Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുണപാഠ കഥകളുമായി കുട്ടികൾക്കുള്ള ഷെയ്ഖ് സായിദ് പുസ്തകം പുറത്തിറങ്ങി

ZayidKidsBOok 'അല്ലമനീ സായിദ് ' അഹ്മദ് രികാദ് അൽ ആംരി പ്രകാശനം ചെയ്യുന്നു.

ഷാർജ ∙ കുട്ടികൾക്കുള്ള ഷെയ്ഖ് സായിദ് പുസ്തകം പുറത്തിറങ്ങി. യുഎഇ രാഷ്ട്ര ശിൽപി ഷെയ്ഖ് സായിദ് ബ്ൻ സുൽത്താൻ ആലു നഹ്യാന്റെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങൾ കോർത്തുള്ള ഗുണപാഠ കഥകളുടെ സമാഹാരമാണു പുതിയ പുസ്തകം. ‘അല്ലമനീ സായിദ്’ (സായിദ് എന്നെ പഠിപ്പിച്ചത്) എന്നു പേരിട്ട പുസ്തകം കുട്ടികളെ ആകർഷിക്കും വിധം വർണചിത്രങ്ങളോടെയാണ് ഒരുക്കിയത്. 

ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ‘ഇത്തിസാലാത്തും’ അറബ് പത്രമായ ‘ഇമാറാത്ത് അൽയൗ’മും കൈകോർത്താണ് ഷെയ്ഖ് സായിദിന്റെ അറിവും അനുഭവവും സമന്വയിപ്പിച്ച ജീവിത ഇതളുകൾ ഇളംപ്രായക്കാർക്ക് വായനവിഭവമാക്കിയത്. മനുഷ്യനും മൃഗങ്ങൾക്കും മരങ്ങൾക്കും പവകൾക്കും മുന്നിൽ സഹാനുഭൂതിയുടെ മഹാനുഭാവനായ നേതാവാണ് ഷെയ്ഖ് സായിദെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് മേളയുടെ ഡയറക്ടർ അഹ്മദ് ബിൻ രികാദ് അൽ ആംരി പറഞ്ഞു. പുതുതലമുറക്ക് മനുഷ്യൻ എന്ന പദത്തിന്റെ പൂർണാർഥം പഠിപ്പിക്കുന്നതാണു പുസ്തകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Book

പ്രമുഖ ചിത്രകാരൻ മഹാബ് ലബീബാണ് കുട്ടിക്കഥകളെ ചിത്രം കൊണ്ട് ജീവസ്സുറ്റതാക്കിയത്. അറബിക്കിലെ കഥകൾക്ക് ഇംഗ്ലീഷ് പരിഭാഷയുമുണ്ടെന്നത്  പുസ്തകത്തെ സവിശേഷമാക്കുന്നു. ഷാർജ പുസ്തകമേളയിൽ വിൽക്കുന്ന പുസ്തകം യുഎഇയിലെ സ്കൂളുകളിലും വിതരണം ചെയ്യുമെന്ന പ്രസാധക പ്രതിനിധികൾ പറഞ്ഞു.

കൊച്ചു കഥകളിലൂടെ മാനവിക മൂല്യങ്ങൾ,പ്രകൃതി സേനഹം എന്നിവ പഠിപ്പിക്കുന്ന കൃതിയാണിത്. പുസ്തകവസാനം ഒരു ചോദ്യം അവശേഷിക്കുന്നു. ‘രാജ്യത്ത് എവിടെയെങ്കിലും ജനങ്ങൾ സന്തോഷവാന്മാരും സംതൃപ്തിയുള്ളവരുമായി നീ കണ്ടെത്തിയെങ്കിൽ മനസ്സിലാക്കുക, സായിദിന്റെ നന്മ അതിലൂടെ കടന്നു പോയിട്ടുണ്ട്’. പത്തൊൻപത് കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.