Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂലൈ 4 ; അമേരിക്കൻ വിമോചന പ്രഖ്യാപനത്തിന്റെ 242 വർഷങ്ങൾ

US Flag

അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 242- ാം വാർഷികമാണ് ഈ ജൂലൈ നാലിന്. ഫിലഡൽഫിയയിൽ 1776 ജൂലൈ നാലിനാണ് ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന 13 കോളനികൾ ചേർന്നുളള രണ്ടാം കോണ്ടിനന്റൽ കോൺഗ്രസിൽ ആധുനിക ലോക ചരിത്രത്തെ മാറ്റി മറിച്ച വിശ്വവിഖ്യാതമായ ആ പ്രഖ്യാപനം ഉണ്ടാകുന്നത്. പുതിയ രാഷ്ട്രത്തിന്റെ പിറവി മാത്രമായിരുന്നില്ല അത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വതന്ത്ര വിപണിയുടെതുമായ പുതിയൊരു രാഷ്ട്ര സംവിധാന ക്രമത്തിന്റെ പരീക്ഷണത്തിന്റെ തുടക്കം കൂടിയായിരുന്നു. രണ്ടര നൂറ്റാണ്ട് പിന്നിടുന്ന ആ പരീക്ഷണമാണ് അമേരിക്ക എന്ന ആഗോള ശക്തിയിൽ എത്തിനില്ക്കുന്നത്.

" We hold these truths to be self-evident, that all men are created equal, that they are endowed by their creator with certain unalienable Rights, that among these are Life, Liberty and the pursuit of Happiness” സാർവ്വ ലൗകികവും കാലാതിവർത്തിയുമായ ഈ ഒരു വരിയാണ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കാതൽ. ജീവിതവും സ്വാതന്ത്ര്യവും മാത്രമല്ല സന്തോഷിക്കുവാനും കൂടിയുളള അവകാശം മനുഷ്യന്റെ മൗലിക അവകാശമാണെന്നും പ്രഖ്യാപനം അടിവരയിട്ട് പറയുന്നു. സന്തോഷം തേടാനുളള മനുഷ്യന്റെ അവകാശത്തെ അസന്നിഗ്ദമായി ഉറപ്പിക്കുന്ന പ്രഖ്യാപനം ലോകത്തിന്റെ സ്വാതന്ത്ര്യ മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. മാത്രവുമല്ല. ഈ അവകാശങ്ങളൊന്നും രാജാവിന്റെയോ ഭരണ കൂടത്തിന്റെയോ രാഷ്ട്രീയ‌ പാർട്ടികളുടെയോ ഈ ഭൂമിയിലെ ആരുടെയോ ഔദാര്യമല്ലെന്നും മറിച്ച് എല്ലാത്തിന്റെയും ഉടവനായ സ്രഷ്ടാവാണ് ഈ ദാനം നൽകിയിരിക്കുന്നതെന്നും സ്വാതന്ത്ര്യ പ്രഖ്യാപനം വ്യക്തമാക്കുന്നു.

മനുഷ്യന്റെ അപരിമേയ സ്വാതന്ത്ര്യം അടിവരയിടുന്ന പ്രമേയം തയാറാക്കിയ അഞ്ചംഗ സമിതിയുടെ തലവൻ പില്ക്കാല പ്രസിഡന്റായ തോമസ് ജെഫേഴ്സൺ ആയിരുന്നു. ജോൺ ആഡംസ്, ബഞ്ചമിൻ ഫ്രാങ്ക്ളിൻ, റോബർട്ട് ആർ. ലിവിങ്സ്ടൺ, റോജർ ഷെർമൻ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.

ഡെലവർ, പെൻസിൽവാനിയ, ന്യൂജഴ്സി, ജോർജിയ, കണക്ടിക്കട്ട്, മസാച്ചുസെറ്റ്സ് ബേ. മേരിലാൻഡ്, സൗത്ത് കരോലിന, ന്യൂ ഹാംപ് ഷയർ, വിർജീനിയ, ന്യുയോർക്ക്, നോർത്ത് കരോലിന, റോഹ്ഡ് ഐലൻഡും പ്രോവിഡൻസും എന്നിവയാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സായി ഒരുമിച്ച 13 കോളനികൾ. സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ കോളനികളുടെ പ്രതിനിധികളായി 50 പേര് ഒപ്പിട്ടു. രാഷ്ട്രീയ സ്വാതന്ത്ര്യം പ്രകൃതി നിയമത്തിന്റെ ഭാഗമാണെന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം വെളിപ്പെടുത്തുന്ന കാതൽ. ദൈവം എല്ലാവരെയും തുല്യരായാണ് സൃഷ്ടിച്ചിട്ടുളളതെന്നും സ്വന്തം ജീവനൊപ്പം സ്വയം നിർണയത്തിനും വിയോജിപ്പിനും തൊഴിലെടുക്കുന്നതിനും ഉളള അവകാശം സാർവ്വ മൗലികമാണെന്നും സ്വാതന്ത്ര്യ പ്രഖ്യാപനം അടിവരയിടുന്നു. പിന്നീടുളള ഫ്രഞ്ച് വിപ്ലവം (1789) മുതൽ ജനാധിപത്യത്തിനും സ്വയം ഭരണത്തിനുമായി ലോകത്തുണ്ടായ വിപ്ലവങ്ങൾക്കെല്ലാം ചാലകശക്തിയായി അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം മാറുകയും ചെയ്തു.

കൊളംബസ് അമേരിക്കയിലെത്തി മൂന്ന് നൂറ്റാണ്ടുകൾ മാത്രം പിന്നിട്ടപ്പോഴാണ് പുതിയ ഭൂമിയിലെത്തിയ ഒരു ജനത പുതിയ ലോകത്തിന്റെ അടിത്തറ ഒരുക്കുന്നത്. അമേരിക്ക എന്ന ഭൂഖണ്ഡത്തിന്റെയും രാജ്യത്തിന്റെയും തുടർന്നുളള അവിശ്വസനീയ വളർച്ച ആധുനിക ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാകുകയുമായിരുന്നു.

ഐക്യസേനയുടെ തലവനും അമേരിക്കയുടെ ആദ്യ പ്രസിഡന്റുമായ ജോർജ് വാഷിങ്ടൺ മുതൽ സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതിത്തയ്യാറാക്കിയ ജ്ഞാനിയും പില്ക്കാല പ്രസിഡന്റുമായ തോമസ് ജെഫേഴ്സൺ വരെയുളള ഒരു സംഘം ദേശീയ നേതാക്കളുടെ അർപ്പണബോധവും ത്യാഗവും അമേരിക്കൻ സ്വപ്നം യാഥാർഥ്യമാക്കുന്നതിൽ സഹായകമായി. ആദ്യസംഘം കൂടിയേറ്റക്കാർ വിർജീനിയ തീരത്തെത്തി മരക്കുരിശ് സ്ഥാപിച്ച് പ്രാർഥിച്ചതു മുതൽ ദൈവത്തിൽ സമർപ്പിതമായ രാഷ്ട്രത്തിന് അളവറ്റ അനുഗ്രങ്ങൾ ലഭിച്ചു.

അമേരിക്കയുടെ ദേശീയ പോരാട്ടത്തിൽ നിർണായക പങ്കു വഹിച്ച ആദ്യ 10 നേതാക്കളുടെ ഒരു ലഘുവിവരണമാണ് ചുവടെയുളളത്.

ജോർജ് വാഷിങ്ടൺ: ഒന്നാം കോണ്ടിനന്റൽ കോൺഗ്രസിൽ അംഗമായിരുന്ന ജോർജ് വാഷിങ്ടൺ പിന്നീട് കോണ്ടിനന്റൽ സേനയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ ആദ്യ പ്രസിഡന്റായി മാറിയ ജോർജ് വാഷിങ്ടനാണ് താൻ വഹിച്ച പദവികളിലൂടെയെല്ലാം പില്ക്കാലത്തേക്കുളള ചട്ടങ്ങൾക്കും കീഴ് വഴക്കങ്ങൾക്കും അടിത്തറയിട്ടത്.

ജോൺ ആഡംസ് : ഒന്നും രണ്ടും കോണ്ടിനന്റൽ കോൺഗ്രസുകളിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു ജോൺ ആഡംസ്. സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആഡംസ് അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റും ജോർജ് വാഷിങ്ടൺ പിന്തുടർന്ന് രണ്ടാമത്തെ പ്രസിഡന്റുമായി.

തോമസ് ജെഫേഴ്സൺ: സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഉപജ്ഞാതാവായ ജെഫേഴ്സൺ ആധുനിക രാഷ്ട്രമീമാംസയുടെയും തത്വചിന്തയുടെയും അടിത്തറയിട്ടവരിൽ പ്രമുഖനാണ്. പ്രസിഡന്റ് ജോൺ ആഡംസിനൊപ്പം വൈസ് പ്രസിഡന്റും തുടർന്ന് അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.

ജെയിംസ് മാഡിസൺ : അമേരിക്കൻ ഭരണഘടനയുടെ പിതാവെന്നാണ് ജെയിംസ് മാഡിസൺ അറിയപ്പെടുന്നത്. വിഖ്യാതമായ ബിൽ ഓഫ് റൈറ്റ്സ് തയാറാക്കിയ മാഡിസൺ അമേരിക്കയുടെ നാലാമത്തെ പ്രസിഡന്റാണ്.

ബെഞ്ചമിൻ ഫ്രാങ്കളിൻ : അമേരിക്കൻ വിപ്ലവ കാലഘട്ടത്തിലെ മുതിർന്ന രാഷ്ട്ര തതന്ത്രജ്നും ചിന്തകനുമാണ് ബെഞ്ചമിൻ ഫ്രാങ്ക്ളിൻ. സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതിത്തയ്യാറാക്കുന്നതിലും അവാസന തിരുത്തലുകൾ വരുത്തുന്നതിലും ജെഫേഴ്സനൊപ്പം ഫ്രാങ്ക്ളിനും പങ്കുണ്ട്.

സാമുവൽ ആഡംസ് : ഒന്നും രണ്ടും കോണ്ടിനന്റൽ കോൺഗ്രസുകളിൽ പ്രതിനിധിയായ സാമുവൽ ആഡംസ് സ്വാതന്ത്ര്യ പ്രഖ്യാപനം പ്രാവർത്തികമാക്കുന്നതിനായി പോരാടി. ആർട്ടിക്കിൾസ് ഓഫ് കോണൺഫെഡറേഷൻ തയ്യാറാക്കുന്നതിൽ പങ്കുവഹിച്ച ഇദ്ദേഹം പിന്നീട് മസാച്ചുസെറ്റ്സ് ഗവർണറായി.

തോമസ് പെയ്ൻ : അമേരിക്കൻ വിപ്ലവത്തിനു സൈദ്ധാന്തിക പ്രചോദനമായ ലഘുലേഖകളായി കോമൺ സെൻസ്, ദ് ക്രൈസിസ് എന്നിവയുടെ ഉപജ്ഞാതാവാണ് തോമസ് പെയ്ൻ.

പാട്രിക് ഹെൻറി : വിട്ടുവീഴ്ചയില്ലാത്ത വിപ്ലവകാരിയായിരുന്നു പാട്രിക് ഹെൻറി. വിപ്ലവ സമയത്ത് വിർജിനിയ ഗവർണറുമായിരുന്നു.

അലക്സാണ്ടർ ഹാമിൽട്ടൺ : അമേരിക്കൻ ഭരണഘടനാ ശില്പികളിൽ പ്രമുഖനായ അലക്സാണ്ടർ ഹാമിൽട്ടൺ ആദ്യ ട്രഷറി സെക്രട്ടറി എന്ന നിലയിൽ അമേരിക്കൻ സമ്പദ്ഘടനയുടെ അടിത്തറ പാകിയ ക്രാന്തദർശിയാണ്.

ഗൊവർണിയർ മോറീസ് : ആർട്ടിക്കിൾസ് ഓഫ് കോൺഫെഡറേഷനിൽ ഒപ്പുവച്ച ഇദ്ദേഹം ഭരണഘടനാ ശില്പികളിൽ പ്രമുഖനായി രാഷ്ട്ര തന്ത്രജ്ഞനാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.