാണോ കേരളത്തിന്റെ സ്പീക്കർ?!" ആനന്ദ് നീലകണ്ഠന്റെ ആസുര എന്ന പുസ്തകവും.സനൽ മോഹന്റെ Modernity of Slavery എന്ന പുസ്തകവും സമ്മാനമായി നൽകിയപ്പോൾ അറിവിന്റെ നിറകുടമായ. പ്രണബ് മുഖർജി സംസാരിച്ചു തുടങ്ങി. ഒടുവിൽ ആ കൂടിക്കാഴ്ച അവസാനിച്ചത് 45 മിനിട്ട് കഴിഞ്ഞായിരുന്നു. തനിക്ക് സമ്മാനിക്കപ്പെട്ട പുസ്തകങ്ങൾ ബന്ധപ്പെടുത്തി ഏറെ സംസാരിച്ചു അദ്ദേഹം.ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ കൽപണിക്കാർ അസുരന്മാർ ആയിരുന്നു എന്നത്രെ അദ്ദേഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ  )

stones3

അടുത്ത സ്ഥലം ഇന്ദിര ഗാന്ധി മെമ്മോറിയൽ . ചരിത്രത്തിൽ പകരം വയ്ക്കാൻ ആവാത്ത ഉരുക്കു വനിതയുടെ കരുത്തുറ്റ  ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന സ്ഥലം . ഇന്ദിരയുടെ കുട്ടിക്കാലം, ജവഹർലാൽ എന്ന സ്നേഹ നിധിയായ അച്ഛൻ മകൾക്കായി എഴുതിയ കത്തുകളുടെ ശേഖരം, ഫിറോസ് ഗാന്ധിയെ കണ്ടെത്തിയതും അദ്ദേഹവുമായുള്ള പ്രണയവും, മക്കളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ - എല്ലാം ചുവരിൽ ചിത്രങ്ങൾ ആയി ഉണ്ട്. ജവാർഹർലാൽ നെഹ്‌റു  തന്റെ ജയിൽവാസ സമയത്തു മകൾക്കായി കൈ കൊണ്ട് നൂറ്റെടുത്ത കോട്ടൺ സാരിയും (അതായിരുന്നു ഇന്ദിരയുടെ വിവാഹ വസ്ത്രം)  ഇന്ദിര തന്റെ അവസാന നാളിൽ വെടിയേറ്റ് വീഴുമ്പോൾ ധരിച്ച രക്തക്കറ പുരണ്ട വസ്ത്രവും അവിടെയുണ്ട്. ആ വീട്ടിലെ സ്വീകരണ മുറിയും ലൈബ്രറിയും കിടപ്പു മുറിയും എല്ലാം അത് പോലെ  സൂക്ഷിച്ചിരിക്കുന്നു. ചുവരുകളിലെ ഇന്ത്യ ചരിത്രത്തിന്റെ മായ്ച്ചു കളയാൻ ആവാത്ത ചിത്രങ്ങളും പേപ്പർ കട്ടിങ്ങുകളും കണ്ട് കണ്ട് നടക്കുന്നിതിനിടയിൽ അവിശ്വനീയമായ ഒരു ചിത്രത്തിൽ കണ്ണുകൾ ഉടക്കി. കാരിരുമ്പിന്റെ കരുത്തും നിശ്ചയ ദാർഢ്യവും കൈ മുതൽ ആയുള്ള, ജനാധിപത്യത്തിന്റെ കടക്കൽ കത്തി വെച്ച അടിയന്തിരാവസ്ഥ എന്ന തീരുമാനം ഏകപക്ഷീയമായി കൈക്കൊണ്ട ഉരുക്കു വനിത വിതുമ്പുന്ന ഒരു ചിത്രം. മകൻ സഞ്ജയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഉള്ളത്. ഏതു കരിങ്കല്ലും അലിയിപ്പിക്കുന്നതാണോ മാതൃ സ്നേഹം ? അതോ സഞ്ജയുടെ മരണത്തിനു കാരണക്കാരി ആയത് പലരും പറഞ്ഞു കേട്ടിട്ടുള്ളത് പോലെ ഈ അമ്മ തന്നെ ആയിരുന്നുവോ ? ആ പാപബോധം ആയിരുന്നുവോ ആ കണ്ണുകളിൽ നിന്ന് തുളുമ്പി വീണത്? കാഴ്ചകൾ കണ്ടു വീടിനു പുറത്തിറങ്ങിയപ്പോൾ മരങ്ങളുടെ തണലിൽ കല്ലുകൾ കൊണ്ട് തീർത്ത നടപ്പാത. അതിന്റെ അറ്റത്തു ഒരു സ്ഥലം തെളിഞ്ഞ സ്‌ഫടികം കൊണ്ട് ഒരുക്കി വച്ചിരിക്കുന്നു. ഇവിടെയാണ് കാലം മുട്ട് മടക്കിയ ആ ധീര വനിത സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിനുള്ളിൽ വച്ച്  സ്വന്തം അംഗ രക്ഷകരുടെ വെടിയേറ്റ് വീണത്. ഇവിടുത്തെ ഓരോ കല്ലിനും ഉണ്ടാകും ഒരായിരം കഥകൾ പറയാൻ .   

അടുത്തത് സഫ്ദർജംഗ് ടോംബ്. 1748 ഇൽ  ഷാഹ് ബഹാദൂർ കിരീടാവകാശി ആയപ്പോൾ അദ്ദേഹത്തിന്റെ പ്രധാന മന്ത്രി ആയിരുന്നു സഫ്ദർജംഗ്. മദ്യവും മദിരാക്ഷിയുമായി ജീവിതം ആസ്വദിച്ച മൊഹമ്മദ് ഷാ അഹമ്മദ് ഷായുടെ കുടുംബം പക്ഷെ സഫ്ദർജംഗിന്റെ ഭരണത്തിലെ അതിരു  കടന്ന ഇടപെടലുകളിൽ അതൃപ്തർ ആവുകയും 1753 ഇൽ അദ്ദേഹത്തെ  ഡൽഹിയിൽ നിന്ന് നാട് കടത്തുകയും ചെയ്തു. പിന്നീട് വന്ന രാജാക്കന്മാരെ സ്വാധീനിച്ച സഫ്ദർജംഗ് ന്റെ മകൻ ആണ് പിതാവിന് വേണ്ടി ഈ ഓര്മ കുടീരം  നിർമ്മിച്ചത് . ശീതീകരിച്ചതു പോലെ തണുത്ത ഉള്ളറകൾ. വലിയ കൽച്ചുവരുകൾ .ഡൽഹിയിൽ എത്തുന്ന സഞ്ചാരികൾക്ക് കാണാൻ ഉള്ള സ്ഥലങ്ങളുടെ കൂട്ടത്തിൽ സഫ്ദർജംഗ് ടോംബ് ഇല്ലാത്തതിനാൽ ആണോ അതോ പ്രവർത്തി ദിവസം ആയതിനാലാണോ എന്നറിയില്ല ഈ മനോഹരമായ കുടീരം ആളൊഴിഞ്ഞു കിടന്നു. അകത്ത്  അവിടാവിടെയായി ശല്യം ഇല്ലാതെ പ്രണയ ലീലകളുമായി മൂന്നു നാല് കമിതാക്കൾ മാത്രം.

മതദർശനങ്ങൾക്കു വിമോചന മൂല്യമുണ്ട്. തിന്മകൾക്കെതിരായ ധീരമായ നിലപാട് അവ ഉയർത്തിപ്പിടിക്കുന്നു. എന്നാൽ ഈ ആശയത്തോട് ചേർന്നുനിൽക്കുന്ന യഥാർത്ഥ ആത്മീയത തിന്മകൾക്കെതിരായ സമരത്തിനായി നില കൊള്ളുമ്പോൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട അല്ലെങ്കിൽ ശരിയായി വ്യാഖാനം ചെയ്യപ്പെടാത്ത മതവാദങ്ങൾ സമൂഹത്തിൽ കലഹവും അസമത്വവും സൃഷ്ടിക്കുന്നു.പാർശ്വവൽക്കരിക്കപ്പട്ടവരെ ചൂഷണം ചെയ്യുന്നു. എല്ലാ മതങ്ങളും മുന്നോട്ടു വയ്ക്കുന്ന ആശയം ഒന്നാണെന്നും അവയെല്ലാം മനുഷ്യ കുലത്തിന്റെ ആത്യന്തികമായ ഉയിർപ്പിനു വേണ്ടിയാണ് നില കൊള്ളുന്നതെന്നും ഉദ്‌ഘോഷിക്കുന്ന ബഹായ് വിശ്വാസികളുടെ  താമര മൊട്ടിന്റെ രൂപത്തിൽ ഉള്ള ലോട്ടസ് temple ദൂരെ നിന്നേ കാണാം. 40 മീറ്ററിലധികം ഉയരമുള്ള, 9 വാതിലുകളോട് കൂടിയ, ചുറ്റും കൃത്രിമ തടാകത്താൽ ചുറ്റപ്പെട്ട, ഒരേ സമയം 2500 പേരെ ഉൾക്കൊള്ളാവുന്ന, 27 മാർബിൾ താമര ഇതളുകളോട് കൂടിയ ഈ പ്രാർത്ഥന മന്ദിരം നിർമ്മിക്കപ്പെട്ടത് 1986 ലാണ് . ഇവിടെ ആർക്കും പ്രവേശിക്കാം. ഏതു മതത്തിലും ഏതു ദൈവത്തിലും വിശ്വസിക്കുന്ന ഏതു വ്യക്തിക്കും ആ ഹാളിനുള്ളിൽ സ്വന്തം ദൈവത്തോട് സംവദിക്കാം, നിശ്ശബ്ദമായി. ഈ വെണ്ണക്കൽ മന്ദിരം ഏതു പ്രാർത്ഥനകളും ഏറ്റു വാങ്ങുന്നു ." അഹം ബ്രഹ്മാസ് മി"

കുത്തബ് മിനാർ ബാല്യത്തിലെ കൗതുകങ്ങളിൽ ഒന്നാണ്. 73 മീറ്റർ ഉയരവും 14 . 3 മീറ്റർ വ്യാസവും ഉള്ള , ചുവന്ന കരിങ്കല്ലുകളാൽ നിർമിക്കപ്പെട്ട 5 നിലകൾ ഉള്ള മനോഹരമായ കെട്ടിടം. 1192 ഇൽ കുത്തബ് അൽ-ദിൻ ഐബക് ആണ് ഇതിന്റെ ആദ്യ നിലയുടെ പണി ആരംഭിച്ചത്. 1220 ഇൽ ഐബക്കിന്റെ മരുമകൻ ഇൽറ്റുമിഷ് പിന്നീടുള്ള മൂന്നു നിലകളുടെ പണി പൂർത്തിയാക്കി. ഒരു പ്രകൃതി ദുരന്തത്തിൽ തകർന്നു പോയ മൂന്നാം നില പുതുക്കി പണിതതും  ഒരു നില കൂടി കൂട്ടി ചേർത്തതും ഫിറോസ് ഷാ തുഗ്ലക് ആയിരുന്നു. 379 പടികൾ ഉള്ള ഇടുങ്ങിയ ഗോവണി പണ്ട് കാഴ്ചക്കാർക്കായി തുറന്നു കൊടുത്തിരുന്നു. എന്നാൽ 1981 ഡിസംബർ 4  നു ഉണ്ടായ ഒരു ഇലെക്ട്രിസിറ്റി ഫൈലിയർ സമയത് 45 പേരുടെ ജീവൻ നഷ്ടപ്പെട്ടതോടെ അത് എന്നേക്കുമായി പൂട്ടി. ഇപ്പോൾ മിനാരം പുറത്തു നിന്ന് മാത്രമേ വീക്ഷിക്കാൻ ആവൂ. മിനാരത്തിനു തൊട്ടു താഴെയായി Quwwat-ul-Islam Mosque, തൊട്ടപ്പുറം സയൻസിന്റെ ബേസിക് ആയ corrotion സങ്കൽപ്പത്തെ വെല്ലു വിളിച്ചു കൊണ്ട് iron pillar . ഗുപ്ത രാജവംശത്തിന്റെ കാലം തൊട്ട് കാറ്റിലും മഴയിലും വെയിലിലും അജയ്യയായി നിൽക്കുന്നു AD 4 ആം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട  6000 കിലോ ഭാരവും 7  മീറ്റർ ഉയരവും ഉള്ള iron pillar . നശിപ്പിക്കപ്പെട്ട അനേകം ഹിന്ദു ജൈന അമ്പലങ്ങളുടെ അവശിഷ്ടങ്ങൾ ആണത്രേ ഇവയുടെ നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്നത്. അവിടെ വച്ച് പരിചയപ്പെട്ട  ഇറാനി ദമ്പതികൾ ആവശ്യപ്പെട്ടപ്പോൾ കൂടെ നിന്ന് ഫോട്ടോയും എടുത്തു പുറത്തേക്ക്.

സമയം സന്ധ്യയായി തുടങ്ങിയിരിക്കുന്നു. അമ്മ നല്ല ഉഷാറിൽ  തന്നെ ആണ്  എന്നത് കൊണ്ടാണ് ഇത്രയും സ്ഥലങ്ങൾ ഒറ്റയടിക്ക് ഓടിയെത്താൻ ആയത് . പിന്നെ രാജ് ചേട്ടന്റെ ക്ഷമയും. രാത്രി പണ്ടാര ലേനിൽ നിന്ന് പാനിപൂരിയും നോർത്ത് ഇന്ത്യൻ നോൺ വെജിറ്റേറിന് ഭക്ഷണവും. യാദൃച്ഛികമായി കണ്ടു മുട്ടിയ ഗിരിജ ചേച്ചിയെ ഹോട്ടലിലും ഞങ്ങളെ താമസ സ്‌ഥലത്തും വിട്ടു പിരിയുമ്പോൾ സുകുവേട്ടനും രാജിയും ഓർമിപ്പിച്ചു നാളെ രാവിലെ നേരത്തെ പ്രദീപ് ശർമയും ഡ്രൈവറും എത്തും. നേരത്തെ വിട്ടാൽ ഉച്ചയോടെ ഹരിദ്വാർ എത്താം പറ്റിയാൽ ഋഷികേശും കണ്ടു രാത്രി തന്നെ മടങ്ങാം. നാളെ യാത്ര ഉത്തരാഖണ്ഡിലേക്കാണ്. ഗംഗാ നദിയുടെ ഉത്ഭവ സ്ഥാനത്തേക്ക്.

ഡൽഹി നഗരത്തിന്റെ തിരക്കുകൾ വിട്ട് വണ്ടി ഉത്തർ പ്രദേശിലേക്ക് കടന്നതോടെ വഴിയെല്ലാം വിജനം ആയി.രണ്ടു വശങ്ങളിലും കണ്ണെത്താ ദൂരത്തോളം പോപ്ലാർ മരങ്ങൾ അതിരിട്ട കരിമ്പ് പാടങ്ങളും ഗോതമ്പ് പാടങ്ങളും. വഴിയരികിൽ ചാണക വരളികൾ, വലിയ അലൂമിനിയം പാത്രങ്ങളിൽ പാലുമായി പോകുന്ന കർഷകർ, കാളവണ്ടികൾ... ഒരു 30 വര്ഷം മുൻപത്തെ കേരള ഗ്രാമങ്ങളെ ഓർമിപ്പിച്ചു ഉത്തർ പ്രദേശ്. പ്രഭാത ഭക്ഷണം കഴിച്ചതോടെ പ്രദീപ് ശർമ്മ ഊർജ്വസ്വലനായി. സുകുമാർജിയുടെ സഹോദര പുത്രിയുടെ വിവാഹത്തിന് കേരളത്തിൽ വന്നു താമസിച്ചതും അവിടുത്തെ അമ്മയുടെ കൈപ്പുണ്യവും കല്യാണ പെണ്ണിന്റെ സ്വർണാഭരണങ്ങളുടെ ഭംഗിയും ഇലയിൽ വിളമ്പിയ 26  തരം പച്ചക്കറികളുടെ പേരറിയാത്ത സങ്കടവും എല്ലാം അയാൾ വിശദീകരിച്ചു.  പിന്നീട് ചർച്ച രാഷ്ട്രീയം ആയി. ഡൽഹി മുഖ്യമന്ത്രി കേജരിവാളിനെ കുറിച്ച് ചോദിച്ചപ്പോൾ ഉടനെ വന്നു മറുപടി,

" put him in dustbin " ഈയിടെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ അധികാരത്തിൽ ഏറിയ UP  മുഖ്യമന്ത്രിയെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ " കേന്ദ്രത്തിൽ മോഡി, സംസ്ഥാനത്തു യോഗി. രണ്ടു പേരും അത്ഭുതങ്ങൾ സൃഷ്ടിക്കും. കണ്ടില്ലേ പശു വധം നിരോധിച്ചു. ഇനി ക്രിമിനലുകളെയെല്ലാം തുടച്ചു നീക്കും" .(മറ്റെല്ലാ ക്രിമിനലുകളെയും തുടച്ചു നീക്കി അത് തന്റെ സ്വന്തം ഏരിയ ആക്കും എന്നാണാവോ ഉദ്ദേശിച്ചത് എന്ന് സുഹൃത്ത് MB രാജേഷിന്റെ ഫലിതം) പശുവിനെ കൊന്നാൽ 2 വര്ഷം (ഇപ്പോൾ ഗുജറാത്തിൽ അത്  ജീവ പര്യന്തം ആയി ) പെൺകുട്ടികളെ അപമാനിച്ചാൽ 8 മാസം. അത് ശരിയാണോ എന്ന് ചോദിക്കാൻ മാത്രം ഹിന്ദി കൈവശം ഇല്ലാത്തതിനാൽ അമ്മുവിനെ prompt ചെയ്തപ്പോൾ അമ്മു കൈ ഒഴിഞ്ഞു  " ഈ ചോദ്യം ഞാൻ ഇയാളോട് ചോദിക്കാനോ? എന്നിട്ട് വേണം അയാൾ എന്നെ വണ്ടിയിൽ നിന്ന് ഇറക്കി വിടാൻ "

കർഷകർ കാലികളെ കുളിപ്പിക്കുന്ന, തെരുവിലെ സ്ത്രീകൾ വൃത്തിയില്ലാത്ത വസ്ത്രങ്ങൾ കഴുകി ഉണക്കുന്ന, ജനങ്ങൾ തിങ്ങി നിന്ന് മുങ്ങി നിവരുന്ന, പാതി വെന്ത ശവശരീരങ്ങൾ ഒഴുക നടക്കുന്ന, വൃത്തി ഹീനമായ നദി എന്നതാണ് കുറെ നാളായി മനസ്സിൽ ഉറച്ചിരിക്കുന്ന ഗംഗയുടെ ചിത്രം. ഈ അടുത്താണ് ലോകത്തിൽ രണ്ടാമതായി ഒരു നദിയെ വ്യക്തിയായി അംഗീകരിച്ചതായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഗംഗയുടെ ആരോഗ്യം സംരക്ഷിക്കാൻ ഒരാളെ  രക്ഷാധികാരിയായി ചുമതലപ്പെടുത്തിയത് . അപ്പോൾ ഒരു വ്യക്തിയുടെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ഗംഗാ നദിക്കും ഉണ്ട്. ശുദ്ധ ജല സമൃദ്ധം ആയ ഏറെ നദികൾ ഉണ്ടായിട്ടും ഇന്ത്യയിൽ ജനങ്ങൾ കുടിവെള്ളത്തിനായി ബുദ്ധി മുട്ടുന്നുവെന്നത് ഇനിയെങ്കിലും പരിഹരിക്കപ്പെട്ടാൽ നന്നായിരുന്നു.... ഓർമ്മകൾ കാടു കയറി തുടങ്ങിയപ്പോഴേക്കും ഹരിദ്വാറിൽ എത്തി. കേട്ടതെല്ലാം അവിശ്വസനീയമാക്കുന്ന കാഴ്ച.

ഹിമാലയൻ മല  നിരകളിലെ മഞ്ഞു പാളികൾ ഉരുകി വരുന്ന ഐസ് പോലെ തണുത്ത ഇളംപച്ച നിറമുള്ള വെള്ളം. ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് പോലും മലിനമാക്കപ്പെട്ടിട്ടില്ലാത്ത ഗംഗ. ഒരാളും തുണി അലക്കുന്നതോ കാലികളെ കുളിപ്പിക്കുന്നതോ കണ്ടില്ല. നദിക്ക് മറുകരെ കുറച്ചു പേർ ആത്മാക്കൾക്കായി കർമം ചെയ്യുന്നു.  ഇരു കരകളിലും ആളുകൾക്ക് സുരക്ഷിതമായി പിടിക്കാൻ ഇരുമ്പു ചങ്ങലകൾ പടികളോട് ചേർത്ത് കെട്ടിയിരിക്കുന്നു. സ്വന്തം വിശപ്പ് മാറ്റാൻ കാർമിക വേഷങ്ങളും പരികർമ്മി വേഷങ്ങളും  കെട്ടിയ കുറച്ചു പേര്.  ഐസ് പോലെ തണുത്ത വെള്ളത്തിലെ ഒഴുക്കിൽ മുങ്ങി നിവർന്നു. ഉച്ച  വെയിലിൽ നനഞ്ഞ വസ്ത്രങ്ങളോടെ കരിങ്കൽ പടിയിൽ കാർമ്മികൻ നീട്ടിയ പാത്രത്തിലെ പൂക്കളും ധാന്യവും കൈയിലെടുത്തു. അടഞ്ഞ കണ്ണുകൾക്ക് മുൻപിൽ അച്ഛന്റെ ചിരിക്കുന്ന രൂപം. പിന്നെ മനസ്സിലേക്ക് ഒരു കുത്തൊഴുക്കായിരുന്നു. ഏട്ടമ്മാമ മുത്തശ്ശി വലിയമ്മ ചെറിയമ്മമാർ.

അച്ഛന്റെയും അമ്മയുടെയും ഭർത്താവിന്റെയും കുടുംബത്തിലെ കണ്ടതും കാണാത്തതുമായ എല്ലാ പിതൃക്കൾക്കുമായി ബലി തർപ്പണം.. നെറുകയിൽ നിന്ന് ഒഴുകുന്ന ഗംഗാ ജലത്തിനൊപ്പം കണ്ണീരും ഒഴുകി ഇറങ്ങി. ഭൗതിക വാദിയായ അച്ഛന്റെ ആത്മാവ് എവിടെയെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല. ഉണ്ടെങ്കിൽ ആ ആത്മാവിനു നിത്യ ശാന്തിക്കായി എന്റെ ഹൃദയത്തിൽ നിന്നും കണ്ണുനീർ കൊണ്ട് ബലി തർപ്പണം ...വേഷം മാറി തിരിച്ചു വാഹനത്തിലേക്ക് നടക്കുമ്പോൾ ഏറെ ശാന്തം ആയിരുന്നു മനസ്സ്. ഇനിയും വരണം ഇവിടേക്ക്. മനസ്സും ശരീരവും തണുക്കും വരെ ഇനിയും മുങ്ങി നിവരണം...ഇനിയും ഈ കൽപ്പടവുകൾക്ക് പറയാൻ ഉള്ള കഥകൾ  കേൾക്കണം ....

ഹൃഷികേശും ഏറെ ദൂരെ അല്ല. പാതയോരത്തു നിന്ന് താഴേക്ക് പടികൾ ഇറങ്ങണം. പിന്നെ ലക്ഷ്മണൻ കാട്ടു വള്ളികളാൽ ഊഞ്ഞാല് ഉണ്ടാക്കി നദിയുടെ മറു കരയിലേക്ക് പോയി എന്ന് വിശ്വസിക്കുന്ന സ്ഥലത്തു ഇരുമ്പു കൊണ്ടുള്ള തൂക്കുപാലം - ലക്ഷ്മൺ ജൂല യിലൂടെ മറുകരക്ക്. വഴിയരികിൽ മീനുകൾക്ക് തീറ്റിയുമായി വില്പനക്കാരായ കൊച്ചു കുട്ടികൾ. സൗമ്യ ശീലനായ രാജ് പണം കൊടുത്തു അത് വാങ്ങി. അപ്പോഴേക്ക് ശർമ്മാജിയുടെ ബുദ്ധി പ്രവർത്തിച്ചു. മറുകരക്ക് പോകാൻ ഇരുചക്ര വാഹനങ്ങൾ മാത്രമേ ഉള്ളു. മോട്ടോർ സൈക്കിളിലിൽ എത്തിയ ഒരു ചെറുപ്പക്കാരനെ തടഞ്ഞു നിർത്തി അദ്ദേഹം ചോദിച്ചു " അമ്മയെ ഒന്ന് അക്കരെ എത്തിക്കാമോ? നടക്കാൻ ബുദ്ധിമുട്ടുണ്ട്" സന്തോഷത്തോടെ അയാൾ ആ ജോലി ഏറ്റെടുത്തു. (അങ്ങനെ അങ്ങോട്ടും തിരിച്ചും പിന്നെ മെയിൻ റോഡ് വരെയും മൂന്നു പേരുടെ വാഹനത്തിൽ ആയിട്ടായിരുന്നു അമ്മയുടെ യാത്ര) മറു കരയിൽ chottiwali എന്ന കുടവയറൻ കുടുമക്കാരന്റെ ഹോട്ടൽ ലോക പ്രശസ്‌തമത്രെ.പഞ്ചാബി  സ്പെഷ്യൽ താലിയും കഴിച്ചു, അമ്പലം എന്ന് പറയപ്പെട്ട ഒരു ഹാളിൽ ഒന്ന് കയറി ഇറങ്ങി തിരിച്ചു ഡൽഹിയിലേക്ക്. റോഡിനു പാരലൽ ആയി ഏറെ ദൂരം ഗംഗയിൽ നിന്ന് വഴി തിരിച്ച വിട്ട, ഉരുളൻ കല്ലുകളാൽ അതിരിട്ട വൃത്തിയുള്ള ഒരു കനാൽ ഞങ്ങളെ പിന് തുടർന്നു കൊണ്ടിരുന്നു. രാത്രി കേരള ഹോസിൽ എത്തുമ്പോൾ അമ്മയുടെ തെളിഞ്ഞ മുഖം കണ്ടു ഏട്ടൻ അതിശയത്തോടെ ചോദിച്ചു "18  മണിക്കൂർ യാത്ര ചെയ്ത ഒരു ക്ഷീണവും കാണുന്നില്ലല്ലോ മുഖത്ത്?!" " അച്ഛനുണ്ടായിരുന്നു കൂടെ ഒരു ബുദ്ധിമുട്ടും വരാതെ നോക്കാൻ" അമ്മയുടെ  മറുപടി അതായിരുന്നു .

ഇന്ന് ജനാധിപത്യത്തിന്റെ ശ്രീ കോവിൽ പാർലമെന്റിലേക്കാണ് യാത്ര .545 അംഗങ്ങളുള്ള ലോക സഭയുടെ മൂന്നു സിറ്റിങ്ങുകളിൽ ഒന്ന് ഇപ്പോൾ നടക്കുന്നതിനാൽ സഭാ നടപടികൾ നേരിൽ കാണാം. അവിടുത്തെ സെക്യൂരിറ്റി നിയമങ്ങളിൽ ബുദ്ധിമുട്ടായാലോ എന്നത് കൊണ്ട് 'അമ്മ മുറിയിൽ വിശ്രമിക്കാൻ തീരുമാനിച്ചു.   സുഹൃത്തായ MB രാജേഷിന്റെ സെക്രട്ടറി ശ്രുതീഷ് എനിക്കും അമ്മുവിനും പാസ് അറേഞ്ച് ചെയ്തിട്ടുണ്ട്.  പോലീസിന്റെ പരിശോധനകളും മറ്റെല്ലാ നൂലാമാലകളും കഴിഞ്ഞു visitors ഗാലറിയിൽ എത്തി. (ഗാലറിയിൽ അവിടവിടെയായി ചിലരൊക്കെ ആദ്യമേ സ്ഥലം പിടിച്ചിരിക്കുന്നു. ഞങ്ങൾ ഇരുന്ന സീറ്റിന്റെ അറ്റത്ത് ഒരു യുവതി  ഇരിക്കുന്നു. കണ്ടാൽ ഒരു കോളേജ് വിദ്യാർത്ഥിയെ പലെ ഉണ്ട്. ചുരിദാർ ആണ് വേഷം. അമ്മു കാലിൽ നിന്ന് ചെറുതായി ചെരിപ്പ് ലൂസ് ആക്കിയതും അവൾ അമ്മുവിനെ ശ്രദ്ധിച്ചു തുടങ്ങി. പിന്നീടുള്ള ഓരോ ചലനങ്ങൾക്കും വിലക്കായിരുന്നു. ചെരിപ്പ് അഴിക്കരുത്, സംസാരിക്കരുത്, കൈ ചലനങ്ങൾ അരുത്,  ചൂണ്ടിക്കാണിക്കരുത്.

അങ്ങനെ മഫ്റ്റിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥയാണ് അവരെന്ന് പിന്നീട് രാജേഷ് പറഞ്ഞു തന്നു. ജെഎൻയു വിഷയം കത്തി നിന്ന സമയത്തു ഒരു യുവാവ് ഗാലറി യിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചുവത്രെ. അതിനാലാണ് ഇത്രയും ശ്രദ്ധ.) നേരെ മുൻപിൽ സ്‌പീക്കറുടെ കസേരയിൽ സുമിത്ര മഹാജൻ , അവരുടെ വലതു വശത്തായി മുന്നിലെ സീറ്റിൽ ഫിനാൻസ് മിനിസ്റ്റർ അരുൺ ജെയ്‌റ്റിലി, തൊട്ടടുത്ത് വന്ദ്യ വയോധികൻ LK അദ്വാനി. ഇടതു വശത്തു ബിജു, രാജേഷ്, സമ്പത്ത്,കെ.സി.വേണുഗോപാൽ പരിചിത മുഖങ്ങൾ തേടി കൊണ്ടിരിക്കെ കുറച്ചു നേരം കഴിഞ്ഞപ്പോൾ നെറ്റിയിലേക്ക് അനുസരണയില്ലാതെ  ചാടി വീഴുന്ന നീണ്ട മുടി ചുരുളുകൾ ഒതുക്കി കൊണ്ട് ശശി തരൂർ എത്തി. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച ചോദ്യം വെസ്റ്റ് ബംഗാളിൽ നിന്നും ഉള്ള ഒരു അംഗം ഉന്നയിച്ചതിനു മന്ത്രി മറുപടി പറയുന്നു. ഏതാണ്ട് ഒരു മണിക്കൂർ ആവാറായപ്പോൾ പുറത്തിറങ്ങി. പിന്നെ രാജേഷിനൊപ്പം പാർലമെന്റ് കെട്ടിടം നടന്നു കണ്ടു.
പാർലമെന്റ് മന്ദിരം അശോക ചക്രത്തെ അധികരിച്ചു വൃത്താകൃതിയിൽ ആണ് പണി ചെയ്തിരിക്കുന്നത്. വലിയ ഒറ്റക്കൽ തൂണുകൾ,   പഴമയുടെ ഗാംഭീര്യം പേറുന്ന വൃത്താകൃതിയിലുള്ള തുറന്ന വരാന്ത, മന്ത്രിമാരുടെ ഓഫീസുകൾ, വരാന്തയിൽ  സമോവറുമായി ചായ വില്പനക്കാരി. കലാലയ കാലം മുതൽ ഇപ്പോൾ പാർലമെൻറിൽ നടക്കുന്ന തമാശകൾ വരെ പലതും സംസാരത്തിനിടെ വന്നു പോയി . ഡൽഹിയിലെ പത്ര മാധ്യമങ്ങളിലെ പല മലയാളി സാന്നിധ്യങ്ങളെയും  പരിചയപ്പെട്ടു . പഴയ ഹിന്ദി നടൻ ശത്രുഘ്ന സിംഹയോടൊപ്പം ഒരു ഫോട്ടോ, പിന്നെ രാജേഷിന്റെ ചെലവിൽ ഉച്ച ഭക്ഷണം - പാർലമെന്റ് ക്യാന്റീനിൽ നിന്ന് നോർത്ത് ഇന്ത്യൻ വെജിറ്റേറിയൻ താലി. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ രണ്ടു ചെറുപ്പക്കാർ കുറെ നേരമായി ഞങ്ങളെ പിന്തുടരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു . രാജേഷിനെ കാണാനും പരിചയപ്പെടാനും വേണ്ടി  ആയിരുന്നു അത്. ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണെങ്കിലും ജനാധിപത്യത്തിന്റെയും ഇന്ത്യൻ ഭരണ ഘടനയുടെയും അന്തസത്തയും മൂല്യങ്ങളും അത്ര പരിചിതം അല്ലാത്ത പുതിയ തലമുറക്ക് ആ ഊർജം കൈ മാറുന്നതിൽ രാജേഷിനെ പോലെ ഉള്ള തീക്ഷ്ണ യൗവനങ്ങളുടെ പങ്ക് ചെറുതല്ല എന്ന് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞ നിമിഷം.. സുഹൃത്തിനെ ചൊല്ലിയുള്ള അഭിമാന നിമിഷങ്ങൾ.

 രാജേഷിനോട് യാത്ര പറഞ്ഞു നേരെ തീൻ മൂർത്തീ ഭവനിലേക്ക് വിട്ടു. ഉച്ച ചൂടിൽ മയങ്ങി നിൽക്കുന്ന തീൻ മൂർത്തീ ഭവൻ. 13 വയസിൽ ആനി ബസന്റിന്റെ പ്രസംഗത്തിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിൽ എത്തിയ ജവഹർ എന്ന കൗമാരക്കാരന്റെ ചരിത്രം പുനർ രചിക്കപ്പെട്ട കൽചുവരുകൾ. ഒരു പുരുഷായുസ്സു കൊണ്ട് അദ്ദേഹം വായിച്ചു തീർത്ത പുസ്തകങ്ങൾ, ചെയ്തു തീർത്ത കാര്യങ്ങൾ അതിലും എത്രയോ അധികം ആണ് .തിരക്കില്ലാത്ത കെട്ടിടത്തിനുള്ളിൽ മുഴുവൻ നടന്നു കണ്ടു. ആളും ആരവവും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന ആ വീടും ചുറ്റുമുള്ള തൊടിയും വീടിനു മുൻപിലെ നടപ്പാതയും ഒരു കാലത്ത് എത്ര തീവ്രമായ ആശയ സമരങ്ങളുടെ വേദി ആയിരുന്നിരിക്കണം. എത്ര മഹാത്മാക്കൾ എത്ര സാധാരണക്കാർ ഇവിടെ കയറി ഇറങ്ങിയിരിക്കണം...

രാത്രി സ്ട്രീറ്റ് ഷോപ്പിംഗ് എന്നും പറഞ്ഞു സരോജിനി മാർക്കറ്റിൽ കറങ്ങി നടന്നു. കൂടെ സുകുവേട്ടനും രാജിയും . കോണിപ്പടികൾ കേറാൻ ഉള്ള ബുദ്ധി മുട്ട് കൊണ്ട് 'അമ്മ ഇറങ്ങിയില്ല. അച്ഛമ്മ വീട്ടിൽ ഉള്ളത് കൊണ്ട് ഞാൻ സഹായിയായി നിൽക്കാം എന്ന്  ബെബോവും സ്വമേധയാ തീരുമാനിച്ചു .തിരിച്ചു വീട്ടിൽ എത്തുമ്പോഴേക്ക്  സോനു എത്തിയിട്ടുണ്ട്. രാജിയുടെ സഹായികൾ തീൻമേശ നിറച്ചിരിക്കുന്നു. ചിക്കനും മട്ടനും മീനും പനീറും ഒക്കെയായി വിഭവ സമൃദ്ധമായ അത്താഴം. (പിന്നീടുള്ള ഓരോ ഭക്ഷണ സമയങ്ങളും ഇത് തന്നെ ആയിരുന്നു അവസ്ഥ. ആതിഥേയ മര്യാദയിൽ രണ്ടു പേരും ഒന്നിനൊന്നു മുന്നിലാണ് .)നിറഞ്ഞ നിശ്ശബ്ദതയിൽ  തണുത്ത പുതപ്പിനുള്ളിൽ സുഖനിദ്ര.

പിറ്റേന്ന് രാവിലെ സോനുവിനെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി റെഡ് ഫോർട്ടിലേക്ക് വിട്ടു.  ഇവിടെയാണ് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രധാന മന്ത്രി ത്രിവർണ പതാക ഉയർത്തുക. പേര് പോലെ തന്നെ ചുവന്ന കല്ലുകൾ കൊണ്ട് നിർമ്മിച്ച അതി മാനുഷമായ കൊട്ടാരത്തിന്റെയും അവകാശി താജ് മഹലിന്റെ അവകാശി അതേ മുഗൾ ചക്രവർത്തി തന്നെ - ഷാജഹാൻ . താജ് മഹൽ സൃഷ്ടിച്ച അതെ ശില്പി തന്നെ ഇതിന്റെയും പുറകിൽ. Ustad Ahmad Lahauri. യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെന്റർ ഇൽ ഇടം പിടിച്ചിട്ടുള്ള ഈ മനോഹര ശിൽപം ഒരു നഗരത്തെ കാത്ത് വെക്കുന്ന കോട്ടയാണ്. കോട്ടക്ക് ചുറ്റും ആഴവും പരപ്പും ഉള്ള കിടങ്ങ്. 1639 ഇല് ത്റെ തലസ്ഥാനം ആഗ്രയിൽ നിന്ന് മാറ്റി ഡൽഹി ആക്കാൻ ഷാജഹാൻ തീരുമാനിച്ചപ്പോൾ ആയിരുന്നു ഈ കൊട്ടാരത്തിന്റെ നിർമാണം. ലോക പ്രശസ്തമായ കോഹിനൂർ രത്നവും ഷാജഹാന്റെ രത്നഖചിതമായ വൈൻ കപ്പും ഇവിടെ നിന്നാണ് മോഷ്ടിക്കപ്പെട്ടത് . രംഗ് മഹൽ, ഹിറാ മഹൽ,  മോട്ടി മസ്ജിദ്, ഖാസ് മഹൽ എന്നിങ്ങനെ വിവിധ കൊട്ടാരങ്ങളുടെ സമുച്ചയമാണ് അതിനുള്ളിൽ. അരികിൽ ഒഴുകുന്ന യമുനാ നദിയിൽ നിന്ന്  വെള്ളം പമ്പ് ചെയ്ത് കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ട് വരുന്ന ടെക്നോളജി അതിശയകരമായി തോന്നി.

സംഭവ ബഹുലമായ 4 ദിവസങ്ങൾക്ക് ശേഷം ഡൽഹി വിമാനത്താവളത്തിൽ ദുബായിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോൾ ഓർത്തു, ഇനിയും ഇത് പോലെ എത്രയെത്ര ചരിത്ര സ്മാരകങ്ങൾ.. ഇന്ത്യയുടെ യശസ്സ് ഉയർത്തി ഇങ്ങനെ എത്ര കൊട്ടാരങ്ങൾ. കല്ലുകളിൽ വാർത്തെടുത്ത എത്ര കാവ്യ ശിൽപ്പങ്ങൾ...എത്ര മഹത്തരമായ സാംസ്ക്കാരിക പാരമ്പര്യം. ഒരു കാലത്തു സംസ്ക്കാരം കൊണ്ടും സമ്പത്തു കൊണ്ടും ലോക രാജ്യങ്ങളെ അതിശയിപ്പിച്ച പൈതൃകം. എവിടെ വെച്ചാണ് ഇവയെല്ലാം നമുക്ക് നഷ്ടമായത് ? ആരുടെ സ്വാർത്ഥതയാണ് ഞാനടക്കമുള്ള ആയിരങ്ങളെ പ്രവാസികൾ ആക്കിയത്? ഏതു ഫാസിസ്റ്റു ശക്തികൾ ആണ് നമുക്കിടയിൽ അതിരുകൾ വരച്ചത് ? എല്ലാ ചരിത്രവും അവർത്തിക്കപ്പെടുമ്പോൾ ഇതെല്ലാം തിരിച്ചറിയുന്ന ഒരു പുതു തലമുറ ഉദയം കൊള്ളട്ടെ. അവരിൽ സുരക്ഷിതമാവട്ടെ നമ്മുടെ രാജ്യത്തിന്റെ ഭാവി.ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.