Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിലേക്ക് ഗാര്‍ഹിക ജോലികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്‍റെ സൗജന്യ റിക്രൂട്ട്മെന്‍റ്

Norka Roots

കുവൈത്ത് സിറ്റി ∙ കുവൈത്തിലേക്കു ഗാർഹികജോലികൾക്കായി 500 പേരെ റിക്രൂട്ട് ചെയ്യാൻ കേരളത്തിലെ നോർക്ക റൂട്സും കുവൈത്തിലെ അൽ ദുറ കമ്പനിയും തമ്മിൽ കരാർ. ഇന്ത്യയിൽനിന്നു വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഗാർഹിക തൊഴിലാളി റിക്രൂട്മെന്റിന് ഇതോടെ വഴി തെളിഞ്ഞു.

വനിതാ ഗാർഹിക തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നുവെന്ന പരാതി വ്യാപകമായതോടെ നിയമനത്തിന് 2014ൽ ഇന്ത്യാ ഗവൺമെന്റ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തൊഴിലാളികളുടെ സം‌രക്ഷണം ഉറപ്പുവരുത്താൻ സ്പോൺസർ 2500 ഡോളർ ബാങ്ക് ഗാരന്റി വയ്ക്കണമെന്ന് ഇന്ത്യ ഉപാധി വയ്ക്കുകയായിരുന്നു. ഉപാധി അംഗീകരിക്കാൻ കുവൈത്ത് വിസമ്മതിച്ചതോടെ ഇന്ത്യയിൽനിന്നു വനിതാ ഗാർഹിക തൊഴിലാളികളുടെ വരവും നിലച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഈ വിഷയത്തിൽ നിലനിന്ന ഭിന്നതയും ശക്തമായി. ബാങ്ക് ഗാരന്റിയെ എതിർത്ത പാർലമെന്റ് അംഗങ്ങൾ ഇന്ത്യയിൽനിന്നുള്ള എല്ലാവിധ റിക്രൂട്മെന്റുകളും നിർത്തലാക്കണമെന്ന് ആവശ്യപ്പെടുന്ന ഘട്ടം വരെയുണ്ടായി.

തർക്കത്തിനൊടുവിൽ 2017 സെപ്റ്റംബറിലാണു ബാങ്ക് ഗാരന്റി പിൻ‌വലിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയാറായത്. എന്നാൽ റിക്രൂട്മെന്റ് സംവിധാനത്തെക്കുറിച്ചുള്ള അവ്യക്തത കാരണം വനിതാ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് പുനഃസ്ഥാപിക്കാനും കഴിഞ്ഞിരുന്നില്ല. ഈ വർഷം ആദ്യം ചേർന്ന ഇന്ത്യ-കുവൈത്ത് സം‌യുക്ത ഗ്രൂപ്പ് യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഗാർഹിക തൊഴിലാളി കരാർ അംഗീകരിച്ചതോടെയാണു റിക്രൂട്മെന്റിനുള്ള വഴി തുറന്നത്. അതിനിടെ കുവൈത്തിൽ സ്വകാര്യ ഏജൻസികൾക്ക് പകരം ഗാർഹിക തൊഴിലാളി നിയമനത്തിനു സർക്കാർ നിയന്ത്രണത്തിലുള്ള അൽ ദുറ കമ്പനി പ്രവർത്തനം തുടങ്ങിയതു കാര്യങ്ങൾ എളുപ്പവുമാക്കി.

ഇന്ത്യയിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിന് ആറ് ഏജൻസികളെ കേന്ദ്ര സർക്കാർ അംഗീകരിച്ചതുപോലെ കുവൈത്തിൽ അൽ-ദുറയും അംഗീകൃത ഏജൻസിയായി. അൽ-ദുറ കമ്പനിയും നോർക്ക റൂട്ട്സും നടത്തിയ ചർച്ചയും അതുവഴി കരാറിൽ എത്താൻ കഴിഞ്ഞതുമാണു പ്രായം ഉൾപ്പെടെയുള്ള ഉപാധികൾക്ക് വിധേയമായി കുവൈത്തിലേക്ക് വനിതാ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് പുനരാരംഭിക്കുന്നതിനുള്ള അവസരം ഒരുക്കിയത്. പുതിയ സംവിധാനം വഴി കുവൈത്തിൽ എത്തിപ്പെടുന്നവരുടെ സം‌രക്ഷണകാര്യത്തിൽ ഉറപ്പുണ്ടാകുമെന്നതാണ് ഇപ്പോഴത്തെ മെച്ചം. നേരത്തേ ഏജന്റുമാരുടെ കെണിയിൽ‌പ്പെട്ടു വഞ്ചിതരായിരുന്ന സാഹചര്യം ഇനി ഉണ്ടാകില്ലെന്നാണ് അധികൃതർ കരുതുന്നത്.

ഗാർഹികജോലി: 500 പേരെ റിക്രൂട്ട് ചെയ്യും

തിരുവനന്തപുരം ∙ കുവൈത്തില്‍ ഗാര്‍ഹിക ജോലികള്‍ക്കായി 30നും 45നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇന്നുമുതല്‍ നോര്‍ക്ക റൂട്ട്സിന്‍റെ വെബ്സൈറ്റ് www.norkaroots.net മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ആദ്യപടിയായി 500 വനിതകളെ ഉടന്‍ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതിന് നോര്‍ക്ക റൂട്ട്സും കുവൈറ്റ് സര്‍ക്കാര്‍ അംഗീകരിച്ച അല്‍-ദുറ കമ്പനിയും കരാറില്‍ ഒപ്പുവെച്ചു.

പരിശീലനവും റിക്രൂട്ട്മെന്‍റും തികച്ചും സുതാര്യവും സൗജന്യവുമാണ്. ഉദ്യോഗാര്‍ഥികളില്‍നിന്ന് യാതൊരുവിധത്തിലുള്ള ഫീസും ഈടാക്കുന്നതല്ല. ആദ്യം രണ്ടുവര്‍ഷത്തേയ്ക്കാണ് നിയമനം. ആഹാരവും താമസവും യാത്രാസൗകര്യവും സൗജന്യമാണ്. കുവൈത്തിലെ ഇന്ത്യന്‍ എംബസി മുഖേനയാണ് നിയമനം ഏകോപിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939, 0471 233 33 39.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.