Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിൽ നിന്ന് ലൈറ്റ് ക്രൂഡ് കയറ്റുമതിക്ക് തുടക്കം

light-crude കുവൈത്തിൽനിന്ന് ലൈറ്റ് ക്രൂഡ് കയറ്റുമതി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉദ്ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി∙  കുവൈത്തിൽനിന്നു ലൈറ്റ് ക്രൂഡ് കയറ്റുമതി ആരംഭിച്ചു. ആദ്യ ഷിപ്പ്മെന്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഫ്ലാഗ് ഓഫ് ചെയ്‌തു. രാജ്യാന്തരതലത്തിൽത്തന്നെ എണ്ണവിപണിയിൽ പ്രത്യക്ഷമായ മാറ്റത്തിന് അവസരമൊരുക്കുന്നതാണ് കുവൈത്തിൽനിന്നുള്ള ലൈറ്റ് ക്രൂഡ് കയറ്റുമതി. എണ്ണഖനനം ആരംഭിച്ച കാലംതൊട്ടു കുവൈത്തിൽനിന്നു കയറ്റി അയയ്ക്കുന്നതു ഹെവി ക്രൂഡ് ആണ്. ലൈറ്റ് ക്രൂഡ് ശേഖരവും കുവൈത്ത് പരിധിയിൽ ഉണ്ടെന്നു കണ്ടുപിടിച്ചത് ഈയിടെയായിരുന്നു. തുടർന്നു കയറ്റുമതി സാധ്യമാകുംവിധം ഖനനം സജീവമാക്കുകയായിരുന്നു.

സംസ്കരണത്തിന് എളുപ്പമാണു ലൈറ്റ് ക്രൂഡ് എന്നതിനാൽ ഹെവി ക്രൂഡിനെക്കാൾ വിപണിയിൽ ആവശ്യക്കാർ ഏറെ. ഹെവി ക്രൂഡിലേതിനെക്കാൾ എളുപ്പത്തിൽ ലൈറ്റ് ക്രൂഡിൽനിന്നു പെട്രോളും ഡീസലും മണ്ണെണ്ണയും വേർതിരിച്ചെടുക്കാനാകും എന്നതാണു പ്രത്യേകത. വെള്ളത്തിനു സമാനമാണു ലൈറ്റ് ക്രൂഡിന്റെ ചലനശേഷി. കട്ടി കൂടുതലുള്ളതിനാൽ ഹെവി ക്രൂഡ് അത്രവേഗം പരന്നൊഴുകില്ല. ലൈറ്റ് ക്രൂഡിൽ വാക്സ് ഉൾപ്പെടെ കുറഞ്ഞ തോതിലായിരിക്കും. ഹെവി ക്രൂഡിൽനിന്നു ലഭിക്കുന്നതിനെക്കാൾ മണ്ണെണ്ണയും ഡീസലുമെല്ലാം ലൈറ്റ് ക്രൂഡിൽനിന്നു കൂടുതലായി ലഭിക്കുകയും ചെയ്യും.

അക്കാരണങ്ങളെല്ലാം വിപണിയിൽ ലൈറ്റ് ക്രൂഡിനു ഡിമാൻഡ് വർധിപ്പിക്കുന്ന ഘടകങ്ങളാണ്. ഉൽപാദനച്ചെലവു കുറഞ്ഞ ലൈറ്റ് ക്രൂഡ് കയറ്റുമതി വൻതോതിൽ സാധ്യമാകുന്നതോടെ രാജ്യത്തിന്റെ സമ്പദ്ഘടനയിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. എണ്ണമേഖലയിൽ ചരിത്രപരമായ മാറ്റത്തിനു വഴിവയ്ക്കുന്നതിന്റെ സകല പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു ആദ്യ ഷിപ്പ്മെന്റ് ഉദ്ഘാടനച്ചടങ്ങ്. ചടങ്ങിനെത്തിയ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ എണ്ണമന്ത്രി ബഖീത് അൽ റാഷിദി സ്വീകരിച്ചു.

പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്, പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരും സംബന്ധിച്ചു. എണ്ണമേഖലയിലെ പുതിയ നാഴികക്കല്ലാണു ലൈറ്റ് ക്രൂഡ് കയറ്റുമതിയെന്നു മന്ത്രി റാഷിദി പറഞ്ഞു. രാജ്യത്ത് ആവശ്യമായ പ്രകൃതിവാതകം ഇവിടെത്തന്നെ ലഭ്യമാകുന്നതിനുള്ള അവസരവും സംജാതമാവുകയാണെന്ന് കുവൈത്ത് ഓയിൽ കമ്പനി സി‌‌ഇ‌ഒ ജമാൽ ജാഫർ പ്രസ്താവിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.