Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ തിരക്ക്, ഷഹാമ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി

additional-rent1 ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസിണ്‍ഷിപ്പിലെ വിദേശ, തുറമുഖ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് റക്കല്‍ അല്‍ റാഷിദി ഷാര്‍ജയിലെ പൊതുമാപ്പ് കേന്ദ്രം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുന്നു.

അബുദാബി ∙ ഷഹാമ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ തിരക്ക് വര്‍ധിച്ചതോടെ കൂടുതല്‍ സൗകര്യമൊരുക്കിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസിണ്‍ഷിപ്പ് അറിയിച്ചു. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാവുന്നവിധം ശീതീകരിച്ച ടെന്‍റില്‍ റജിസ്ട്രേഷന്‍ ഡെസ്ക് വിപുലമാക്കി. ഇതുമൂലം ഒരേസമയം കൂടുതല്‍ ആളുകള്‍ക്ക് സേവനം നല്‍കാനാവും. തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഷഹാമയില്‍ രണ്ടാമത്തെ ടെന്‍റ് തുറന്നിരുന്നു. പൊതുമാപ്പ് കാലാവധി ഏതാണ്ട് പകുതി പിന്നിട്ടതോടെ വരും ദിവസങ്ങളില്‍ അപേക്ഷകരുടെ എണ്ണം കൂടിവരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 

additional-rent

അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് നേരത്തെ റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറേറുകളിലും രണ്ടാമത്തെ ടെന്‍റ് തുറന്നിരുന്നു. ഇതുള്‍പെടെ വിവിധ എമിറേറ്റുകളിലായി മൊത്തം പതിമൂന്ന് കേന്ദ്രങ്ങളുണ്ട്. നടപടിക്രമങ്ങള്‍ പെട്ടന്ന് പൂര്‍ത്തിയാക്കാനാണ് കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പുതിയ ജോലി കണ്ടെത്താന്‍ ആറു മാസത്തെ താല്‍ക്കാലിക വീസയും നല്‍കുന്നുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് തിരിച്ചുവരാനും തടസമില്ല. അതുകൊണ്ടുതന്നെ ഇതുവരെ പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവര്‍ എത്രയും വേഗം മുന്നോട്ടുവരണമെന്നും ശിക്ഷയും പിഴയുമില്ലാതെ താമസം നിയമവിധേയമാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഒക്ടോബര്‍ 31നകം തന്നെ നിയമലംഘകര്‍ രാജ്യം വിടണമെന്നും നവംബര്‍ ഒന്നു മുതല്‍ കര്‍ശന പരിശോധന ആരംഭിക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. 

പൊതുമാപ്പ് ആരംഭിച്ച ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള നിയമലംഘകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസിണ്‍ഷിപ്പിലെ വിദേശ, തുറമുഖ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് റക്കല്‍ അല്‍ റാഷിദി പറഞ്ഞു. ഇവര്‍ക്ക് രാജ്യത്തെ താമസ കുടിയേറ്റ വകുപ്പ് നിയമനനുസരിച്ചുള്ള ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഓര്‍മിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.