Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടിയേറ്റ തൊഴിലാളി പരാതികൾ കൈകാര്യം ചെയ്യാൻ 5 അഭിഭാഷകർ

Worker

കുവൈത്ത് സിറ്റി∙  കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി അഞ്ച് അഭിഭാഷകരെ നിയമിക്കും. ഇതിനായി വിവിധ എംബസി അധികൃതരുമായി സൊസൈറ്റി ചർച്ച നടത്തി. സ്വിസ് ഏജൻസി ഫോർ ഡവലപ്മെന്റ് ‌ആൻഡ് കോ-ഓപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഈ നിർദേശത്തിന് നിയമവിദഗ്ധരുടെയും നയതന്ത്ര പ്രതിനിധികളുടെയും പിന്തുണയുണ്ട്.

സൊസൈറ്റി നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് വിവിധ തലങ്ങളിലുള്ളവർ ശിൽ‌പശാലയിൽ ചർച്ച ചെയ്‌തു. ഇംഗ്ലിഷ്, അറബിക്, ഹിന്ദി, ഉർദു ഭാഷകളിൽ സേവനം ലഭ്യമാക്കാനാണ് തീരുമാനം. സൊസൈറ്റിയിലെ ഉദ്യോഗസ്ഥരുടെ കുറവ് കാരണം പല പരാതികളും പരിഗണിക്കാൻ കഴിയാത്ത സ്‌ഥിതിയാണുള്ളതെന്ന് ചെയർമാൻ ഖാലിദ് അൽ ഹുമൈദി അറിയിച്ചു. വിവിധ ഭാഷകൾ അറിയാവുന്ന കൂടുതൽ പേരെ നിയമിക്കാൻ സൊസൈറ്റി തീരുമാനിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ഗാർഹിക തൊഴിൽ വിഭാഗത്തിന്റെ സഹകരണത്തോടെ സാമൂഹിക-തൊഴിൽ മന്ത്രാലയം അസി.അണ്ടർ സെക്രട്ടറി ഹസൻ അൽ ഖാസിമിന്റെ സ്പോൺസർഷിപ്പിലാണ് സ്വിസ് ഏജൻസിയുടെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കുകയെന്ന് സൊസൈറ്റി അംഗം മനാൽ ബുഹമൈദ് അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രശ്നങ്ങളിൽ സഹായിക്കുന്നതിനൊപ്പം കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം നൽകാനും സൊസൈറ്റി ശ്രമിക്കും. വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സൊസൈറ്റിക്ക് 551 പരാതികൾ ലഭിച്ചതായി പ്രൊജക്ട് കോ-ഓർഡിനേറ്റർ അബ്ദുൽ റസാഖ് അൽ അസാസി അറിയിച്ചു. സ്പോൺസർ പാസ്പോർട്ട് തടഞ്ഞുവച്ച 10 പരാതികളിൽ പരിഹാരമായി. മറ്റുള്ളവർ നിയമോപദേശത്തിന് വിധേയമായി കോടതിക്ക് കൈമാറി. 446 പേർക്ക് വ്യക്തിഗത സഹായം ലഭ്യമാക്കി. നിയമോപദേശം ആവശ്യപ്പെട്ട് ഹോട്ട്‌ലൈൻ വഴി 5,504 കോളുകളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.