Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശികൾക്ക് ലൈസൻസ്: കുവൈത്തിൽ പ്രത്യേക സമിതി

kuwait-licence

കുവൈത്ത് സിറ്റി ∙ വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിരീക്ഷിക്കാൻ ആഭ്യന്തരമന്ത്രാലയം സ്ഥിരം സമിതിയെ നിയോഗിക്കണമെന്ന നിർദേശം പാർലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതി അംഗീകരിച്ചു. വലീദ് അൽ തബ്‌തബാ‌ഇ എം‌പിയാണു പാർലമെന്റിൽ നിർദേശം മുന്നോട്ടുവച്ചത്.

വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിയമവ്യവസ്ഥകൾ അനുസരിച്ചാണോ എന്നു പരിശോധിക്കുകയാകും സമിതിയുടെ ചുമതല. കുവൈത്തിൽ വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഉപാധികളുണ്ട്. 600 ദിനാർ ശമ്പളം, രണ്ടുവർഷമായി കുവൈത്തിൽ താമസം, ബിരുദം എന്നിവയാണു വ്യവസ്ഥകൾ. അതേസമയം കുവൈത്തിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾ, വീടുകളിലെ ഡ്രൈവർമാർ, ഡോക്ടർമാർ, ജഡ്ജിമാർ, എൻ‌ജിനീയർമാർ, കുട്ടികളുള്ള വീട്ടമ്മമാർ, മെസഞ്ചർമാർ തുടങ്ങിയവർക്ക് ഇവ ബാധകവുമല്ല.

ഉപാധികളില്ലാത്ത ജോലിയുമായി ബന്ധപ്പെട്ട് ലഭിച്ച ഡ്രൈവിങ് ലൈസൻസ് അങ്ങനെയല്ലാത്ത ജോലിയിലേക്കു മാറുമ്പോൾ റദ്ദാക്കണമെന്നാണു വ്യവസ്ഥ. പലരും അങ്ങനെ ചെയ്യാറില്ലെന്ന് അധികൃതർ പറയുന്നു. ലൈസൻസ് ലഭിക്കാൻ ഉപാധികൾ കർശനമാക്കിയതോടെ അഴിമതിക്കുള്ള സാഹചര്യം വർധിച്ചിട്ടുണ്ടെന്നു ചില എം‌പിമാർ പരാതിപ്പെടുന്നു. റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണ് എം‌പിമാരുടെ ആവശ്യം. അത് സാധ്യമാകണമെങ്കിൽ ഡ്രൈവിങ് ലൈസൻസുള്ളവരുടെ എണ്ണവും കുറച്ചുകൊണ്ടുവരേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഉപാധികൾ കർശനമാക്കിയത്.

അതേസമയം ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സ്ഥാപിതമായ കമ്പനിയുടെ പ്രവർത്തനം സുഗമമാക്കാൻ സാധിക്കുന്നില്ലെങ്കിൽ സർക്കാർ രാജിവയ്ക്കേണ്ടിവരുമെന്ന് ഉമർ അൽ തബ്‌തബാ‌ഇ എം‌പി പ്രസ്താവിച്ചു. പുതിയ കമ്പനി നിലവിൽ വന്നിട്ടും ഗാർഹിക തൊഴിലാളികളെ വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനികൾ യഥേഷ്ടം പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അത്തരം ഓഫിസുകളുടെ ലൈസൻസ് പിൻ‌വലിക്കണം. ഗാർഹികത്തൊഴിലിനായി നിയമിക്കപ്പെടുന്നവർ സ്പോൺസറുടെ അനുമതിയില്ലാതെ രാജ്യത്തിനു പുറത്തുപോകരുതെന്നു തൊഴിൽ കരാറിൽ വ്യവസ്ഥയുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാർഹിക തൊഴിലാളികളുടെ പാസ്പോർട്ട് ഫിലിപ്പീൻസ് എംബസിയിൽ സൂക്ഷിക്കും എന്ന് വ്യവസ്ഥയുള്ള കരാർ സർക്കാർ അംഗീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.