Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുമാപ്പ് നേടി 45,000 പേർ

കുവൈത്ത് സിറ്റി ∙ അനധികൃത താമസക്കാരായ 45,000 പേർ ഇതേവരെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ജനുവരി 29ന് ആരംഭിച്ച പൊതുമാപ്പ് കാലാവധി ഏപ്രിൽ 22നാണ് അവസാനിക്കുക. 25,000 പേർ കുവൈത്ത് വിട്ടുപോയെന്നും 20,000 ആളുകൾ പിഴയടച്ച് താമസാനുമതി രേഖ സാധുതയുള്ളതാക്കിയെന്നുമാണ് കണക്ക്.

അതിനിടെ സ്വകാര്യമേഖലയിൽ ഒളിച്ചോട്ടത്തിന് പരാതിയുള്ളവർക്കും പൊതുമാപ്പ് ആനുകൂല്യം പ്രഖ്യാപിച്ചതോടെ ആ വിഭാഗത്തിൽ‌പ്പെട്ടവരും നാട്ടിലേക്ക് തിരിച്ചുപോകുന്നതിനോ ഇഖാമ സാധുതയുള്ളതാക്കുന്നതിനോ സന്നദ്ധരാകുന്നുണ്ട്. ഈ വിഭാഗത്തിൽ 23,500 വിദേശികളുണ്ടെന്നാണ് കണക്ക്. ആനുകൂല്യം പ്രാബല്യത്തിൽ വന്ന ആദ്യദിവസം തന്നെ ഇഖാമ സാധുതയുള്ളതാക്കുന്നതിന് വിവിധ ഓഫിസുകളിൽ 50 പേർ എത്തിയതായി മാൻപവർ അതോറിറ്റിയിലെ പി‌ആർ ഡയറക്ടർ അസീൽ അറിയിച്ചു. 2016 ജനുവരി മൂന്നിന് ശേഷം ഒളിച്ചോട്ട പരാതിക്ക് വിധേയരായവരെയാണ് പൊതുമാപ്പ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഒന്നരലക്ഷത്തോളം ആളുകൾ അനധികൃത താമസക്കാരായി നിലവിലുണ്ടായ സാഹചര്യത്തിലാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 22വരെയായിന്നു ആദ്യം പൊതുമാപ്പ് കാലാവധി. പിന്നീട് ഏപ്രിൽ 22 വരെ ദീർഘിപ്പിക്കുകയായിരുന്നു.

അനധികൃത താമസക്കാരായി മുപ്പതിനായിരത്തോളം ഇന്ത്യക്കാർ

മുപ്പതിനായിരത്തോളം ഇന്ത്യക്കാർ അനധികൃത താമസക്കാ‍രായി കുവൈത്തിലുണ്ടെന്നായിരുന്നു പൊതുമാപ്പിന് മുൻപ് അധികൃതർ വെളിപ്പെടുത്തിയ കണക്ക്.

അനധികൃത താമസക്കാരിൽ രാജ്യം വിട്ടുപോകുന്നതിന് ഇന്ത്യൻ എംബസിയിൽനിന്ന് കഴിഞ്ഞ ദിവസം വരെ എമർജൻസി സർട്ടിഫിക്കറ്റ് സമ്പാദിച്ചവരുടെ എണ്ണം 9,800 ആണ്. നിലവിൽ ദിവസവും 30-40 അപേക്ഷകൾ എമർജൻസി സർട്ടിഫിക്കറ്റിനായി ലഭിക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.