Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിന്റെ മുഖചിത്രമാകാൻ സിൽക് സിറ്റി

kuwait-silk-city കുവൈത്തിലെ നിർദിഷ്ട സിൽക് സിറ്റിയുടെ രൂപരേഖ.

കുവൈത്ത് സിറ്റി ∙ ആകാശത്തിലേക്ക് തല ഉയർത്തിനിൽക്കുന്ന രണ്ടു കുംഭങ്ങൾ. തൊട്ടടുത്തു മുകളിലേക്കു പോകുന്തോറും സ്ഥൂലാവസ്ഥയിലുള്ള മറ്റൊരു ഗോപുരം. കുവൈത്ത് എന്നു കേൾക്കുമ്പോൾ ലോകത്തിന്റെ മനസ്സിൽ തെളിയുന്നത് കുവൈത്ത് ടവറിന്റെ ഈ ചിത്രമാണ്. വരും നാളുകളിൽ അതിനു മാറ്റം വരാൻ പോകുന്നു.

നിർദിഷ്ട സിൽക് സിറ്റിയാകും ഭാവിയിൽ കുവൈത്തിനെ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാക്കുകയെന്നു വിദഗ്ധർ പറയുന്നു. രാജ്യാന്തര നിക്ഷേപകരെ കുവൈത്തിലേക്ക് ആകർഷിക്കുന്ന പ്രധാനസം‌രംഭമായി മാറുകയാണ് സിൽക് സിറ്റി പദ്ധതി. രാജ്യപുരോഗതി ലക്ഷ്യമിട്ട് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പ്രഖ്യാപിച്ച വിഷൻ-2035ലെ പ്രധാന പദ്ധതിയാണിത്. മേഖലയിലെ സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനൊപ്പം വിദേശികൾക്കു നിക്ഷേപത്തിന് അനുകൂലമായ പദ്ധതികളും ഒരുക്കും. 25 വർഷം കൊണ്ടാണ് ഈ ബൃഹദ്പദ്ധതി പൂർത്തിയാക്കുന്നത്.

സുബിയയിൽ പണിയുന്ന നഗരത്തിന് 250 ചതുരശ്ര മിലോമീറ്റർ വിസ്തൃതിയുണ്ടാകും. 86 ബില്യൺ ഡോളറാണ് പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്. കുവൈത്ത് സിറ്റിയെ സിൽക് സിറ്റിയുമായി ബന്ധിപ്പിക്കുന്നതിനു കോസ്‌വേയും നിർമിക്കും. 1001 മീറ്റർ ഉയരമുള്ള മുബാറക് അൽ കബീർ ടവർ ആകും സിൽക് സിറ്റിയിലെ ആകർഷണം. 234 നിലകളിലായി വാണിജ്യകേന്ദ്രങ്ങളും പാർപ്പിടവും ഓഫിസുകളും ഉൾപ്പെട്ടതാകും ഈ ടവർ. 7000 പേർക്ക് ഇതിനുള്ളിൽ താമസിക്കാം. ഹോട്ടലുകളും പാർപ്പിടങ്ങളും വിനോദകേന്ദ്രങ്ങളും ടവറിലുണ്ടാകും.

സ്വതന്ത്രവ്യാപാര വിപണിക്കു മുൻ‌തൂക്കം നൽകുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്തിയുള്ള കോസ്‌വേ നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും നീളമേറിയ നാലാമത്തെ കോസ്‌വേയാകും. സിൽക് സിറ്റിയിൽ മൊത്തം ഏഴുലക്ഷം പേർക്കു താമസസൗകര്യം ലഭ്യമാക്കും. ഒളിം‌പിക് സ്റ്റേഡിയം, പ്രകൃതി സം‌രക്ഷണ മേഖല, വിമാനത്താവളം, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, കൺ‌വൻഷൻ സെന്ററുകൾ തുടങ്ങിയവയും ഉണ്ടാകും. പരിസ്ഥിതി സം‌രക്ഷണം ഉറപ്പാക്കിയായിരിക്കും നിർമാണം. ഹരിതഭംഗി നിറഞ്ഞ നഗരത്തിൽ പ്രകൃതിദത്ത പ്രദേശത്തിന്റെ എല്ലാ അനുഭവങ്ങളും യാഥാർഥ്യമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.