Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രമായി ഷാർജ പുസ്തകമേള; ഇത്തവണ എത്തിയത് 20,23,000 സന്ദർശകർ

SIBF-20182

ഷാര്‍ജ ∙ രാജ്യാന്തര പുസ്തകമേള ഇത്തവണ സന്ദർശിച്ചത് 20,23,000 സന്ദർശകർ. ഇതിൽ 2,30,000 പേർ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളാണ്. സമൂഹ മാധ്യമങ്ങളിൽ 2.7 ബില്യൻ കുറിപ്പുകളും പ്രത്യക്ഷപ്പെട്ടു. ഇൻസ്റ്റാഗ്രാം–219,231,710, ട്വിറ്റർ–1,513,215,412, ഫെയ്സ് ബുക്ക്–1,013,000,112 എന്നിങ്ങനെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട പുസ്തകമേള സംബന്ധിച്ച മുദ്രകൾ. #SIBF18 എന്ന ഹാഷ് ടാഗ് 300 ദശലക്ഷവും കടന്നു. പുസ്തമേളയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ 70,000 പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതായും സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു.

SIBF-20183

ലോകത്തെ മൂന്നാമതും ഗൾഫിലെ ഏറ്റവും വലുതുമായ രാജ്യാന്തര പുസ്തകമേള 11 ദിനരാത്രങ്ങളിലെ ആഘോഷത്തിന് ശേഷം ശനിയാഴ്ചയാണ് സമാപിച്ചത്. ഇന്ത്യയുൾപ്പെടെ 77 രാജ്യങ്ങളിൽ നിന്ന് 16 ലക്ഷം തലക്കെട്ടുകളിലുള്ള 20 ദശലക്ഷം പുസ്തകങ്ങളുമായി 1874 പ്രസാധകർ ഇത്തവണയെത്തി. ഇതിൽ 80,000 പുസ്തകങ്ങൾ പുതിയതാണ്. മലയാളത്തിൽ നിന്നുള്ള എഴുത്തുകാരടക്കം 472 സാഹിത്യകാരന്മാരും കലാകാരന്മാരും പങ്കെടുക്കുന്ന 1800 പരിപാടികൾ വിവിധ ദിവസങ്ങളില്‍ അരങ്ങേറി. 19 രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ പുസ്തകങ്ങളിൽ ഒപ്പുവയ്ക്കുന്ന 200 പരിപാടികളും സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമായി. എല്ലാ ഭാഷകളിൽ നിന്നുള്ള ഇസ്‍ലാമിക പുസ്തകങ്ങളും പ്രത്യേകതയായി. ഇക്കുറി ആദ്യമായി തമിഴിൽ നിന്ന് 12 പ്രസാധകരെത്തി. ജപ്പാനായിരുന്നു അതിഥി രാജ്യം. 

SIBF-20184

വിജയത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ കഠിനാധ്വാനം

ഒക്ടോബർ 31ന് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് മേളയ്ക്ക് തിരി തെളിയിച്ചത്. മലയാളിയായ മോഹൻകുമാർ അടക്കമുള്ള ബുക്ക് അതോറിറ്റി ഉദ്യോഗസ്ഥർ അഹോരാത്രം പ്രയത്നിച്ചതുമൂലമാണ് മേള ഇത്രയധികം വിജയമായത്. ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാരെയും കലാകാരന്മാരെയും സ്വീകരിക്കുന്നതിനായി രാത്രി വളരെ വൈകി പോലും ഉദ്യോഗസ്ഥർ അധ്വാനിച്ചു. മേളയ്ക്ക് മുന്നോടിയായി നടന്ന പ്രസാധകരുടെ സമ്മേളനത്തിൽ 486 പ്രസാധകർ പങ്കെടുത്തു. 2,884 വിവർത്തന അവകാശമാണ് കരാറായത്. വിവർത്തന ഗ്രാൻഡിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തിയതി അടുത്ത വർഷം ഫെബ്രുവരി 26 ആണ്.

SIBF-20181

സന്ദർശകരിൽ മന്ത്രിമാരും

യുഎഇ മന്ത്രിസഭാ കാര്യ–ഫ്യൂചർ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി, വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി എന്നിവർ പുസ്തകമേള സന്ദർശിച്ചു.

SIBF-20185

ചെയർമാൻ പറയുന്നു

കൂടുതൽ പുസ്തകങ്ങളും പുതിയ ശീർഷകങ്ങളും വർധിച്ചത് പുസ്തകമേളയുടെ വിജയം സൂചിപ്പിക്കുന്നതായി ബുക്ക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അമിരി പറഞ്ഞു. ഷെയ്ഖ് ഡോ.സു‍ൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദീർഘവീക്ഷണമാണ് ഇൗ സാംസ്കാരിക ഉന്നമനത്തിന് കാരണമായത്. സാംസ്കാരിക കൈമാറ്റത്തിന് ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പുസ്തകങ്ങൾ. മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കാനും മൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും അവ സഹായകമാകുന്നു. സഹിഷ്ണുത, സ്നേഹം, മാനുഷികത എന്നിവയും കൈമാറ്റം ചെയ്യാൻ പുസ്തകങ്ങൾ മനോഹരമായ സാന്നിധ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

SIBF-20186
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.