Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരവായ് ഈദുൽ ഫിത്‌ർ; വിശ്വാസികൾ ആത്മസംസ്കരണ നിറവിൽ

oncp

കുവൈത്ത് സിറ്റി ∙ ആത്മ സംസ്കരണത്തിന്റെ മാസം വിടപറയാൻ ഒരുങ്ങവെ വിശ്വാസികൾ ഈദുൽ ഫിത്‌റിന്റെ ഒരുക്കത്തിലേക്ക്. പെരുന്നാളിനു പുത്തനുടുപ്പുകൾ വാങ്ങാനുള്ളവരുടെയും വേനലവധി ആഘോഷിക്കാൻ സ്വദേശങ്ങളിലേക്കു പോകാൻ ഒരുങ്ങുന്നവരുടെയും സാന്നിധ്യം രാജ്യത്തെ കച്ചവട സ്ഥാപനങ്ങളെ സജീവമാക്കി.

വസ്ത്രാലയങ്ങൾതൊട്ടു ഗൃഹോപകരണ സ്ഥാപനങ്ങളിൽ വരെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പെരുന്നാൾ വിഭവമൊരുക്കുന്നതിനുള്ള വസ്തുക്കൾക്കായി ഹൈപ്പർ മാർക്കറ്റുകളിലും ആളുകൾ ഏറെ. മിക്കവാറും വെള്ളിയാഴ്ചയാകും പെരുന്നാൾ എന്ന ധാരണയിൽ അവസാനത്തെ പ്രതിവാര അവധി ദിവസങ്ങളായ കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും തന്നെ വാണിജ്യകേന്ദ്രങ്ങൾ സജീവമായിരുന്നു.

തുടർന്നുള്ള ദിവസങ്ങളിലും രാത്രി സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇഫ്താറിനു ശേഷം കുടുംബസമേതം മാർക്കറ്റുകളിലെത്തുകയാണു പലരും. അതേസമയം അവധിക്കാല തിരക്ക് കൈകാര്യം ചെയ്യുന്നതിനു രാജ്യാന്തര വിമാനത്താവളത്തിൽ സിവിൽ ഏവിയേഷൻ വിഭാഗം തയാറെടുപ്പുകൾ പൂർത്തിയാക്കി.

രാപകൽ ഭേദമെന്യെ അനുഭവപ്പെടാവുന്ന തിരക്കുകൾ നിയന്ത്രിക്കുന്നതിനും പ്രയാസരഹിതമായി കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ എല്ലാ മുൻ‌കരുതലുകളും തയാറാക്കിയതായി ഡയറക്ടർ ജനറൽ യൂസുഫ് അൽ ഫൗസാൻ അറിയിച്ചു. യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കാൻ വിമാന കമ്പനികൾക്കും ഗ്രൗണ്ട് സർവീസ് ഏജൻസികളും നിർദേശം നൽകിയിട്ടുണ്ട്.

അതിനിടെ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ ബാഗുകൾ ചുരുങ്ങിയ നിരക്ക് ഈടാക്കി വീടുകളിൽ എത്തിക്കുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. നാഷനൽ ഏവിയേഷൻ സർവീസസ് (നാസ്) ആണ് അതിന്റെ ചുമതല വഹിക്കുക. താൽപര്യമുള്ള യാത്രക്കാർ കസ്റ്റംസ് ഹാളിലെ കൗണ്ടറിൽ അപേക്ഷിക്കണം.

യാത്രക്കാർ കൺ‌വെയർ ബെൽ‌റ്റിനു സമീപം കാത്തുനിൽക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. അതുവഴി കസ്റ്റംസ് ഹാളിലെ തിരക്ക് കുറയ്ക്കാനും സാധിക്കും. ഈദ് അവധി ദിവസങ്ങളിൽ വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാ‍രുടെ എണ്ണം 208113 ആകുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം പ്രസ്‌തുത കാലയളവിൽ 271297 ആളുകളാണ് എത്തിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.