Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച സമ്പദ്ഘടനയും കുടിയേറ്റ നിയന്ത്രണവും വാഗ്ദാനം ചെയ്ത് ടോറി പ്രകടനപത്രിക

ടോമി വട്ടവനാൽ
Theresa May

ലണ്ടൻ∙ കുടിയേറ്റ നിയന്ത്രണത്തിനു കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചും ബ്രെക്സിറ്റിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക- വാണിജ്യ വെല്ലുവിളികളെ നേരിടാൻ ശക്തമായ സമ്പദ്ഘടന ഉറപ്പുനൽകിയും ബ്രിട്ടനിൽ ഭരണകക്ഷിയായ ടോറിയുടെ (കൺസർവേറ്റീവ് പാർട്ടി) പ്രകടനപത്രിക. എല്ലാ രംഗത്തും ബ്രിട്ടന്റെ സ്ഥാനം മുൻപന്തിയിൽ നിലനിർത്തുന്ന മുഖ്യധാരാ സർക്കാരാണ് തന്റെ ലക്ഷ്യമെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് പാർട്ടി നേതാവുകൂടിയായ പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചു. 

സാമ്പത്തിക സുസ്ഥിരതയും ബ്രെക്സിറ്റും നടപ്പാക്കാനാണ് തന്റെ ശ്രമങ്ങളെന്നും പ്രകടനപത്രികയുടെ ഉള്ളടക്കം വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. അഞ്ചുവർഷത്തേക്ക് ആദായ നികുതിയോ നാഷനൽ ഇൻഷുറൻസോ വർധിപ്പിക്കില്ലെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടോറികൾ മുന്നോട്ടുവച്ച പ്രധാന വാഗ്ദാനം. എന്നാൽ ഇക്കുറി ഇങ്ങനെയൊരു വാഗ്ദാനമില്ല. മൂല്യവർധിത നികുതി വർധിപ്പിക്കില്ലെന്നുമാത്രം എടുത്തുപറയുമ്പോൾ മറ്റു നികുതികളുടെ കാര്യത്തിൽ മൗനമാണ്. 

സോഷ്യൽ ഫണ്ടിങ്ങിൽ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന കനത്ത നിയന്ത്രണങ്ങൾ സാധാരണക്കാരനു തിരിച്ചടിയാകും. 100,000 പൗണ്ടിലധികം ആസ്തിയുള്ളവർ മാത്രമേ  വാർധക്യകാല പരിചരണങ്ങൾക്ക് പണം നൽകേണ്ടതുള്ളൂ എന്നു പറയുമ്പോൾ ഇതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഭൂരിഭാഗംപേരെയും പരിധിയിൽനിന്നും ഒഴിവാക്കുകയാണ്. 23,000 പൗണ്ടിൽ കുടുതൽ ആസ്തിയുള്ളവർ നേരത്തെ പരിചരണത്തിനു തുക നൽകണമായിരുന്നു. എന്നാൽ പുതിയ പരിധി കണക്കാക്കുമ്പോൾ അവരുടെ പേരിലുള്ള വീടിന്റെ വിലയും കൂടി ഉൾപ്പെടുത്തും. ചുരിക്കിപറഞ്ഞാൽ സ്വന്തംപേരിൽ വീടുള്ളവർക്ക് സർക്കാർ പരിചരണം സൗജന്യമാകില്ല എന്നർഥം.  

2025 ആകുമ്പോഴേക്കും കമ്മി ഒഴിവാക്കി ബജറ്റ് ബാലൻസ് ഉറപ്പുവരുത്തും. കുടിയേറ്റനിരക്ക് ലക്ഷങ്ങളുടെ കണക്കിൽനിന്നും ഒരു ലക്ഷത്തിനു താഴെയെത്തിക്കാനുള്ള കനത്ത നിയന്ത്രണങ്ങളാണ് മറ്റൊരു വാഗ്ദാനം. ഇതിനായി കുടിയേറ്റക്കാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾ നൽകേണ്ട ഇമിഗ്രേഷൻ സ്കിൽസ് ചാർജ് ആയിരത്തിൽനിന്നും രണ്ടായിരമായി ഉയർത്തും. കുടിയേറ്റക്കാർക്ക് എൻഎച്ച്എസ് ചികിൽസയ്ക്ക് എമിഗ്രേഷൻ ഹെൽത്ത് സർചാർജ് ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള മറ്റ് കനത്ത നിർദേശങ്ങളും നടപ്പാക്കും. എൻഎച്ച്എസിനായി ഓരോ വർഷവും എട്ട് ബില്യൺ പൗണ്ട് അധികമായി നീക്കിവയ്ക്കും. 

ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാകുന്നതുവരെ സ്കോട്ടീഷ് റഫറണ്ടത്തിന് അനുമതിയില്ല എന്നതാണ് പ്രകടനപത്രികയിലെ പ്രധാന പോയിന്റുകളിലൊന്ന്. ഇടക്കാല തിരഞ്ഞെടുപ്പിന് പ്രധാനമന്ത്രി തീരുമാനമെടുത്തതുതന്നെ സ്കോട്ടീഷ് റഫറണ്ടമെന്ന ആവശ്യത്തിന് തടയിടാനായിരുന്നു. ഇത് വ്യക്തമായി പ്രഖ്യാപിക്കുക കൂടിയാണ് പ്രകടനപത്രികയിലൂടെ തെരേസ മേയ് ചെയ്തിരിക്കുന്നത്. ബ്രിട്ടന്റെ ഭാഗമായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന സ്കോട്ടീഷുകാരുടെ വോട്ടുകൾ ഒന്നടങ്കം നേടാൻ ഈ നീക്കം സഹായിക്കും. 

എല്ലാ പെൻഷൻകാർക്കും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിന്റർ ഫ്യൂവൽ അലവൻസ് കുറഞ്ഞ വരുമാനക്കാർക്കു മാത്രമായി നിജപ്പെടുത്താനുള്ള നിർദേശമാണ് മറ്റൊന്ന്. എല്ലാവർക്കും ചെറിയൊരു തുക ഒറ്റത്തവണ പേയ്മെന്റ് ലഭിക്കുമെങ്കിലും മഞ്ഞുകാലത്തെ എല്ലാ മാസവുമുള്ള പ്രത്യേക അലവൻസ് കുറഞ്ഞ വരുമാനക്കാർക്കു മാത്രമാകും ലഭിക്കുക. 

ജീവനക്കാരുടെ പെൻഷൻ പദ്ധതികൾ സംരക്ഷിക്കുന്നതിന് നിലവിലുള്ള ട്രിപ്പിൾ ലോക്ക് സംവിധാനം നിർത്തലാക്കി പുതിയ ഡബിൾ ലോക്ക് സംവിധാനം കൊണ്ടുവരും. പുതിയ ഗ്രാമർ സ്കൂളുകൾ തുടങ്ങാനുണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തുകളയും. സ്കൂളുകളുടെ വികസനത്തിന് അഞ്ചുവർഷത്തേക്ക് നാല് ബില്യൺ പൗണ്ട് അധികമായി കണ്ടെത്തും. രണ്ടാംക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യമായി നൽകിയിരുന്ന ഉച്ചഭക്ഷണം നിർത്തലാക്കി പകരം എല്ലാ പ്രൈമറി കുട്ടികൾക്കും പ്രഭാതഭക്ഷണം സൗജന്യമായി നൽകും. ഫോക്സ് ഹണ്ടിങ്ങിനുള്ള നിയന്ത്രണം നീക്കണമോ എന്നു തീരുമാനിക്കാൻ പാർലമെന്റ് അംഗങ്ങൾക്കിടയിൽ സ്വതന്ത്ര വോട്ടെടുപ്പു നടത്തും. 

ഇതിനിടെ സോഷ്യൽ കെയർ ഫണ്ടിങ്ങിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ടോറി നീക്കത്തിനെതിരേ നിശിത വിമർശനവുമായി പ്രതിപക്ഷനേതാവ് ജെറമി കർബിൻ രംഗത്തെത്തി. ഡിമെൻഷ്യക്കു പോലും നികുതി ഏർപ്പെടുത്തുന്ന സമീപനമാണ് ടോറികൾ സ്വീകരിക്കുന്നതെന്നായിരുന്നു കോർബിന്റെ വിമർശനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.