Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം‌ പരിശോധിക്കാൻ പ്രത്യേക സംഘം

kasargod-hospital

കുവൈത്ത് സിറ്റി● സ്വകാര്യ ആശുപത്രികളിലെ പ്രവർത്തനം പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ചില സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇതെന്ന് ആരോഗ്യമന്ത്രാലയത്തിലെ ദേശീയ സേവന വിഭാഗം അസി.അണ്ടർസെക്രട്ടറി ഡോ.ഫാതിമ അൽ നജ്ജാർ അറിയിച്ചു.

ആശുപത്രികളുടെ പെർമിറ്റ് കാലാവധി, ജീവനക്കാ‍ർക്കുള്ള ഹെൽത്ത് പെർമിറ്റ് കാലാവധി തുടങ്ങിയവ സംഘം പരിശോധിക്കും. നിയമലംഘനം ശ്രദ്ധയിൽ‌പ്പെട്ടാൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു. സ്വകാര്യ മെഡിക്കൽ സെന്ററുകളുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രാലയത്തെ അറിയിക്കണമെന്ന് ഡോ.ഫാതിമ സ്വദേശികളോടും വിദേശികളോടും അഭ്യർഥിച്ചു.

അതേസമയം പെൺ‌കുട്ടി മരിക്കാൻ ഇടയാക്കിയത് ചികിത്സാ പിഴവാണെന്ന പരാതിയെ തുടർന്ന് വിദേശ ഡോക്ടറെ അറസ്റ്റ് ചെയ്യാൻ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് ഉത്തരവിട്ടു. പതിമൂന്നുകാരിയുടെ മരണത്തെ തുടർന്ന് പിതാവ് പരാതി നൽകിയിരുന്നു. വിദേശി ഡോക്ടർ രാജ്യം വിട്ടുപോകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

സ്പെഷലൈസ്ഡ് ആശുപത്രിയിൽ അലർജി ചികിത്സയ്ക്ക് ചെന്ന കുട്ടി തെറ്റായ ഇൻ‌ജക്ഷൻ കാരണമാണ് മരിച്ചതെന്നാണ് പിതാവിന്റെ പരാതി.

 

ഉന്നതാധികാര സമിതി പുനഃസ്ഥാപിക്കും

സുസ്ഥിര വികസനലക്ഷ്യവും ആഗോള ആരോഗ്യനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യാന്തര ആരോഗ്യനിയമങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഉന്നതാധികാര സമിതി പുനഃസ്ഥാപിക്കാൻ കുവൈത്ത് തീരുമാനിച്ചു. രാജ്യാന്തര ആരോഗ്യ നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണു നടപടിയെന്ന് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി മുസ്തഫ അൽ റിദ അറിയിച്ചു. സബാഹ് ആശുപത്രിയിൽ ഭക്ഷ്യവിഷബാധയുണ്ടായെന്ന പ്രചാരണം ആരോഗ്യമന്ത്രാലയം നിഷേധിച്ചു. 

സബാഹ് ആശുപത്രിയിൽ കിച്ചൻ പ്രവർത്തിക്കുന്നില്ലെന്നും ചെസ്റ്റ് ഹോസ്പിറ്റൽ കിച്ചനിൽനിന്നാണു ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതെന്നും സബാഹ് ആശുപത്രി ആക്ടിങ് ഡയറക്ടർ ഡോ. മനാൽ അൽ മതാർ അറിയിച്ചു. നിശ്ചിത ഗുണനിലവാരം ഉറപ്പുവരുത്തിയശേഷമാണു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാറുള്ളത്. രാജ്യാന്തര പ്രോട്ടോകോൾ അനുസരിച്ചു പരിശോധനകൾ പൂർത്തിയാക്കിയശേഷം മാത്രമാണു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാറുള്ളതെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.