Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിയന്തര സാഹചര്യങ്ങളിൽ സന്ദർശക വീസ നീട്ടാം

Visa

കുവൈത്ത് സിറ്റി ∙ സന്ദർശക വീസാ കാലാവധി പ്രത്യേക സാഹചര്യങ്ങളിൽ രണ്ടാഴ്ചത്തേക്ക് നീട്ടിനൽകുമെന്ന് പൗരത്വ-പാസ്പോർട്ട് വിഭാഗം അസി. അണ്ടർസെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് അൽ സബാഹ് അറിയിച്ചു.

ആരോഗ്യപരമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാനുഷിക പരിഗണനയിലാകും കാലാവധി നീട്ടിനൽകൽ. നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ടായിരിക്കണം കാലാവധി ദീർഘിപ്പിച്ചുകൊടുക്കേണ്ടതെന്നും താമസകാര്യ വകുപ്പിന്റെ വിവിധ മേഖലാ ഓഫിസുകളിലേക്ക് അയച്ച സർക്കുലറിൽ അദ്ദേഹം വ്യക്തമാക്കി. ആശ്രിത/വാണിജ്യ/വിനോദ സഞ്ചാര സന്ദർശക വീസയിൽ രാജ്യത്ത് പ്രവേശിച്ചവർക്കെല്ലാം അനിവാര്യമായ സാഹചര്യങ്ങളിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.

ഏതുവിഭാഗം സന്ദർശക വീസയുടെയും കാലാവധി ഒരു മാസം മാത്രമായി ചുരുക്കിക്കൊണ്ട് കഴിഞ്ഞ ദിവസം തീരുമാനമുണ്ടായിരുന്നു. നേരത്തേ ആശ്രിത സന്ദർശക വീസയിൽ വരുന്ന മാതാപിതാക്കൾ, മക്കൾ, ഭാര്യ/ഭർത്താവ് എന്നിവർക്ക് മൂന്നുമാസം വരെയായിരുന്നു കുവൈത്തിൽ താമസിക്കുന്നതിനുള്ള കാലാവധി. മറ്റു വിഭാഗങ്ങളിൽ‌പ്പെട്ടവർക്ക് ഒരുമാസവും. എല്ലാവിഭാഗം സന്ദർശക വീസയുടെയും കാലാവധി ഒരുമാസത്തിനപ്പുറം പുതുക്കി നൽകേണ്ടതില്ലെന്നും തീരുമാനമുണ്ടായിരുന്നു.

എന്നാൽ മാനുഷിക പരിഗണന അനിവാര്യമായ സാഹചര്യങ്ങളിൽ രണ്ടാഴ്ചത്തേക്ക് വീസ പുതുക്കി നൽകാനാണ് പുതിയ തീരുമാനം. താമസാനുമതികാര്യാലയം ഓഫിസ് സന്ദർശിച്ച മേജർ ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് ഓഫിസ് ആവശ്യങ്ങൾക്കായി എത്തിയ സ്വദേശികളിൽനിന്നു പരാതികളും നിർദേശങ്ങളും സ്വീകരിച്ചു. വിവിധ ആവശ്യങ്ങൾക്കാ‍യി ഓഫിസിൽ എത്തുന്നവർക്ക് അവ നിറവേറ്റുന്നതിനുള്ള സൗകര്യം ഉറപ്പാക്കുകയാണ് മിന്നൽ സന്ദർശനത്തിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.

താമസാനുമതി വകുപ്പിന്റെ എല്ലാ ഓഫിസുകളിലും പ്രവർത്തനം സുഗമവും സുതാര്യവുമാക്കണമെന്നത് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്.ജനറൽ(റിട്ട.) ഷെയ്ഖ് ഖാലിദ് അൽ ജറാ അൽ സബാഹ് ഉൾപ്പെടെ ഭരണനേതൃത്വത്തിലുള്ളവരുടെ ഉറച്ച നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.