Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനരുപയോഗ വൈദ്യുതി 4 ഘട്ടമായി വർധിപ്പിക്കും

Kud-electricity

കുവൈത്ത് സിറ്റി ● പുനരുപയോഗ വൈദ്യുതി ഉൽപാദനം വ്യാപിപ്പിക്കാനുള്ള നടപടികൾ ശക്തിപ്പെടുത്തി കുവൈത്ത്. ഇതിനകം പൂർത്തിയാക്കിയതും നിർമാണം നടന്നുവരികയും ചെയ്യുന്ന രണ്ടു ഘട്ടങ്ങൾക്കു പുറമെ മൂന്നാം ഘട്ടവും നാലാം ഘട്ടവുമായി വലിയ പദ്ധതികൾ ഏറ്റെടുക്കാൻ തീരുമാനമായിട്ടുണ്ട്.

മൂന്നാം ഘട്ടമായി 1500 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണ് ലക്ഷ്യം. ധനമന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ച മൂന്നാംഘട്ട പദ്ധതി 2025ൽ പൂർത്തിയാക്കും വിധമാണ് വിഭാവനം ചെയ്‌തിട്ടുള്ളത്. ഈ പദ്ധതിയിൽനിന്ന് 1200 മെഗാവാട്ട് ഫോട്ടോ‌ ഇലക്ട്രിക് ഊർജവും 200 മെഗാവാട്ട് സോളർ വൈദ്യുതിയും 100 മെഗാവാട്ട് കാറ്റിൽനിന്നുള്ള വൈദ്യുതിയുമാണ് ഉൽപാദിപ്പിക്കുക. 2000 മെഗാ‍വാട്ട് വൈദ്യുതി ഉൽപാദനശേഷിയുള്ളതാകും നാലാംഘട്ടം.

പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ 2030ന് അകം പദ്ധതി പൂർത്തിയാക്കും. രാജ്യത്തു വൈദ്യുതി ഉൽപാദനത്തിനു പാരമ്പര്യേതര സ്രോതസുകൾ പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യവുമായാണു പുനരുപയോഗ വൈദ്യുതി ഉൽപാദനത്തിനു തുടക്കമിട്ടത്. ഒന്നാം ഘട്ടമായി 70 മെഗാ‍വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കി കഴിഞ്ഞു. അവിടെനിന്നുള്ള വൈദ്യുതി പൊതുവൈദ്യുതി വിതരണ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

1500 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള രണ്ടാംഘട്ടം കുവൈത്ത് പെട്രോളിയം കമ്പനിയുടെ മേൽനോട്ടത്തിലാണ് നടപ്പാക്കുന്നത്. ടെൻ‌ഡർ നടപടി അവസാന ഘട്ടത്തിലാണ്. ഫോട്ടോവോൾട്ടയ്ക് വൈദ്യുതിയാണ് പ്രസ്തുത പദ്ധതിയിൽനിന്ന് ഉൽപാദിപ്പിക്കുക. 2021ന് അകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നാലു ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ പുനരുപയോഗ വൈദ്യതി ഉൽപാദനം 5070 മെഗാവാട്ട് ആകും.

2030ന് അകം മൊത്തം ഉപയോഗിക്കുന്ന വൈദ്യുതിയുടെ 15% പുനരുപയോഗ വൈദ്യുതിയായിരിക്കണമെന്ന അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതാകും പ്രസ്തുത ഉൽപാദന തോത്. അതേസമയം ഈ വർഷത്തെ വേനൽ വൈദ്യുതി മേഖലയ്ക്കു പ്രതിസന്ധിയൊന്നും സൃഷ്ടിക്കാതെ കടന്നുപോയതായി വൈദ്യുതി- ജലം മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ബുഷാഹരി അറിയിച്ചു. 14,500 മെഗാവാട്ട് വൈദ്യുതി വരെ ഉപയോഗിച്ചേക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ വേനലിൽ ഏറ്റവും ഉയർന്ന തോത് 14,000 മെഗാവാട്ട് ആണ്. മൊത്തം ഉൽപാദനശേഷി 17,000 മെഗാവാട്ട് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.