Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഖാമ സ്റ്റിക്കർ ഒഴിവാക്കൽ; പ്രശ്നങ്ങൾ പരിഹരിക്കാൻ വകുപ്പുകളുടെ ഏകോപനം

passport കുവൈത്ത് ആഭ്യന്തര മന്ത്രാ‍ലയം അണ്ടർസെക്രട്ടറി മേജർ ജനറൽ ഇസാം അൽ നഹാമിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് തലവന്മാരുടെ യോഗം.

കുവൈത്ത് സിറ്റി∙ വിദേശികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഒഴിവാക്കുന്നത് വഴിയുണ്ടാകുന്ന പ്രശ്നങ്ങൾ സുഗമമായി പരിഹരിക്കാൻ ആഭ്യന്തര മന്ത്രാലയം വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി. മന്ത്രാ‍ലയം അണ്ടർസെക്രട്ടറി മേജർ ജനറൽ ഇസാം അൽ നഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.പുതിയ സംവിധാനം അനുസരിച്ച് വിദേശികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കില്ല. പകരം ഇഖാമ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയുള്ളതാകും പുതിയ സിവിൽ ഐഡി.

കുവൈത്തിലേക്ക് വരുന്നതിനും കുവൈത്തിൽ നിന്ന് പോകുന്നതിനും പാസ്പോർട്ടിനൊപ്പം സിവിൽ ഐഡി കാർഡും ഹാജരാക്കണമെന്നാണ് പുതിയ നിയമം. മാർച്ച് 10ന് നിലവിൽ വന്ന സംവിധാനപ്രകാരം ആദ്യഘട്ടമെന്ന നിലയിൽ ഗാർഹിക തൊഴിലാളികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്ന ഒഴിവാക്കിക്കഴിഞ്ഞു. ഇഖാമ പുതുക്കുന്നതിന് മുൻ‌പ് പാസ്പോർട്ടിലെയും സിവിൽ ഐഡി കാർഡിലെയും പേരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കണം.  അറബിക്കിൽ അല്ലാത്ത പല പേരുകളും ഇംഗ്ലിഷിലേക്ക് മാറ്റുമ്പോൾ ഉള്ള പിഴവുകളാണ് പ്രധാനമായും ഉള്ളത്. അതത് മേഖലയിലെ താമസാനുമതികാര്യ ഓഫിസുകളിൽ എത്തിയാണ് പേരിലെ പൊരുത്തക്കേടുകൾ മാറ്റേണ്ടത്.

സിവിൽ ഐ‍ഡി നഷ്ടപ്പെട്ടാൽ എന്തുചെയ്യും

സിവിൽ ഐഡി കാർഡ് വിദേശത്ത് നഷ്ടമായാൽ എന്ത് നടപടി സ്വീകരിക്കണമെന്നതും യോഗം ചർച്ച ചെയ്തു. പുതിയ സംവിധാനത്തിലെ പ്രധാന പ്രശ്നവും ഇതാണ്. ഇന്ത്യക്കാരനായ ഒരാൾ അവധിക്ക് പോയി തിരിച്ചുവരണമെങ്കിൽ ഇന്ത്യയിലെ വിമാനത്താവളത്തിൽ വീസ സംബന്ധിച്ച കാര്യങ്ങൾക്ക് ഹാജരാക്കേണ്ടതും കുവൈത്തിലെ സിവിൽ ഐഡി കാർഡ് ആയിരിക്കും.

പാസ്പോർട്ട് നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തുന്ന പുതിയ സിവിൽ ഐഡി കാർഡിലെ ചിപ്പിലാണ് ഇഖാമ കാലാവധിയും മറ്റും രേഖപ്പെടുത്തുക. എക്സിറ്റ്/എൻ‌ട്രി മുദ്ര പതിക്കാൻ പാസ്പോർട്ടും കരുതണം. സിവിൽ ഐഡി കാർഡ് നഷ്ടമായാൽ കുവൈത്തിലേക്ക് വരാനാവില്ല. ഈ സാഹചര്യത്തിൽ കൈക്കൊള്ളുന്ന നടപടി സൂക്ഷ്മവും കാര്യക്ഷമവുമായിരിക്കണമെന്ന് യോഗത്തിൽ നിർദേശം ഉയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.