Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വദേശി മേഖല: വിദേശികളെ ഒഴിപ്പിക്കാൻ ആലോചന

കുവൈത്ത് സിറ്റി∙ സ്വദേശി വാസകേന്ദ്രങ്ങളിൽനിന്നു കുറഞ്ഞ വരുമാനക്കാരായ വിദേശി കുടുംബങ്ങളെയും ഒഴിപ്പിക്കാൻ ആലോചന. അതു സാധ്യമാകുംവിധം നിയമ ഭേദഗതി കൊണ്ടുവരണമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻ‌ഫൂഹി വകുപ്പുമന്ത്രിയോട് അഭ്യർഥിച്ചു. സ്വദേശി കുടുംബവാസ കേന്ദ്രങ്ങളിൽനിന്നു വിദേശി ബാച്‌ലർമാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നതിനിടെയാണ് കുറഞ്ഞ വരുമാനക്കാരായ വിദേശി കുടുംബങ്ങളെക്കൂടി ഒഴിപ്പിക്കണമെന്ന നിർദേശം ഉയർന്നിട്ടുള്ളത്.

എന്നാൽ, സ്വദേശി വനിതകളെ വിദേശികൾ വിവാഹം ചെയ്‌ത കുടുംബങ്ങൾ, നയതന്ത്ര ഉദ്യോഗസ്ഥ കുടുംബങ്ങൾ എന്നിവർക്ക് അതു ബാധകമാക്കേണ്ടതില്ലെന്നും ശുപാർശയുണ്ട്. കുടുംബം എന്ന വാക്കിന് അനുവർത്തിക്കേണ്ട നിർവചനം സംബന്ധിച്ചു താമസിയാതെ വിജ്ഞാപനം ഉണ്ടാകുമെന്നാണു വിവരം. കുറഞ്ഞ വരുമാനക്കാരായ ഒന്നിലേറെ വിദേശി കുടുംബങ്ങൾ ഷെയറിങ് അടിസ്ഥാനത്തിൽ താമസിക്കുന്നുവെന്നാണു കണ്ടെത്തൽ. അതുവഴി അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ പല പരിമിതികളും ഉണ്ടാകുന്നുവെന്നും മുനിസിപ്പൽ അധികൃതർ കരുതുന്നു.

സാമൂഹികമായ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്നതാണ് സ്വദേശി കുടുംബവാസ കേന്ദ്രങ്ങളിൽനിന്നു വിദേശി ബാച്‌ലർമാരെ ഒഴിപ്പിക്കുന്നതിനുള്ള കാരണം. സ്വദേശി കുടുംബവാസ കേന്ദ്രങ്ങളിലെ അനധികൃത താമസക്കാരെ ഒഴിവാക്കുന്നതിന് മുനിസിപ്പൽ ഉദ്യോഗസ്ഥർക്കു ജുഡീഷ്യൽ അധികാരം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.